Monday, August 15, 2016

മണ്ണ് എന്‍െറ അടയാളമാണ്

മണ്ണില്‍നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്ക് തന്നെ നാം നിങ്ങളെ മടക്കും. അതില്‍നിന്ന് തന്നെ നാം നിങ്ങളെ മറ്റൊരിക്കല്‍ പുറപ്പെടുവിക്കുകയും ചെയ്യും
(വിശുദ്ധ ഖുര്‍ആന്‍)


പിറന്ന മണ്ണിനോടുള്ള കൂറ് ജാതിയുടെയും മതത്തിന്‍േറയും അടിസ്ഥാനത്തില്‍ തീവ്രമായ അളന്നുതിട്ടപ്പെടുത്തലുകള്‍ക്ക് ഇരയായി കൊണ്ടിരുന്ന ബാബരി മസ്ജിദ് ദുരന്താനന്തര കാലത്താണ് ജീവിക്കാന്‍ ഒരു മാര്‍ഗം തേടി കുലം വിട്ടുപോന്നത്. ലോകത്തിന്‍െറ നാനാദേശങ്ങളില്‍നിന്നുള്ള പല ഭാഷാ ജാതി മത വര്‍ഗങ്ങള്‍ ഉപജീവനം തേടിയത്തെി സംഗമിച്ച സൗദി അറേബ്യയിലാണ് ആ പ്രയാണം നങ്കൂരമിട്ടത്. തിരിച്ചറിയാനുള്ള അടയാളങ്ങള്‍ പ്രധാനപ്പെട്ടതായി മാറിയത് പെട്ടന്നായിരുന്നു. സ്വയം വെളിപ്പെടാനുള്ള ഏറ്റവും വലിയ അടയാളം പിറന്ന മണ്ണാണെന്ന തിരിച്ചറിവാണ് പ്രവാസം നല്‍കിയ ആദ്യ പാഠം.

എയര്‍പ്പോര്‍ട്ടില്‍നിന്ന് പുറത്തുകടന്ന് കഫീല്‍ (തൊഴില്‍ ദാതാവ്) അയച്ച വണ്ടിയില്‍ യാത്ര തുടരുമ്പോള്‍ ഡ്രൈവര്‍ സീറ്റിലിരുന്നയാള്‍ ചോദിച്ചു. ‘അന്ത ഹിന്ദി?’ അന്യനാട്ടില്‍ കേട്ട ആദ്യ കുശലാന്വേഷണത്തിന് നല്‍കിയ ‘കേരള’ എന്ന മറുപടി അയാളെ ചിരിപ്പിച്ചു. ‘അവല്‍ ഹിന്ദി, ബഅ്ദേന്‍ കേരള’. അയാള്‍ പിന്നേയും ഉറക്കെ ചിരിച്ചു. ആദ്യം ഹിന്ദിയാവൂ, എന്നിട്ട് കേരളീയനായാല്‍ മതിയെന്ന അയാളുടെ ഉപദേശം തെല്ളൊരു ജാള്യത സമ്മാനിച്ചെങ്കിലും മനസിനെ ഉണര്‍ത്തിയ ആദ്യ ദേശീയോദ്ഗ്രഥന ഗീഥമായി.


‘ഇന്ത്യ എന്‍െറ മാതൃരാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്‍െറ സഹോദരി സഹോദരന്മാരാണ്...’ സ്കൂള്‍ അസംബ്ളിയില്‍ ചൊല്ലാന്‍ പി.ടി മാഷ് തല്ലി പഠിപ്പിച്ച പ്രതിജ്ഞാ വാചകങ്ങള്‍ ഓര്‍മ വന്നു. പേരോ, ജാതിയോ മതമോ ഒന്നുമല്ല, അന്യനാട്ടില്‍ തിരിച്ചറിയാനുള്ള ഏറ്റവും വലിയ അടയാളം പിറന്ന മണ്ണാണെന്ന ആദ്യ പാഠം സമ്മാനിച്ച ഡ്രൈവര്‍ താന്‍ യമനിയാണെന്ന് സ്വയം പരിചയപ്പെടുത്തി. പണ്ട് മദ്റസയില്‍ പഠിച്ച തട്ടുമുട്ട് അറബികൊണ്ട് പേര് ചോദിച്ച് കുശലന്വേഷണ ബാധ്യത നിറവേറ്റി. ലുത്ഫി എന്നയാള്‍ പേര് പറഞ്ഞു. തിരിച്ച് അയാള്‍ പേരോ മതമോ ചോദിച്ചില്ല. ജാതിയും മതവും അറിയാന്‍ (വേണ്ടി മാത്രം) കണ്ടാലുടന്‍ പേരും തണ്ടപ്പേരും പിന്നെ തറവാട്ടുപേരും ചോദിച്ച് പരിചയപ്പെടുന്ന മലയാളിയുടെ ചിരകാല സാമൂഹിക ശീലത്തെ ലജ്ജയോടെ മറന്നുകളയാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു പിന്നീടുണ്ടായ ഓരോ പരിചയപ്പെടലനുഭവങ്ങളും.

വീട്ടിന്‍ മുറ്റത്തെ തുണിപ്പന്തലുകൊണ്ടുണ്ടാക്കിയ അതിഥിപ്പുരയിലേക്ക് ക്ഷണിച്ചുകൊണ്ട് കഫീല്‍ ചിരിച്ചു, അഹ്ലന്‍ വ സഹ്ലന്‍... ഖഹ്വ പകര്‍ന്നു തരുമ്പോഴും ഈത്തപ്പഴം നിറച്ച പാത്രം മുന്നിലേക്ക് നീക്കിവെച്ചു തരുമ്പോഴും കഫീല്‍ എന്തെല്ലാമോ ചോദിച്ചു. ഒന്നും മനസിലായില്ല. അതിനിടയില്‍ കേട്ട ഒരു വാചകം മാത്രം മനസില്‍ തടഞ്ഞുനിന്നു. കുല്ലു ഹിന്ദി തമാം, മലബാരി മുംതാസ്. (എല്ലാ ഹിന്ദികളും നല്ലവരാണ്, മലബാരികള്‍ അതിലും കേമരാണ്).

കമ്പനി വക താമസസ്ഥലത്തിന് സമീപമുള്ള ഗ്രോസറി ഷോപ്പിലേക്ക് പിറ്റേന്ന് സഹപ്രവര്‍ത്തകനോടൊപ്പം റൊട്ടി വാങ്ങാന്‍ പോകുമ്പോള്‍ കട നടത്തുന്ന പാകിസ്ഥാനി മധ്യ വയസ്കന്‍ ചോദിച്ചു, ‘നയാ ആത്മി, ഇന്ത്യാ ഹെ?’ അബദ്ധം പിണയാതിരിക്കാന്‍ കരുതിക്കൂട്ടിയുള്ള മറുപടിയായിരുന്നു, ‘....ജീ.’ ‘കേരള...?’ കൂട്ടുപുരികം വളച്ച് മൈലാഞ്ചി ഛായ പകര്‍ന്ന താടിയുഴിഞ്ഞ് അദ്ദേഹം മന്ദസ്മിതനായി. പേര് ചോദിച്ചത് മൂന്നാം ദിവസം, പറ്റു ബുക്കില്‍ എഴുതാന്‍ വേണ്ടി മാത്രം. പേര് പറഞ്ഞപ്പോള്‍ മാത്രം, ‘മുസല്‍മാന്‍?’ എന്നദ്ദേഹം പ്രസന്നതയോടെ മുഖമുയര്‍ത്തി. എന്നിട്ടും നോട്ടുബുക്കില്‍ പേരും ബ്രാക്കറ്റില്‍ ഹിന്ദിയെന്നും കേരളയെന്നുമേ എഴുതിയുള്ളൂ.

പിറന്നത് ഒരേ വിശ്വാസാദര്‍ശത്തിലായിട്ടും യമനിയും സൗദിയും പാകിസ്ഥാനിയും തന്നെ ഹിന്ദിയായി മാത്രം അടയാളപ്പെടുത്തിയ ആദ്യാനുഭവം യാദൃശ്ചികതയല്ളെന്ന് മനസിലാക്കാന്‍ കാലമേറെ വേണ്ടിവന്നില്ല. ധാരണകള്‍ തകര്‍ന്നുവീഴുന്നത് എത്ര വേഗമാണ്. കിണറ്റില്‍നിന്ന് പുറത്തുകടക്കുമ്പോഴാണല്ളോ ലോകം എത്ര വലുതാണെന്ന് മനസിലാവുക.


പിറന്ന മണ്ണും മാതൃ ഭാഷയും തന്നെയാണ് പ്രഥമ പരിഗണനകള്‍. താമസസ്ഥലത്ത് സഹവാസിയെ തെരഞ്ഞെടുക്കുമ്പോഴും പ്രഥമ പരിഗണനകള്‍ ഇത് മാത്രം. ലേബര്‍ ക്യാമ്പുകള്‍ തന്നെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍. ഇനി ഓരോ രാജ്യക്കാരുടേയും ഭാഗത്തേക്ക് ചെന്നാലോ, പിറന്ന മണ്ണിന്‍െറ വ്യാപ്തി കുറെക്കൂടി ചുരുങ്ങും. പ്രവിശ്യകളാവും പരിഗണന. മലയാളിക്കും തമിഴനും തെലുങ്കനും ഹിന്ദി ബെല്‍റ്റിനുമൊക്കെയിടയില്‍ ഉപദേശീയതയുടെ അതിര്‍വരമ്പുകള്‍.

ഓരോ ദേശീയതക്ക് കീഴിലും ഉപദേശീയതകള്‍ വേര്‍തിരിഞ്ഞുതന്നെ നില്‍ക്കുന്ന കാഴ്ചകള്‍. ലോകത്തിന്‍െറ നാനാദിക്കുകളില്‍നിന്നുള്ള അനേകായിരം മനുഷ്യര്‍ ഇടകലരാറുള്ള സൗദിയുടെ തലസ്ഥാന നഗരിയിലെ ബത്ഹ എന്ന വാണിജ്യ കേന്ദ്രത്തില്‍ സായം സന്ധ്യകള്‍ ഇതുപോലുള്ള എത്ര കാഴ്ചകള്‍ക്ക് സാക്ഷ്യം പറയുന്നു. രാജ്യങ്ങള്‍ തിരിച്ചുള്ള കൂടിച്ചേരലുകളുടെ അലിഖിത ദേശീയാതിര്‍ത്തികള്‍ക്കുള്ളില്‍ തന്നെ മലയാളി ഗല്ലിയും തമിഴ് ഗല്ലിയും ഹൈദരാബാദീ ഗല്ലിയുമെല്ലാം വേറിട്ടൊഴുകുന്നു.


പിറന്ന മണ്ണിനോടും ഭാഷയോടും തന്നെയാണ് ഏതൊരു മനുഷ്യനും പ്രഥമവും പ്രധാനവുമായ കൂറെന്ന വലിയ തിരിച്ചറിവുകള്‍ ലഭിക്കുന്നത് പ്രവാസത്തിലായിരിക്കുമ്പോഴാണ്. എന്നിട്ടുമെന്തേ പിറന്ന മണ്ണില്‍ ചിലരെങ്കിലും മറ്റ് ചിലര്‍ക്കെതിരെ മതഭേദത്തിന്‍െറ കണ്ണടയിലൂടെ ദേശസ്നേഹത്തിന്‍െറ സംശയദൃഷ്ടി പതിപ്പിക്കുന്നു? ഒരു ഇന്ത്യന്‍ പൗരന്‍ ഇന്ത്യക്ക് പുറത്തും ഇന്ത്യന്‍ പൗരന്‍ മാത്രമായിരിക്കുമെന്ന ലളിതമായ ഉത്തരം അറിയാഞ്ഞിട്ടാണോ ചിലര്‍ ഇപ്പോഴും അബദ്ധ ധാരണകളുടെ പൊതുസ്വീകാര്യതക്ക് വേണ്ടി കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരിക്കുന്നത്? തന്‍െറ ശരീരം തന്നെ മണ്ണാണെന്ന് പഠിപ്പിക്കുന്ന, പിറന്ന മണ്ണിന്‍െറ രുചിയാണ് ചോരക്കെന്ന് ഓര്‍മപ്പെടുത്തുന്ന വേദഗ്രന്ഥം ജീവിത പുസ്തകമാക്കിയവന് എങ്ങിനെ സ്വയം എതിരായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമാവും?