Monday, November 29, 2010

ജെഫ്രി പോള്‍നജയുടെ ചക്രപ്പാടുകള്‍

മഗല്ലന്റെ കപ്പല്‍ച്ചാലുകളും ജെഫ്രി പോള്‍നജയുടെ ചക്രപ്പാടുകളും തമ്മിലെന്ത്? ഒരാള്‍ ഭൂമിയെ ചുറ്റിക്കാണാനിറങ്ങി. അപരന്‍ ലോകത്തിന്റെ വിശാല ഹൃദയത്തെ തൊട്ടറിയാനും. മഗല്ലന്റെ ജലവഴികളില്‍ പിന്നീട് ഒഴുകിനീങ്ങിയതൊക്കെയും വന്‍കരകള്‍ കീഴടക്കാനുള്ള അതിമോഹങ്ങളുടെ നൌകകളായിരുന്നു. പോര്‍വിളികളുടെ ചരിത്രഗതിയില്‍ ആ ജലവഴികളില്‍ ചോരവീണു പരന്നു. ഓളങ്ങളുടെ എണ്ണ പകര്‍ച്ചയില്‍ തീ പടരാന്‍ തുടങ്ങി. കടലും കരയും രണാങ്കണങ്ങളായി.

എന്നാലിപ്പോള്‍ ലോകത്തിന് കുറുകെ ജെഫ്രി റോണി പോള്‍നജയുടെ ചക്രപ്പാടുകള്‍ മായ്ക്കാന്‍ ശ്രമിക്കുന്നത് യുദ്ധടാങ്കുകള്‍ കുത്തിക്കീറിയ മണ്ണിലെ പോറലുകളെയാണ്. സാമ്രാജ്യത്ത മോഹികള്‍ ചക്രായുധങ്ങള്‍ കൊണ്ട് ജനകോടികളുടെ തലയരിഞ്ഞ കലുഷിതമായ ചരിത്രത്തിനും വര്‍ത്തമാനത്തിനുമിടയിലെ ആര്‍ത്തനാദങ്ങള്‍ക്കരികിലൂടെ ശാന്തി മന്ത്രമുരുവിട്ട് ഈ ഇന്തോനേഷ്യന്‍ ബൈക്ക് റൈഡര്‍ തന്റെ ഇരുചക്ര രഥമോടിച്ചു കയറ്റുന്നത് ലോക മനസാക്ഷിയുടെ സമാധാന താഴ്വരകളിലേക്കാണ്. വന്‍കരകള്‍ കീഴടക്കുക തന്നെയാണ് അദ്ദേഹത്തിന്റെയും ലക്ഷ്യം. അത് പക്ഷെ രക്ത രൂക്ഷിത യുദ്ധങ്ങളിലൂടെ സാമ്രാജ്യത്തം സ്ഥാപിക്കാനല്ല. സമാധാന ലക്ഷ്യങ്ങള്‍ക്കായി മനസുകള്‍ കീഴടക്കാനാണ്. 


ഇരുചക്രത്തിന്മേല്‍ ഒരു അശ്വമേധം

ലോക സമാധാനത്തിനും മനുഷ്യമനസുകളുടെ ഇണക്കത്തിനും യുഗാബ്ദ ശ്രമങ്ങളില്‍ തന്റെയും പങ്ക് എന്ന ആഗ്രഹത്തോടെ നൂറ് രാജ്യങ്ങള്‍ ലക്ഷ്യമിട്ടുള്ള പോള്‍നജയുടെ ബൈക്ക് യാത്ര അടുത്ത വര്‍ഷം അവസാന പാദത്തോടെ ദൌത്യം പൂര്‍ത്തിയാക്കുകയാണ്. ബി.എം.ഡബ്ല്യു ആര്‍ 1150 ജി.എസ് ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍ ബൈക്കില്‍ 2006 ഏപ്രില്‍ 23ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നാരംഭിച്ച അശ്വമേധം ഇതിനോടകം മൂന്ന് വന്‍കരകളിലായി 74 രാജ്യങ്ങള്‍ കടന്നുപോയി. 2007 ഫെബ്രുവരിയിലാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. പല സംസ്ഥാനങ്ങളിലൂടെയും തലസ്ഥാന നഗരിയിലൂടെയും അദ്ദേഹത്തിന്റെ ഇരുചക്ര ദൌത്യം കടന്നുപോയി. അതേ വര്‍ഷം മാര്‍ച്ച് മൂന്നിന് തന്റെ പര്യടന വഴിയിലെ 19ാമത്തെ രാജ്യമായ സൌദി അറേബ്യയിലുമെത്തി. തലസ്ഥാനമായ റിയാദില്‍ ഇന്തോനേഷ്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടയിലാണ് ആ സാഹസികനെ അടുത്തു പരിചയപ്പെടാന്‍ അവസരം ലഭിച്ചത്. അതിനുശേഷം കഴിഞ്ഞ നാലുവര്‍ഷമായി അദ്ദേഹത്തിന്റെ യാത്രാവഴികളെ ഈമെയില്‍ വഴി പിന്തുടരാനും സാധിക്കുന്നു.


