Tuesday, May 15, 2012

‘മൂര്‍ഖന്‍’ കൊതിച്ച അവാര്‍ഡ് ‘ഞാഞ്ഞൂലി’ന് കിട്ടിയപ്പോള്‍

പത്രപ്രവര്‍ത്തനത്തില്‍ ‘പാര’കള്‍ കാലിനടിയില്‍ പതുങ്ങികിടക്കുന്ന പാമ്പുകളാണെന്ന് ഇതിന് മുമ്പ് ആരെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. തൊട്ടടുത്തിരിക്കുന്ന സഹപ്രവര്‍ത്തകനോ തൊട്ടുമുകളിലുള്ള സീനിയറോ ഓര്‍ക്കാപ്പുറത്ത് പത്തിവിടര്‍ത്തിയാടും.

പാവം ഒരു പ്രവാസി മലയാളി, തന്‍െറ സാമൂഹിക പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി നടത്തിക്കൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തനത്തിന് ചാനലിലെ സ്വന്തം ചീഫ് തന്നെ കുഴിതോണ്ടിയ കഥയാണിത്. കേട്ട കഥയിലെ കഥാപാത്രങ്ങളെല്ലാം ജീവിച്ചിരിക്കുന്നവരായതിനാല്‍ പേരുകളെല്ലാം മായ്ച്ചുകളഞ്ഞ് ബാക്കി ഇവിടെ പകര്‍ത്തിവെക്കുന്നു. അറിയേണ്ടവര്‍ പേരും നാളുമില്ളെങ്കിലും അറിഞ്ഞോളൂം. അല്ലാത്തവര്‍ക്കിതൊരു അസൂയയുടേയും കുശുമ്പിന്‍േറയും രസമുള്ള ‘അറബിക്കഥ’യും.


‘ചീഫ്’ എന്ന ‘മൂര്‍ഖന്‍’ പിണങ്ങാനൊരൊറ്റ കാരണമേ ആ പാവത്താന്‍െറ ഓര്‍മയിലുള്ളൂ, മൂര്‍ഖന്‍ കൊതിച്ച മാധ്യമ അവാര്‍ഡ്  ‘ഞാഞ്ഞൂലി’ന് കിട്ടി. മനപ്പൂര്‍വം തട്ടിയെടുത്തതൊന്നുമല്ല. തികച്ചും അപ്രതീക്ഷിതമായി പൊട്ടന് ലോട്ടറി അടിച്ചെന്ന പോലെ കിട്ടിയതാണ്.
സൗദി അറേബ്യയുടെ അങ്ങ് വടക്കേ മുനമ്പിലൊരു ചെറുപട്ടണത്തിലാണ് കഥാനായകന്‍ ജീവിക്കുന്നത്. കോഴിക്കോട്ടുനിന്ന് പത്തിരുപത് കൊല്ലം മുമ്പ് ഒരു തൊഴില്‍ വിസയുടെ കച്ചിത്തുരുമ്പില്‍ തൂങ്ങി കുടിയേറ്റം നടത്തിയയാള്‍. അറബിനാട്ടില്‍ പലവ്യജ്ഞന കട നടത്തിയാണ് ഉപജീവനം. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആശയത്തോടുമൊപ്പം വളര്‍ന്ന കൗമാര യവ്വനകാലം. അതുകൊണ്ടു തന്നെ സാമൂഹിക പ്രവര്‍ത്തനം തലക്ക് പിടിച്ചുപോയി. പലവ്യജ്ഞന കടയിലെ തിരക്കുകള്‍ക്കിടയിലും ആ ചെറുപട്ടണത്തിലെ ഠാവട്ടം പ്രവര്‍ത്തന മണ്ഡലമാക്കി സാമൂഹിക പ്രവര്‍ത്തനത്തില്‍ മുഴുകി.


നാട്ടില്‍ വെച്ചേ കുറച്ചു എഴുത്തുരോഗവുമുണ്ടായിരുന്നത് കൊണ്ട് തന്‍െറ ഠാവട്ടത്തില്‍ നടക്കുന്നതൊക്കെ വാര്‍ത്തയാക്കി സ്വാധീന മേഖലയിലുള്ള പത്രങ്ങള്‍ക്ക് അയച്ചുകൊടുക്കലും അടിച്ചുവരുമ്പോള്‍ കണ്ട് നിര്‍വൃതിയടയലുമൊക്കെയായി കഴിഞ്ഞുപോകുന്നതിനിടയിലാണ് ഗള്‍ഫില്‍നിന്ന് തന്നെ മലയാള ദിനപത്രങ്ങള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയത്. അതോടെ ആ ശരീരത്തിലൊരു പത്രപ്രവര്‍ത്തകനും തലനീട്ടി. അത് കണ്ടറിഞ്ഞ് ഒരു പത്രം ആ ചെറുപട്ടണത്തിലെ പ്രാ.ലേ. ആയി നിയമിക്കുകയും ചെയ്തു.


സാമൂഹിക പ്രവര്‍ത്തനത്തിനിടയില്‍ കിട്ടുന്ന വറ്റുകള്‍ കൊണ്ട് പത്രവാര്‍ത്തകള്‍ വെച്ചുവിളമ്പി ജീവിക്കുന്നതിനിടയിലാണ് പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ ചാനല്‍ തുടങ്ങിയത്. ചാനലില്‍ ദുബായി കേന്ദ്രമാക്കി ഗള്‍ഫ് വാര്‍ത്തകള്‍ തുടങ്ങിയപ്പോള്‍ പ്രാ.ലേ. ചാനല്‍ സ്ട്രിങ്ങറുമായി. ടൂ ഇന്‍ വണ്ണെന്ന് പറഞ്ഞപോലെ വാര്‍ത്തകള്‍ രണ്ടിടത്തേക്കും ചാനലൈസ് ചെയ്യാന്‍ തുടങ്ങി. ഒരു പകുതി പ്രജ്ഞയില്‍ പത്രവും മറുപകുതി പ്രജ്ഞയില്‍ ചാനലും.


ഒരു ഡി.വി കാം വാങ്ങി ഠാവട്ടത്തിലെ വിശേഷങ്ങള്‍ പകര്‍ത്തിയും സ്ക്രിപ്റ്റെഴുതിയും അങ്ങ് ദുബായിലുള്ള ന്യൂസ് ബ്യൂറോയില്‍ നിരന്തരം എത്തിച്ചതോടെ ഇവന്‍ കൊള്ളാമല്ളോ എന്നായി ‘ദുഫാ’യി ബ്യൂറോ ശേഖ്. മരുഭൂമിയില്‍ ദുരിതത്തില്‍പെട്ട മനുഷ്യരുടെ കഥകള്‍ പച്ചയായി പകര്‍ത്തി അയച്ചുകൊടുത്തപ്പോള്‍ ബ്യൂറോയിലെ ശേഖ് അത് എരിയും പുളിയും ഉപ്പും പാകത്തിന് ചേര്‍ത്ത് തന്‍െറ വാര്‍ത്താധിഷ്ടിത പ്രതിവാര പരിപാടിയിലൂടെ വിശിഷ്ട ഭോജ്യമായി വിളമ്പി. കൂട്ടത്തില്‍ കൊടുത്ത ഒരു ‘സ്റ്റോറി’ കയറിയങ്ങ് ക്ളിക്കാവുകയും ചെയ്തതോടെ കഥ തന്നെ മാറി. 
വിസ ഏജന്‍റിന്‍േറയും സുഹൃത്തിന്‍േറയും ചതിയില്‍പെട്ട് മരുഭൂമി കയറേണ്ടിവന്ന ശ്രീനിവാസന്‍െറ ‘അറബിക്കഥ’ സ്റ്റൈല്‍ ദുരിത കഥയിലെ നായകനെ കുറിച്ചുള്ള സ്റ്റോറിയാണ് ശേഖിനെ പോലും അമ്പരിപ്പിച്ച് തിളങ്ങിയത്. പ്രതിവാര പരിപാടിയിലെ സ്പെഷ്യല്‍ സ്റ്റോറിയായി ഹിറ്റാവുകയും അതിന്‍െറ ഫോളോഅപ്പുകള്‍ കൂടുതല്‍ ഹിറ്റാവുകയും ചെയ്തപ്പോള്‍ ‘ദുഫായി’ നഗരത്തിലെ പോഷ് ജീവിതത്തിന്‍െറ ആലസ്യത്തില്‍ ഡസ്ക്ടോപ്പ് ജേര്‍ണലിസം നടത്തുന്ന ശേഖ് കൊടും മരുഭൂമിയിലെ സ്ട്രിങ്ങറെ ഒട്ടൊരു മനുഷ്യ ഗന്ധിയായ ‘സ്റ്റോറി’കള്‍ക്കായി നിരന്തരം ആശ്രയിക്കാന്‍ തുടങ്ങി.


ഹിറ്റായ സ്റ്റോറിയിലെ ദുരിത നായകന്‍െറ മരുഭൂമിയിലലഞ്ഞ ‘ജഡപിടിച്ച’ ജീവിതത്തെ പിടിച്ചുകൊണ്ടുവന്ന് കുളിപ്പിച്ച് വൃത്തിയാക്കി പത്തിരുപത് വര്‍ഷത്തിന് ശേഷം ജന്മനാട് കാണാന്‍ അവസരമൊരുക്കി കൊടുത്തതും സാമൂഹിക പ്രവര്‍ത്തകനായ ഈ പാവം ‘പ്രാ.ലേ’യും കൂട്ടരുമാണ്. സോഷ്യല്‍ ആക്ടിവിസ്റ്റായ ജേര്‍ണലിസ്റ്റെന്ന് പറഞ്ഞാല്‍ ‘യഥാര്‍ഥ’ ജേര്‍ണലസിറ്റുകള്‍ പിണങ്ങിക്കളയുമോ എന്ന് പേടിച്ച് ‘പ്രാ.ലേ’ ഒരിക്കലും താനൊരു മാധ്യമ പ്രവര്‍ത്തകനാണെന്ന് ആരോടും പറയാന്‍ ധൈര്യം കാട്ടിയിട്ടില്ല. കിട്ടുന്ന വാര്‍ത്തകളൊക്കെ അയച്ചുകൊടുക്കുന്ന ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്നാണ് വിനീത വിധേയന്‍െറ സ്വയം പരിചയപ്പെടുത്തല്‍.
അതെന്തുമാവട്ടെ, ദുരിത നായകനെ നാട്ടിലത്തെിച്ച കഥയും ചേര്‍ത്ത് രണ്ടുമൂന്നാഴ്ച വിഭവ സമൃദ്ധമായി വിളമ്പാനുള്ള വിശേഷങ്ങളാണ് തന്‍െറ ചെറു ഡി.വി കാമില്‍ ഷൂട്ട് ചെയ്തും റിപ്പോര്‍ട്ട് എഴുതിയും പ്രാ.ലേ ദുബായിയിലേക്ക് അയച്ചുകൊടുത്തുകൊണ്ടിരുന്നത്. അതെല്ലാം ‘ശേഖി’ന്‍െറ പ്രതിവാര പരിപാടിയുടെ സാമൂഹിക ഇടപെടലിന്‍െറ സാക്ഷ്യപത്രവും എക്സിക്ള്യൂസീവ് സ്റ്റോറിയുമായി കൊണ്ടാടപ്പെട്ടു. അതിന്‍െറ പേരില്‍ പരിപാടിയുടെ ജീവാത്മാവും പരമാത്മാവുമായ ശേഖ് ഒന്നുകൂടി ഞെളിയുകയും പരിസരത്തുനിന്ന് ചില അവാര്‍ഡുകളൊക്കെ തരപ്പെടുത്തുകയും ചെയ്തു.  ഇതൊന്നും പാവം പ്രാ.ലേ അറിയുന്നുണ്ടായിരുന്നില്ല.

അങ്ങിനെയിരിക്കെയാണ് അറബിനാട്ടിലെ ഭൂമിമലയാള മാധ്യമ പ്രവര്‍ത്തകരുടെ ഒരു സംഘടന മികച്ച പത്ര, ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. ശേഖും ഏറെ പ്രതീക്ഷകളോടെ മേല്‍പ്പറഞ്ഞ സ്റ്റോറിയടക്കം അഞ്ച് എന്‍ട്രികള്‍ ഹാജരാക്കി. ഇതൊന്നും പാവം പ്രാ.ലേ അറിയുന്നുണ്ടായിരുന്നില്ല. അയാള്‍ പലവ്യജ്ഞന കച്ചവടത്തിലും സാമൂഹിക, മാധ്യമ പ്രവര്‍ത്തനത്തിലും മുഴുകി ജീവിതം തുടര്‍ന്നു.


ഒരു ദിവസം താന്‍ പ്രാ.ലേ ആയ പത്രത്തില്‍നിന്ന് ഒരു കോള്‍. ............. എന്ന സംഘടന ഏര്‍പ്പെടുത്തിയ ദൃശ്യമാധ്യമ അവാര്‍ഡ് തനിക്കാണെന്ന വിവരം കേട്ട് ആ പാവം ഞെട്ടിപ്പോയി. മാധ്യമ പ്രവര്‍ത്തകനെന്ന് നാലാള്‍ കേള്‍ക്കെ പറയാന്‍ ഭയക്കുന്ന തനിക്ക് മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡോ?
അവാര്‍ഡിനെ കുറിച്ച് യഥാര്‍ഥ സംഘാടകര്‍ തന്നെ നേരിട്ട് വിളിച്ചു പറഞ്ഞപ്പോഴാണ് ഒരു തരത്തില്‍ വിശ്വാസമായത്. ചാനലിന്‍െറ ദുബായ് ചീഫ് ആണ് എന്‍ട്രി നല്‍കിയതെന്നും മൊത്തം കിട്ടിയ നൂറിലേറെ എന്‍ട്രികള്‍ പരിശോധിച്ച കേരളത്തിലെ ഏറ്റവും പ്രമുഖരായ മൂന്നു മാധ്യമ പ്രവര്‍ത്തകരുള്‍പ്പെട്ട ജൂറി ഈ സ്റ്റോറിക്കാണ് അവാര്‍ഡ് നിശ്ചയിച്ചതെന്നും സംഘാടകര്‍ പറഞ്ഞു.


സ്റ്റോറി പരിശോധിക്കുമ്പോള്‍ അവാര്‍ഡ് പ്രതിവാര പരിപാടിക്കോ അതിന്‍െറ നിര്‍മാതാവിനോ അല്ല ദുരിത കഥ സ്പോട്ടില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത ലേഖകന് തന്നെ കൊടുക്കണമെന്ന് ജൂറി തങ്ങളുടെ ജഡ്ജ്മെന്‍റില്‍ പ്രത്യേകം രേഖപ്പെടുത്തിയിരുന്നതാണ് മൂര്‍ഖനെ നിരാശപ്പെടുത്തിക്കൊണ്ട് ഞാഞ്ഞൂലിന് അവാര്‍ഡ് കൊടുക്കാനിടയാക്കിയത്. നേരിട്ട് എന്‍ട്രി സമര്‍പ്പിക്കാതിരുന്നിട്ടും ലേഖകനെ തേടിപ്പിടിച്ച് അവാര്‍ഡ് നല്‍കാന്‍ സംഘാടകരെ പ്രേരിപ്പിച്ചത് ജൂറിയുടെ അസാധാരണവും നീതിപൂര്‍വകവുമായ ഈ നിഷ്കര്‍ഷ ആയിരുന്നു. ഇത് ഫോണില്‍ കേട്ട് വിശ്വാസമായപ്പോള്‍ അല്‍പം ആഹ്ളാദവും ചെറുങ്ങനെ അഭിമാവുമൊക്കെ തോന്നി. താനറിയാതെയാണെങ്കിലും ധൈര്യത്തോടെ ഇനി മാധ്യമ പ്രവര്‍ത്തകനാണെന്ന് പറയാവുന്ന സ്ഥിതിയാലല്ളോ എന്നൊക്കെ ഓര്‍ത്തൊരു ഞെളിവും.


എന്നാലും ഇതിനവസരം തന്ന ‘ദുഫാ’യി ശേഖിനെ വിളിച്ചു വിവരം പറഞ്ഞുകളയാമെന്ന് വിചാരിച്ച് ഡയല്‍ ചെയ്തു. അങ്ങത്തേലക്കല്‍, ശേഖിന്‍െറ ഒട്ടും പരിചയമല്ലാത്ത പരുക്കന്‍ ശബ്ദം. അവാര്‍ഡോ, എന്ത് അവാര്‍ഡ്? ആര്, എന്ത്, ഞങ്ങളൊന്നും അറിഞ്ഞില്ലല്ളോ എന്നൊക്കെയുള്ള ഭാവമാറ്റം. മറ്റ് ചാനലുകളിലെല്ലാം അവാര്‍ഡ് വിവരം സ്ക്രോളിങ്ങായി വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍, ഓഹോ, അത് ശരി, നോക്കാം എന്നൊക്കെ പറഞ്ഞ് ഫോണ്‍ വെക്കാനുള്ള ചീഫിന്‍െറ ധൃതി. അതിനിടയില്‍ തനിക്ക് ഇങ്ങിനെയൊരു സൗഭാഗ്യത്തിന് അവസരം തന്നതിന് ഓടിച്ചിട്ടൊരു നന്ദി പ്രാ.ലേ പാസാക്കി. ചീഫ് മറുപടിയായി ഇരുത്തിയൊന്നു മൂളുകയും ചെയ്തു. അതൊരു ഒന്നൊന്നര മൂളലായിരുന്നെന്ന് പ്രാ.ലേ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

അന്ന് രാത്രി സ്വന്തം ചാനലിലെ ഗള്‍ഫ് വാര്‍ത്തില്‍ അവാര്‍ഡ് വിവരം ഒന്ന് തലകാണിച്ചു പോയി. അതോടെ കഴിഞ്ഞു. 25000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ് അതി ഗംഭീര ചടങ്ങില്‍വെച്ച് ഏറ്റുവാങ്ങുന്ന വാര്‍ത്ത പത്രങ്ങളായ പത്രങ്ങളിലും ചാനലായ ചാനലുകളിലും വന്നിട്ടും സ്വന്തം ചാനലില്‍ വന്നുകാണാനുള്ള ഭാഗ്യം പാവം പ്രാ.ലേക്കുണ്ടായില്ല. പിന്നീട് ചീഫോ ചാനലില്‍നിന്ന് മറ്റാരെങ്കിലുമോ വിളിച്ചിട്ടേയില്ല. അങ്ങോട്ട് വിളിച്ചിട്ട് ഫോണ്‍ എടുത്തിട്ടുമില്ല. അയച്ച വാര്‍ത്തകളൊന്നും സ്വീകരിക്കപ്പെട്ടതുമില്ല.


ചാനലിന്‍െറ സ്ട്രിങ്ങറന്മാരുടെ ലിസ്റ്റില്‍നിന്ന് വെട്ടിയതായി പ്രാ.ലേക്ക് ബോധ്യമായി. പല പ്രധാനപ്പെട്ട വാര്‍ത്തകള്‍ പോലും നിഷ്കരണം അവഗണിക്കപ്പെട്ടു. ആ ശേഖ് സ്ഥലം മാറിയപ്പോയി പകരം മറ്റൊരു ശേഖ് വന്നിട്ടും കാര്യങ്ങളില്‍ മാറ്റമുണ്ടായില്ല. പുതിയ ശേഖിനെ പരിചയപ്പെടാന്‍ ഒരിക്കല്‍ വിളിച്ചെങ്കിലും മറുഭാഗത്ത് മൂടിക്കെട്ടിനിന്ന താല്‍പര്യമില്ലായ്മയുടെ കനമറിഞ്ഞപ്പോള്‍ ഫോണ്‍ സ്വയം കട്ട് ചെയ്ത് പ്രാ.ലേ ഒരു നെടുവീര്‍പ്പിട്ടു.
പഴയ ശേഖ് പുതിയ ശേഖിനോട് ഇങ്ങിനെ ഒരു മുന്നറിയിപ്പ് കൊടത്തിട്ടുണ്ടാവുമെന്നാണ് പ്രാ.ലേ ഇപ്പോള്‍ ഊഹിക്കുന്നത്. ‘സൗദി അറേബ്യയുടെ അങ്ങേമൂലക്കല്‍നിന്ന് ഒരുത്തന്‍ വിളിക്കും. അവന്‍െറ ഒരു സഹകരണവും ആവശ്യമില്ല. അവന്‍ ഭയങ്കരനാണ്. ഞാഞ്ഞൂലല്ല, രാജവെമ്പാലയാണ്, സൂക്ഷിക്കണം.’
മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ് മാധ്യമ പണി തന്നെ കളയിച്ച ആ കഥ പറഞ്ഞ് പ്രാ.ലേ വീണ്ടും നെടുവീര്‍പ്പിട്ടു.

ഫോട്ടോ: ഹസന്‍ മമ്പാട്