Sunday, August 8, 2010

ഹൃദയം

ഒരാള്‍ അയാളുടെ ഹൃദയം എന്നെ ഏല്‍പിച്ചുപോയി. ഞാനത് പവിത്രമായി സൂക്ഷിച്ചു. അയാള്‍ തിരക്കൊഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ഒരു കുഴപ്പവും കൂടാതെ തിരിച്ചുകൊടുക്കാന്‍. ഇതൊന്നു നോക്കിക്കോളൂ, ഞാനിതാ വരുന്നു എന്ന് ഒരു ബാഗോ കൈയ്യിലുള്ള എന്തെങ്കിലുമോ ഏല്‍പിച്ചുപോകുന്ന ലാഘവത്തോടെയാണ് അയാള്‍ പോയത്. എനിക്കും അയാള്‍ക്കും യാത്ര തുടരേണ്ട വണ്ടി വരാറായി. അയാള്‍ ഇനിയും വന്നിട്ടില്ല. മറ്റൊരാളുടെ ഹൃദയവും കൈയ്യില്‍പിടിച്ച് ഈ കാത്തുനില്‍പ്പുണ്ടല്ലൊ, അത് അസഹനീയമാണ്. മുഷിവോടെ സമയം ഇഴയുമ്പോള്‍ അതൊന്നു തുറന്നുനോക്കാന്‍ എനിക്ക് തോന്നി. മറ്റൊരാളുടെ ഹൃദയം തുറന്നുനോക്കിയാല്‍ എന്താണ് കാണുക? അല്ല അങ്ങിനെ തുറന്നുനോക്കുന്നത് ശരിയാണൊ? ഒന്നുരണ്ട് ചാല്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. വേണ്ട തുറന്നുനോക്കേണ്ട എന്ന തീരുമാനത്തിലെത്തി. പിന്നെയും സമയമിഴഞ്ഞു. അയാള്‍ വന്നില്ല. അപ്പോള്‍ എനിക്ക് പേടിയായി. അയാള്‍ വന്നില്ലെങ്കിലൊ? ഇതെന്തു ചെയ്യും... ഈശ്വരാ. എനിക്ക് അവകാശപ്പെടാത്ത ഒരു ഹൃദയവുമായി, ഞാന്‍..? വണ്ടിയുടെ ചൂളംവിളി... തിരയുണരുന്ന പ്ലാറ്റുഫോം... പെട്ടെന്നെ എവിടെനിന്നോ അയാള്‍ ഓടിക്കിതച്ചെത്തി. ധൃതിയില്‍ എന്നില്‍നിന്ന് അതേറ്റുവാങ്ങി. നന്ദി പറഞ്ഞു തിരക്കില്‍ അയാള്‍ മറഞ്ഞു. യാത്രയുടെ തുടര്‍ച്ചക്കായി തിരക്കില്‍ അലിയുമ്പോള്‍ ഞാന്‍ വെറുതെ ചിന്തിച്ചു, ഹൃദയമില്ലാതെ അയാള്‍ എവിടെ പോയതാവും, അടുത്ത പ്ലാറ്റുഫോമില്‍ ആരാണ് അയാളെ കാത്തുനിന്നിരിക്കുക... ശെ.., അ ഹൃദയം ഒന്നു തുറന്നുനോക്കേണ്ടതായിരുന്നു
എന്ന നഷ്ടബോധം അപ്പോള്‍ തോന്നി...

8 comments:

  1. ഹൃദയമില്ലാതെ അയാള്‍ എവിടെ പോയതാവും?

    ReplyDelete
  2. ഹൃദയം ഇല്ലാതിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടില്ലെ ചിലപ്പോഴെങ്കിലും..?

    ReplyDelete
  3. ഞാന്‍
    വൈകിയതിനു സോറി..
    പറയാന്‍ മറന്നു..
    മൂവാറ്റുപുഴയില്‍ എനിക്കൊരു ചെറിയൊരു പണിയുണ്ടായിരുന്നു..
    അതു വരേ
    ഹൃദയം സൂക്ഷിച്ചതിനു നന്ദി.

    മി.എക്സ്.

    ReplyDelete
  4. തുറന്നു നോക്കിയാലും, ഹൃദയം കണ്ടാല്‍ ഇന്ന് ആര്‍ക്കെങ്കിലും മനസ്സിലാകുമോ??

    ReplyDelete
  5. ഹൃദയം ഒന്നു തുറന്നുനോക്കേണ്ടതായിരുന്നു.

    ReplyDelete
  6. ഹൃദയത്തിലുണ്ട് ആ ഹൃദയം

    ReplyDelete
  7. പ്രിയ നജീം,
    ഒതുക്കിപ്പറയുന്നതിന്റെ മിഴിവുള്ള രചന.നന്നായി.ഭാവുകങ്ങള്‍.

    ReplyDelete