Saturday, July 9, 2011

തെളിവുകളുടെ ദൌര്‍ലഭ്യതയല്ല, താത്പര്യമില്ലായ്മയാണ് കാരണം...

ആമുഖ ലേഖനം ഇവിടെ വായിക്കാം.
പ്രിന്റഡ് കോപ്പിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

അഭിമുഖം 



താങ്കള്‍ പലതവണ കല്ലാനയെ കാണുകയും രണ്ടുതവണ ഫോട്ടോ എടുക്കുകയും ചെയ്തിട്ടും വനംവകുപ്പിനും ശാസ്ത്രജ്ഞര്‍ക്കും മാത്രമെന്താണ് തെളിവുകള്‍ കിട്ടാന്‍ പ്രയാസം?

തെളിവുകള്‍ ഇല്ലാത്തതല്ല. അങ്ങിനെ തെളിയിക്കാനുള്ള താത്പര്യമില്ലായ്മയാണ് കാരണമെന്നാണ് ഞാന്‍ കരുതുന്നത്. ലോകത്ത് വംശനാശം നേരിടുന്ന അത്യപൂര്‍വ ജീവിവര്‍ഗമാണ് കുള്ളനാനകളുടേത് എന്നാണ് ശാസ്ത്രലോകം പറയുന്നത്. അവര്‍ കണ്ടെത്തി ഉറപ്പിച്ച ഭൂഭാഗങ്ങളിലല്ലാതെ പുതിയൊരു സ്ഥലത്തുകൂടിയുണ്ടെന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ആവേശവും താല്‍പര്യവുമുണ്ടാവേണ്ടതാണ്. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് അത്തരത്തിലൊരു ഉല്‍സാഹം പ്രകടമല്ല.

കുള്ളനാനകളുടെ കേരളത്തിലെ സാന്നിദ്ധ്യത്തെ തിരിച്ചറിയാന്‍ ഒട്ടേറെ സാധ്യതകളാണുള്ളത്. തുനിഞ്ഞിറങ്ങിയാല്‍ മതിയായ തെളിവുകള്‍ കിട്ടാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരില്ല. പക്ഷെ, എല്ലാറ്റിനും പ്രധാന പ്രേരകഘടകം താല്‍പര്യമാണല്ലൊ. അത് ഇക്കാര്യത്തിലില്ല എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. ഒന്നു മനസുവെച്ചാല്‍ ആകെ 53ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളില്‍നിന്ന് വനംവകുപ്പിനും ശാസ്ത്രലോകത്തിനും ആവശ്യമായ തെളിവുകള്‍ ശേഖരിക്കാവുന്നതെയുള്ളൂ. എന്നാല്‍ അതല്ല കാര്യം, ഇങ്ങിനെ നെല്ലും പതിരും തിരിയുന്നതില്‍ ആര്‍ക്കൊക്കെയൊ താല്‍പര്യക്കുറവുണ്ട്. 
ആദ്യമായി കല്ലാനച്ചിത്രങ്ങളെടുത്ത 2005ല്‍ അന്നത്തെ പേപ്പാറയിലെ ഡി.എഫ്.ഒ തന്നെ കാണാന്‍ വന്നിരുന്നു. ഒരുതരം പുശ്ചഭാവത്തോടെ അദ്ദേഹം എന്നോട് ചോദിച്ചത്: 'ചെറിയ ലെന്‍സ് വെച്ച് ഫോട്ടോയെടുത്ത് കാണിച്ചാല്‍ അത് കുള്ളനാന ആവുമോ?' എന്നാണ്. ഈ ചോദ്യം കേട്ടു ഞാന്‍ അമ്പരന്നു.

ഡി.എഫ്.ഓയെപോലെ ഉയര്‍ന്ന ഒരുദ്യോഗസ്ഥന്‍ വെറും വിവരക്കേട് ചോദിക്കില്ല. ലെന്‍സും കാമറയും വലുതായാലും ചെറുതായാലും ഒബ്ജക്ടില്‍ മാറ്റം വരില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. അപ്പോള്‍ വിവരക്കേടല്ല, തന്റെ കണ്ടെത്തലിനെ പരിഹസിക്കലാണ് ഉദ്ദേശം. തന്നോട് ഏതെങ്കിലും തരത്തില്‍ വ്യക്തിവൈരാഗ്യമുണ്ടായിട്ടല്ല. പിന്നെ എന്തിന്? ഇപ്പോഴും പിടികിട്ടാത്തത് അതാണ്. വനംവകുപ്പില്‍തന്നെ ചിലര്‍ക്കുള്ള താല്‍പര്യക്കുറവാണ് ഇതിന് പിന്നില്‍.  അതേസമയം അതേ വകുപ്പിലെ തന്നെ ഉന്നതോദ്യോഗസ്ഥരും താഴെക്കിടയിലെ ജീവനക്കാരുമടക്കം പലരും ഇക്കാര്യത്തില്‍ ഏറെ താല്‍പര്യം കാട്ടിയിട്ടുണ്ട്. തന്റെ ശ്രമങ്ങളെ പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. ശക്തമായ പിന്തുണ തന്നിട്ടുണ്ട്. ഏറെ താല്‍പര്യത്തോടെ അന്വേഷണ പുരോഗതിയെ കുറിച്ച് ആരായാറുണ്ട്. പക്ഷെ ഒന്നും ഔദ്യോഗികതലത്തിലല്ല എന്നതാണ് രസകരം. ഔദ്യോഗികതലത്തില്‍ സ്ഥിരീകരണം ഉണ്ടായാലും ഇല്ലെങ്കിലും നേച്ചര്‍ ആന്റ് വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫറെന്ന നിലയില്‍ അന്വേഷണം തുടരാന്‍ തന്നെയാണ് താല്‍പര്യം.

കല്ലാനയെ കുറിച്ച് ആദ്യം കേള്‍ക്കുന്നത്?

1985ലാണ് ആദ്യമായി ഞാന്‍ കല്ലാനയെ കുറിച്ച് കേള്‍ക്കുന്നത്. കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ ഉയരത്തില്‍ രണ്ടാം സ്ഥാനത്തുള്ള  അഗസ്ത്യാര്‍മേഖലയില്‍ വെച്ചായിരുന്നത്. ആദ്യമായി അഗസ്ത്യകൂടം കാണാനെത്തിയതായിരുന്നു. അവിടെ ഉയര്‍ന്ന ഒരു ഭാഗത്ത് ആനപ്പിണ്ഡം കിടക്കുന്നത് കണ്ട് സഹയാത്രികനായ കാണിവര്‍ഗക്കാരനോട് ചോദിച്ചപ്പോഴാണ് കല്ലാന എന്നൊരു ആന വര്‍ഗമുണ്ടെന്ന് ആദ്യമായി കേള്‍ക്കുന്നത്. സാധാരണ വര്‍ഗത്തില്‍പ്പെട്ട ആന ഇത്ര ഉയരമുള്ള ഭാഗങ്ങളില്‍ എത്താറില്ല. അതറിയാവുന്ന എനിക്ക് ആ ആനപ്പിണ്ഡം കണ്ടപ്പോള്‍ സ്വാഭാവികമായി ഉദിച്ച സംശയമായിരുന്നു അത്.

പിന്നീടുള്ള കാനനയാത്രകള്‍ക്കിടയില്‍ പലപ്പോഴും കല്ലാനയെ കണ്ടിട്ടുണ്ട്. എന്നാല്‍ ഫോട്ടോയെടുക്കാനൊക്കെ തോന്നിയത് പിന്നീടാണ്. പില്‍ക്കാലത്ത്, പ്രശസ്ത വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫറായ എന്‍.എ. നസീര്‍ (അന്ന് അദ്ദേഹം ദുബായിയില്‍ ജോലി ചെയ്യുകയാണ്) എനിക്കൊരു കത്തെഴുതി. 'കല്ലാന' എന്ന കുള്ളനാന പേപ്പാറയിലുണ്ടെന്ന് അറിഞ്ഞു. അവധിക്ക് നാട്ടില്‍ വരുമ്പോള്‍ നമുക്ക് അവിടെ പോണം. ഫോട്ടോയെടുക്കണം.

നസീര്‍ എഴുതിയതിനെ കുറിച്ച് മല്ലന്‍ കാണിയോട് സംസാരിച്ചപ്പോള്‍, ഇനി വനത്തില്‍ ആനയെ കാണാനിടയായാല്‍ അപ്പോള്‍ തന്നെ അറിയിക്കാമെന്ന് അയാള്‍ ഏറ്റു. ആന വന്നിട്ടുണ്ടെന്ന് മല്ലന്‍ കാണി അറിയിച്ചതനുസരിച്ചാണ് 2005ല്‍ കാമറയുമായി 'കല്ലാന ദൌത്യ'ത്തിനിറങ്ങുന്നത്. വനത്തില്‍ തങ്ങി രണ്ടാം ദിവസം ആനയെ കണ്ടു. ഫോട്ടോയെടുക്കാനും പറ്റി. ഫോട്ടോ കിട്ടിയ ഉടന്‍ നസീറിനെ ദുബായിലേക്ക് വിളിച്ചറിയിച്ചു. അദ്ദേഹത്തിനും അത് ഏറെ സന്തോഷം നല്‍കി. അദ്ദേഹത്തില്‍നിന്നും തുടര്‍ന്ന് നല്ല പിന്തുണയാണ് കിട്ടിക്കൊണ്ടിരുന്നത്.

വനത്തില്‍ രണ്ടുദിവസം താമസിച്ചപ്പോള്‍ തന്നെ തനിക്ക് ആനയെ കാണാനും ഫോട്ടോയെടുക്കാനും കഴിഞ്ഞെങ്കില്‍, വലിയ സാങ്കേതികസൌകര്യങ്ങളും മറ്റുമുള്ള വനംവകുപ്പിനും ശാസ്ത്രവിഭാഗത്തിനും എത്രയെളുപ്പത്തില്‍ തെളിവുശേഖരണം സാധിക്കുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. സാമ്പിളുകള്‍ ശേഖരിച്ച് ഡി.എന്‍.എ. ടെസ്റ്റൊക്കെ നടത്തിയാല്‍ തീര്‍പ്പാകുന്ന പ്രശ്നമെയുള്ളൂ.

ഏതായാലും അതൊന്നും എന്റെ വിഷയമല്ല. കാരണം ഞാനൊരു സയന്റിസ്റ്റല്ല. ഫോട്ടോഗ്രാഫറാണ്. മുന്നില്‍ കാണുന്നതെല്ലാം ഒബ്ജക്ടാണ്. ആവശ്യമുള്ളത് കാമറയില്‍ പകര്‍ത്തുന്നു. അത് പുറത്തുകാണിക്കുന്നു. ഇഷ്ടപെടുന്നവര്‍ കണ്ടോട്ടെ, അല്ലാത്തവര്‍ തള്ളിക്കളയട്ടെ. ഇഷ്ടവിനോദമെന്ന നിലയില്‍ നേച്ചര്‍ ഫോട്ടോഗ്രാഫി ചെയ്യുന്നു. അതില്‍നിന്ന് കിട്ടുന്ന ആനന്ദം ജീവിതത്തിന് സംതൃപ്തി നല്‍കുന്നു. അതുമതി. 

ചിത്രകലയില്‍നിന്ന് ഫോട്ടോഗ്രാഫിയിലേക്കും നേച്ചര്‍ എന്ന സ്പെഷ്യലൈസേഷനിലേക്കുമുള്ള ചുവടുമാറ്റം എങ്ങിനെയായിരുന്നു?

തിരുവനന്തപുരം ജില്ലയിലെ പാലോടിന് സമീപം ജവഹര്‍ കോളനിയാണ് എന്റെ ജന്മദേശം. സഹ്യന്റെ താഴ്വരയില്‍ വളരെ മനോഹരമായ ചുറ്റുപാടിലാണ് ജനിച്ചുവളര്‍ന്നത്. അതുകൊണ്ടുതന്നെ പ്രകൃതി അന്നേ ഒരാകര്‍ഷണ ഘടകമായിരുന്നു. പ്രകൃതിയും വനവുമെല്ലാം വലിയ ഇഷ്ടമായിരുന്നു. കുട്ടിക്കാലത്തുതന്നെ ചിത്രംവര തുടങ്ങിയിരുന്നു. പ്രകൃതിയായിരുന്നു പ്രധാന വിഷയം.

ചിത്രകല അഭ്യാസത്തിന് ശേഷം ചിത്രകലാധ്യാപകനായി ജോലി ലഭിച്ചു. പിന്നീടാണ് ചിത്രകലയില്‍നിന്ന് ഫോട്ടോഗ്രാഫിയിലേക്ക് തിരിയുന്നത്. എന്നാല്‍ അതൊരു വലിയ ചുവടുമാറ്റമാണെന്ന് കരുതുന്നില്ല. ഫലത്തില്‍ പരസ്പര പൂരകങ്ങളാണ് രണ്ടും. ഫോട്ടോയെടുക്കാന്‍ കാമറ വേണ്ടല്ലൊ? ചിത്രം വരക്കാന്‍ കാന്‍വാസും. രണ്ടും യഥാര്‍ഥത്തില്‍ മനസിലാണ് ആദ്യം സംഭവിക്കുന്നത്. അവ മറ്റുള്ളവരെ കാണിക്കാനാണ് ബ്രഷും കാമറയും ഉപയോഗിക്കുന്നത്. ബ്രഷും കാമറയും ഉപകരണങ്ങള്‍ മാത്രമാണ്.

ഒരു ദൃശ്യം കാണുമ്പോള്‍ മനസാണ് അത് ആദ്യം പകര്‍ത്തുന്നത്. പിന്നീട് ചിത്രമായി കാന്‍വാസിലേക്കൊ മറ്റ് മീഡിയകളിലേക്കൊ അത് പകര്‍ന്നുവെക്കുന്നു. ഫോട്ടോഗ്രാഫിയും അതുതന്നെയാണ്. എന്നാല്‍ ഉള്ള ഒന്നിന്റെ പ്രതിബിംബമെ കാമറയ്ക്ക് പകര്‍ത്താനാവൂ. ചിത്രരചന അങ്ങിനെയല്ലല്ലൊ. ഇല്ലാത്ത ഒന്നിനെയും ഭാവനയില്‍ വരുത്താം. ചിത്രീകരിക്കാം. ഇതാണ് രണ്ടും തമ്മിലെ കാര്യമായ വ്യത്യാസം. ഭാവന മനസില്‍ ഒരു ചിത്രം കോറിയിട്ടാല്‍ അത് പിന്നെ എപ്പോഴെങ്കിലും കടലാസിലേക്ക് പകര്‍ത്തിയാല്‍ മതി. ഫോട്ടോഗ്രാഫിയുടെ കാര്യത്തില്‍ അതല്ലല്ലൊ. സമയമാണ് പ്രധാനം. നിമിഷത്തിന്റെ നൂറിലൊരു അംശം പോലും പ്രധാനപ്പെട്ടതാണ്. യഥാര്‍ഥത്തില്‍ സമയത്തിന്റെ കലയാണ് ഫോട്ടോഗ്രാഫി.

ചിത്രകലയില്‍ വാസനയുണ്ടെങ്കില്‍ ഛായാഗ്രഹണകലയില്‍ ശോഭിക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. ഫോട്ടോഗ്രാഫിയില്‍ മുഴുകിയതോടെ അറിയാതെ തന്നെ ബ്രഷ് താഴെവെച്ചു. ചിത്രകലാധ്യാപകന്‍ എന്ന നിലയില്‍ മാത്രമാണ് ഇപ്പോള്‍ ചിത്രകലയുമായുള്ള എന്റെ ബന്ധം.
ഏതൊരു മാറ്റത്തിനും പിന്നില്‍ ക്രമേണ സംഭവിക്കുന്ന ചില കാരണങ്ങളുണ്ടാകാം. അതിനുപുറമെ പെട്ടന്നുണ്ടാകുന്ന ഒരു കാരണവുമുണ്ടാകും. ഫോട്ടോഗ്രാഫിയിലേക്ക് പൂര്‍ണാര്‍ഥത്തിലുള്ള  എന്റെ വഴിതിരിയലിന് പിന്നില്‍ അത്തരത്തിലൊരു കാരണം കൂടിയുണ്ട്.

അതൊരുതരത്തില്‍ രാഷ്ട്രീയ കാരണവുമാണ്. ഞാന്‍ അടിയുറച്ച ഒരു സി.പി.എം പാര്‍ട്ടിപ്രവര്‍ത്തകനായിരുന്നു. എണ്‍പതുകളുടെ അവസാനം വരെ  പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായിരുന്നു. ലോക്കല്‍ കമ്മിറ്റിയിലേക്ക് പോകാനൊരുങ്ങുന്ന സന്ദര്‍ഭത്തിലാണ് ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായത്. അതുവരെ കുടുംബപ്രശ്നങ്ങള്‍ പോലും പാര്‍ട്ടിതലത്തിലാണ് ചര്‍ച്ച ചെയ്തിരുന്നതും പരിഹാരം തേടിയിരുന്നതും. അത്രമാത്രം ചോരയോട്ടമുള്ള ബന്ധമാണ് പാര്‍ട്ടിയുമായുണ്ടായിരുന്നത്. ഏതുകാര്യവും പാര്‍ട്ടിയുമായി ആലോചിച്ചെ തീരുമാനിച്ചിരുന്നുള്ളൂ.
കുടുംബത്തില്‍ കുഴമറിച്ചിലുണ്ടാക്കിയ ഒരു പ്രശ്നത്തില്‍ പാര്‍ട്ടിയുടെ ഇടപെടല്‍ പക്ഷപാതപരവും അതുവരെ കാത്തുസൂക്ഷിച്ച ബന്ധത്തിന് കളങ്കമേല്‍പ്പിക്കുന്ന തരത്തിലുള്ളതുമായിരുന്നു. അത് മനസില്‍ ആഴത്തിലുള്ള മുറിവുകളേല്‍പ്പിച്ചു. പാര്‍ട്ടിക്ക് വളരെ പെട്ടന്ന് ഞാനും കുടുംബവും ശത്രുക്കളായി. ഒടുവില്‍ മനസുമടുത്തു, ജന്മനാട്ടില്‍നിന്ന്പോലും അകന്നുതാമസിക്കേണ്ടിവന്നു.

അതുവരെ നിത്യജീവിതചര്യയുടെ ഭാഗമായിരുന്ന പാര്‍ട്ടിപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവന്നപ്പോള്‍ വല്ലാതൊരു ഒറ്റപ്പെടല്‍ അനുഭവപ്പെടാന്‍ തുടങ്ങി. അപ്പോള്‍ ഒരാശ്വാസത്തിനാണ് കാമറ കയ്യിലെടുത്തത്. സുഹൃത്തിന്റെ 'യാഷിക ഇലക്ട്രോ 35' എന്ന കാമറയുമായി ചുറ്റുപാടുള്ള പ്രകൃതിയിലേക്ക് ഇറങ്ങിനടന്നു. പതിയെ, പതിയെ ആ യാത്രകള്‍ ഹരമായി മാറി. നിത്യജീവിതത്തിന്റെ ഭാഗമായി.

വന്യജീവിതങ്ങളുടെ നേര്‍ക്ക് കാമറ തിരിച്ചപ്പോഴുണ്ടായ ആദ്യാനുഭവങ്ങള്‍?

അതു വളരെ രസകരമായിരുന്നു. പറഞ്ഞല്ലോ തൊണ്ണൂറുകളുടെ തുടക്കത്തിലാണ് കാമറയുമെടുത്തു പ്രകൃതിയിലേക്കും അതിന്റെ ഹൃദയമായ വനത്തിലേക്കും ഇറങ്ങിയത്. അന്നൊക്കെ വൈല്‍ഡ് ലൈഫിന്റെ ഫീല്‍ഡില്‍ ഇന്ന് കാണുന്നത്ര ഫോട്ടോഗ്രാഫര്‍മാരൊന്നുമില്ല. ഉള്ളവരാകട്ടെ, അങ്ങിനെ മിനക്കെട്ട് വനം കയറി നടക്കാറുമില്ല.

ഞാന്‍ ആദ്യമായി പോയത് പേപ്പാറ വൈല്‍ഡ്ലൈഫ് സാങ്ച്വറിയിലേക്കാണ്. വനംവകുപ്പിന്റെ അനുമതി വാങ്ങി പോകുമ്പോള്‍ അന്ന് അവിടെയുണ്ടായിരുന്ന വൈല്‍ഡ്ലൈഫ് അസിസ്റ്റന്റ് വാര്‍ഡന്‍ പറഞ്ഞത് രസകരമായ കാര്യമായിരുന്നു. 'വന്യജീവിസങ്കേതത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഫോട്ടോ പിടിക്കാന്‍ തക്ക മൃഗങ്ങളുണ്ടോ എന്ന് എനിക്കറിയില്ല. ഇവിടെ കോര്‍ട്ടേഴ്സില്‍ ഇരിക്കുമ്പോള്‍ വല്ലപ്പോഴും മ്ലാവിന്റെ ശബ്ദം കേള്‍ക്കാറുണ്ട്. അല്ലാതെ ആനയൊ, കാട്ടുപോത്തോ ഒക്കെ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.' ആനയുടെയും കാട്ടുപോത്തിന്റെയും മറ്റു മൃഗങ്ങളുടെയുമൊക്കെ ഫോട്ടോകള്‍ എടുത്ത് ഞാന്‍ പിന്നീട് അദ്ദേഹത്തെ കാട്ടിയിട്ടുണ്ട്. വന്യജീവിസംരക്ഷണകേന്ദ്രത്തിന്റെ വാര്‍ഡന്‍ അങ്ങിനെയാണ് കാട്ടുമൃഗങ്ങളെ കണ്ടത്.

അഗസ്ത്യാര്‍കൂടത്തോട് ചേര്‍ന്നുള്ള മറ്റൊരു മലയായ ചെമ്മുഞ്ചിയിലെ പാണ്ടിപ്പത്ത് വനമേഖലയിലേക്ക് മാര്‍ഗദര്‍ശികളായ മല്ലന്‍കാണിയോടും ചന്ദ്രന്‍കാണിയോടുമൊപ്പം ആദ്യമായി മലകയറുമ്പോള്‍ നടപ്പിന് വേഗത പോരെന്ന് മല്ലന്‍കാണി പരിതപിച്ചു. അപ്പോള്‍ ഞാന്‍ ചന്ദ്രനോട് പറഞ്ഞു. മല്ലന്‍ വേഗത്തില്‍ പോകുന്നെങ്കില്‍ പൊയ്ക്കോട്ടെ, നമുക്കുള്ളത് അവിടെ നില്‍ക്കുമെന്ന്. മല്ലന്‍ വേഗത്തില്‍ മലകയറി പാണ്ടിപ്പത്തിന്റെ മുകളില്‍ പോയിനിന്നിട്ടും മൃഗങ്ങളെയൊന്നും കണ്ടില്ല. ഞങ്ങള്‍ പതിയെ നടന്ന് മലകയറി മുകളിലെത്തുമ്പോള്‍ മലയുടെ അടിവാരത്തില്‍നിന്ന് ഒരു കാട്ടുപോത്ത് മുകളിലേക്ക് കയറിവരുന്നു. ഒരു നിമിഷം പോലും കളയാതെ ഞാനത് പകര്‍ത്തി. 1997ലെ സംസ്ഥാന വനം-വന്യജീവി ഫോട്ടോഗ്രാഫി മല്‍സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായത് ആ ഫോട്ടോ ആയിരുന്നു.

കാട്ടാനയും കാട്ടുപോത്തും കടുവയും പുലിയുമെന്നൊക്കെ കേള്‍ക്കുമ്പോള്‍ ആളുകള്‍ പേടിച്ചുവിറക്കാറുണ്ട്. എന്നാല്‍ അതിന്റെയൊന്നും ആവശ്യമില്ലന്നാണ് എന്റെ അനുഭവം. മൃഗങ്ങള്‍ വിഹരിക്കുന്ന കേരളത്തിലെയും തമിഴ്നാട്ടിലേയും കര്‍ണാടകത്തിലെയും വനങ്ങളില്‍ കയറി നടന്നിട്ടുള്ള എനിക്കൊ, കൂടെയുള്ളവര്‍ക്കൊ രണ്ട് പതിറ്റാണ്ടിനിടയില്‍ ഒരിക്കല്‍ പോലും ഒരാക്രമണവും നേരിടേണ്ടിവന്നിട്ടില്ല. ഒരിക്കല്‍ മാത്രം, ഫോട്ടോ എടുക്കുന്നതിനിടയില്‍ ഒരു ഒറ്റയാന്‍ ഒന്ന് വിരട്ടിയോടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഓടുന്നതിനിടയിലും തിരിഞ്ഞുനിന്ന് ഫോട്ടോ എടുക്കാന്‍ ഞാന്‍ സമയം കണ്ടെത്തി.

യഥാര്‍ഥത്തില്‍ ഞാന്‍ വലിയ മൃഗങ്ങളെ മാത്രം ഫോക്കസ് ചെയ്യുന്നയാളല്ല. ആനയും കാട്ടുപോത്തും പോലെ തന്നെ അതിസൂക്ഷ്മപ്രാണികളുടെ നേര്‍ക്കും കാമറ തുറന്നുവെച്ച് ക്ഷമാപൂര്‍വം കാത്തിരിക്കാറുണ്ട്. പശ്ചിമഘട്ടത്തിന്റെ തെക്കേമുനമ്പുതന്നെ മതി നൂറുകണക്കിന് ജീവിവര്‍ഗങ്ങളുടെ അപൂര്‍വ വൈവിധ്യത്തെ കണ്ടറിയാന്‍. 
ജൈവവൈവിധ്യത്തിന്റെ ഉദ്യാനപെരുമ വിളിച്ചറിയിക്കുന്ന, ശബരിമലയോട് ചേര്‍ന്നുള്ള 'ഗവി' ജൈവമേഖല ഇക്കോ ടൂറിസത്തില്‍ പെടുത്തി സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിക്കുമ്പോള്‍ ബ്രോഷറിനും മറ്റുംവേണ്ടി അതിന്റെ ചിത്രങ്ങളെടുക്കാന്‍ വനംവകുപ്പ് ചുമതലയേല്‍പിച്ചത് എന്നെയായിരുന്നു.

വനംവകുപ്പിന്റെ 'ആരണ്യം' എന്ന പ്രസിദ്ധീകരണത്തിലും, തേക്കടിയെ കുറിച്ച് വനംവകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളിലും ബ്രോഷറുകളിലും സാങ്ച്വറി ഏഷ്യ മാഗസിന്‍ പ്രസിദ്ധീകരിച്ച 'തേക്കടിയുടെ പൈതൃകം' എന്ന പുസ്തകത്തിലും സൈലന്റ് വാലിയെ കുറിച്ചുള്ള വനംവകുപ്പിന്റെ പുസ്തകത്തിലുമൊക്കെ എന്റെ ഫോട്ടോകള്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. മലയാളത്തിലെ മറ്റ് പ്രസിദ്ധീകരണങ്ങളെല്ലാം എന്റെ ചിത്രങ്ങള്‍ ആവശ്യപ്പെട്ടുവാങ്ങി പ്രസിദ്ധീകരിക്കാറുണ്ട്.

അഗസ്ത്യാര്‍കൂടത്തില്‍നിന്ന് ധാരാളം അത്യപൂര്‍വസസ്യങ്ങളുടെയും ജീവിവര്‍ഗങ്ങളുടെയും ഫോട്ടോകള്‍ പകര്‍ത്താനായിട്ടുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ 'ഡ്രൂറിയം ഓര്‍ക്കിഡി'ന്റെ ഫോട്ടോ അഗസ്ത്യ മലയില്‍നിന്നാണ് ഞാനെടുത്തത്. അപൂര്‍വ പ്രാണിവര്‍ഗമായ മൂന്നുതരം കടുവച്ചിലന്തി, മരഞ്ഞണ്ട്, പലതരം മരത്തവളകള്‍ തുടങ്ങി വംശംനാശം നേരിടുന്നതടക്കമുള്ള വിവിധതരം ജീവിവര്‍ഗങ്ങളുടെ ചിത്രങ്ങള്‍ എന്റെ ശേഖരത്തിലുണ്ട്്.
വലിയ ഫോട്ടോ ശേഖരത്തില്‍നിന്ന് തെരഞ്ഞെടുത്ത കുറച്ചു ഫോട്ടോകളുടെ പ്രദര്‍ശനം 2006 ഫെബ്രുവരിയില്‍ 'ഫ്രാക്ഷന്‍ ഓഫ് എറ്റേര്‍ണിറ്റി' എന്ന പേരില്‍ തിരുവനന്തപുരത്ത് മ്യൂസിയം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരുന്നു. സുഗതകുമാരിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. പ്രദര്‍ശനം കാണാന്‍ ഏറെ താല്‍പര്യത്തോടെ വി.എസ് എത്തിയിരുന്നു.

ഏതു തരം കാമറകളാണ് ഉപയോഗിക്കുന്നത്?

പറഞ്ഞല്ലൊ ആദ്യമായി ഉപയോഗിച്ചത് സുഹൃത്തിന്റെ 'യാഷിക ഇലക്ട്രോ 35' എന്ന കാമറയാണ്. പിന്നീട് 'മിനാള്‍ട്ട', തുടര്‍ന്ന് 'ഒളമ്പസ്'. ഇതെല്ലാം സുഹൃത്തുക്കളുടെ കാമറകളായിരുന്നു. ആദ്യമായി സ്വന്തമാക്കുന്ന കാമറ 'നിക്കോണ്‍ എഫ്.ഇ-2' ആണ്. അത് 1994ലായിരുന്നു. തുടര്‍ന്ന് 'നിക്കോണ്‍ 90 എക്സ്', 'നിക്കോണ്‍ എഫ്-100'.

2006 ആയപ്പോള്‍ പൂര്‍ണമായും ഡിജിറ്റലിലേക്ക് മാറി. നിക്കോണ്‍ ഡി-200ലാണ് തുടങ്ങിയത്. ഇപ്പോള്‍ ഉപയോഗിക്കുന്നത് 'കാനണ്‍-500' ആണ്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് ഏറ്റവും ഇണങ്ങുന്ന സ്പീഡും സുഗമമായ പ്രവര്‍ത്തന രീതിയുമുള്ള ഈ കാമറ കൂടുതല്‍ ഫ്രണ്ട്ലിയായി തോന്നി. കാമറയും അനുബന്ധഘടകങ്ങളും ചേര്‍ത്ത് മൂന്നുലക്ഷത്തോളം രൂപ ചെലവായി.
പഴയപോലെ ഫിലിം വാങ്ങിയും വാഷ് ചെയ്തും പണം കളയേണ്ടല്ലൊ എന്ന ലാഭവും സ്നാപ്പുകളുടെ കാര്യത്തില്‍ ലുബ്ധ് പിടിക്കേണ്ടതില്ലാത്ത ഉദാരതയും എടുത്ത ചിത്രം അപ്പോള്‍ തന്നെ കാണാനുള്ള സൌകര്യവും ചേരുമ്പോള്‍ ഡിജിറ്റല്‍ യുഗത്തിലെ ഫോട്ടോഗ്രാഫി കൂടുതല്‍ ലളിതമായിരിക്കുകയാണ്.

പുരസ്കാരങ്ങള്‍?

യഥാര്‍ഥത്തില്‍ പുരസ്കാരങ്ങള്‍ ഒരു പ്രേരകഘടകമാണ്. ഓരോ തവണ കാമറ കയ്യിലെടുക്കുമ്പോഴും ഒരു മല്‍സര ബുദ്ധി ഉണരാറുണ്ട്. മല്‍സരങ്ങള്‍ മുന്നില്‍ കണ്ടുതന്നെയാണ് പലപ്പോഴും കാമറ തുറന്നുപിടിക്കാറ്. 1994 മുതലാണ് മല്‍സരങ്ങള്‍ക്ക് ഫോട്ടോകള്‍ അയച്ചുതുടങ്ങിയത്. ആദ്യമല്‍സരത്തില്‍ തന്നെ സമ്മാനം കിട്ടി.

തുടര്‍ച്ചയായി ഏഴുതവണ (1997-2003) സംസ്ഥാന വനംവകുപ്പിന്റെ വന്യജീവി ഫോട്ടോഗ്രാഫി മല്‍സരത്തില്‍ സമ്മാനിതനായി. ജിം കോര്‍ബാറ്റ് ഇന്റര്‍ നാഷണല്‍ എക്സിബിഷന്‍ ഓഫ് നേച്ചര്‍ ആന്റ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡ്, സാങ്ച്വറി മാഗസിന്‍ നാഷണല്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്, ഫോട്ടോ വൈഡ് ഫോട്ടോഗ്രാഫി അവാര്‍ഡ്, വെസ്റ്റ് കോസ്റ്റ് ആള്‍ ഇന്ത്യാ ഫോട്ടോഗ്രാഫി അവാര്‍ഡ്, ഗ്രീന്‍സ് അവാര്‍ഡ്, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ പുരസ്കാരം തുടങ്ങി ദേശീയ^അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതുള്‍പ്പടെ ചെറുതും വലുതുമായ എഴുപതിലധികം പുരസ്കാരങ്ങള്‍ക്ക് അര്‍ഹത നേടാനായി.

സ്വകാര്യ ജീവിതം, ജോലി, കുടുംബം?

ചിത്രകല അഭ്യസിച്ചശേഷം 1983ല്‍ പെരിങ്ങമല ഇഖ്ബാല്‍ ഹൈസ്കൂളില്‍ ചിത്രകലാദ്ധ്യാപകനായി ചേര്‍ന്നു. 1987ല്‍ സര്‍ക്കാര്‍ സ്കൂളിലേക്ക് മാറി. ഇപ്പോള്‍ ഭരതന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലാണ്.

ജോലി കഴിഞ്ഞുകിട്ടുന്ന സമയത്തും അവധിദിവസങ്ങളിലുമാണ് യാത്രകള്‍. ശമ്പളത്തിന്റെ നല്ലൊരു പങ്ക് ഫോട്ടോഗ്രഫി എന്ന കമ്പം തിന്നുതീര്‍ക്കുന്നുണ്ട്. എങ്കിലും പരാതിയില്ല. കുടുംബത്തിനും. കാരണം ഇതൊന്നില്‍നിന്ന് കിട്ടുന്ന ആത്മസായൂജ്യം ജീവിതത്തിന് നല്‍കുന്ന സംതൃപ്തി അത്ര വലുതാണ്.
തിരുവനന്തപുരം ജില്ലയിലെ പാലോടിനടുത്ത് എക്സ് സര്‍വീസ്മെന്‍സ് കോളനി, ദില്‍ഷാദ് നഗറില്‍ 'ദീപ്തി'യിലാണ് താമസം. റംലയാണ് ഭാര്യ. ശബ്ന, ഷെര്‍ന എന്നിവര്‍ മക്കള്‍.

നജിം കൊച്ചുകലുങ്ക് 
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ലക്കം: 17, ജൂലൈ 3-9, 201)

1 comment: