Saturday, December 26, 2009

അവസാനത്തെ അതിഥി

ഒരിക്കല്‍ മാത്രം വരുന്ന ഒരതിഥി
എനിക്കുണ്ട്
ഒന്നിനും ധൃതികാട്ടാത്തവന്‍
ഉപചാരവാക്കുകളുടെ ഭാരമില്ലാത്തവന്‍
വരുമെന്നേയുള്ളൂ, വന്നിട്ടില്ല
എന്നിട്ടുമെന്റെ
വിരുന്നുകാരനെക്കുറിച്ച്
എത്ര കൃത്യതയാണെനിക്ക്
കാണുമെന്നേയുള്ളൂ, കണ്ടിട്ടില്ല
എന്നിട്ടുമവനെ
എത്ര പരിചയമാണെനിക്ക്
വരാതിരിക്കില്ലെന്നാണ്
എന്റെ ഹൃദയം പോലും പറയുന്നത്
ഒരു മണിനാദത്തിന്റെ മറുപടിക്ക്
കാത്തുനില്‍ക്കാതെ
ഉമ്മറത്തെ ഊഷ്മളപ്രകടനങ്ങള്‍ക്ക്
നിന്നുതരാതെ
തീന്‍മേശയില്‍ എന്റെ പൊങ്ങച്ചങ്ങളിലേക്ക്
നോക്കാതെ
അടുക്കളയിലേക്ക് ഏന്തിവലിയാതെ
വിരുന്നുശാലയില്‍ അതിഥികള്‍ ബാക്കിയിരിക്കെ
അവസാനത്തെയാളെന്ന് തോന്നിപ്പിക്കാതെ
വന്നെന്നെ കൂട്ടിമടങ്ങുമ്പോള്‍
വിളക്കുകള്‍ കെടാത്ത എന്റെ ഭോജനശാലയില്‍
ഇനിയും യാമങ്ങള്‍ ബാക്കിയാണന്നെന്റെ
നോട്ടം പിന്തിരിയവേ
എല്ലാം തോന്നലാണെന്നൂറിച്ചിരിച്ച്
അവനെന്റെ കൈയിലെ പിടിമുറുക്കും
എന്റെ വിരുന്നുശാലകളനാഥമാകും
എല്ലാമറിഞ്ഞിട്ടും ഞാന്‍
അവന്റെ വരവിനെ ഭയപ്പെടുന്നില്ലല്ലോ?

നജിം കൊച്ചുകലുങ്ക്

ചരിത്രം

ചരിത്രം
അങ്ങനെയാണ്
ചിലപ്പോള്‍ അതൊരു
കുറുമ്പുകാരിയെ പോലെ
ഉടയാടകള്‍ വലിച്ചെറിഞ്ഞ്
പൊള്ളുന്ന സത്യങ്ങള്‍ കുടഞ്ഞെറിഞ്ഞ്
കിലുകിലെ ചിരിച്ച് കനല്‍ നടത്തം
നടത്തും

ചരിത്രം
ചിലപ്പോള്‍
ഒരു രജസ്വലയെ പോലെയാണ്
ലജ്ജയില്‍ കൂമ്പിയുറങ്ങി
മധുര സ്വപ്നങ്ങളിലുണരും
നുണക്കുഴികളില്‍ മൌനം നിറച്ച്
ചിരികളില്‍ നിലാവാകും
അടിവയറ്റിലെ നോവിന്റെ
ചാണയിലുരച്ച്
ചാരിത്ര ശുദ്ധി സ്ഫുടം
ചെയ്തുകൊണ്ടിരിക്കും.

എന്നാല്‍
ചിലപ്പോഴൊക്കെയും
ചരിത്രം
ഒരഭിസാരികയെ പോലെയാണ്
കീശകളില്‍ ആര്‍ത്തിയായി
പടര്‍ന്നിറങ്ങും
അന്തപ്പുരങ്ങളില്‍
തളര്‍ന്നുറങ്ങും

നജിംകൊച്ചുകലുങ്ക്

Monday, November 9, 2009

സ്ളേറ്റില്‍ ബ്ലോഗനയുടെ മാര്‍ക്ക്

രണ്ടാം ക്ലാസിലെ കൊല്ലപരീക്ഷക്ക്
കിട്ടിയത് അഞ്ചുമാര്‍ക്ക്
കറുത്ത സ്ളേറ്റില്‍ വെളുത്തുകിടന്ന അഞ്ചിനുമുകളിലൂടെ വിരലോടിച്ച്
വിരല്‍ തുമ്പത്ത് തടഞ്ഞ ചോക്കുപൊടി കൊണ്ട് അടുത്തൊരു പൂജ്യമിട്ട്
അമ്പതാക്കി
പരീക്ഷക്ക് അമ്പതില്‍ അമ്പതും വാങ്ങി വീട്ടില്‍ വീരനായി
(അഞ്ചിനെ വഞ്ചിച്ചതുകൊണ്ടാകാം
അഞ്ചിലെന്നെ തോല്‍പിച്ച് അവന്‍ പകരം വീട്ടി)
സ്ളേറ്റുള്ളപ്പോള്‍ മോഹം ഒരു ചോക്കു സ്വന്തമാക്കാനായിരുന്നു
ഇഷ്ടം പോലെ മാര്‍ക്കിട്ട് ടീച്ചറെ തോല്‍പിക്കാമല്ലൊ

ഇപ്പോള്‍ സ്ളേറ്റില്‍ ബ്ലോഗനയുടെ മാര്‍ക്ക്
രണ്ട് പേജിലായി നിറഞ്ഞുകിടക്കുമ്പോള്‍
വിരല്‍ തുമ്പിലെ ചോക്കുപ്പൊടി
ഒരിളം കാറ്റേറ്റ് പറന്നുപോകുന്നു