രണ്ട് ചക്രങ്ങള്‍ കൊണ്ട് ആറ് വന്‍കരകള്‍ കീഴടക്കുക, അവിടങ്ങളിലെ മനുഷ്യ ജീവിതങ്ങളെ തൊട്ടറിയുക, സമാധാനത്തിന്റെ സന്ദേശം പരസ്പരം പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരമൊരു യാത്രക്ക് പ്രചോദനമായത് യുദ്ധവും അതിക്രമങ്ങളും കൊണ്ട് കലുഷിതമായ ലോകത്തിന്റെ ഇന്നത്തെ അവസ്ഥയാണെന്ന് അദ്ദേഹം പറയുന്നു. യുദ്ധങ്ങളുടെ ഭീകരതയും കുട്ടികളും സ്ത്രീകളും വൃദ്ധ ജനങ്ങളുമടക്കമുള്ള പച്ച മനുഷ്യരുടെ ആര്‍ത്തനാദങ്ങളും ടി.വിയില്‍ നിരന്തരം കണ്ടപ്പോള്‍ മനസു നൊന്താണ് ഇങ്ങനെയൊരു പുറപ്പെടലിനുള്ള തീരുമാനമുണ്ടാകുന്നത്. രണ്ടാണ്‍കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബം തന്റെ ആഗ്രഹമറിഞ്ഞപ്പോള്‍ പ്രോല്‍സാഹിപ്പിച്ചു.

സമാധാനത്തിന്റെ സന്ദേശത്തോടൊപ്പം ഇന്തോനേഷ്യന്‍ ജനതയെ ലോക ജനതയുമായി കൂട്ടിയിണക്കുക, ആത്മീയതയുടെയും സാഹസികതയുടെയും സ്വാതന്ത്യ്രത്തിന്റെയും പ്രതീകമായി മോട്ടോര്‍ ബൈക്ക് സ്പോര്‍ട്സില്‍ ഇന്തോനേഷ്യയെ ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യങ്ങളും കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ ഉദ്യമത്തെ പിന്തുണക്കാന്‍ ആളുകളും കമ്മിറ്റിയുമുണ്ടായി. ഇന്തോനേഷ്യന്‍ ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ രൂപവല്‍കരിച്ച ഒരു കമ്മിറ്റി പോള്‍നജയുടെ ലോക പര്യടനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നു. യാത്രയുടെ ചെലവില്‍ വലിയ പങ്കും പക്ഷെ സ്വന്തം കീശയില്‍ നിന്നാണെടുക്കുന്നത്. ജക്കാര്‍ത്തയില്‍ സ്വന്തമായി ഒരു മോട്ടോര്‍ സൈക്കിള്‍ സ്പെയര്‍ പാര്‍ട്സ് ഷോപ്പുണ്ട്. അതില്‍ നിന്നുള്ള വരുമാനം തന്നെയാണ് മുഖ്യം.


ഇരു ഘട്ടങ്ങളില്‍ ഒരു ലോക ദൌത്യം

ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലുമായി ഇതിനോടകം 74 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഇപ്പോള്‍ ജര്‍മ്മനിയില്‍ പര്യടനം പൂര്‍ത്തിയാക്കുകയാണ്. ഇന്ത്യ 12^ാമത്തെ രാജ്യമായിരുന്നു. സൌദി അറേബ്യ 19^ാമത്തെ രാജ്യവും. രണ്ട് ഘട്ടമായി സംഘടിപ്പിച്ചിരിക്കുന്ന യാത്രയുടെ ആദ്യ ഘട്ടം നോര്‍ത്ത് ആഫ്രിക്കയും കടന്ന് യൂറോപ്പിലവസാനിക്കും. അപ്പോഴേക്കും 750 ദിനങ്ങള്‍ ആയുസിന്റെ പുസ്തകത്തില്‍നിന്ന് നഷ്ടപ്പെട്ടിരിക്കും. അടുത്ത മാസത്തോടെ ആദ്യഘട്ടം പൂര്‍ത്തിയാവും. രണ്ടാം ഘട്ടത്തില്‍ അമേരിക്കന്‍ വന്‍കരകളും ആസ്ട്രേലിയയുമാണുള്ളത്. 2011ല്‍ യാത്ര പൂര്‍ത്തിയാവും. രണ്ട് ഘട്ടങ്ങളിലെ യാത്രക്കിടയില്‍ മൂന്ന് തവണ കുറച്ചുദൂരം വിമാനത്തില്‍ സഞ്ചരിക്കും. കടല്‍ കടക്കാന്‍ വേണ്ടി മാത്രം. യൂറോപ്പില്‍ നിന്ന് വടക്കേ അമേരിക്കയിലേക്കും തെക്കേ അമേരിക്കയില്‍ നിന്ന് ആസ്ട്രേലിയയിലേക്കും ആസ്ട്രേലിയയില്‍ നിന്ന് ജന്മനാട്ടിലേക്കും. എന്നാല്‍ കരയിലൂടെയുള്ള മുഴുവന്‍ ദൂരവും ഒറ്റക്ക് ബൈക്കില്‍ തന്നെയാണ് പൂര്‍ത്തിയാക്കുക.


പിന്നിട്ട ഭൂഭാഗങ്ങളില്‍ മിക്കവയും പലതരത്തിലുള്ള കലുഷിതാവസ്ഥ നിലനില്‍ക്കുന്ന സ്ഥലങ്ങളായിരുന്നു. അത്യന്തം കലാപകലുഷിതമായ അഫ്ഗാനിസ്ഥാനിലൂടെ സഞ്ചരിക്കുമ്പോള്‍ തീക്ഷ്ണമായ പല അനുഭവങ്ങള്‍ക്കും സാക്ഷിയായി. പക്ഷെ അത് ലോകം ഭീകരവാദികള്‍ എന്ന് മുദ്രകുത്തിയവര്‍ മാത്രം സൃഷ്ടിക്കുന്നവയായിരുന്നില്ല. സമാധാനത്തിന് വേണ്ടി യുദ്ധം നടത്തുന്നവരുടെ ഭീകരത പലപ്പോഴും പുറം ലോകമറിയുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അധിനിവേശം തകര്‍ത്തുകളഞ്ഞ ആ പൌരാണിക രാജ്യം പിന്നിട്ടത് ആര്‍ദ്രമായ മനസോടെയാണ്. ഇന്ത്യയില്‍ തീവ്രവാദ സാന്നിദ്ധ്യമുള്ള ആസാമിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച അനുഭവവും മറക്കാനാവുന്നില്ല. ന്യൂഡെല്‍ഹിയില്‍ പല സ്ഥലങ്ങളും സന്ദര്‍ശിച്ചു. ചരിത്രത്തിന്റെ ഭൌതിക തിരുശേഷിപ്പുകളുടെ സമൃദ്ധി, എങ്ങനെയാണ് ഈ നഗരം ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ തലസ്ഥാനമായി മാറിയതെന്ന് ബോദ്ധ്യപ്പെടുത്തുന്നു ^അദ്ദേഹം പറയുന്നു. ചരിത്ര സ്മാരകങ്ങള്‍ക്കിടയിലെ മനോജ്ഞ പ്രണയകാവ്യം താജ്മഹലിന്റെ നേര്‍ക്കാഴ്ച മനസിന് പകര്‍ന്ന് നല്‍കിയ ആനന്ദത്തിന് അതിരുകളില്ല. സൌദി അറേബ്യയിലെ പര്യടനത്തിനിടെ കിട്ടിയ സമയം വിശുദ്ധ മക്കാ തീര്‍ത്ഥാടന (ഉംറ) ത്തിന് ഉപയോഗപ്പെടുത്തി.


ലോകസമാധാനത്തിന് വേണ്ടിയുള്ള മനസിലെ പ്രാര്‍ത്ഥന ദൈവത്തിന് മുമ്പില്‍ സമര്‍പ്പിക്കാനുള്ള അവസരമായിരുന്നു അത്. ഉലകം ചുറ്റലിനിടയിലും സ്വന്തം കുടുംബത്തെ കാണാനും അവര്‍ക്കൊപ്പം ദിവസങ്ങള്‍ ചെലവഴിക്കാനും വഴി കണ്ടെത്താറുണ്ട്. സൌകര്യപ്രദമായ രാജ്യത്തായിരിക്കുമ്പോള്‍ ജക്കാര്‍ത്തയില്‍ നിന്ന് അവരെ വിമാനത്തില്‍ എത്തിച്ചാണിത്. യാത്രക്കിടയിലെ മുഴുവന്‍ വിവരങ്ങളും ചിത്രങ്ങളും പര്യടന പരിപാടി സംബന്ധിച്ചുള്ള വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. www.rideforpeace.info എന്നതാണ് വെബ് സൈറ്റിന്റെ അഡ്രസ്.

1 comment:

  1. ജെഫ്രി പോള്‍നജ....ബെസ്റ്റ്‌ ഓഫ് ലക്ക് മാന്‍ ..

    ഇദ്ദേഹത്തെ പരിചയപ്പെടുതിയതിനു നജീം ഭായ് നിങ്ങള്‍ക്കും താങ്ക്സ്

    ReplyDelete