Saturday, February 20, 2010

വന്യജീവിതത്തിന്റെ വയനാടന്‍ കാഴ്ചകള്‍



ഇന്ത്യയിലെ ഏറ്റവും വലിയ ജൈവമേഖലയായ നീലഗിരി (Nilgiri Biosphere) യുടെ ഭാഗമായ വയനാടന്‍ വനാന്തരങ്ങളിലൂടെ കാമറക്കണ്ണുകള്‍ തുറന്നുവെച്ച് നടത്തിയ ഒരു യാത്രയുടെ അനുഭവക്കുറിപ്പുകള്‍.

എഴുത്ത്: നജിം കൊച്ചുകലുങ്ക്
ചിത്രങ്ങള്‍: സാലി പാലോട്

ഹൃദയത്തില്‍ നിറയുന്ന ഓരോ യാത്രയും പ്രകൃതിയിലേക്കുള്ളതാണ്. പ്രകൃതിയിലേക്കുള്ള എല്ലാ യാത്രയും വനത്തിലേക്കാണ്. വനത്തിലേക്കുള്ള യാത്രകളെല്ലാം സ്വയമറിയാതെ തന്നെ പ്രാണന്റെ ഉറവ തേടുന്നതാണ്.

വന്യജീവിതത്തിന്റെ വയനാടന്‍ സമൃദ്ധിയിലൂടെ യാത്ര ചെയ്യുമ്പോള്‍ മനസിലുണര്‍ന്നത് ഈ ചിന്തകളായിരുന്നു. 


പ്രകൃതിയുടെ ഹൃദയമാണ് വനം. ജീവന്റെ അദൃശമായ ഊര്‍ജ്ജസ്രോതസുകളുടെ പ്രഭവകേന്ദ്രം. ജീവജാലങ്ങളുടെ അതിജീവനത്തിന്റെ ചാക്രിക വഴികള്‍ പുനര്‍ജനി നൂഴുന്ന കാട്ടുപച്ചയുടെ പടര്‍പ്പുകള്‍.

മഞ്ഞിന്റെ പുതപ്പ് വകഞ്ഞുമാറ്റാതെ തന്നെ ഉറക്കമുണരുന്ന ജനുവരിയുടെ ആദ്യ ദിനങ്ങളില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരും പ്രകൃതി സ്നേഹികളുമടങ്ങിയ ഒരു ചെറു സംഘത്തോടൊപ്പം നടത്തിയ യാത്ര തിരിച്ചറിവുകളുടെ ഇത്തരം കാഴ്ചാനുഭവങ്ങളിലേക്കായിരുന്നു. കാട്ടിലൂടെ, കാട്ടുമൃഗങ്ങള്‍ക്കിടയിലൂടെ കാമറയോടൊപ്പമുള്ള യാത്ര, ഓരോ ചുവട് വെയ്പിലും സാഹസികതയുടെ, കൌതുകത്തിന്റെ, വിസ്മയത്തിന്റെ ഏതെങ്കിലുമൊരനുഭവം പ്രതീക്ഷിച്ചു കൊണ്ടാവും...
....ഫോട്ടോഗ്രാഫറുടെ മനോധര്‍മ്മം പോലെ വെളിച്ചത്തിന്റെ ഈ മായാജാലകം നമുക്ക് നിരുപാധികമായി തുറന്നുവെക്കാം. ഇറ്റീസ് എ വേരി സിംപിള്‍ ടൂള്‍!

(ഫോട്ടോഗ്രാഫറെന്ന മലയാള സിനിമയില്‍ നിന്ന്)

കാമറ: നിക്കോണ്‍ ഡി 200
ലെന്‍സ്: 80-200
ഷട്ടര്‍ സ്പീഡ്: 1/800
അപ്പറേച്ചര്‍: എഫ് 2.8

ക്ലിക്ക്!
തുമ്പിക്കൈ ചുരുട്ടി ചെവികള്‍ വട്ടം പിടിച്ച് വാലു ചുഴറ്റി 'ചാര്‍ജ്ജായി' ഓടിയടുക്കുന്ന ഒറ്റയാന്റെ ക്രൌര്യമെഴുന്ന ഭാവം കാമറയില്‍.
കണ്ണുചിമ്മുന്ന വേഗത്തില്‍ ഡിജിറ്റല്‍ കാമറയുടെ എല്‍.സി.ഡി സ്ക്രീനിലേക്ക് ഒരു തിരനോട്ടം.  വീണ്ടും വ്യൂ ഫൈന്ററിലേക്ക്...
ആദ്യ കുതിപ്പിന്റെ ക്ഷീണം തീര്‍ത്ത് അടുത്ത കുതിപ്പിനൊരുങ്ങുന്ന ഒറ്റയാന്‍ തൊട്ടു മുന്നില്‍. രണ്ട് ചുവട് മതി... ആ തുമ്പിക്കൈയൊന്നു വീശിയാല്‍, മുന്‍ കാലുകളിലൊന്ന് ഉയര്‍ത്തിയാല്‍, തീര്‍ന്നു കഥ!
ട്രൈപ്പോഡിലുറപ്പിച്ച കാമറയെടുത്ത് വഴുതി മാറുന്നതിനിടയില്‍ രണ്ട് ക്ലിക്ക് കൂടി. ഒറ്റയാന്‍ ഉടലഴകിന്റെ തലയെടുപ്പ് മുഴുവന്‍ വീണ്ടും കാമറയില്‍. 

നെഞ്ചുപൊട്ടിക്കുമെന്ന് തോന്നിയ ഭീതിയെ അടക്കിപ്പിടിച്ച് ശ്വാസം വിടാതെ നില്‍ക്കുന്ന സഹയാത്രികര്‍ക്ക് നേരെ ആശ്വാസത്തിന്റെ കൈവീശി, പുഞ്ചിരി തൂകി, ഫോട്ടോ സെഷന്‍ അവസാനിപ്പിച്ച് മടങ്ങിയെത്തുന്ന ഫോട്ടോഗ്രാഫര്‍.
വയനാട്ടിലെ വന്യജീവി സങ്കേതങ്ങളിലൂടെ അഞ്ചുനാള്‍ നീണ്ട യാത്രക്കിടയില്‍ ഇതുപോലെ സംഭ്രമജനകവും സാഹസികവുമായ എത്രയെത്ര രംഗങ്ങള്‍!

ദുര്‍ഘടം പിടിച്ച കാട്ടുപാതയില്‍ മുടന്തി നീങ്ങുന്ന ജീപ്പിനെതിരെ പല തവണ കാട്ടാനകള്‍ കുതിച്ചെത്തി. നീണ്ടകാലത്തെ നേരടുപ്പം കൊണ്ടുണ്ടായ കാട്ടറിവുകള്‍ അപ്പോഴെല്ലാം പരിചയായി.
കാട്ടുമൃഗങ്ങളില്‍ അപ്രതീക്ഷിത ആക്രമണസ്വഭാവം കൂടുതലുള്ള ആനകളില്‍ നിന്ന് സുരക്ഷിതമായ അകലത്തിന്റെ സൂത്രവാക്യം ലളിതമാണ്. വലിയ ശരീരം പെട്ടെന്ന് ചൂടുപിടിക്കുന്നതിനാല്‍ ആ സാധു ജീവിക്ക് ഒറ്റ കുതിപ്പില്‍ ഏറെ മുന്നോട്ടുപോകാനാവില്ല. കിതപ്പിന്റെ ആ ഇടവേളകളാണ് രക്ഷപ്പെടാനുള്ള പഴുതുകള്‍.
വിദൂര-പാര്‍ശ്വ വീക്ഷണങ്ങള്‍ അസാധ്യമായതിനാല്‍ തൊട്ടുമുന്നിലുള്ള കാഴ്ചകളിലേ അതിന്റെ കണ്ണൂറയ്ക്കൂ. കാടിന്റെ നിറത്തോടിണങ്ങുന്ന പച്ചയും കാക്കിയും വസ്ത്രങ്ങളാണ് ധരിച്ചതെങ്കില്‍ കൂടുതല്‍ എളുപ്പമായി. അവയ്ക്ക് തരിമ്പും കണ്ണുപിടിക്കില്ല. ആനകളെ മാത്രമല്ല ഇതര മൃഗങ്ങളെയും കബളിപ്പിച്ച് കാട്ടുപച്ചയിലൊളിച്ചിരിക്കാന്‍ ഇത് സഹായകമാണ്.

കാട്ടുമൃഗങ്ങള്‍ ജീവരക്ഷാര്‍ഥമല്ലാതെ ആക്രമിക്കാറില്ല. അപ്രതീക്ഷിത ആക്രമണവാസന കൂടുതലുണ്ടെന്ന് കരുതപ്പെടുന്ന ആനയും കരടിയുമെല്ലാം തങ്ങള്‍ ആക്രമിക്കപ്പെടും എന്ന ഭീതിയിലേ ആക്രമണത്തിന് മുതിരൂ. അത്തരം തോന്നലുകള്‍ക്കിടനല്‍കുന്നതൊന്നും വനയാത്രികന്റെ ഭാഗത്ത് നിന്നുണ്ടാകരുത്.

ഇത്തരം അറിവുകള്‍ക്ക് മേലുള്ള മനസുറപ്പ് വനാന്തര യാത്രയുടെ ഓരോ നിമിഷവും അല്ലലില്ലാതെ ആസ്വദിക്കാനാവശ്യമാണ്. ഒരിക്കല്‍ വലിയൊരു കടുവ മുന്നിലെത്തിയിട്ടും ഭയത്തിനടിപ്പെടാതെ അതിന്റെ ഭംഗി നുകരാനായത് അതുകൊണ്ടാണ്. തൊട്ടുമുന്നില്‍ കാട്ടുറോഡ് മുറിച്ചുകടന്ന അത് കാമറയ്ക്ക് മുഖം തരാതെ നിമിഷവേഗത്തില്‍ കാട്ടുപൊന്തയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ നിരാശയാണ് തോന്നിയത്.

മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് വിശാലമായ പുല്‍മേടുകളിലേക്കും ജലാശയങ്ങളിലേക്കും ആനയും കാട്ടുപോത്തും കടുവയുമൊക്കെ കുട്ടമായും ഒറ്റയ്ക്കും ഇറങ്ങിവന്നു. പുലര്‍കാലങ്ങളില്‍ പുല്‍മേടുകളില്‍ മേയാനിറങ്ങുന്ന പുള്ളിമാനുകള്‍ മഞ്ഞിന്റെ നേര്‍ത്ത മറയ്ക്കപ്പുറം നിന്ന് ഓമനത്തമുള്ള നോട്ടങ്ങളെറിഞ്ഞു. മനുഷ്യ ചലനങ്ങളില്‍ അപകടം മണത്ത് കുറ്റിക്കാട്ടിലേക്ക് ആദ്യം ഓടിമറയുന്ന അവ ശത്രുനിഴലകന്നോ എന്നറിയാന്‍ തിരിച്ചുവന്ന് നോക്കി നില്‍ക്കുന്നത് പതിവാണ്. നിഷ്കളങ്കമായ ആ മണ്ടത്തമാണ് അവയെ ഹിംസ്ര ജീവികളുടെ ഇരയാക്കുന്നത്.  കാമറക്കണ്ണുകള്‍ക്കാവട്ടെ അത് മികച്ച കാഴ്ചാനുഭവങ്ങളുമാകുന്നു.

പുല്‍മേടുകളുടെ ഇളംപച്ചയിലും മരക്കൂട്ടങ്ങളുടെയും കാട്ടുപൊന്തകളുടെയും കടുംപച്ചയിലുമലിഞ്ഞ്  എണ്ണഛായാ ചിത്രത്തിന്റെ ചാരുതയോടെ ഇരുണ്ട വര്‍ണ്ണത്തില്‍ കാട്ടുപ്പോത്തുകളുടെ കൂട്ട നിരയേയൊ ഒറ്റയാനെയോ കാട്ടില്‍ പലയിടത്തും കണ്ടു.

കാനന യാത്രയുടെ ഒരു വൈകുന്നേരം പോക്കുവെയിലിന്റെ നിറത്തില്‍ മുന്നില്‍ വന്ന് കുത്തിയിരുന്നത് ചെന്നായ. ഇഷ്ടം പോലെ പടം പിടിച്ചോളൂ എന്ന ഉദാരഭാവത്തില്‍ അത് ഏറെനേരം കാമറയിലേക്ക് നോക്കിയിരുന്നു. കാട്ടില്‍ ഇരുള്‍ വീണുതുടങ്ങിയപ്പോഴാണ് തൊട്ടകലെ ഒരു പുള്ളിപ്പുലിയെ കണ്ടത്. 

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതമായ വയനാടിന്റെ മുത്തങ്ങ, തോല്‍പ്പെട്ടി റേഞ്ചുകളുടെ ഉള്‍ക്കാട്ടില്‍ കാമറാക്കണ്ണുകള്‍ തുറന്നുവെച്ച് നടത്തിയ യാത്ര അവിസ്മരണീയനു ഭവങ്ങളുടെ വന്‍ ഡിജിറ്റല്‍ ഇമേജറിയാണ് സമ്മാനിച്ചത്.
സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ തുടര്‍ച്ചയായ ആറു തവണയുള്‍പ്പടെ ദേശീയവും അന്തര്‍ദേശീയവുമായ എഴുപതിലേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള നേച്ചര്‍ ഫോട്ടോഗ്രാഫര്‍ സാലി പാലോടാണ് സംഘത്തെ നയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന വന്യജീവി ഫോട്ടോഗ്രാഫി മല്‍സരജേതായ അജയന്‍ കൊട്ടാര ക്കര, പ്രകൃതി സ്നേഹിയായ ട്രഷറി ഉദ്യോഗസ്ഥന്‍ ബഷീര്‍ പാലോട് എന്നിവരും സംഘത്തിലുള്‍പ്പെട്ടു. വനം^വന്യജീവി വകുപ്പിലെ വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ദീപക്ക് വനവിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറന്നുതരാന്‍ ഒപ്പം വന്നു.


വലിപ്പം കൊണ്ട് രണ്ടാം സ്ഥാനത്താണെങ്കിലും മൃഗങ്ങളുടെ എണ്ണത്തിലും വണ്ണത്തിലും വൈവിദ്ധ്യത്തിലും കേരളത്തില്‍ ഒന്നാം സ്ഥാനത്താണ് 399.550 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന വയനാട് വന്യജീവി സങ്കേതം. സംസ്ഥാനങ്ങളുടെ രാഷ്ട്രീയാതിര്‍ത്തികള്‍ക്ക് ഭേദിക്കാനാവാത്ത വിധം തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് പടരുന്ന ഈ ജൈവനൈരന്തര്യം നീലഗിരി ജൈവമേഖലയുടെ പ്രധാനഭാഗമാണ്.
മുത്തങ്ങ റേഞ്ച് അതിര്‍ത്തി പങ്കുവെക്കുന്നത് തമിഴ്നാടിന്റെ മുതുമല, കര്‍ണാടകയുടെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതങ്ങളോടാണ്. തോല്‍പ്പെട്ടി റേഞ്ച് കര്‍ണാടകയിലെ നാഗര്‍ഹോള നാഷണല്‍ പാര്‍ക്കുമായും.

മുത്തങ്ങ, ബന്ദിപ്പൂര്‍, മുതുമല സങ്കേതങ്ങള്‍ തമ്മില്‍ രാഷ്ട്രീയാതിര്‍വരമ്പിനുപരി 'നൂല്‍പ്പുഴ' വണ്ണത്തില്‍ പ്രകൃതിയുടെ തന്നെ വേര്‍തിരിവുമുണ്ട്. 'ട്രൈ ജംഗ്ഷനെ'ന്ന് വനംവകുപ്പിന്റെ രേഖകളിലുള്ള ഈ ത്രിവേണി സംഗമത്തിന് നൂല്‍പ്പുഴയുടെ ഒരു കൈവഴിയാണ് അതിരിടുന്നത്. മഴക്കാടുകളുടെ പച്ചപ്പും കുളിരുമാണ് ഇവിടെ.

സംസ്ഥാനങ്ങള്‍ തമ്മിലെ ഭാഷാ-ദേശാതിര്‍വരമ്പുകള്‍ അറിയാത്ത വന്യമൃഗങ്ങള്‍ ഈ ജൈവമേഖയി ലാകെ സ്വൈരവിഹാരം നടത്തുന്നു. ആനയും കാട്ടുപോത്തും കാട്ടുപന്നിയും കേഴയും മ്ലാവും മാനും കുരങ്ങുമെല്ലാം അസംഖ്യമാണ്. കടുവയും പുലിയുമെല്ലാം ആശ്വാസ്യമായ എണ്ണത്തിലുണ്ട്. വംശനിലനില്‍പ് നേരിടുന്ന ആശങ്കകളില്‍ നിന്നകന്ന് ഈ മൃഗങ്ങള്‍ക്ക് സുരക്ഷിതവും സ്വഛന്ദവുമായ ജീവിതമാണിവിടെ.
സഞ്ചാരികളെ സംബന്ധിച്ച് ഒരാഫ്രിക്കന്‍ വനാന്തര യാത്രാനുഭവമാണ് ഇവിടെ നിന്ന് ലഭിക്കുക.

15 comments:

  1. ഗംഭീരം.. വയനാട് കാട്ടിന്റെ ആഴത്തിലേക്കിരങ്ങിയുള്ള യാത്രയാരിരിക്കുമല്ലെ.. കാരണം കുറെ പ്രാവശ്യം വയനാട് പോയിട്ടുണ്ടെങ്കിലും മയിലും ആനകളും പുള്ളിമാനുകളെയും കുരങ്ങുകളെയും മാത്രമെ കന്റിട്ടുള്ളു...
    പുലിയെ ഒക്കെ നേരിട്ടു കാണുക.. !!!ഫോട്ടോകളും
    വളരെ നന്നായിരിക്കുന്നു... കുറച്ചുകൂടി വിശദമായി എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ ആസ്വാദ്യകരമായിരിക്കുമെന്ന് തോന്നുന്നു... thanks for sharing..

    യാത്ര...

    ReplyDelete
  2. wayanad is one of my weakness...you have done a good job,keep it up

    regards

    ReplyDelete
  3. YOU DONE VERY GOOD JOB,,,,CONGRADULATIONS.

    Jose.M.George,
    OICC President,
    Australia.
    0061-401955965.

    ReplyDelete
  4. എത്ര കണ്ടാലും കൊതി തീരാത്ത ഒരു വശ്യമായ വനം തന്നെയാണ് വയനാട്...

    ReplyDelete
  5. വയനാടന്‍ കാഴ്ചകള്‍ അസ്സലായി..
    പോട്ടങ്ങള്‍ കലക്കിട്ടാ...

    ReplyDelete
  6. വളരെ നല്ലൊരു പോസ്റ്റാണ് വയനാടന്‍ കാടുകളുടെ ഹരിത ഭംഗിയും അതിന്‍റെ ചൂടും ചൂരും നന്നായി വരക്കാന്‍ ശ്രമിചേക്കുന്നു ഇതുപോലുള്ള പോസ്റ്റുകള്‍ വിക്ഞാനവും വിനോദവും ആണ് ആശംസകള്‍

    ReplyDelete
  7. ഇത് ആസാദ്ധ്യം പോസ്റ്റ് ആണല്ലോ മാഷേ. കാട്ടുമൃഗങ്ങള്‍ എല്ലാമുണ്ടല്ലോ ഇതില്‍. വയനാടന്‍ കാടുകളില്‍ ആനയും മാനും കാട്ടിയും മയിലും കുരങ്ങുമൊക്കെ കാണാന്‍ എനിക്കും ഭാഗ്യമുണ്ടായിട്ടുണ്ട്. ഇത് പക്ഷേ ഒന്നൊന്നര കാഴ്ച്ചകള്‍ തന്നെ. പടങ്ങള്‍ വലുതാക്കി കാണാന്‍ പറ്റുന്നില്ല എന്ന ഒരു പരാതിയുണ്ട്. ഇനി ആയാലും വലുതാക്കി ഇടുമല്ലോ ?

    ReplyDelete
  8. ഈ ലിങ്ക് ഒന്ന് നോക്കുമല്ലോ ? സഹകരണം പ്രതീക്ഷിക്കുന്നു.

    ReplyDelete
  9. kalakkittundu macha . photo enikkishtappettu

    ReplyDelete
  10. വായിച്ചു.കാട്ടിലൂടെയുള്ള നല്ലൊരു യാത്രയും അനുഭവിച്ചു

    ReplyDelete