Thursday, October 7, 2010

ഒരു കുരുന്നു കുനു ചിറകുമായ് വരിക ശലഭമേ...



ഐ. സമീല്‍

കനക മുന്തിരികള്‍ മണികള്‍ 
കോര്‍ക്കുമൊരു പുലരിയില്‍ 
ഒരു കുരുന്നു കുനു ചിറകുമായ് 
വരിക ശലഭമേ...  

ഇതൊരു സിനിമാ ഗാനമല്ല, സിനിമാ ഗാനത്തിന്റെ എഡിറ്റ് ചെയ്യപ്പെട്ട ദൃശ്യക്കൂട് പൊട്ടിച്ച് ചാടിപ്പോയ ഗാന ശകലമാണ്. അതു കൊണ്ടാവാം യൂട്യൂബ് ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സൈറ്റുകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേള്‍ക്കപ്പെട്ട ഗാനങ്ങളിലൊന്നായിട്ടും ഇതിന്റെ ദൃശ്യമില്ലാതെ പോയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ മലയാളത്തില്‍ ഇറങ്ങിയ 'അവാര്‍ഡ് സിനിമ' ഗാനങ്ങളില്‍ ദൈവത്തിന്റെ വികൃതികളിലെ 'ഇരുളിന്‍ മഹാനിദ്രയില്‍' കഴിഞ്ഞാല്‍ ഏറെ പേര്‍ കേട്ടിട്ടുണ്ടാവുക, ഒരുപക്ഷേ ഈ ഗാനമാവും. ഏറെ പ്രസിദ്ധമായ നോവലിന്റെ സിനിമാ രൂപം, രഘുവരന്റെ അലകളുതിര്‍ക്കുന്ന അഭിനയം, അതിലെല്ലാമേറെ അക്കാലത്ത് കാമ്പസിന്റെ ഹരമായിരുന്ന മധുസൂദനന്‍ നായരുടെ ആലാപനം തുടങ്ങിയ അടയാഭരണങ്ങള്‍ കൂടി 'ഇരുളിന്‍ മഹാനിദ്രയെ' ശ്രദ്ധേയമാക്കുന്നുണ്ട്. അതിനാലാവാം ആ ഗാനത്തോടൊപ്പം രഘുവരന്റെ പാറിപ്പറന്ന മുടിയും നമ്മെ തേടി വരുന്നത്. എന്നാല്‍ ഇത്തരത്തിലൊന്നിന്റേയും പിന്‍ബലമില്ലാതെയാണ് 'കനക മുന്തിരികള്‍' നമ്മിലേക്ക് ഒഴുകിയെത്തുന്നത്. 2000ല്‍ റിലീസ് ചെയ്യപ്പെട്ട 'പുനരധിവാസം' എന്ന സിനിമയിലേതാണ് ഈ ഗാനം. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്, മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച കഥക്കുള്ള സംസ്ഥാന അവാര്‍ഡ് എന്നിവ നേടിയ ഈ ചിത്രത്തെ പോലെ പതിവു വഴികള്‍ വിട്ടു സഞ്ചരിക്കുന്നതായിരുന്നു ഇതിലെ സംഗീതവും. ലൂയിസ് ബാങ്ക്സ് എന്ന നേപ്പാള്‍ വംശജനായ ഇന്ത്യന്‍ സംഗീതജ്ഞനാണ് ഈ പാട്ടിന് ഈണം നല്‍കിയത്. ഇന്ത്യയിലെ ഏറെ പ്രസിദ്ധനായ ജാസ് വാദകനും 2008ല്‍ ഗ്രാമി അവാര്‍ഡിന് ശിപാര്‍ശ ചെയ്യപ്പെട്ടയാളുമാണ് ലൂയിസ് ബാങ്ക്സ് എന്ന ദാംബര്‍ ബഹദൂര്‍ ബുദപ്രീതി. മലയാളിയല്ല എന്നു മാത്രമല്ല മലയാളമായോ ദക്ഷിണേന്ത്യന്‍ സംഗീത പാരമ്പര്യമായോ ബന്ധവുമില്ലാത്തയാളാണിദ്ദേഹം. സ്വാതന്ത്യ്ര പൂര്‍വ ഇന്ത്യയിലെ ഡാര്‍ജീലിങില്‍ ജനിച്ച ഇദ്ദേഹത്തിന്റെ ബാല്യവും സംഗീത ലോകങ്ങളും നിര്‍ണയിച്ചത് കൊല്‍ക്കത്തയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തലസ്ഥാനമായിരുന്ന കൊല്‍ക്കത്തയിലെ പടിഞ്ഞാറന്‍ സംഗീതത്തിന്റെ ഈണങ്ങളില്‍ വളര്‍ന്ന ഇദ്ദേഹം സ്വാഭാവികമായും ഗിറ്റാര്‍, ട്രംപന്റ്, പിയാനോ എന്നിവയിലൂടെയാണ് സംഗീതാക്ഷരങ്ങള്‍ കുറിക്കുന്നത്. തുകല്‍ വാദ്യമൊഴികെയുള്ള രണ്ടിലും പ്രാവീണ്യം നേടിയ ഇദ്ദേഹത്തിന്റെ സംഗീത ജീവിതത്തെ നിര്‍ണയിച്ചത് പടിഞ്ഞാറന്‍ സംഗീതാക്ഷരത്തിനൊപ്പം ഇന്ത്യന്‍ വേരുകളിലേക്ക് ഇറങ്ങി ചെല്ലാനുള്ള അനിതരസാധാരണ കഴിവു കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ പിതാമഹന്‍ ഭഗത് ബഹദൂര്‍ ബുദപ്രീതിയാണ് നേപ്പാളിന്റെ ദേശീയ ഗാനം രചിച്ചത്. ഇന്ത്യന്‍ സംഗീത രംഗത്തെ പ്രഗത്ഭരായ ആര്‍.ഡി ബര്‍മന്‍, രവി ശങ്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം ജിംഗ്ള്‍സുകള്‍ക്ക് സംഗീതം നല്‍കുന്നതോടെയാണ് പൊതു ശ്രദ്ധയിലെത്തുന്നത്. ദൂരദര്‍ശന്‍ ഇന്ത്യയുടെ കണ്ണും കാതുമായിരുന്ന 1988 കാലത്ത് ദേശീയേദ്ഗ്രഥനത്തിനായി നിര്‍മിച്ച 'മിലേ സുര്‍ മേരാ തുമാരാ' എന്ന ഹ്രസ്വ സിനിമക്ക് ഇദ്ദേഹം നല്‍കിയ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനൌദ്യോഗിക ദേശീയ ഗാനമെന്ന തരത്തിലേക്ക് വരെ അതിന്റെ ജനപ്രീതി ഉയര്‍ന്നിരുന്നു. ഗിറ്റാറില്‍ ഇദ്ദേഹമൊരുക്കിയ മാന്ത്രികത കൊണ്ട് കേരളത്തിന് നല്‍കിയ സമ്മാനമാണ് 'കനക മുന്തിരികള്‍' എന്നു പറയാം. കവിതയെ ബെയ്സ് ഗിറ്റാര്‍ ഒരുക്കുന്ന താളത്തിലൂടെ നിത്യ ശൂന്യതയിലേക്ക് നയിക്കുന്ന വല്ലാത്തൊരു ഈണം. ഗിരീഷ് പുത്തഞ്ചേരിയാണ് ഒറ്റത്തീര്‍പ്പില്‍ ഈണമിട്ടു പോകാനാവത്ത ഈ വരികള്‍ രചിച്ചത്. പ്രണയത്തിന്റെ മധ്യാഹ്ന വെയിലില്‍ നില്‍ക്കുന്ന ഒരുത്തന്റെ നിസ്സഹായാവസ്ഥ പോലെ ഒഴുകിയിട്ടും ഒഴുകിയിട്ടും തീരാത്ത ഒന്ന്. ഗ്രാമത്തിന്റെ വേരുകളില്‍ നിന്നെത്തി നഗരത്തിന്റെ ഉച്ച വെയിലില്‍ തിളക്കുന്ന പ്രണായക്ഷരങ്ങള്‍, 'വേനല്‍ പൊള്ളും നെറുകില്‍ നീ തൊട്ടു' എന്നെഴുതി ആ ചൂടിനെ ആറും മുമ്പ് പകര്‍ന്ന തരുന്ന വരികള്‍. വല്ലാത്തൊരു ഇണക്കവും പിണക്കവും ഈ വരികള്‍ക്കും ഈണത്തിനുമുണ്ട്. ജി. വേണുഗോപാലും എ.കെ. ദേവിയും ഈ പാട്ടുകള്‍ പാടിയിട്ടുണ്ട്. പുറമെ ഈ പാട്ടിന്റെ ഈണം മാത്രം എ.കെ. ദേവിയുടെ ശബ്ദത്തില്‍ മൂളുന്ന അതിമനോഹര അനുഭവം കേള്‍ക്കേണ്ടതു തന്നെയാണ്. വരികളുടെ ജലപ്രവാഹം ഒഴുകിയെത്തും മുമ്പുള്ള വിദൂര ജല പതനത്തിന്റെ ശബ്ദം, അത് അനുഭവിപ്പിക്കുന്നത് ലൂയിസ് ബാങ്ക്സിന്റെ മാന്ത്രിക ഗിറ്റാറില്‍ ലയിക്കുന്ന എ.കെ. ദേവിയുടെ സ്വരമാണ്. ശേഷം വേണുഗോപാലിന്റെ സ്വരത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ ആ മധ്യാഹ്ന വെയില്‍ കൂടി ചേരുമ്പോള്‍ അത് മറ്റൊരു അനുഭവം തന്നെ. 

ഒന്ന്
'പുനരധിവാസ'ത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച ശേഷം മലപ്പുറത്ത് രശ്മി ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ചലച്ചിത്ര മേളയില്‍ ചിത്രം കണ്ടപ്പോഴാണ് ആദ്യമായി 'കനക മുന്തിരികള്‍' കേള്‍ക്കുന്നത്. അന്ന് ഈ പാട്ട് ചെവിയില്‍ നിന്ന് കരളിലേക്ക് കടന്നിരുന്നില്ല. കാരണം പലതാണ്. വി.കെ. പ്രകാശ് എന്ന പരസ്യ ചിത്ര സംവിധായകന്‍ ആദ്യമായി ചെയ്ത മനോഹര ചിത്രം. പരസ്യ ചിത്ര സംവിധാന രംഗത്തു നിന്നെത്തി ഇത്തരമൊരു സിനിമ എടുക്കുന്നവര്‍ മലയാളത്തില്‍ വിരളമാണ്. അതിനാല്‍ തന്നെ 'അവാര്‍ഡ് സിനിമ' ഗണത്തില്‍ കേരളം പ്രതീക്ഷിക്കുന്ന ദൃശ്യ സാധ്യതകളുടെ മുകളിലൂടെയായിരുന്നു 'പുനരധിവാസ'ത്തിന്റെ സഞ്ചാരം. ഷാജി കൈലാസിന്റെ തീപാറും ചിത്രങ്ങള്‍ക്ക് ദൃശ്യമൊരുക്കി അക്കാലത്ത് ശ്രദ്ധേയനായ രവി കെ. ചന്ദ്രന്റെ ദൃശ്യങ്ങള്‍ കൂടി ചേര്‍ന്നതോടെ പതിവു വഴികളിലല്ല തങ്ങളുള്ളതെന്ന് 'പുനരധിവാസ'ത്തിന്റെ പിന്നണിക്കാര്‍ തെളിയിക്കുകയും ചെയ്തു. എന്തോ ഏറെ പ്രതീക്ഷകള്‍ പുലര്‍ത്തിയ വി.കെ. പ്രകാശ് പിന്നീട് ആ വഴി സഞ്ചരിച്ചതുമില്ല. മകനും അഛനും തമ്മിലുള്ള ഹൃദയ ബന്ധത്തിന്റെ തീവ്രതയില്‍ 'കനക മുന്തിരി'യെ മറന്നു പോയി എന്നതാവും ശരി. 2004ല്‍ തിരൂരില്‍ ഒരു സംഗീത സ്കൂളിന്റെ ഉദ്ഘാടനത്തിനെത്തിയ ഗായകന്‍ ജി. വേണുഗോപാല്‍ സംഗീതത്തിന്റെ അകമ്പടിയൊന്നുമില്ലാതെ പാടിയപ്പോഴാണ് വീണ്ടും 'കനക മുന്തിരി'യിലേക്ക് തിരിച്ചെത്തുന്നത്. അവസാനിക്കില്ലെന്നു തേന്നിക്കുന്ന വരികളും ഈണവുമായി ആ ഗാനം കരഞ്ഞു തളര്‍ന്ന ശബ്ദത്തില്‍ വേണുഗോപാല്‍ പാടിയപ്പോഴായിരിക്കണം സിനിമ സമ്മാനിച്ച ദൃശ്യങ്ങള്‍ക്ക് പുറത്തേക്ക് ഈ ഗാനം ഒഴുകിപ്പോയത്. തിരൂരിലെ ആ ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടരക്ക് ചെറിയ സദസിനുമുന്നില്‍ തന്റെ കരിയറിലെ നിര്‍ഭാഗ്യത്തെ അനുസ്മരിച്ച ശേഷമാണിത് വേണുഗോപാല്‍ പാടിയത്. ദേശീയ അവാര്‍ഡ് നിര്‍ണയ വേളയില്‍ 'പുനരധിവാസ'ത്തിലെ ഈ ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് കപ്പിനും ചുണ്ടിനുമിടയിലാണ് തനിക്ക് നഷ്ടമായതെന്ന വേണുഗോപാലിന്റെ നഷ്ട സ്മൃതി ആ ഗാനത്തിലേക്ക് കേള്‍വിക്കാരെ കൂടുതല്‍ അടുപ്പിക്കുകയായിരുന്നു. ഹൃദയ വേദനയാല്‍ പിടയുന്നൊരുത്തന്റെ ഗിറ്റാര്‍ വാദനം പേലെ അതവിടെയാകെ ഒഴുകിപ്പരന്നു. 

രണ്ട്
2008 പകുതിയിലാണ് ജിഷയുടെ ജീവിത ദുരന്തങ്ങളറിയുന്നത്. പ്രീഡിഗ്രി പഠന കാലത്തുണ്ടായ വാഹനാപകടത്തില്‍ പെട്ട് മരണത്തിന്റെ കടല്‍ക്കരയോളമെത്തി തിരിച്ചെത്തുമ്പോള്‍ അവള്‍ക്ക് നഷ്ടമായത് കേള്‍വി ശേഷിയാണ്. പിന്നീട് പ്രണയത്തിന്റെ കടലലകളില്‍ മുങ്ങി നിവരുമ്പോള്‍ കൂടെയുണ്ടായിരുന്ന ജീവിത പങ്കാളിയും അവളെ വിട്ടു പോയിരുന്നു. സൈബര്‍ ലോകത്തിന്റെ നാലതിരുകള്‍ക്കത്തിരുന്നാണ് അവള്‍ സങ്കടങ്ങളുടെ കെട്ടഴിച്ചിരുന്നത്. കൌമാരത്തിന്റെ അവസാനം വരെ ലോകത്തെ കേള്‍ക്കുകയും ലോകത്തോട് സംസാരിക്കുകയും ചെയ്തിരുന്ന ഒരാള്‍ പെടുന്നനെ അങ്ങിനെയൊന്നുമല്ലാതായിത്തീരുന്നതിന്റെ ആഴം ഓര്‍ത്തു നോക്കൂ. ഈ ദുരന്ത കാലത്തില്‍ കൂടെയുണ്ടായിരുന്ന ജീവിത പങ്കാളി അകന്നു പോയതോടെയാവണം ലോകത്തോട് സംസാരിക്കാന്‍ അവള്‍ സൈബര്‍ ലോകത്തിലെ പൌരത്വമെടുത്തത്. രാവിന്റെ അവസാന കോളത്തില്‍ ജോലിയുടെ തിരക്കൊഴിഞ്ഞ് ഞാന്‍ സൈബര്‍ ലോകത്തെത്തുമ്പോഴാണ് ചാറ്റ് കോളത്തില്‍ ലോകത്തോട് മുഴുവന്‍ സംസാരിച്ചു തീരാതെ അവളെ കാണുക. അത്തരമൊരു രാവില്‍ ചാറ്റ് ബോക്സില്‍ വന്നുവീണ അവളുടെ അക്ഷരങ്ങള്‍ക്കൊന്നും മറുപടി പറയാതെ ഹെഡ് ഫോണില്‍ 'കനക മുന്തിരികള്‍' കേട്ടിരിക്കുകയായിരുന്നു ഞാന്‍. സഹികെട്ട് അവള്‍ ചോദിച്ചു, നീ പാട്ട് കേട്ടിരിക്കുകയാണോ?. അതെയെന്ന ഉത്തരത്തിന് പാട്ടേതെന്നായി ചോദ്യം. 'കനക മുന്തിരികള്‍' എന്ന് ഞാന്‍ ടൈപ്പ് ചെയ്തതും മറുപടിയായി അവളുടെ വക കീബോര്‍ഡിലെ വിവിധ ചിഹ്നങ്ങളുടെ പ്രവാഹമായിരുന്നു ചാറ്റ് ബോക്സില്‍. ഒരു പക്ഷേ ഈ ഗാനം എത്രമേല്‍ മനോഹരമാണെന്ന് ലോകത്തോട് വിളിച്ച പറഞ്ഞ വാക്കുകളായിരിക്കും അവ. കേള്‍വി ശേഷി നഷ്ടപ്പെടുത്തിയ വാഹനാപകടം ഉണ്ടാകുന്നതിന് കുറച്ച് നാള്‍ മുമ്പാണ് ആ പാട്ട് കേട്ടതെന്ന് അവള്‍ പറഞ്ഞു. പിന്നെ ഏറെ നേരത്തേക്ക് അവളില്‍ നിന്ന് പ്രതികരണമുണ്ടായില്ല. തന്നില്‍ നിന്നും പറന്നു പോയ പാട്ടിലെ പൂമ്പാറ്റ കുഞ്ഞുങ്ങളെ ഓര്‍ത്തതായിരിക്കാം. കുറേ കഴിഞ്ഞ് ചാറ്റ് ബോക്സില്‍ അക്ഷരങ്ങള്‍ വീഴുന്നു, നോക്കുമ്പോള്‍ 'കനക മുന്തിരി'യുടെ വരികള്‍ ഓരോന്നായി വരികയാണ്, ആ പാട്ട് കേള്‍ക്കുന്ന അതേ ക്രമത്തില്‍. അപ്പോഴാണ് ഞാനറിഞ്ഞത് ഇതുവരെ കേട്ടതൊന്നുമല്ല ആ പാട്ട്. കേള്‍ക്കാതെ കേള്‍ക്കുന്ന പാട്ട്, ശബ്ദ വീചികള്‍ കാതിലെത്താതെ കേട്ട ആ ഗാനം, അക്ഷര വസ്ത്രമണിയാത്ത കവിത പോലെ. എങ്ങിനെയെഴുതി എന്തെഴുതിയാണ് ആ അനുഭവം മറ്റൊരാള്‍ക്ക് പകരുക?. ശബ്ദങ്ങളുടെ ആര്‍ഭാടങ്ങളില്‍ നിന്ന് മൌനത്തിന്റെ ആഴങ്ങളില്‍ പോയി ഒളിച്ച ഒരാള്‍ കേള്‍ക്കുന്ന/ഓര്‍ക്കുന്ന സംഗീതത്തിന്റെ അനുഭവങ്ങളിലേക്ക് ഉയരാന്‍ നമുക്കാവില്ല. അതായിരിക്കാം ബീഥോവന്‍ ഹൃദയത്തിന്റെ സംഗീത കാലങ്ങള്‍ കൊണ്ട് സഞ്ചരിച്ചെത്തിയ സിംഫണിയുടെ വെറും ശബ്ദ വസ്ത്രങ്ങളില്‍ മാത്രം നാം നനഞ്ഞു കുളിരുന്നത്. അനുഭവത്തിന്റെ ഒരു പെരുംകടലിനെ അകമേ കൊണ്ടു നടക്കുന്നതിനാലാവാം ഈ ഗാനത്തിന്റെ പല്ലവി 'ഒരു കുരുന്നു കുനു ചിറകുമായ് വരിക ശലഭമേ...' എന്നായി അവസാനിക്കുന്നത്. 

(ഈ ലക്കം മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ചത്)


കനക മുന്തിരിയെന്ന മനോഹര ഗാനം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment