Saturday, October 9, 2010

അയോധ്യ വിധിയിലെ പകല്‍ വെളിച്ചവും ഇരുളിടങ്ങളും

അയോധ്യയിലെ ഭൂമിതര്‍ക്കത്തിന് സമവായത്തിലൂടെ പരിഹാരം കാണാന്‍ ശ്രമിച്ച ലഖ്നോ ബഞ്ചിലെ മൂന്ന് ജഡ്ജിമാരിലൊരാളായ എസ്.യു ഖാന്‍ തന്റെ വിധിന്യായത്തില്‍ പറയുന്നു: ചരിത്രത്തിലൊ പുരാവസ്തു ശാസ്ത്രത്തിലൊ ആഴത്തിലിറങ്ങിയുള്ള പരിശോധനക്ക് തുനിഞ്ഞിട്ടില്ല. ഉടമസ്ഥാവകാശ തര്‍ക്കം സംബന്ധിച്ച കേസില്‍ ഇത് നിര്‍ബന്ധമല്ല. സിവില്‍ കേസ് പരിഹരിക്കാന്‍ ചരിത്രപരമായ വസ്തുതകള്‍ക്കും അവകാശവാദങ്ങള്‍ക്കും സ്ഥാനമില്ലെന്ന് കര്‍ണാടക വഖഫ് ബോര്‍ഡും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്.

ജസ്റ്റീസ് ഖാന്‍ ചൂണ്ടിക്കാട്ടുന്ന ഈ പഴുതിലൂടെ തങ്ങള്‍ അകപ്പെട്ട ഒരു പ്രശ്നാവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ ലഖ്നോ ഡിവിഷന്‍ ബഞ്ചിലെ മൂന്നു ന്യായാധിപന്മാരും ശ്രമിച്ചത് ലോകത്തിന് കാത്തിരുന്നു കിട്ടിയ സുപ്രധാന അയോധ്യ വിധിയെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. വിധി വന്ന ശേഷമുള്ള വിലയിരുത്തലുകളില്‍ രണ്ടാം അയോധ്യ ദുരന്തം എന്നുവരെ ആക്ഷേപിച്ചുകേള്‍ക്കുന്നുണ്ട്. ജസ്റ്റീസ് ഖാന്‍ പറയുന്നതുപോലെ ഇത് ഭൂമി തര്‍ക്കത്തിന്മേല്‍ തീര്‍പ്പുകല്‍പ്പിച്ച വെറുമൊരു സിവില്‍ കേസ് വിധിയാണെന്നിരിക്കെ അത്രമാത്രം നിരാശപ്പെടാന്‍ എന്താണെന്ന ചോദ്യം പ്രത്യക്ഷത്തില്‍ ന്യായമാണ്. അയോധ്യയുടെ പേരില്‍ ചരിത്രപരമായ തര്‍ക്കത്തിന്മേലുള്ള ഒരു വിധി കല്‍പിക്കലായിരുന്നില്ല ഇത്. ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ ന്യായവിധിയുമായിരുന്നില്ല. എന്നാല്‍, രാമജന്മഭൂമിയാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു, അതുകൊണ്ട് അത് പരിഗണിക്കുന്നു എന്ന നിലപാടില്‍ മൂന്നുപേരില്‍ രണ്ട് ന്യായാധിപന്മാര്‍ എത്തിച്ചേര്‍ന്നു എന്നിടത്താണ് അന്യായത്തിന്റെ ചെന്നിനായകം രുചിക്കുന്നത്. മൂന്നംഗ സമിതിയില്‍ ഈ നിലപാടിന് ഭൂരിപക്ഷാഭിപ്രായത്തിന്റെ ബലമായതിനാല്‍ അതിന് ഉത്തരവിന്റെ സ്വഭാവമുണ്ടായത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ന്യൂനത.

രാമന്‍ ജനിച്ചത് ബാബരി പള്ളിയുടെ മൂന്നു താഴികക്കുടങ്ങളില്‍ നടുവിലത്തേതിന് താഴെയാണെന്ന് വിധിയില്‍ തീര്‍പ്പായത് പക്ഷെ, ജസ്റ്റീസ് ഖാന്റെ, ചരിത്രവും വസ്തുതകളും പരിഗണിക്കാതെയുള്ള കേവലം വസ്തുതര്‍ക്കത്തിന്മേലുള്ള സിവില്‍ വിധിയാണെന്ന വാദത്തിനെതിരായി മാറുന്നു എന്നതാണ് ദുരന്തം. പിന്നീട് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഘടകം ഇതാണ്. ചരിത്ര വസ്തുതകള്‍ പരിശോധിക്കാതെ വിശ്വാസത്തെ മാത്രം കണക്കിലെടുത്തു നടത്തിയ വിധി തീര്‍പ്പാക്കലാണിത്.

പകലായിരിക്കെ സമൂഹത്തിലെ ഭൂരിപക്ഷം അത് രാത്രിയാണെന്ന് വിശ്വസിക്കുന്നു. ന്യൂനപക്ഷം, അല്ല അത് പകലാണെന്ന് വാദിക്കുന്നു. തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട കോടതി ന്യൂനപക്ഷം നിരത്തുന്ന വസ്തുതകളെ നിരാകരിച്ച് ഭൂരിപക്ഷത്തിന്റെ വിശ്വാസം കണക്കിലെടുത്ത് രാത്രിയാണെന്ന് വിധിക്കുന്നു. ഇതാണ് അയോധ്യ വിധിയിലെ രാമജന്മഭൂമി സംബന്ധിച്ച ചരിത്രപരമായ തീര്‍പ്പാക്കല്‍. ഇവിടെ കോടതി ദുര്‍ബലമായ ന്യായവാദങ്ങളുയര്‍ത്തി വസ്തുതകളുടെ കത്തിജ്വലിക്കുന്ന സൂര്യനെ മറയ്ക്കാന്‍ ശ്രമിക്കുകയാണ്.

ലഖ്നോ ബഞ്ചിലെ മൂന്നു ജഡ്ജിമാരുടെയും വെവ്വേറെയുള്ള വിധി പ്രസ്താവങ്ങള്‍ വായിച്ചാല്‍ തന്നെ അവര്‍ അനുഭവിച്ച പലനിലക്കുള്ള സമര്‍ദ്ദങ്ങളെ തൊട്ടറിയാന്‍ പറ്റും. വ്യക്തിയെന്ന നിലയില്‍ അവരവരുടെ ഇഷ്ടാനിഷ്ടങ്ങള്‍, ദൌര്‍ബല്യങ്ങള്‍, വിശ്വാസങ്ങള്‍ എല്ലാം അതില്‍ പ്രതിഫലിക്കുന്നുണ്ട്. അതിലേറെ രാഷ്ട്രീയ ഘടകങ്ങളും. അതുകൊണ്ടാണ് വിധി വന്നയുടനെയുള്ള പ്രതികരണങ്ങളില്‍ 'തെളിവുകളും വസ്തുതകളും സുക്ഷ്മമായി വിലയിരുത്തി നിഷ്പക്ഷവും മതനിരപേക്ഷവുമായി വിധി പറയേണ്ട കോടതികള്‍ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നുണ്ടോ' എന്ന ആശങ്കയും സ്ഥാനം പിടിച്ചത്.

അയോധ്യ വിധി കേവലം ഒരു വസ്തു തര്‍ക്കത്തിന്മേല്‍ സമവായത്തിലൂടെ പരിഹാരം കാണാനുള്ള ശ്രമമാണെങ്കില്‍ അതില്‍ വിമര്‍ശിക്കപ്പെടേണ്ടതായി ഒന്നുമില്ല. രണ്ട് സമുദായങ്ങള്‍ തമ്മിലായതിനാല്‍ അതിന് സമവായത്തിന്റെയും വീതം വെപ്പിന്റെയും പരിഹാരമാര്‍ഗം കോടതി ആരാഞ്ഞതില്‍ തെറ്റുമില്ല. ഇരു സമുദായങ്ങള്‍ക്കും അവരവരുടെ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുക കൂടി ചെയ്യുന്നതിനാല്‍ ഒരു മതില്‍ കെട്ടിനപ്പുറമിപ്പുറവും ആത്മീയതയുടെ പാരസ്പര്യം സൌഹാര്‍ദ്ദത്തിന്റെ പുതിയ നെയ്ത്തിരികള്‍ തെളിക്കും. രാമനാമവും തക്ബീര്‍ ധ്വനികളും അന്തരീക്ഷത്തില്‍ കൂടിക്കലരും.

ഭഗവാന്‍ ശ്രീരാമന്റെ പേരില്‍ ഒരു വിശാല ക്ഷേത്രം നിര്‍മിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും അയോധ്യ ഭൂമി ഒരു അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായി മാറും. തൊട്ടുചേര്‍ന്ന് ഒരു മുസ്ലിം ദേവാലയം കൂടിയുണ്ടെന്നും അവിടെയും ആരാധന കര്‍മ്മങ്ങള്‍ക്കായി വിശ്വാസികള്‍ വന്നുചേരുന്നുണ്ടെന്നുമാകുമ്പോള്‍ ഇന്ത്യന്‍ ബഹുസ്വരതയുടെ സ്നേഹമസൃണമായ ഒരു സമന്വയം അവിടെ ലോകത്തിന് ദര്‍ശിച്ചറിയാനുള്ള അന്തരീക്ഷമുണ്ടാകും. മതസൌഹാര്‍ദ്ദത്തിന്റെ ഒരു പുതിയ അധ്യായം അയോധ്യ രചിക്കും. 

അതുകൊണ്ട് തന്നെ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച് നല്‍കാനെടുത്ത തീരുമാനം നല്ലതുതന്നെ. കേവലം ഒരു തുണ്ട് ഭൂമി, അത് മൂന്നായി വിഭജിക്കുന്നു എന്നങ്ങ് ജഡ്ജിമാര്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയുണ്ടാകുമായിരുന്നില്ല. അതില്‍ ചരിത്ര വസ്തുതയെ വിശ്വാസത്തിന്റെ അളവുകോല്‍ കൊണ്ട് അളന്ന് ഇന്നയിടത്താണ് ഭഗവാന്റെ ജന്മസ്ഥലമെന്ന് തീരുമാനിക്കുന്നയിടത്താണ് അപകടത്തിന്റെ ചതിക്കുഴികള്‍ മറഞ്ഞുകിടക്കുന്നത്. ഒരു കോടതിവിധി വരാനിരിക്കുന്ന ഒരുപാട് കേസുകള്‍ക്ക് റഫറന്‍സാണെന്നിരിക്കെ ഭാവിയില്‍ എത്ര നീതിയും സത്യവുമാണ് ഈ ഇരുള്‍ മൂലകളിലെ ചതിക്കുഴികളില്‍ വീണൊടുങ്ങുകയെന്ന് അല്‍പം ഭയത്തോടെയല്ലാതെ ചിന്തിക്കാന്‍ കഴിയുന്നില്ല.

അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കുന്നതില്‍ ഇന്ത്യന്‍ ജനതക്ക് സമ്മതമാണ് എന്നാണ് വിധി പുറത്തുവന്നയുടനെ രാജ്യം മുമ്പെങ്ങുമില്ലാത്ത ശാന്തതയോടെ പറഞ്ഞുതന്നത്. പടക്കം പൊട്ടിക്കാനൊ കരഞ്ഞുകണ്ണീര്‍ വാര്‍ക്കാനൊ ആരുമുണ്ടായില്ല. എല്ലാവരും ഭൂമിയെ വിഭജിക്കുന്നതിനെയും ഇരുകൂട്ടരുടെയും ആരാധനാലയങ്ങള്‍ അവിടെ ഉയരുന്നതിനെയും അനുകൂലിക്കുകയാണെന്നാണ് പ്രതികരണങ്ങളില്‍നിന്ന് വ്യക്തമായത്. എന്നിട്ടും ഭൂമി വീതം വെക്കാനെടുത്ത തീരുമാനം ശരിയല്ലെന്നും മുഴുവന്‍ ഭൂമിയും തങ്ങള്‍ക്കു മാത്രമായി വിട്ടുതരണമെന്നും ആവശ്യപ്പെട്ട് കേസിലെ കക്ഷികള്‍ ഓരോരുത്തരും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത് ഒട്ടും നന്നായില്ല.

രാജ്യത്തും നീതിയും സമാധാനവും പുലര്‍ന്നുകാണാനാഗ്രഹിക്കുന്നവര്‍ കേസിലെ ഈ കക്ഷികളെ മാറ്റിനിറുത്തി, സുപ്രീം കോടതിയില്‍ കേസിനുപോകണം. ലഖ്നോ ബഞ്ചിന്റെ ഭൂമിയെ വീതം വെക്കാനുള്ള തീരുമാനത്തിനെതിരെയല്ല, മറിച്ച് വസ്തുതകളെയും നീതിയെയും നിരാകരിച്ച് വിശ്വാസത്തെ ന്യായത്തിന്റെ അളവുകോലാക്കി തീര്‍പ്പാക്കിയ വിധിയിലെ ചില ഭാഗങ്ങള്‍ നീക്കികിട്ടാന്‍. എന്നാല്‍ ഈ സമവായ വിധിയെ അവാസ്തവത്തിന്റെ കലര്‍പ്പില്‍നിന്ന് ശുദ്ധീകരിച്ചെടുക്കാന്‍ കഴിയും. 

ജഡ്ജിമാരുടെ പക്ഷം ചേരല്‍ സത്യത്തോടും വസ്തുതകളോടുമാവണമെന്ന് നിയമപുസ്തകം നിഷ്കളങ്കതയോടെ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ നീതി പീഠം അത് ആവശ്യപ്പെടുകയും വേദപുസ്തകത്തില്‍ തൊട്ട് സത്യം ചെയ്യിക്കുകയും ചെയ്യുന്നു. എന്നാല്‍ സംഭവിക്കുന്നത് ചിലപ്പോഴൊക്കെയും മറിച്ചാവുന്നു എന്ന് നിരാശപ്പെടുമ്പോള്‍ മുന്നിലുയരുന്നത്, ലജിസ്ലേറ്റീവിനും എക്സിക്യുട്ടീവിനും നല്‍കാത്ത ഒരു വിശുദ്ധ പരിവേഷം ജുഡീഷ്യറിക്ക് മാത്രം നല്‍കി അതില്‍നിന്ന് നന്മകളെ പ്രതീക്ഷിക്കൂ എന്ന് വാശിപിടിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ്. ഒരു ജനാധിപത്യ സംവിധാനത്തിലെ ആദ്യ രണ്ട് ഘടകങ്ങള്‍ക്കും പുഴുക്കുത്തുപിടിക്കുന്ന ഒരു അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതില്‍നിന്ന് ജുഡീഷ്യറി മാത്രം എങ്ങിനെ രക്ഷപ്പെടാന്‍?

നജിം കൊച്ചുകലുങ്ക്