Friday, March 26, 2010

ബത്ഹ പുഴയിലെ ഓളങ്ങള്‍...

ബത്ഹയ്ക്ക് സ്വന്തമായി ഒരു ജീവിതമുണ്ടോ? ഇല്ലെന്ന് ഈ മുക്കൂട്ട പെരുവഴിയില്‍ കാണുന്ന ഓരോ ജീവിതവും നിശബ്ദം പറയുന്നു. നാലുഭാഗത്തുനിന്ന് വന്നുചേര്‍ന്ന് പലഭാഗത്തേക്ക് പിരിഞ്ഞൊഴുകുന്ന വഴികളില്‍ മനുഷ്യ ജീവിതത്തിന്റെ സ്പന്ദനമുണ്ട്. അത് പക്ഷെ പലരുടെ ജീവിതമാണ്. ലക്ഷ്യം തേടിയൊഴുകുന്ന മനുഷ്യ ജീവിതങ്ങള്‍ക്കായി ഉടല്‍ വിരിച്ച് കിടക്കുന്ന ഒരു പുഴയാണ് ബത്ഹ. കടലിലെത്തി ജീവിതത്തിന് അര്‍ഥപൂര്‍ണത തേടുകയെന്നത് എന്നും പുഴയുടെ സ്വപ്നമാണ്. എന്നാല്‍ അതൊരിക്കലും കടലിലെത്തുന്നില്ല; അതിലൂടൊഴുകുന്ന വെള്ളമല്ലാതെ. ലോകത്തിന്റെ നാനദിക്കുകളില്‍ നിന്നുല്‍ഭവിച്ച ജീവിതങ്ങള്‍ക്ക് വേണ്ടി ആഴത്തിലും പരപ്പിലും കൈവഴികളൊരുക്കി ഈ വലിയ പുഴ മരുഭൂ പരപ്പിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു, പരദേശിയുടെ കനവും നിനവും കണ്ണീരും ചിരിയും ഓളങ്ങളാക്കി. പഴയൊരു പ്രവാസി അക്ഷരക്കൂട്ടുകാരന്‍ പ്രവാസത്തിന്റെ വലിയ പ്രവാഹങ്ങളെ കുറിച്ച് മറ്റൊരു ദേശ ചരിതത്തില്‍ കുറിച്ചിട്ടിട്ടുണ്ട്, 'ദുബായ് പുഴ'യെന്ന പേരില്‍. ബത്ഹ പുഴയിലെ ഓളപരപ്പില്‍ മിന്നിമറയുന്ന ചെറിയ മീന്‍ കാഴ്ചകളെ കുറിച്ച് എന്തെങ്കിലുമൊന്ന് കുറിച്ചിടാന്‍ തോന്നുമ്പോഴും മനസില്‍ നിറയുന്നത് 'ദുബായ് പുഴ'...

മരുഭൂമിയിലെ നീരൊഴുക്ക്

മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന് ഖോര്‍ഫുക്കാന്‍ തീരത്ത് നങ്കൂരമിടുന്ന കാലത്ത് ബത്ഹയും ഒരു മണല്‍ക്കാട് മാത്രമായിരുന്നു. അറബിക്കടലിലൂടെ ഖോര്‍ഫുക്കാന്‍ വഴി പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെയും ചെങ്കടലിന്റെയും തീരപ്രദേശങ്ങളിലേക്ക് മലയാളിയുടെ തൊഴില്‍ അഭയാര്‍ഥിത്വം പരന്നൊഴുകിയപ്പോള്‍ ദുബായ് പോലെ, മറ്റ് പല മണല്‍ നഗരങ്ങള്‍ പോലെ റിയാദിലും ഒരു പുഴയൊഴുകി തുടങ്ങുകയായിരുന്നു. മനുഷ്യ മഹാപ്രവാഹത്തിന്റെ ജലമര്‍മരം ഇവിടെയും ജീവിത തുടിപ്പുകളുണര്‍ത്തി. നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴിലഭയാര്‍ഥിത്വം നല്‍കിയ ഒരു മഹാരാജ്യത്തിന്റെ ആസ്ഥാന നഗരഹൃദയം അങ്ങിനെ ഒരു വലിയ ആള്‍ക്കൂട്ട പെരുവഴിയായി, നാനാ ജാതി മനുഷ്യരുടെ പ്രദര്‍ശന ശാലയായി,  ജീവിതം തേടി നാടുവിട്ടോടിയവന്റെ പ്രാണന്റെ തുടിപ്പായി, നഗര പേശീദലങ്ങളില്‍ ജീവിത സംക്രമണത്തിന്റെ ചുവപ്പുരാശി പടര്‍ത്തി. 
നഗരത്തിന്റെ അമ്പത് കിലോമീറ്റര്‍ ചുറ്റതിരുകള്‍ക്കുള്ളിലെ ജനാദ്രിയ, തുമാമ, ഖോര്‍നാഥ, ഖദീം സനയ്യ, സനയ്യ ജദീദ്, ബദിയ, സുവൈദി, ദരിയ, ദല്ല, അറഗ, ദീര, അസീസിയ, ഷിഫ, അല്‍ ഹൈര്‍, നസീം, നദീം, ബഗ്ലഫ്, മലസ്, ഹാര, ഒലയ്യ, സുലൈ തുടങ്ങി അനേകം കൈവഴികള്‍ വന്നുചേരുന്ന വലിയൊരു പുഴയാണ് ബത്ഹ. എല്ലാവഴികളിലൂടെയും ആഴ്ചവട്ടങ്ങളില്‍ ബത്ഹയിലേക്ക് ഒഴുകിയെത്തുന്ന മനഷ്യ സഞ്ചയത്തിന്റെ മഹാസംഗമം, ബത്ഹയുടെ മറ്റൊരു അത്ഭുത പ്രതിഭാസം. എല്ലാ വെള്ളിയാഴ്ചകളിലും ആയിരം ഉറവകള്‍ ഒരുമിച്ചു പൊട്ടിയൊഴുകി കവിഞ്ഞ പുഴപോലെ ബത്ഹ വീര്‍പ്പുമുട്ടും. പ്രത്യേകിച്ചൊരു കാര്യത്തിനല്ലാതെ, കൃത്യമായ ഒരു ഉദ്ദേശവും കൂടാതെ വെറും വെറുതെ വാരാന്തത്തില്‍ ആയിരങ്ങള്‍ ഒത്തുകൂടുന്ന ബത്ഹയുടെ വാരാന്ത പതിവിന് ലോകത്ത് മറ്റെവിടെയെങ്കിലും സമാനത കണ്ടെത്തല്‍ പ്രയാസമാകും. ബത്ഹയ്ക്ക് പുറത്തുള്ളവര്‍ നൂറ് കിലോമീറ്ററപ്പുറത്തെ അല്‍ ഖര്‍ജില്‍ നിന്നുപോലും പതിവായി എല്ലാ വാരാന്ത്യത്തിലും ബത്ഹയിലെത്തുന്നു. വെറുതെ, കമ്പോളത്തില്‍ ഒന്ന് കറങ്ങി, എന്തെങ്കിലും വാങ്ങിയാലായി; ഉറ്റവരെയും ചങ്ങാതിമാരേയും കണ്ടാലൊന്ന് മിണ്ടിപ്പറഞ്ഞാലായി; രാവേറെ ചെല്ലുന്നതിന് മുമ്പ് ലാവണങ്ങളിലേക്ക് മടങ്ങുമ്പോള്‍ മനസില്‍ നിറയുന്ന ബത്ഹ, പ്രവാസ ജീവിത തിരക്കുകളുടെ, ജോലി ഭാരത്തിന്റെ മലകയറ്റങ്ങള്‍ക്കിടയിലെ ആശ്വാസ താഴ്വരയാണ്.


മലയാളി പെരുമ

ബത്ഹയിലെ മലയാളി ജീവിതത്തിന് ഏറിയാല്‍ 45ാണ് പ്രായം. പക്ഷെ നാലര പതിറ്റാണ്ടിനിടയില്‍ ബത്ഹയില്‍ തങ്ങളുടെ തനത് മുദ്ര പതിപ്പിച്ചിടാന്‍ അവര്‍ക്ക് കഴിഞ്ഞു. അതുകൊണ്ടാണ് ബത്ഹയുടെ ഹൃദയത്തില്‍ തന്നെ ഒരു കേരള മാര്‍ക്കറ്റുണ്ടായത്. മലയാളിത്തം പതിഞ്ഞുകിടക്കുന്ന കേരള മാര്‍ക്കറ്റിലെ തെരുവുകളിലൂടെ നടന്നാല്‍ മലയാളിയുടെ കനവുകള്‍ പുഷ്പിച്ചതിന്റെ സൌരഭ്യവും കനലുകളായി എരിഞ്ഞൊടുങ്ങിയതിന്റെ കരിന്തിരി മണവും അനുഭവപ്പെടും. ബത്ഹ തെരുവുകളില്‍ നിന്ന് മലയാളി കണ്ടെടുത്ത നല്ല ജീവിതങ്ങള്‍ കേരളത്തിന്റെ മണ്ണില്‍ സുവര്‍ണ ചരിതങ്ങളെഴുതി. ഇവിടെ തകര്‍ന്നടിഞ്ഞവര്‍ നാടിന്റെ നൊമ്പരവും ഭാരവുമായി. അതെ, ബത്ഹ ജീവിത വിജയങ്ങളുടെ വെയിലും സങ്കടങ്ങളുടെയും വീര്‍പ്പടക്കലുകളുടെയും നിഴലും ഇടകലര്‍ന്നുകിടക്കുന്ന വലിയൊരു നാല്‍ക്കവലയാണ്. എന്നിട്ടും ബത്ഹയെ സങ്കടമുക്ക് എന്നു വിളിച്ച പ്രവാസി കഥയെഴുത്തുകാരന്‍ 'പുഞ്ചിരി' മുക്കെന്ന് വിളിക്കാന്‍ ധൈര്യം കാട്ടിയില്ല. പ്രവാസത്തിന്റെ സഹജമായ അനിശ്ചിതത്വും അസ്ഥിരതയുമാവുമോ അതിന് കാരണം? സങ്കടങ്ങളുറഞ്ഞുകിടക്കുന്ന ഗല്ലികള്‍ മാത്രമാണോ ബത്ഹയിലേത്? കേരള മാര്‍ക്കറ്റിലെ കോണ്‍ക്രീറ്റ് ബാരക്കുകള്‍ക്ക് പോലും പറയാനുള്ളത് മലയാളിയുടെ കണ്ണീരിന്റെ കഥകള്‍ മാത്രമോ? എത്ര കിട്ടിയാലും കൊതി തീരാത്ത, അല്ലെങ്കില്‍ കിട്ടിയതിന് നന്ദി പറയാന്‍ വിമുഖതയുള്ള മലയാളിയുടെ മനോഭാവമാണോ ഇതിന് പിന്നില്‍? ഈ കോണ്‍ക്രീറ്റു കല്ലുകളില്‍ ചാരിനിന്ന് കണ്ണീരും സങ്കടവും പങ്കുവെച്ചവരെ പോലെ തന്നെ നേട്ടങ്ങളുടെ കണക്കുകള്‍ കൂട്ടി സംതൃപ്തിയടഞ്ഞവരും ഏറെയല്ലെ? എന്നിട്ടും ഏതോ സരസനായ മലയാളി, സ്വന്തം പള്ളിക്കുടം മാഷക്ക് പോലും ഓമനപേരിടുന്ന ശീലത്തിന്റെ ലാഘവത്തോടെ ഈ കല്ലുകളെ 'സങ്കട കല്ലെ'ന്നും ബാരക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇരുമ്പു ചങ്ങലകളെ 'കണ്ണീര്‍ ചങ്ങല'യെന്നുമാണല്ലൊ വിളിച്ചത്. ഈ കേരള മാര്‍ക്കറ്റും അതിനപ്പുറം യമനി മാര്‍ക്കറ്റും ഒരു അഗ്നിബാധയില്‍ ഒരിക്കല്‍ കത്തിയമര്‍ന്നപ്പോള്‍ കേരളത്തിന്റെ നെഞ്ചകം പൊള്ളുന്നതും മലയാളി കുടുംബങ്ങളുടെ ഇടനെഞ്ചുകളില്‍ ആധിയുടെ നെരിപ്പോടുകളെരിയുന്നതും നാമറിഞ്ഞു. അത്രമാത്രം രൂഢമൂലമോ ബത്ഹയും കേരളവും തമ്മിലുള്ള രക്തബന്ധം? 

സുഗന്ധ തെരുവ്

കേരള മാര്‍ക്കറ്റും യമനി മാര്‍ക്കറ്റും കടന്ന് ബംഗ്ലാദേശി മാര്‍ക്കറ്റിന് ഓരത്തൂടെ, പാകിസ്ഥാനി മാര്‍ക്കറ്റിന്റെ മാറിലൂടെ പത്രമോപ്പീസിലേക്കുള്ള ഇടവഴി ഒരു സുഗന്ധ തെരുവാണ്. അത്തറും മറ്റ് സുഗന്ധ ദ്രവ്യങ്ങളും വില്‍ക്കുന്ന കടകളും വഴിവാണിഭക്കാരും നിറഞ്ഞ ഈ തെരുവിലൂടെയുള്ള വൈകുന്നേരത്തെ നടത്തം അനുഭവിപ്പിക്കുന്നത് ജീവിതത്തിന്റെ പലതരം ഗന്ധങ്ങളെയാണ്. വഴിവാണിഭങ്ങളുടെ ഉല്‍സവകാഴ്ചകളില്‍ നിറഞ്ഞ് പഴം, പച്ചക്കറി വില്‍പ്പനക്കാരായ ബംഗ്ലാദേശികളും യമനികളും ഉന്തുവണ്ടികളുമായി ഒരു വശത്ത്. ഊദ്, അത്തര്‍, പെര്‍ഫ്യൂം മുതല്‍ ചൈനീസ് നിര്‍മ്മിത വ്യാജ മൊബൈലുകള്‍ വരെ വില്‍ക്കുന്നവര്‍ മറുവശത്ത്. തെരുവിലേക്ക് ഉടലുന്തി നില്‍ക്കുന്ന ഷോപ്പുകളില്‍ ചിലത്, സുഗന്ധ ദ്രവ്യങ്ങളുടെയും മറ്റ് ചിലത് സ്വര്‍ണ നാണയ, ആഗോള കറന്‍സികളുടെയും വില്‍പന കേന്ദ്രങ്ങളാണ്. ഈ വീതം വെപ്പുകള്‍ക്കിടയില്‍ തെരുവിലെ നടപ്പാതയിലെ ബാക്കിയുള്ള സ്ഥലത്ത് സാധാരണ തൊഴിലാളികളായ വിവിധ രാജ്യക്കാര്‍ ഇടതിങ്ങി നില്‍ക്കും. ജോലി കഴിഞ്ഞെത്തിയവര്‍, അടുത്ത ഷിഫ്റ്റിന് ഡ്യൂട്ടിക്ക് പോകാന്‍ വാഹനവും ആവശ്യക്കാരെയും കാത്ത് നില്‍ക്കുന്നവര്‍. ആര്‍ക്കും ദിവസ ജോലിക്ക് വിളിച്ചുകൊണ്ടുപോകാവുന്ന 'കൂലി കഫീലന്മാര്‍ക്ക്' കീഴിലെ പലതരം തൊഴിലുകളെടുക്കുന്നവരാണ് ഇവര്‍. കൂടുതലും പാകിസ്ഥാനികള്‍. ഇവരുടെ കൈളില്‍ ആകെയുള്ള പണിയായുധങ്ങള്‍, ഒരു ചുറ്റികയും ഒന്നോ രണ്ടോ ഉളിയും മേശന്റെ തേപ്പുകരണ്ടികളും ചിലരുടെ കൈകളില്‍ പെയിന്റടിക്കാനുള്ള ഉരുള്‍ ബ്രഷുകളുമാണ്. ഇതുകൊണ്ട് ഇവര്‍ വലിയ കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തും. കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തും. പെയിന്റിംഗ് നടത്തും. ഇലക്ട്രിക്കല്‍^പ്ലമ്പിംഗ് ജോലികളെടുക്കും. പഴം പച്ചക്കറികളുടെ ചീഞ്ഞ മണവും, തൊഴിലാളികളുടെ വേര്‍പ്പിന്റെയും മുഷിഞ്ഞ വസ്ത്രങ്ങളുടെയും വാട്ട ഗന്ധവും, പിന്നെ അത്തറിന്റെ സുഗന്ധവും ഇടകലര്‍ന്ന നിര്‍വചിക്കാനാവാത്ത ഒരു ഗന്ധമാണ് ഈ തെരുവിനെ പൊതിഞ്ഞു നില്‍ക്കുക. പത്രമോപ്പീസിലേക്കുള്ള വൈകുന്നേര നടത്തങ്ങളില്‍ മനസിലേക്ക് വീണു നിറയുന്ന കാഴ്ചകളില്‍ ചിലത് വേദനിപ്പിക്കുന്നതാണ്. അത്തര്‍ വില്‍പ്പനക്കാരനായ തീക്ഷ്ണമായ കണ്ണുകളുള്ള ഒരു യമനിയുടെ കാഴ്ച അത്തരമൊരോര്‍മ്മയാണ്. ഇയാളെ സ്ഥിരമായി ഈ തെരുവില്‍ കണ്ടിരുന്നു. നടപ്പാതയിലെ ഒരു നിശ്ചിത ഭാഗത്ത് നിന്നു അണുകിട വ്യതിചലിക്കാതെ പതിവായി അത്തര്‍ വിറ്റിരുന്നയാള്‍. ചെറിയ അത്തര്‍ കുപ്പികള്‍ നിവര്‍ത്തിയ വിരലുകള്‍ക്കിടയില്‍ തിരുകി തീക്ഷ്്ണമായ കണ്ണുകളുമായി അയാള്‍ തുറിച്ച നോട്ടത്തോടെ അത്തര്‍ വിറ്റു. പതിവ് നടത്തം കൊണ്ടു പരിചതമായ എന്റെ ഇടതു കൈത്തണ്ടയില്‍ അയാളെന്നും 'സാമ്പിള്‍ തൈലം' പുരട്ടി തന്നു. വഴിവാണിഭക്കാരെ പിടികൂടാന്‍ ബലദിയക്കാര്‍ വരുന്ന ദിവസം ഈ തെരുവ് ആകെ അലങ്കോലമാകും. മഞ്ഞവണ്ടികളുടെ ചുവന്ന മിന്നുന്ന തലവെട്ടം കാണുമ്പോള്‍ പഴം-പച്ചക്കറി വില്‍പ്പനക്കാര്‍ ഉന്തുവണ്ടികള്‍ അതിവേഗം ഉരുട്ടി എങ്ങോട്ടെന്നില്ലാതെ ഓടിച്ചുപോകും. ഭ്രാന്തമായ ആ പരക്കം പാച്ചില്‍ ഈ നടപ്പാതയിലെ കാല്‍നട യത്രക്കാരുടെ പേടി സ്വപ്നമാണ്. ഒരിക്കല്‍ മഞ്ഞവണ്ടികള്‍ കൂട്ടമായി വന്നപ്പോള്‍ ഒരു ഓറഞ്ച് വില്‍പ്പനക്കാരന്‍ ബംഗ്ലാദേശി പഴം നിറച്ച ഉന്തുവണ്ടി ഭ്രാന്തമായി ഓടിച്ചുകയറ്റിയത് ഈ പാവം യമനിയുടെ ശരീരത്തിലേക്കായിരുന്നു. തിരിഞ്ഞുനിന്നിരുന്ന അയാള്‍ എന്തെങ്കിലുമൊന്ന് തിരിച്ചറിയും മുമ്പ് റോഡിലേക്ക് തെറിച്ചുവീണു. കൈവിരലുകള്‍ക്കിടയില്‍ നിന്ന് അത്തര്‍ കുപ്പികള്‍ നിരത്തിലേക്ക് തെറിച്ചുവീണു പൊട്ടി ചിതറി. അയാളുടെ നെറ്റിപ്പൊട്ടി ചോരവാര്‍ന്നു. ഉന്തുവണ്ടിയില്‍ നിന്ന് ഓറഞ്ചുകള്‍ തെറിച്ച് റോഡില്‍ പരന്നു. ദിവസങ്ങളോളം അയാളെ പിന്നീട് കണ്ടില്ല. വീണ്ടും കണ്ടുതുടങ്ങിയപ്പോള്‍ അയാളില്‍ ഒരു മാറ്റവും കണ്ടില്ല. അതേ സ്ഥലത്ത് അതേ തീക്ഷ്ണമായ കണ്ണുകളോടെ, വിരലുകള്‍ക്കിടയില്‍ അത്തര്‍ കുപ്പികള്‍ തിരുകി അയാള്‍ സുഗന്ധം വില്‍ക്കുന്നു.

'അന്ത ലേഷ് മാഫി റൂഹ് ഖര്‍ജ്?'

സുഗന്ധ തെരുവിന്റെ അങ്ങേതലക്കല്‍ പാകിസ്ഥാനി മാര്‍ക്കറ്റിന് മുന്‍വശം അപ്രഖ്യാപിത സ്വദേശി ടാക്സി സ്റ്റാന്റാണ്. നൂറോളം കിലോമീറ്ററകലെയുള്ള അല്‍ ഖര്‍ജ് എന്ന പ്രാചീന പട്ടണത്തിലേക്ക് സ്വകാര്യ ടാക്സിയില്‍ ആളെ വിളിച്ചുകയറ്റിപോകുന്നത് ഇവിടെ നിന്നാണ്. 'ഇനി യൊരാള്‍ കൂടി മതി' എന്ന വലിയ നുണയുടെ അകമ്പടിയോടെ 'ഖര്‍ജ്...ഖര്‍ജ്...' എന്ന് വിളിച്ചുകൂവി സ്വദേശി ടാക്സി ഡ്രൈവര്‍മാര്‍ തങ്ങളുടെ വാഹനങ്ങള്‍ നിറുത്തിയിട്ട് യാത്രക്കാരെയും കാത്തുനില്‍ക്കുന്നത് ഇവിടെയാണ്. തെരുവിലൂടെ നടന്നുവരുന്ന ഓരോരുത്തരും അവരുടെ മുഖങ്ങളില്‍ പ്രതീക്ഷയുടെ മിന്നലാട്ടമുണ്ടാക്കും. പത്രമാപ്പീസിലേക്കുള്ള പതിവായ നടത്തം ഈ ഡ്രൈവറന്മാരുടെ പ്രതീക്ഷകള്‍ക്ക് നേരെ നിഷേധത്തിന്റെ തലയാട്ടലായി ശീലിച്ചുപോയത് അങ്ങിനെയാണ്. ഒരിക്കല്‍ സഹികെട്ട് ഒരു വൃദ്ധനായ ഡ്രൈവര്‍ അല്‍പ രോഷത്തോടെ ചോദിച്ചു, 'നിനക്കൊന്നു അല്‍ ഖര്‍ജില്‍ പോയാലെന്താ?'