Monday, August 16, 2010

ചുവപ്പന്‍ സ്വപ്നങ്ങളെ മഥിക്കുന്ന 'ഗുല്‍സാരി'

ഒരു കുതിര തിരിഞ്ഞുനടക്കുകയാണ്, ഏറ്റവും വേഗതയുള്ള ഓട്ടക്കാരനായി ഓടി മുന്നേറിയ ഒരു ചരിത്രത്തിന്റെ ഇടവഴികളിലൂടെ കുന്നിറക്കങ്ങളിറങ്ങി. പോയ കാലത്തിന്റെ ഓര്‍മ്മപ്പാതകളില്‍ അതൊറ്റക്കല്ല, വായുവിനെക്കാള്‍ വേഗത്തില്‍ കാലത്തെ പിന്നോട്ട് പായിക്കാന്‍ വീര്യമായി, ആവേഗമായി എന്നും തന്നെ നയിച്ചിരുന്ന വീരനായകനുമുണ്ട് കൂടെ.
ഒരു നീണ്ട യാത്രയുടെ അലച്ചിലും പ്രയാധിക്യത്തിന്റെ ക്ഷീണവും രണ്ടുപേരിലുമേറെ. അവരെ മൂടിയ രാവിരുള്‍ പുതപ്പില്‍ കിതപ്പിന്റെ ഞൊറിവുകളിളകുന്നുണ്ട്. ഇനിയൊരിഞ്ച് മുന്നോട്ട് നടക്കാനാവാതെ കുതിര മുടന്തുകയാണ്. വീട്ടിലെത്തേണ്ട വഴിദൂരം ഏറെ മുന്നിലുണ്ടെന്നോര്‍മ്മപ്പെടുത്തമ്പോഴും കുതിരയുടെ അവശത അയാള്‍ തിരിച്ചറിയുന്നു.....


'ഫെയര്‍വെല്‍, ഗുല്‍സാരി' എന്ന കസാഖ് സിനിമ തുടങ്ങുന്നതിങ്ങനെയാണ്.

സോവിയറ്റ് സോഷ്യലിസ്റ്റ് യൂണിയനില്‍ പെട്ട കസാഖിസ്ഥാനില്‍ സ്റ്റാലിന്‍ ഭരണകാലത്ത് കമ്യൂണിസ്റ്റ് ദുശാഠ്യങ്ങള്‍ക്കിരയായി ഞെരിഞ്ഞമരുന്ന ഗുല്‍സാരി എന്ന കുതിരയുടെയും അടിയുറച്ച കമ്യുണിസ്റ്റുകാരനായ താനബയേവ് എന്ന കുതിരക്കാരന്റെയും ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു കുതിരയോട്ടക്കാരനും അയാളുടെ പ്രിയപ്പെട്ട കുതിരയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു രൂപഘടനയില്‍ വികസിച്ച് പര്യവസാനിക്കുന്ന ഉപരിപ്ലവ കഥാകഥനത്തെ അതിശക്തവും കൃത്യവുമായ രാഷ്ട്രീയ സംവാദ തലത്തിലേക്ക് തിരിച്ചുവിട്ട് സൂചിത രാഷ്ട്രീയ ശക്തിയുടേതിന് തുല്യമായ കടുപ്പമേറിയ അന്തരീക്ഷത്തിലും പിരിമുറുക്കത്തിലുമെത്തിക്കാന്‍ കഴിയുന്നിടത്താണ് ഈ ചിത്രത്തിന്റെ വിജയം.
നിഷ്കളങ്ക കമ്യൂണിസ്റ്റ് പോരാളിയായ തനാബയേവ് യുദ്ധമുഖത്തും തന്റെ പാര്‍ട്ടിയംഗത്വ കാര്‍ഡ് കൈമോശം വരാതിരിക്കാന്‍ കാണിച്ച ജാഗ്രതയോര്‍ത്ത് അഭിമാനം കൊള്ളുന്നവനാണ്. ആട്ടിടയന്‍ കൂടിയായ തനാബയേവ് യുദ്ധ ശേഷം കസാഖിസ്ഥാനില്‍ മടങ്ങിയെത്തി സ്റ്റാലിന്റെ നിര്‍ദേശപ്രകാരമുള്ള കൂട്ടുകൃഷി സമ്പ്രദായം നടപ്പില്‍ വരുത്തുന്നതിന് പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിന്‍ കീഴില്‍ ചുമതലയേറ്റെടുക്കുന്നു.
മികച്ച കുതിരയോട്ടക്കാരനായ അയാള്‍ പട്ടണത്തിലെ മുഴുവന്‍ കുതിരകളെയും പിന്നിലാക്കാന്‍ പോന്ന വീറുറ്റ 'ഗുല്‍സാരി'യെന്ന കുതിരയെ സ്വന്തമാക്കുന്നതോടെ അഹങ്കാരം കലര്‍ന്ന ഒരഭിമാന ബോധത്തിലേക്ക് ഉയരുന്നു. പാര്‍ട്ടിയുടെ ഒരു ധീരയോദ്ധാവ് എന്ന ബോധം അയാളില്‍ നേരത്തെ തന്നെ ഒരു നെഞ്ചൂക്ക് പ്രകടമാക്കുന്നുണ്ട്.
കൃഷിത്തോട്ടങ്ങളെല്ലാം ദേശസാല്‍കരിക്കപ്പെടുകയും സ്വകാര്യ സ്വത്തവകാശങ്ങളെല്ലാമെടുത്തു കളഞ്ഞ് സ്റ്റേറ്റിന്റെ സമഗ്രാധിപത്യം നടപ്പാക്കപ്പെടുകയും ചെയ്യുമ്പോള്‍ തങ്ങളുടെ ജീവിത പരിസരത്തില്‍ സോഷ്യലിസത്തിന്റെ വസന്തം വിരിയുന്നതിനെ കുറിച്ച് തനാബായേവ് ഒരിക്കല്‍ തന്റെ ഭാര്യയോട് സംസാരിക്കുന്നുണ്ട്.
കുതിരയോട്ട മല്‍സരത്തിനിടയില്‍ ഗുല്‍സാരിയുടെ കടിഞ്ഞാണുമേന്തി വിജയകുതിപ്പ് നടത്തുന്ന തനാബയേവ് ഒരു സുന്ദരിയുടെ അനുരാഗ കടാക്ഷത്തിന് പാത്രമാവുമ്പോള്‍ ഗുല്‍സാരി പ്രദേശിക പാര്‍ട്ടി അധികാരികളിലൊരാളുടെ കണ്ണിലുടക്കുന്നു. അത്രയും മിടുക്കനായ ആ വൃഷണാശ്വത്തെ സ്വന്തമാക്കണമെന്ന് അയാളില്‍ മോഹമുദിക്കുന്നു. സ്വകാര്യ സ്വത്തവകാശങ്ങളടക്കം എല്ലാം പാര്‍ട്ടിയുടെ അല്ലെങ്കില്‍ സ്റ്റേറ്റിന്റെ വരുതിയില്‍ എന്ന സമഗ്രാധിപത്യ ആയുധമാണ് അയാള്‍ ഇതിനായി പ്രയോഗിക്കുന്നത്. പാര്‍ട്ടിയെ അനുസരിക്കാന്‍ പ്രതിജ്ഞാബദ്ധമായ തനാബയേവിന് അങ്ങിനെ പ്രിയപ്പെട്ട കുതിരയെ നഷ്ടപ്പെടുന്നു.
അധികാരിയുടെ വരുതിയില്‍ നില്‍ക്കാതെ പല തവണ കുതിര തനാബയേവിലേക്ക് തന്നെ മടങ്ങിയെത്തുന്നു. ഗുല്‍സാരിക്ക് തന്റെ സാരഥിയോടുള്ള അടങ്ങാത്ത സ്നേഹം മാത്രമല്ല തനാബയേവിന്റെ കുതിരലായത്തിലെ പെണ്‍കുതിരകളോടുളള അഭിനിവശേവും പ്രലോഭനീയതയും ഇതിനുകാരണമായി മാറുന്നു. ഒടുവില്‍ വരിയുടച്ച് കുതിരയെ അധികാരി വരുതിയിലാക്കുന്നു. നേതൃത്വത്തോട് തനാബയേവിന്റെയുള്ളില്‍ അതൃപ്തിയും അമര്‍ഷവും സൃഷ്ടിക്കാനിതിടയാക്കുന്നു.
പിന്നീട് പ്രകൃതിക്ഷോഭവും മറ്റും മൂലം കൃഷി നഷ്ടത്തിലാവുമ്പോള്‍ അത് തന്റെ കുറ്റമായി പാര്‍ട്ടി നേതൃത്വം കാണുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതോടെ തനാബയേവിന്റെ മനസില്‍ രോഷം പതഞ്ഞുയരുകയും ചോദ്യം ചെയ്യാനെത്തിയ പാര്‍ട്ടി സെക്രട്ടറിയെ നന്നായി കൈകാര്യം ചെയ്യുകയും ചെയ്യുന്നു. പാര്‍ട്ടി നേതൃത്വം ദുഷിച്ച ഉദ്യോഗസ്ഥ വൃന്ദത്തെ പോലെയൊ ക്രൂരനായ നാടുവാഴിയെ പോലെയോ പെരുമാറുന്നതില്‍ വേദനിക്കുകയും വെറുപ്പുതോന്നുകയും ചെയ്യുന്ന തനാബയേവ് പ്രാദേശിക നേതൃത്വത്തിന്റെ ആജ്ഞകളെ ധിക്കരിക്കുന്നു.
നേതൃത്വത്തിന്റെ പ്രത്യയശാസ്ത്രപരമായ വരട്ട് ചോദ്യങ്ങള്‍ക്ക് തനാബയേവ് നല്‍കുന്ന ഉത്തരങ്ങള്‍ ചിരിക്കാന്‍ വക നല്‍കുന്നതാണ്. കനത്ത മഴയില്‍നിന്ന് രക്ഷിക്കാനാവാതെ ചെമ്മരിയാട്ടിന്‍ കുട്ടികള്‍ ചത്തൊടുങ്ങുന്നതിനെ കുറിച്ചുള്ള പാര്‍ട്ടി സെക്രട്ടറിയുടെ ചോദ്യം 'നീയൊരു കമ്യൂണിസ്റ്റായിട്ടും ആട്ടിന്‍ കുട്ടികളെ രക്ഷിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണെന്നാണ്?'. താനൊരു കമ്യൂണിസ്റ്റാണെന്ന് ആട്ടിന്‍ കുട്ടികള്‍ക്കറിയില്ല എന്ന തനാബയേവിന്റെ മറുപടി പ്രേക്ഷകരില്‍ പൊട്ടിച്ചിരിയുണ്ടാക്കും. തദേശീയമായ പ്രത്യയശാസ്ത്ര സമീപനങ്ങളിലെ സമാനമായ തമാശകള്‍ അവര്‍ ഓര്‍ത്തുപോകുന്നതുകൊണ്ടാകാം.
തനാബയേവിന്റെ അച്ചടക്ക രാഹിത്യം പാര്‍ട്ടി ഉന്നത നേതൃത്വത്തിന് മുന്നിലെത്തുന്നു. പാര്‍ട്ടിയെ ധിക്കരിച്ചതിനും പാര്‍ട്ടി സെക്രട്ടറിയെ കൈകാര്യം ചെയ്തതിനും നേതൃത്വത്തിന്റെ വിചാരണയ്ക്കും ശിക്ഷാവിധിയ്ക്കുമായി യോഗത്തിന് മുന്നില്‍ ഹാജരായിരിക്കുമ്പോള്‍ തനാബയേവിന്റെ മുഖഭാവം പുറത്താക്കപ്പെടുന്നതിനെക്കാള്‍ വേദനാകരമാണ് സ്വയം പുറത്തുപോകാന്‍ തീരുമാനത്തിലെത്തേണ്ടിവരുന്നതെന്ന് വിളിച്ചു പറയുന്നു. യോഗത്തിനൊടുവില്‍ തന്റെ കണ്ഠത്തിന് നേരെ നീണ്ടേക്കാവുന്ന പുറത്താക്കലെന്ന ശിക്ഷാവിധിയുടെ വാളിനെ പ്രതി ഇനിയൊരു വ്യാകുലതയ്ക്ക് കുടിയേറാനിടമില്ലാത്തവിധം ആ മനസ് വരിഞ്ഞ് മുറുകപ്പെടുന്നു.
പ്രാണനെ പോലെ ഹൃദയത്തോട് ചേര്‍ത്തുസൂക്ഷിക്കുന്ന പാര്‍ട്ടി അംഗത്വകാര്‍ഡ് നേതൃത്വം പറിച്ചെടുക്കുമ്പോള്‍ മുഖപേശികളില്‍ ഇരമ്പിക്കയറിയ ചോരക്കടലിനെ ആവിയാക്കാന്‍ പോന്ന കൂസലില്ലായ്മയുടെ ഒരു നട്ടുച്ച യോഗത്തില്‍ നിന്നിറങ്ങിപ്പോകുമ്പോള്‍ ആ മുഖത്ത് വെയില്‍ വിരിക്കുന്നു.
അധികാരം മത്തേറ്റിയ നേതൃത്വങ്ങള്‍ ഇപ്പോഴും വിപ്ലവ ജനാധിപത്യത്തിന്റെ മൂവന്തിനേരത്തെ ക്ഷണിക സുഖാലസ്യത്തില്‍ മതിമറന്ന് ഇതു പോലെ എത്ര നട്ടുച്ചകളെയാണ് തള്ളി പുറത്താക്കാന്‍ ശ്രമം തുടരുന്നതെന്ന് ആലോചിക്കാന്‍ വേണ്ടത്ര സമയം നല്‍കുന്നതാണ് സിനിമയുടെ ഫ്രെയിമുകള്‍ക്കി ടയില്‍ വീണുകിടക്കുന്ന വാചാലമായ നിശബ്ദത. തനാബയേവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിന് കണ്ണുരുട്ടലിലൂടെയാണ് യോഗാധ്യക്ഷന്‍ ഐക്യകണ്ഠമുറപ്പുവരുത്തുന്നത്.

.....ഗതികെട്ട കാലത്തിന്റെ ഓര്‍മ്മ ഭാരങ്ങള്‍ നിറഞ്ഞ വണ്ടി തനാബയേവ് വഴിയിലുപേക്ഷിക്കുന്നു. വലിയ ഭാരം വേര്‍പ്പെട്ടതോടെ കുതിരയ്ക്ക് കുറച്ചുകൂടി മുന്നോട്ട് നടക്കാനാവുന്നു. എന്നാല്‍ പിന്നേയും മുടന്തുന്ന കുതിരയെ നടത്തിക്കാന്‍ തനാബയേവ് ഒരു വിഫല ശ്രമത്തിന് മുതിരുന്നു. സാമൂഹിക മാറ്റമെന്ന പ്രലോഭനീയതയില്‍ കുടുങ്ങി കമ്യൂണിസ്റ്റ് വഴികളില്‍ ചെലവിട്ട് തീര്‍ന്ന ജീവിതം സമ്മാനിച്ച അകാല വാര്‍ദ്ധക്യം തന്നെയും കുതിരെയും ഇനിയൊന്നിനും കൊള്ളാത്തവരാക്കിയെന്ന് വൃദ്ധന്‍ കയ്പോടെ സമ്മതിക്കുന്നു. അവശനായി ചരിഞ്ഞുവീണ ഗുല്‍സാരി മരണത്തിന് കീഴ്പ്പെടുന്നു. തന്റെ പ്രിയപ്പെട്ടവന് വിട ചൊല്ലി മുന്നില്‍ നീണ്ടുകിടക്കുന്ന വഴിയിലൂടെ വൃദ്ധന്‍ വേച്ചുനീങ്ങുന്നു.

പാര്‍ട്ടിയുടെ യൌവനത്തിനായി യുവത്വത്തെ വരിയുടച്ചു വരുതിയിലാക്കുന്നതും നേതൃത്വത്തിന്റെ ദുഷ്പ്രഭുത്വത്തെ ചോദ്യം ചെയ്യുന്നവനെ പടിയടച്ചു പുറത്താക്കുന്നതും സമാനമായ പാര്‍ട്ടി ശീലമാണെന്ന പാഠഭേദത്തിലാണ് സിനിമ അവസാനിക്കുന്നത്.
പ്രശസ്ത ചലച്ചിത്രകാരന്‍ അര്‍ദാഗ് അമിര്‍ കുലോവാണ് സിനിമയുടെ സംവിധായകന്‍. കിര്‍ഗിസ്ഥാന്‍ നോവലിസ്റ്റ് ഐദ്മദോവിന്റെ കൃതിയാണ് പ്രമേയത്തിനാധാരം. 

നജിം കൊച്ചുകലുങ്ക്

(13ാമത് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് ശേഷം 2009 ജനുവരിയില്‍ വാരാദ്യ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)

3 comments: