Tuesday, September 9, 2014

നാടുവിട്ടവന്റെ ഓണം

'നമുക്കെവിടെ ഓണം സര്‍, നാടുവിട്ടോടിയപ്പോള്‍ പലതും അവിടെ ചോര്‍ന്നുവീണില്ലേ? അക്കൂട്ടത്തില്‍ ഓണവും വിഷുവും തിരുവാതിരയും ഞാറ്റുവേലയുമൊക്കെയും പോയി...'
പരിതപിക്കുന്നതില്‍ മലയാളി ആരോടും തോല്‍ക്കാറില്ലല്ലോ? നാടുവിട്ടവനോട് നാടിനെ കുറിച്ചു ചോദിച്ചാല്‍ അപ്പോള്‍ തുടങ്ങും പരിഭവങ്ങളുടെ വര്‍ഷകാലം.
'...ഓണവും ഓണത്തപ്പനും പൂവിളിയും പുലികളിയും എല്ലാം കൈമോശം വന്നില്ലേ? അല്ല, ഒരു ഓണം കൂടിയിട്ട് തന്നെ എത്ര നാളായി? ഒന്നോര്‍ക്കാന്‍ പറ്റുന്നുണ്ടോ, ഓണകോടിയുടുത്തിട്ട്, തൂശനില വിരിച്ച് തുമ്പപ്പൂ പോലത്തെ ചോറിട്ട് ഓണമുണ്ടിട്ട് ആണ്ടെത്ര കഴിഞ്ഞു...! ഇപ്പോള്‍ കേരളത്തില്‍ തന്നെ ഓണമില്ല സര്‍..., ചാനലിലെ ചാറ്റിങ്ങും ഷോപ്പിങ്ങിലെ ചീറ്റിങ്ങുമാണ് സര്‍ അവിടേയും ഓണാഘോഷ പൊടിപൂരം...
...മുക്കൂറ്റി പൂവിറുത്ത് അത്തം പിറക്കാന്‍ കാത്തിരുന്നൊരു കാലം. അത്തം പത്തിന് അത്തപ്പൂക്കള നടുവില്‍ കുത്തിനുറുത്തിയ പാലടയെ അമ്പെയ്ത് വീഴ്ത്തിയ പഴയ വള്ളിനിക്കര്‍കാല വീരസ്യം. ആശ്വസിക്കാന്‍ ആ ഓര്‍മകളെങ്കിലുമുണ്ട് മനസില്‍ ബാക്കിയായി.
കവലയില്‍ ഒരു ഗ്രാമം മുഴുവനെത്തി കാഴ്ചക്കാരാവുമ്പോള്‍ തലപ്പന്ത് കളിയില്‍ സ്മാഷുകള്‍ തീര്‍ത്ത് ഗ്രാമീണ പെണ്‍കൊടികളുടെ അഴകോലും ആദരവ് പിടിച്ചെടുത്തിരുന്ന കാലം. പട്ടുപാവാടകളുലയും പിച്ചിപ്പുവിന്‍ ചിരിയില്‍ ഉള്‍ക്കുളിരണിഞ്ഞു ഗ്രാമം നിറഞ്ഞാടുമ്പോള്‍ ഞെട്ടില്‍നിന്നടര്‍ന്നു കാറ്റില്‍ പറന്നെത്തിയ ഒരു നുണക്കുഴി ചിരിയാണിന്നും എന്റെ ഓര്‍മയിലെ ഓണം....

...നാടുവിട്ടവന്റെ ഓണത്തെ കുറിച്ച് ചോദിച്ചറിയാനിറങ്ങുമ്പോള്‍ ഇത്രമേല്‍ പ്രതീക്ഷിച്ചില്ല. പരിദേവനത്തില്‍ തുടങ്ങി കവിതയായി വിടരുന്ന ഓണക്കാലോര്‍മകളാണ് ഓരോ പ്രവാസിയും മനസില്‍ പേറി നടക്കുന്നത്. അല്ലെങ്കിലും മലയാളിക്ക് അങ്ങിനെയാവാനേ കഴിയൂ... വീട്ടിലേക്കും നാട്ടിലേക്കും തനിയെ സംഭവിക്കുന്ന ഉള്‍വലിയലിന്റെ പിരിമുറുക്കം മനസുലയും നോവായി ഒപ്പം കൊണ്ടുനടക്കുന്ന ഒരു വികാര ജീവിയാണ് ലോകത്തെവിടെയായിരുന്നാലും മലയാളി.

എവിടെ സര്‍ ഇന്ന് ഓണമെന്നൊക്കെ അറുത്തുമുറിച്ചു ചോദിച്ചുകളയുന്ന മല്ലൂസ് പൊന്നോണമെത്തിയാല്‍ ഓര്‍മയുടെ ആഴങ്ങളില്‍ തപ്പി, ഇതളടര്‍ന്ന് കിടക്കുന്നവ പെറുക്കിയെടുത്തു ചേര്‍ത്തുവെച്ച് മനസിന്റെ മുറ്റത്ത് തന്നെ അത്തപ്പൂക്കളമൊരുക്കിക്കളയും. തിരുവോണം പിറന്നാല്‍ പൊന്നിന്‍ വില കൊടുക്കേണ്ടിവന്നാലും മരുഭൂമിയില്‍ പോലും അവന്‍ സദ്യവട്ടം കൂട്ടും. മണലില്‍ തൂശനില വിരിച്ച് അവന്‍ നാടിന്റെ തനത് രുചി വിളമ്പും. അടുക്കളയില്‍ പെരുമാറാന്‍ വളയിട്ട കൈകളില്ലാത്തതിന്റെ കുറവറിയിക്കാതെ ഒറ്റാന്തടി ജീവിതത്തിലും ആളെ കൂട്ടി നാളപാചക നൈപുണ്യം രുചിയോടെ വിളമ്പും. അതാണ് മലയാളിയും ഓണവും തമ്മിലുള്ള രക്തബന്ധം. ഓണത്തെ കുറിച്ച് പറയാന്‍ നാടുവിട്ടവന് പരിഭവത്തിന്റെ മേമ്പൊടിയുണ്ടെങ്കിലും നൂറു നാവാണ്. ജീവിതത്തിന്റെ സന്തോഷ അവസരങ്ങളെ കുറിക്കാനുള്ള ഒറ്റ വാക്കായി ഓണം മാറിയതിന് മലയാളിയുടെ ജീവിതത്തോളം പഴക്കമുണ്ട്. പ്രവാസി ജീവിതത്തിലും ഓണമെന്നത് ആമോദത്തിന്റെ സൂചകം തന്നെയാണ്.

ഒരു പേര് വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ നമുക്ക് അയാളെ രാജന്‍ പിള്ളയെന്ന് വിളിക്കാം. പത്തനംതിട്ടയിലെ ആറന്മുളയില്‍നിന്നാണ് പുറപ്പെട്ടത്. ലോകത്തിന്റെ നാനാദിക്കുകളില്‍നിന്ന് അന്ന് ജനസഞ്ചയത്തിന്റെ പുറപ്പാട് തുടങ്ങിയിട്ടേയുള്ളൂ. അങ്ങിനെ സൌദിയിലേക്കൊഴുകിയെത്തിയ ആദ്യകാല മലയാളികളിലൊരാള്‍. അന്ന് നൂറോ, നൂറ്റമ്പതോ മലയാളികളാണ് റിയാദിലുണ്ടായിരുന്നതെന്ന് രാജന്‍ പിള്ള ഓര്‍ക്കുന്നു. ഒരു മുപ്പത്തേഴ് വര്‍ഷം മുമ്പത്തെ കഥയാണ്. ബത്ഹയിലെ ഇന്നത്തെ പ്രധാന റോഡ് അന്ന് നല്ല ആഴവും വലുപ്പവുമുള്ളൊരു തോടാണ്. തോടിന്റെ ഇരുകരകളിലേയും നിരത്തുകളില്‍നിന്നാണ് അന്ന് മലയാളികള്‍ നാടിനെയും നാടിന്റെ വിശേഷങ്ങളേയും ഓര്‍ത്തെടുത്തിരുന്നത്. തിരുവോണ ദിനത്തില്‍ പറ്റുന്നത്ര പേര്‍ ഒരുമിച്ചുകൂടി ഓണസദ്യയുണ്ടാക്കി നാടിന്റെ തനത് മധുരാനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. പിന്നെ ബത്ഹയിലെ ഈ തെരുവുകളിലേക്ക് വന്ന് ഓര്‍മകള്‍ കൊണ്ട് മനസില്‍ ഓണത്തപ്പനെ ഉണ്ടാക്കിയും ഓണക്കളികള്‍ കളിച്ചും ദിവസമൊന്ന് ചെലവഴിച്ചിരുന്നു.

ലേബര്‍ ക്യാമ്പിലെ മെസ് ഹാളിലൊതുങ്ങുന്ന ഒരോണ സദ്യക്കപ്പുറം വിപുലമായ ഓണാഘോഷത്തിന് പ്രവാസ നാട്ടില്‍ അവസരമില്ലല്ലൊ എന്ന് രാജന്‍ പിള്ള ചോദിക്കും. എന്നാല്‍ ബഹുരാഷ്ട്ര കമ്പനികളുടെ ലേബര്‍ ക്യാമ്പുകളില്‍, നാട്ടിന്‍പുറത്തെ വായനശാലകളിലും ക്ലബുകളിലും അരങ്ങേറിയിരുന്ന പോലെ തന്നെ ഓണാഘോഷം സംഘടിപ്പിച്ചവരുമുണ്ട് ഒരു കാല്‍നൂറ്റാണ്ടിനപ്പുറം റിയാദില്‍. ലേബര്‍ ക്യാമ്പിന്റെ മതില്‍ കെട്ടിനുള്ളിലാണെങ്കിലും സ്റ്റേജുകെട്ടി നാടകം കളിച്ചവര്‍, അത്തപ്പൂക്കളമൊരുക്കിയിരുന്നവര്‍, പുലികളിയും തലപ്പന്ത് കളിയും നടത്തിയിരുന്നവര്‍. നാട്ടില്‍ പോലും പുതിയ ഉപഭോഗ സംസ്കാരത്തിന്റെ പ്രയോജകരായ കച്ചവടക്കാര്‍ ഓണാഘോഷങ്ങളെ ഹൈജാക്ക് ചെയ്തപ്പോള്‍ നഷ്ടമായ തനത് സൌന്ദര്യം വീണ്ടെടുത്തു ഇന്നും നിലനിര്‍ത്തിപ്പോരുന്നത് പ്രവാസികളാണെന്ന് സമ്മതിക്കാതെ വയ്യ.

സെപ്തംബര്‍ ഒന്നിന് റിയാദിലെ നവോദയ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ അല്‍ ഹൈറിലെ ഒവൈദ കൃഷിത്തോട്ടത്തില്‍ അതുപോലൊരു ഓണം-ഈദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിരുന്നു. ഓണത്തിന്റെ എല്ലാ തനത് വിഭവങ്ങളും ഒരുക്കി. പുലികളിച്ചും അത്തപ്പൂക്കളമുണ്ടാക്കിയും പൂവിളിച്ചും ആമോദത്തോടെ അവര്‍ ആഘോഷിച്ചപ്പോള്‍ അതില്‍ പങ്കുചേരാന്‍ യൂറോപ്യരുള്‍പ്പെടെയുള്ളവരെത്തി.


എന്നാല്‍ തങ്ങളുടെ യഥാര്‍ഥ ഓണം അന്ന് എല്ലാ വെള്ളിയാഴ്ചകളിലുമായിരുന്നെന്ന് രാജന്‍ പിള്ള പറയുന്നു. വെള്ളിയാഴ്ച അവധിയായതിനാല്‍ ഉച്ചകഴിഞ്ഞ് സുലൈമാനിയയിലെ വിമാനത്താവളത്തിന് മുന്നില്‍ പോയി നില്‍ക്കും. ഇന്നത്തെ അന്താരാഷ്ട്ര ശ്രദ്ധനേടിയ കിങ് ഖാലിദ് വിമാനത്താവളത്തിന് പകരം അന്ന് സുലൈമാനിയയിലെ ചെറിയ വിമാനത്താവളം മാത്രം. റിയാദിലെ ഒട്ടുമിക്ക മലയാളികളും അവിടെ വരും. രാത്രി വരെ അവിടെ നില്‍ക്കും. മുംബൈയില്‍നിന്നും ദല്‍ഹിയില്‍നിന്നുമുള്ള വിമാനങ്ങളാണ് ലക്ഷ്യം. ഒരു വിമാനത്തില്‍ ഒരു മലയാളിയെങ്കിലുമുണ്ടാവും എന്നാണ് പ്രതീക്ഷ. മാവേലിയെ പോലെ അങ്ങിനെ ഒരു മലയാളികൂടി പുതുതായി വന്നെത്തിയാല്‍ അതായിരുന്നു തങ്ങളുടെ ഓണം. അയാളെ വരവേല്‍ക്കാന്‍ മല്‍സരിച്ചിരുന്നു. അയാളെ സ്വീകരിക്കലും ഒപ്പം ഭക്ഷണവട്ടം കൂടലുമായിരുന്നു തങ്ങളുടെ ഏറ്റവും വലിയ ആഘോഷങ്ങള്‍. ആ കാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍ രാജന്‍ പിള്ളയുടെ മുഖത്ത് ഒരു അത്തപ്പൂക്കളത്തിന്റെ സൌന്ദര്യം.

(Varthamanam ഓണപ്പതിപ്പ്-2014)

2 comments:

  1. നജീം ഭായ്. ഒരു ഗമണ്ടന്‍ ഓണാശംസ അങ്ങ് വിട്ടിട്ടുണ്ട്.. കിട്ടിയോ ആവോ...

    ReplyDelete
  2. പ്രവാസിയുടെ ഓണനൊമ്പരങ്ങള്‍ എത്ര കൃത്യമായ് പകര്‍ത്തിയിരിക്കുന്നു..

    ReplyDelete