സായി ബാബയുടെ അവസാന നാളില്‍ പ്രമുഖ യുക്തിവാദിയും സാംസ്കാരിക പ്രവര്‍ത്തകനുമായ യു. കലാനാഥന്‍ മാധ്യമ പ്രവര്‍ത്തകന്‍ സവാദിനോട് ഫോണില്‍ പറഞ്ഞതാണിത്. കേരള അച്ചടി ദൃശ്യ മാധ്യമങ്ങളുടെ 'ഒരു സ്പൂണ്‍ തേന്‍:ഒരു സ്പൂണ്‍ വിഷം' എന്ന സംതുലന നിലപാടുകളാല്‍ വെളിച്ചം കാണിക്കാനാവാതെ ഫോര്‍ത്ത് എസ്റ്റേറ്റിലെ ഏറ്റവും ശക്തമായ സൈബര്‍ മാധ്യമത്തിലൂടെ വായനക്കാര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് ഈ ലേഖനം. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മെയില്‍ ഗ്രൂപ്പുകളിലും ബ്ലോഗുകളിലും ആര്‍ക്കും ആരുടെയും അനുവാദം കൂടാതെ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കപ്പെട്ട ഈ വസ്തുതകള്‍, സൈബര്‍ മാധ്യമത്തിന്റെ മുല്ലപ്പൂ വിപ്ലവം ആത്മീയ വ്യാപാര മേഖലകളെ കൂടി ഇളക്കിമറിക്കണമെന്ന താല്‍പര്യത്തോടെ സ്ളേറ്റും കടം കൊണ്ട് പ്രസിദ്ധീകരിക്കുന്നു.
അങ്ങിനെ അവസാന കള്ളവും പൊളിഞ്ഞിരിക്കുന്നു
യു. കലാനാഥന്‍
വര്‍ഷങ്ങളായി കരള്‍, ഹൃദയരോഗ ബാധിതനായിരുന്ന ഇദ്ദേഹം എല്ലുപൊടിഞ്ഞു പോകുന്ന osteoporosis എന്ന രോഗത്താലും പീഡിതനായിരുന്നു. ഭക്തര്‍ക്ക് ആയുസും ആരോഗ്യവും നല്‍കി സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്ന ദൈവാവതാരം അവസാന ദിവസങ്ങളില്‍ ശ്വാസം കഴിച്ചത് പോലും ശാസ്ത്ര പുരോഗതിയുടെ പിന്തുണയാല്‍ സാധാരണ മനുഷ്യര്‍ നിര്‍മിച്ച യന്ത്രങ്ങളുടെ സഹായത്തോടെയാണ്. ഭക്തര്‍ക്ക് രോഗം വന്നാല്‍ തന്നെ ദര്‍ശിച്ച്, സൌഖ്യം നേടണം എന്ന് പറയുന്ന ആള്‍ദൈവം സ്വന്തം ജീവന്‍ പിടിച്ചു നിര്‍ത്താന്‍ യന്ത്രങ്ങളെ ആശ്രയിച്ചത് എന്തിനാണാവോ? സമാനമായ ലീലാവിലാസങ്ങളുമായി അനുയായികളെ സംഘടിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച് പണം പിടുങ്ങുന്ന അമൃതാനന്ദമയിയെപ്പോലുള്ള നിരവധി സഹദേവീ ദേവന്‍മാര്‍ ഈ മഹാരാജ്യത്തുണ്ടായിരുന്നല്ലോ.
ആദ്യം ഷിര്‍ദിയിലെ സായി ബാബയുടെ അവതാരമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ദൈവത്തിന്റെ അവതാരപുരുഷനാണ് താനെന്നാണ് ഈ സ്വയം പ്രഖ്യാപിത ദൈവം അവകാശപ്പെട്ടിരുന്നത്. ഒരിക്കല്‍ പോലും ദിവ്യത്വം അവകാശപ്പെട്ടിട്ടില്ലാത്ത ഷിര്‍ദിയിലെ സായിബാബക്ക് മേല്‍ അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകള്‍ മൂലം ജനം ഭഗവാന്‍ പട്ടം ചാര്‍ത്തിക്കൊടുക്കുകയായിരുന്നു.
എന്നാല്‍ കണ്‍കെട്ട്^കയ്യടക്ക് വിദ്യകള്‍ പ്രയോഗിച്ച് ജനങ്ങളെ കബളിപ്പിച്ചാണ് പുട്ടപര്‍ത്തിയിലെ സായിബാബ ദൈവം കളിച്ചത്. ആയിരത്തോളം ദിവ്യാല്‍ഭുതങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് ബാബയും അയാളുടെ സ്തുതിപ്പാട്ടുകാരും പ്രചരിപ്പിച്ചിരുന്നത്^ വാസ്തവമെന്താണ്? പ്രമുഖ മജീഷ്യന്‍ ജുനിയര്‍ സര്‍ക്കാറിനൊപ്പം മാജിക് പഠിച്ചയാളാണ് ബാബ. ശൂന്യതയില്‍ നിന്ന് ഭസ്മം വരുത്തി ഭക്തര്‍ക്ക് നല്‍കലായിരുന്നു ഇദ്ദേഹത്തിന്റെ ജനപ്രിയ ദിവ്യാല്‍ഭുതം. കഞ്ഞിവെള്ളത്തില്‍ കുഴച്ച് വിരലുകള്‍ക്കിടയില്‍ തേച്ചുവെക്കുന്ന ഭസ്മക്കട്ട ഭക്തര്‍ക്ക് മുന്നില്‍ പൊടിച്ച് വിതരണം ചെയ്യുന്ന-കുട്ടികള്‍ക്ക് പോലും കാണിക്കാവുന്ന ഈ 'അത്ഭുതപ്രവര്‍ത്തി' ബാബയേക്കാള്‍ മനോഹരമായി ചെയ്യുന്നവരാണ് നമ്മുടെ ആര്‍.കെ.മലയത്ത്, ഗോപിനാഥ് മുതുക്കാട്, പ്രദീപ് ഹൌഡിനി തുടങ്ങിയ മാന്ത്രികരെല്ലാം. ജനങ്ങളെ ചൂഷണം ചെയ്ത് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കണമെന്ന കുടിലബുദ്ധി ഇല്ലാത്തതിനാല്‍ അവരാരും മാന്ത്രിക കലയിലെ പ്രാവീണ്യം ദുരുപയോഗം ചെയ്യുന്നില്ലെന്ന് മാത്രം.
തന്റെ കാപട്യങ്ങള്‍ മറച്ചുവെക്കാനും കാരുണ്യമുഖം പ്രദര്‍ശിപ്പിക്കാനുമായി വൈദ്യശാസ്ത്ര വിദ്യയുടെ സാധ്യതകള്‍ പ്രയോഗപ്പെടുത്തുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആശുപത്രി സമുച്ചയം ബാബ പണിതിട്ടുണ്ട് എന്നത് വളരെ നല്ല കാര്യം തന്നെ. പക്ഷെ അതിനായി ചെലവിട്ടത് ഭക്തജനങ്ങളെ വഞ്ചിച്ച് സമ്പാദിച്ച കോടികളാണ്. തന്റെ സ്വയം നിര്‍മിത ദിവത്യമായിരുന്നു ഈ രംഗത്തും ബാബയുടെ മൂലധനം. ഡോ. കോവൂരിന്റെയും ബി. പ്രേമാനന്ദിന്റെയും നേതൃത്വത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ യുക്തിവാദി സംഘം ബാബയുടെ ഒടിവിദ്യകളെല്ലാം പൊളിച്ചുകാണിച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ മരണത്തിലൂടെ ബാബയുടെ അവശേഷിച്ച കള്ളവും പൊളിഞ്ഞിരിക്കുന്നു. ബാബക്ക് മുന്നില്‍ വിധേയരായി വണങ്ങി നില്‍ക്കുന്ന ഭരണത്തലവന്‍മാരുടെയും ശാസ്ത്രജ്ഞരുടെയും മറ്റും മുഖങ്ങള്‍ മനസില്‍ തെളിയുന്നു. ബുദ്ധിജീവികളും സാമാന്യ ഭക്തജനങ്ങളും സത്യം മനസിലാക്കുന്നതിനും അത് തുറന്ന് സമ്മതിക്കുന്നതിനുമുള്ള 'ദിവ്യാവസര'മായി ഈ സന്ദര്‍ഭം ഉപയോഗിക്കും എന്ന് പ്രത്യാശിക്കട്ടെ.




