Showing posts with label പരിസ്ഥിതി. Show all posts
Showing posts with label പരിസ്ഥിതി. Show all posts

Tuesday, July 11, 2017

മര സമരങ്ങള്‍


സഹ്യന്‍െറ താഴ്വര ഒരു പ്രക്ഷോഭത്തിന്‍െറ ചൂടിലാണ്. ഭൂമിയുടെ ചോരയൂറ്റുന്ന വൈദേശിക സസ്യവര്‍ഗങ്ങള്‍ക്കെതിരെ ഗ്രാമങ്ങള്‍ കൊളുത്തിയ സമരജ്വാല കത്തിപ്പടരുന്നു. കേരളത്തിന്‍െറ ജൈവവൈവിധ്യത്തെ തകര്‍ക്കുന്നതും മരുഭൂമിവത്കരിക്കുന്നതുമായ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് പോലുള്ള വൈദേശിക മരങ്ങള്‍ക്കെതിരായ പ്രക്ഷോഭം പശ്ചിമഘട്ടത്തിന്‍െറ തെക്കേയറ്റത്തുള്ള നാലു പഞ്ചായത്തുകളിലാണ്.
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നാല് ദിവസം മുമ്പ്് പേപ്പാറ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന വനംവകുപ്പിന്‍െറ പ്ളാന്‍േറഷനില്‍ അക്കേഷ്യ തൈകള്‍ നടാനത്തെിയ തൊഴിലാളികളെ പ്രദേശത്തെ ജനങ്ങള്‍ തുരത്തിയോടിച്ചു. അക്കേഷ്യ വെട്ടിയൊഴിഞ്ഞ അവിടെ വീണ്ടും തൈവെക്കാനുള്ള നീക്കത്തെ തടയുകയായിരുന്നു അവര്‍. വനംവകുപ്പിന് അടിയറവ് പറയേണ്ടിവന്നു. മന്ത്രി കെ. രാജു തന്നെ ഇടപെട്ട് തൈനടീല്‍ പരിപാടി ഉപേക്ഷിച്ചു.
അതിന് മൂന്നു മാസം മുമ്പ്, അതായത് വേനല്‍ക്കാലാരംഭത്തില്‍ മേഖലയിലെ നാലു പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ചതാണ് ആ വലിയ ജനകീയ പ്രക്ഷോഭം. പാലോട് കേന്ദ്രമാക്കി അഗസ്ത്യമല ബയോസ്ഫിയര്‍ കണ്‍സര്‍വേഷന്‍ ഫോറം (പാലോട് ജനകീയ കൂട്ടായ്മ) എന്ന സംഘടന രൂപവത്കരിച്ചുകൊണ്ടാണ് പെരിങ്ങമ്മല, വിതുര, നന്ദിയോട്, പാങ്ങോട് എന്നീ പഞ്ചായത്തുകളിലെ ജനങ്ങള്‍ കേരളീയ പ്രകൃതിക്ക് വിരുദ്ധമായ പള്‍പ് വുഡ് പ്ളാന്‍േറഷനുകള്‍ക്കെതിരെ സമര രംഗത്തിറങ്ങിയത്.


അഗസ്ത്യമല ജൈവ മണ്ഡലം

ലോകത്തിലെ അതീവ ജൈവവൈവിധ്യ മണ്ഡലങ്ങളില്‍ (Hot spots) ഒന്നായ, ഇന്ത്യയുടെ അമൂല്യ ജൈവസമ്പത്തായ പശ്ചിമഘട്ടത്തിന്‍െറ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അഗസ്ത്യമല ജൈവ മേഖല (Agasthyamala Biosphere Reserve). കേരളത്തിന്‍െറ ജലസമ്പത്തിനെ സംരക്ഷിച്ചുനിറുത്തുന്നതില്‍ ഈ മേഖലകളുടെ പങ്ക് നിസ്തുലമാണ്.
സൂക്ഷ്മ ജീവികളും സസ്യലതാദികളുമടക്കം അപൂര്‍വയിനങ്ങളുള്‍പ്പെടെ ആയിരക്കണക്കിന് ജൈവവര്‍ഗങ്ങളുടെ കലവറയാണ് പശ്ചിമഘട്ടം. അതീവ ജൈവവൈവിധ്യ കേന്ദ്രങ്ങള്‍ (Hot spots) ലോകത്ത് മൊത്തം 34 ആണ്. അവയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവ (Hottest of hot spot) പത്തെണ്ണവും. അതില്‍ രണ്ടെണ്ണമാണ് ഇന്ത്യയില്‍. പശ്ചിമ ഘട്ടവും (Western Ghats) പൂര്‍വ ഹിമാലയന്‍ പ്രദേശവും. പശ്ചിമഘട്ടത്തില്‍ തന്നെ ഏറ്റവും ജൈവവൈവിധ്യ സമ്പുഷ്ടി കേരളത്തിന്‍െറ അതിരുകള്‍ക്കുള്ളിലാണ്. അതായത് തെക്കന്‍ പശ്ചിമഘട്ടത്തില്‍ (Southern Western Ghats). ആയിരക്കണക്കിന് ജീവി വര്‍ഗങ്ങളും സസ്യയിനങ്ങളും ഇവിടെയുണ്ട്. ഇനിയും കണ്ടത്തൊത്ത എത്രയോ ജീവി സസ്യ വര്‍ഗങ്ങള്‍! സസ്യങ്ങളില്‍ ഇതുവരെ കണ്ടത്തെിയത് വെറും 17000 സപുഷ്പികള്‍ മാത്രം. കണ്ടത്തൊതെ കിടക്കുന്നത് ഒട്ടനവധി!
ഇതിന്‍െറയെല്ലാം കലവറയായ അഗസ്ത്യമല ജൈവ മണ്ഡലം 3,500 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ കേരളത്തിലും തമിഴ്നാട്ടിലുമായി പരന്നുകിടക്കുന്നു. പത്തനംതിട്ട ജില്ലയിലെ കോന്നി മുതല്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളും തമിഴ്നാട്ടിലെ തിരുന്നല്‍വേലി, കന്യാകുമാരി ജില്ലകളുടെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് ഈ മേഖല. ഇതില്‍ ‘ഹോട്ടസ്റ്റ് ഓഫ് ഹോട്ട് സ്പോട്ട്’ എന്ന വിശേഷണത്തിന് അര്‍ഹതയുള്ള തിരുവനന്തപുരം ജില്ലയിലാണ് അക്കേഷ്യ, മാഞ്ചിയം വിരുദ്ധ സമരം കൊടുമ്പിരി കൊണ്ട നാലുപഞ്ചായത്തുകളും. ഈ 3,500 ചതുരശ്ര കിലോമീറ്ററിന്‍െറ 20 ശതമാനത്തിലധികം വരും അക്കേഷ്യ, യൂക്കാലിപ്റ്റസ് തോട്ടങ്ങളുടെ വിസ്തൃതി.


സമരത്തിന്‍െറ തുടക്കം

രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് സാധാരണക്കാരായ ആളുകളെ സമരമുഖത്തത്തെിച്ചത്. ഒരിക്കലും വറ്റില്ളെന്ന് കരുതിയ ജലസ്രോതസുകള്‍ ഒന്നൊന്നായി വറ്റിവരളുന്ന വേനലുകള്‍ കടന്നുപോയതോടെ അപകടം ശരിക്കും തിരിച്ചറിഞ്ഞു.
പ്രകൃതിക്കിണങ്ങാത്ത പ്രവര്‍ത്തനങ്ങളാണ് ഈ ദുഃസ്ഥിതിക്ക് കാരണമെന്ന് അവര്‍ മനസിലാക്കി. അതോടെ പ്രദേശവാസികളെ ബോധവത്കരിക്കല്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് എളുപ്പമായി. ഇത്തരം തോട്ടങ്ങള്‍ മൂലം വരള്‍ച്ച ഉണ്ടാകുന്നത് എങ്ങനെയെന്നും പാരിസ്ഥിതിക നാശം എന്താണെന്നും പ്രദേശവാസികളെ ബോധവത്കരിക്കാന്‍ കുടുംബശ്രീ യോഗങ്ങള്‍ വരെ വിളിച്ചുകൂട്ടി. അത് പ്രദേശത്തെ കുടുംബങ്ങളിലൊക്കെ വലിയ സ്വാധീനം ചെലുത്തി. അതോടെ ജനങ്ങളുടെ രോഷം ആളിക്കത്തി. പാകമത്തെി വെട്ടിയൊഴിഞ്ഞ തോട്ടങ്ങളില്‍ ഇനി ഒരു തൈ പോലും നടാന്‍ അനുവദിക്കില്ളെന്ന നിലപാടിലായി അവര്‍.
റീപ്ളാന്‍േറഷനുവേണ്ടിയുള്ള കുഴിയെടുക്കലിന് വനം വകുപ്പിന്‍െറയും കോര്‍പ്പറേഷന്‍െറയും കരാറുകാര്‍ (‘കണ്‍വീനര്‍’ എന്നൊരു നോമിനിയുടെ മറവില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ജോലികള്‍ക്ക് നേതൃത്വം നല്‍കുന്നതും അതിന്‍െറ ലാഭം പറ്റുന്നതും) എത്താന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ തടഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനം നന്ദിയോട് പഞ്ചായത്തിലെ മൈലമൂട് പാണ്ഡ്യന്‍ പാറയില്‍ വനംവകുപ്പിന്‍െറ വെട്ടിയൊഴിഞ്ഞ അക്കേഷ്യ തോട്ടത്തില്‍ പുതിയ തൈ നടാന്‍ കുഴിയെടുക്കാനത്തെിയപ്പോള്‍ അതിനെതിരെ മനുഷ്യ ചങ്ങല തീര്‍ത്തുകൊണ്ടായിരുന്നു പ്രക്ഷോഭത്തിന്‍െറ തുടക്കം. 


പാലോട് കുശവൂര്‍ ജംഗ്ഷനില്‍ സ്ഥിരം സമരപന്തല്‍ കെട്ടി പ്രക്ഷോഭം തുടര്‍ന്നു. വൈകുന്നേരങ്ങളില്‍ ആളുകള്‍ സമരപന്തലില്‍ ഒത്തുകൂടി. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ മധു രക്ഷാധികാരിയും ഷിറാസ് ഖാന്‍ പ്രസിഡന്‍റും പി.എസ് പ്രമോദ് സെക്രട്ടറിയുമായ ഫോറത്തില്‍ മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും സാമൂഹിക സംഘടനകളുടെയും പ്രതിനിധികള്‍ പങ്കാളികളായി. ഫോറത്തിന്‍െറ നേതൃത്വത്തില്‍ സമരത്തോടൊപ്പം കൂടുതല്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി പെരിങ്ങമ്മല പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളായ കേരള യൂനിവേഴ്സിറ്റി ബോട്ടണി ഡിപ്പാര്‍ട്ട്മെന്‍റിലെ റീഡര്‍ ഡോ. ഖമറുദ്ദീന്‍, നേച്ചര്‍ ഫോട്ടോഗ്രാഫര്‍ സാലി പാലോട് എന്നിവരെ പോലുള്ള നിരവധി പ്രകൃതി സ്നേഹികള്‍ മുന്നിട്ടിറങ്ങി.


പഞ്ചായത്തുകളുടെ പ്രമേയം

പഞ്ചായത്ത് ഭരണസമിതികളും പിന്തുണയുമായി രംഗത്തുവന്നതോടെ പ്രക്ഷോഭത്തിന് ഗൗരവം വര്‍ദ്ധിച്ചു. തങ്ങളുടെ പരിധിക്കുള്ളില്‍ കൃഷി ചെയ്യാന്‍ അനുവദിക്കില്ളെന്ന് പ്രഖ്യാപിച്ച് പെരിങ്ങമ്മല, വിതുര, നന്ദിയോട്, പാങ്ങോട് പഞ്ചായത്തുകമ്മിറ്റികള്‍ ഏകകണ്ഠമായി പ്രമേയങ്ങള്‍ പാസാക്കി. കേരളത്തില്‍ സമ്പൂര്‍ണ നിരോധനം ആവശ്യപ്പെട്ട് കണ്‍സര്‍വേഷന്‍ ഫോറം ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങുന്നത് ഈ പ്രമേയങ്ങളുടെ കൂടി ബലത്തിലാണ്. പഞ്ചായത്തീരാജ് നിയമപ്രകാരം പാരിസ്ഥിതിക സംരക്ഷണത്തിന്‍െറ കാര്യത്തില്‍ അതാത് പഞ്ചായത്തുകള്‍ക്കുള്ള അവകാശവും 2006ലെ വനാവകാശ നിയമപ്രകാരം വനസംരക്ഷണ കാര്യത്തില്‍ ഗ്രാമസഭകള്‍ക്കുള്ള അധികാരവുമടക്കം ലഭ്യമായ ഭരണഘടനാപരവും നിയമപരവുമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്ന് ഡോ. ഖമറുദ്ദീന്‍ പറയുന്നു.


പ്രക്ഷോഭം ഫലം കാണുന്നു

ലോക പരിസ്ഥിതി ദിനത്തില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഒരു കോടി വൃക്ഷതൈകള്‍ നടുന്നതിനെ കുറിച്ച് ആലോചിക്കാന്‍ മേയ് മാസം മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് തൈകള്‍ ഇനി മുതല്‍ നടേണ്ടതില്ളെന്നും ഉള്ള മരങ്ങള്‍ വെട്ടിമാറ്റണമെന്നും തീരുമാനിച്ചു. പരിസ്ഥിതി ദിനാചരണ പരിപാടിയില്‍ വനം വന്യജീവി വകുപ്പ് മന്ത്രി കെ. രാജു അത് പരസ്യമായി പ്രഖ്യാപിച്ചു. പകരം ഫലവൃക്ഷങ്ങളും ഒൗഷധ സസ്യങ്ങളും മാത്രമേ ഇനി നടാന്‍ അനുവദിക്കൂ എന്ന് മുഖ്യമന്ത്രിയും പറഞ്ഞു.
പള്‍പ്പിനാവശ്യമായ മരങ്ങള്‍ നല്‍കാമെന്ന് ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ലിമിറ്റഡുമായി സര്‍ക്കാര്‍ 1974ല്‍ ഉണ്ടാക്കിയ 99 വര്‍ഷത്തെ കരാറാണ് വ്യവസായികാടിസ്ഥാനത്തില്‍ പള്‍പ് വുഡുകളുടെ പ്ളാന്‍േറഷന്‍ പരിപാടിയിലേക്ക് വനംവകുപ്പിന്‍െറയും വികസന കോര്‍പ്പറേഷന്‍െറയും ശ്രദ്ധ തിരിക്കുന്നത്. സംരക്ഷിത വനമേഖലകളില്‍ വൈദേശിക മര വര്‍ഗങ്ങളുടെ തോട്ടങ്ങള്‍ നിറയാന്‍ പിന്നീട് അമാന്തമുണ്ടായില്ല. 1980 ലാണ് സാമൂഹിക വനവത്കരണത്തിനുള്ള സസ്യവര്‍ഗങ്ങളില്‍ അക്കേഷ്യയും കടന്നുകൂടിയത്. അത് പിന്നീട് ഈ സ്കീമിലെ മുഖ്യ സസ്യയിനമായി മാറി.
സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അക്കേഷ്യയെ കൈയ്യൊഴിയാന്‍ വിമ്മിഷ്ടമുണ്ടാകുന്നത് അതിലൂടെ ലഭിക്കുന്ന ‘കിമ്പള’ത്തിന്‍െറ ‘നൂറുമേനി’ വിളവ് കാരണമാണ്. താഴെ തട്ടിലെ ജീവനക്കാര്‍ക്ക് വരെ വിഹിതമത്തെുന്ന കോടികള്‍ മറിയുന്ന അഴിമതിയുടെ നല്ല വളക്കൂറുള്ള ‘കാര്‍ഷിക പദ്ധതി’യാണത്്. പുതിയ തീരുമാനത്തെ അട്ടിമറിക്കാനാണ് പേപ്പാറക്ക് പിന്നാലെ ജൂണ്‍ 10ന് പാലോട് വന മേഖലയിലും അക്കേഷ്യ നടാന്‍ നടത്തിയ ശ്രമം. പ്രക്ഷോഭകര്‍ അതെല്ലാം പിഴുതെറിഞ്ഞു. തൊഴിലാളികളെ തുരത്തിയോടിച്ചു. തൈ നടരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കര്‍ശന ശാസന നല്‍കി. തിരുവനന്തപുരം ജില്ലക്ക് പുറത്ത് മറ്റ് വനമേഖലകളില്‍ ശ്രമങ്ങള്‍ തുടരുന്നുണ്ട്്.


പള്‍പ് വുഡുകളുടെ പരിസ്ഥിതി നാശം

വെള്ളം അമിതമായ തോതില്‍ വലിച്ചെടുക്കുന്നു, മറ്റ് സസ്യങ്ങളെ അപേക്ഷിച്ച് കാര്‍ബണ്‍ ഡൈയോക്സൈഡ് വലിച്ചെടുക്കുന്ന തോതിലെ കുറവ് അന്തരീക്ഷോഷ്മാവ് കൂട്ടുന്നു, ജൈവവൈവിധ്യ പ്രകൃതിയെ തകര്‍ക്കുന്നു തുടങ്ങിയവയാണ് അക്കേഷ്യയും യൂക്കാലിപ്റ്റസും പോലുള്ള ഏകവിള തോട്ടങ്ങള്‍ നേരിടുന്ന പ്രധാന ആക്ഷേപം. ആസ്ട്രേലിയയില്‍ നിന്നത്തെിയ അക്കേഷ്യയും ഗ്രാന്‍ഡിസുമെല്ലാം കേരളത്തിന്‍െറ തനത് പ്രകൃതിക്ക് ഘടകവിരുദ്ധമാണ്.
അക്കേഷ്യയുടെ വംശാവലിയിലുള്ളതാണ് മാഞ്ചിയവും. രണ്ടിനം അക്കേഷ്യയാണ് കേരളത്തില്‍ കൃഷി ചെയ്യുന്നത്. അക്കേഷ്യ ഓറിക്കുലിഫോര്‍മിസും (Acacia auriculiformis) അക്കേഷ്യ മാഞ്ചിയവും (Acacia mangium). രണ്ടിന്‍േറയും സ്വഭാവം ഒന്നാണ്. കേരളത്തിന്‍െറ പരിസ്ഥിതിക്ക് തീര്‍ത്തും വിരുദ്ധം. പ്രകാശസംശ്ളേ്ളഷണത്തിന് ഇവയ്ക്ക് വന്‍തോതില്‍ ജലം ആവശ്യമാണ്. പ്രതിദിനം 30 ലിറ്റര്‍ എന്ന നിലയിലാണ് അക്കേഷ്യയും യൂക്കാലിപ്റ്റസും വെള്ളം വലിച്ചെടുക്കുന്നത്. അക്കേഷ്യ നടത്തുന്ന മറ്റൊരു ക്രൂരപ്രവൃത്തി പ്രകൃതിയുടെ ജൈവവൈവിധ്യത്തെ തകര്‍ക്കുന്നു എന്നതാണ്. ഈ തോട്ടങ്ങളില്‍ ഇടതിങ്ങിയ അടിക്കാട് ഉണ്ടാവാറില്ല. മരങ്ങളുടെ ചുവട്ടിലാകട്ടെ മറ്റ് സസ്യങ്ങളൊന്നും കാര്യമായി വളരുകയുമില്ല. വടിച്ചെടുത്ത പോലെ മണ്ണ് മാത്രം തെളിഞ്ഞുകാണും. വിദേശ മരങ്ങളുടെ അധിനിവേശത്തിന് ശേഷം കേരളത്തിലെ അന്തരീക്ഷ താപനം കൂടുകയാണ് ചെയ്തത്. 1980ല്‍ സാമൂഹിക വനവത്കരണ പരിപാടിയുടെ ഭാഗമായി അക്കേഷ്യ കേരളത്തില്‍ അങ്ങോളമിങ്ങോളം നട്ടുപ്പിടിപ്പിക്കാന്‍ വനംവകുപ്പിലെ സസ്യശാസ്ത്രജ്ഞര്‍ അനുകൂല റിപ്പോര്‍ട്ടെഴുതുമ്പോള്‍ കേരളത്തിന്‍െറ അന്തരീക്ഷോഷ്മാവ് വേനല്‍ക്കാലത്ത് പരമാവധി 20 ഡിഗ്രി സെല്‍ഷ്യസിനും 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു. എന്നാല്‍ ഇന്ന് 42 ഉം അതിന് മുകളിലും ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നിരിക്കുകയാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍െറ അളവിനെ കൂട്ടുന്ന ഇത്തരം വൃക്ഷങ്ങളുടെ ആധിക്യം തന്നെയാണ് കാരണം.


മറുവാദങ്ങള്‍

പറങ്കി മാവ് പോലുള്ള ഫലവൃക്ഷങ്ങള്‍ അക്കേഷ്യയെക്കാള്‍ ജലനഷ്ടം വരുത്തുന്നു എന്ന് വാദിക്കുന്നവര്‍ സസ്യശാസ്ത്രജ്ഞരില്‍ തന്നെയുണ്ട്. അക്കേഷ്യ പ്രതിദിനം 30 ലിറ്ററെങ്കില്‍ പറങ്കിമാവ് 35 ലിറ്റര്‍ വെള്ളം വലിച്ചെടുക്കുന്നു എന്നതാണ് അവരുടെ വാദം. എന്നാല്‍ ഇതിനെ ഖണ്ഡിക്കല്‍ എളുപ്പമാണ്.
ശിഖരങ്ങളായി വളര്‍ന്ന് പടരുന്ന സസ്യമായതിനാല്‍ ഒരു പറങ്കിമാവ് നില്‍ക്കുന്ന ഭൂമിയുടെ ചുറ്റളവ് 50 മീറ്ററെങ്കിലുമുണ്ടാകും. ഈ അമ്പത് മീറ്റര്‍ ചുറ്റളവിനുള്ളില്‍ പത്തില്‍ കുറയാത്ത അക്കേഷ്യയോ മാഞ്ചിയമോ യൂക്കാലിപ്റ്റസോ മരങ്ങള്‍ നില്‍ക്കും. അപ്പോള്‍ ഒരു പറങ്കിമാവിന് പകരം 10 അക്കേഷ്യയാകുമ്പോള്‍ ജലനഷ്ടം 300 ലിറ്ററായി ഉയരുന്നു. ഈ യാഥാര്‍ഥ്യം മറച്ചുവെച്ചാണ് ചിലര്‍ ഭൂമിയുടെ ചോരയൂറ്റുന്ന അധിനിവേശ സസ്യവര്‍ഗങ്ങള്‍ക്ക് (Invasive alien species) വേണ്ടി വാദിക്കുന്നതെന്ന് ഡോ. ഖമറുദ്ദീന്‍ ചൂണ്ടിക്കാട്ടുന്നു.
പ്രാദേശികതലത്തില്‍ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയാണ് പ്ളാന്‍േറഷന്‍ പരിപാടികളെന്നാണ് മറ്റൊരു വാദം. കുഴിയെടുക്കല്‍, തൈ നടല്‍, പരിപാലനം, ഫയര്‍ലൈന്‍ തെളിക്കല്‍, മരംവെട്ട്, ലോഡിങ് തുടങ്ങിയ ജോലികള്‍ തദ്ദേശീയര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് തടയാനെ ഈ പരിസ്ഥിതി സംരക്ഷണ നയം കൊണ്ട് കഴിയൂ എന്ന് അവര്‍ വാദിക്കുന്നു.


ഈറ്റയും മുളയും

ഈറ്റയും മുളയും നട്ടാലും കടലാസുണ്ടാക്കാനുള്ള അസംസ്കൃത വസ്തുവായി. അക്കേഷ്യയെക്കാള്‍ വേഗത്തില്‍ പാകമാകുമെന്നതിനാല്‍ വാണിജ്യപരമായും തൊഴില്‍ പരമായും കൂടുതല്‍ ലാഭകരമാണ് ഈ കൃഷി. പ്രകൃതിക്കുള്ള നേട്ടം അതിലും വലുതാണ്. വെള്ളം കൂടുതല്‍ വലിച്ചെടുക്കില്ളെന്ന് മാത്രമല്ല മഴ മൂലം ലഭിക്കുന്ന ഈര്‍പ്പനിലയെ സംരക്ഷിച്ച് നിറുത്തി ഭൂമിയിലെ ജലത്തിന്‍െറ അളവിനെ കൂട്ടും. കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുതല്‍ വലിച്ചെടുക്കുകയും ഓക്സിജന്‍ കൂടുതലായി പുറത്തുവിടുകയും ചെയ്ത് അന്തരീക്ഷോഷ്മാവ് കുറക്കും. പ്രദേശവാസികളുടെ തൊഴില്‍ നഷ്ടമെന്ന പരാതി ഒഴിവാക്കുകയും ചെയ്യാം. ഫലവൃക്ഷങ്ങളും ഒൗഷധസസ്യങ്ങളുമായാലും ലാഭത്തിന് കുറവൊന്നുമുണ്ടാവില്ല. തൊഴില്‍ നഷ്ടവുമുണ്ടാവില്ല. വ്യവസായവും പ്രകൃതി സംരക്ഷണവും ഒരുപോലെ നടക്കും. പ്രകൃതിയുടെ ജൈവവൈവിധ്യം സമ്പന്നമായി തന്നെ നിലനില്‍ക്കും.
എന്തായാലും പ്രകൃതിയുടെ നിലനില്‍പിന്, കുടിനീര്‍ സംരക്ഷണത്തിന് ഇത്തരം വൈദേശിക ജാതികള്‍ നമ്മുടെ വനങ്ങളില്‍ നിന്നൊഴിഞ്ഞുപോയേ തീരൂ എന്നത് ജീവല്‍പരമായ ആവശ്യമാണ്.

നജിം കൊച്ചുകലുങ്ക്
ഫോട്ടോകള്‍: സാലി പാലോട്



Sunday, July 3, 2016

വന്യ ജീവിത സമൃദ്ധിക്കും നാശത്തിനുമിടയില്‍ വരയാടുകളുടെ ജീവിതം




നാട്ടിലെ ആടിന് കാട്ടിലുള്ള വംശ ബന്ധുവാണ് ‘വരയാട്’. ആട് വര്‍ഗത്തിലെ ഏക വന്യജീവി. ലോകത്ത് എല്ലായിടത്തും പലയിനം ആട് വര്‍ഗങ്ങളുണ്ടെങ്കിലും വരയാട് ഒരേയൊരിടത്തേയുള്ളൂ. തെക്കേ ഇന്ത്യയുടെ ഏറ്റവും തെക്ക് ഭാഗത്ത്. അതായത് പശ്ചിമഘട്ടത്തില്‍ കേരളവും തമിഴ്നാടും പങ്കിടുന്ന വന മേഖലയില്‍. International Union for Conservation of Nature (IUCN) ന്‍െറ റെഡ് ലിസ്റ്റിലുള്ള വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗങ്ങളിലൊന്നാണിത്.
ഒരേ സമയം പശ്ചിമഘട്ടത്തിന്‍െറ ജൈവ വൈവിധ്യ സമൃദ്ധിയുടെയും സംരക്ഷണ വെല്ലുവിളികളുടെയും പ്രതീകമാണ് ഈ നിഷ്കളങ്ക മൃഗം. വംശനാശ ഭീഷണിയില്‍ അങ്ങേയറ്റമായ ഭീമന്‍ പാണ്ട ലോക വന്യജീവി സംഘടനയുടെ ചിഹ്നമാണെങ്കില്‍, സമൃദ്ധിയില്‍ ജീവിക്കുമ്പോഴും നാശോന്മുഖതയെ നേരിടുന്ന വര്‍ഗങ്ങളുടെ പ്രതീകമായി വരയാടിനും അതുപോലൊരു ലോക മുദ്രയാകാനുള്ള അര്‍ഹതയുണ്ട്.



ശാസ്ത്രീയമായി ‘നീലഗിരി താര്‍’ എന്നറിയപ്പെടുന്ന വരയാട് മലമുകളിലെ പുല്‍മേടുകളുടെ ആഹ്ളാദമാണ്. അവ മേഞ്ഞുനടക്കുന്ന പുല്‍മേടുകള്‍ മരുഭൂമിയെ തടയാനുള്ള കേരളത്തിന്‍െറ രക്ഷാകവചമാണ്. മണ്ണിനും അതിന്‍െറ നനവിനും സംരക്ഷണം നല്‍കി പ്രകൃതിയുടെ ശാദ്വലതയെ നിലനിറുത്തുന്നതില്‍ പുല്‍മേടിനും വരയാട് പോലുള്ളവക്കും ഒരേ ജൈവിക പങ്കാണുള്ളത്. കേരളം മരുഭൂമിയായെന്ന് മലയാളി ഉരുകിയൊലിച്ച് തിരിച്ചറിഞ്ഞ വേനലൊന്ന് കടന്നുപോയതേയുള്ളൂ. മഴ, പുഴ, മലനിരകള്‍, പുല്‍മേടുകള്‍, വനം, അവയിലെ ജീവികള്‍ ഇവ തമ്മിലെ പാരസ്പര്യം മനുഷ്യന്‍െറ നിലനില്‍പിന്‍െറ ആധാരമാണെന്ന തിരിച്ചറിവാണ് പതിവില്ലാത്ത വിധം വേനല്‍ ചുട്ടുപഴുത്തപ്പോള്‍  മലയാളിക്കുണ്ടായത്. അതിന്‍െറ മാറ്റം പാരിസ്ഥിതിക അവബോധത്തില്‍ പ്രകടമാണ്.



തമിഴ്നാടിന്‍െറ സംസ്ഥാന മൃഗം
തമിഴ്നാടിന്‍െറ സംസ്ഥാന മൃഗമാണ് വരയാട്. എന്നാല്‍ എണ്ണത്തില്‍ കൂടുതലുള്ളത് കേരളത്തിന്‍െറ അതിരുകള്‍ക്കുള്ളിലാണ്. ചെങ്കുത്തായതും മിനുസമാര്‍ന്നതും ഉരുണ്ടതുമായ ഏതുതരം പാറകളിലൂടെയും മിന്നായം പോലെ പായാനും ശത്രുവിനെ കബളിപ്പിച്ച് കടന്നുകളയാനും വിരുതുള്ള ഈ കാട്ടാടിന് ‘വരയാട്’ എന്ന പേര് തമിഴിന്‍െറ സംഭാവനയാണ്. പാറ എന്നാണ് ‘വരൈ’ എന്ന തമിഴ് പദത്തിന്‍െറ അര്‍ത്ഥം. പര്‍വതനിരകളിലെ പുല്‍മേടുകള്‍ മേച്ചില്‍പ്പുറവും പാറക്കെട്ടുകളുടെ ഇടുക്കുകളും ഗുഹകളും വാസസ്ഥലവുമാക്കുന്ന ‘വരൈയാടുകള്‍’ അങ്ങിനെ മലയാളികള്‍ക്ക് വരയാടുകളായി മാറി.



പശ്ചിമഘട്ടത്തിന്‍െറ ജൈവ വൈവിധ്യ സമൃദ്ധിയുടെ അടയാളമായി വരയാട് വിശേഷിപ്പിക്കപ്പെടുന്നതിന് വ്യക്തമായ കാരണമുണ്ട്. ലോകത്ത് അങ്ങിനെയൊരു ജീവി വര്‍ഗം പശ്ചിമഘട്ടത്തിലെ പര്‍വത നിരകളില്‍ മാത്രമാണുള്ളത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ലോക വന്യജീവി സംഘടന ഡബ്ള്യു.ഡബ്യൂ.എഫിന്‍െറ ഇന്ത്യന്‍ ഘടകം തമിഴ്നാട്, കേരള സംസ്ഥാന വനംവകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ കണക്കെടുപ്പിനും പഠനത്തിനുമൊടുവില്‍ അന്നത്തെ തമിഴ്നാട് വനം മന്ത്രി എം.എസ്്.എം ആനന്ദനാണ് പശ്ചിമഘട്ട മലനിരകളുടെ ജൈവ വൈവിധ്യത്തിന്‍െറയും ഒപ്പം വംശനാശോന്മുഖത യുടെയും പ്രതീകമായി വരയാടിനെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം (2015) ഒക്ടോബറില്‍ ഡബ്ള്യു.ഡബ്യൂ.എഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 3122 എണ്ണം വരയാടുകളാണ് ഈ മേഖലയിലുള്ളത്. എന്നാല്‍ ശാസ്ത്രീയവും വിട്ടുവീഴ്ചയില്ലാത്തതുമായ സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ സമീപ ഭാവിയില്‍ തന്നെ അത് 5000 ആയി ഉയര്‍ത്താനാകുമെന്ന ശുഭപ്രതീക്ഷയും റിപ്പോര്‍ട്ട് നല്‍കി. തമിഴ്നാടും കേരളവും ഓഹരി വെച്ച വനമേഖലയിലെ 5790 ചതുരശ്ര കിലോമീറ്ററിലാണ് സര്‍വേ നടന്നത്.



ഒരുപക്ഷേ, ഈയടുത്ത ദശാബ്ദങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ ഒരു ഉപജീവി വര്‍ഗത്തെ പ്രത്യേകമായി എടുത്ത് ഏറെ ഗൗരവത്തോടെ നടന്ന ആദ്യത്തെ സമഗ്ര പഠനമായിരുന്നു അത്. സര്‍വേയില്‍ കണ്ടത്തെിയ വിവരങ്ങളെ ഒന്ന് താരതമ്യം ചെയ്തുനോക്കാന്‍ പോലും ഒരു മുന്‍ മാതൃകയുണ്ടായിരുന്നില്ല എന്നതാണ് സത്യം. അതായത് വരയാടുകളെ കുറിച്ച് മുമ്പെങ്ങും ഒരു പഠനവും ഇന്ത്യയില്‍ നടന്നിട്ടില്ല എന്ന് വ്യക്തം. സര്‍വേഫലമായി വരയാടുകളുടെ 17 പുതിയ വാസയിടങ്ങള്‍ കൂടി കണ്ടത്തൊന്‍ കഴിഞ്ഞു. വര്‍ഷത്തിലേറിയ കൂറും കനത്ത മഴയോ മൂടല്‍മഞ്ഞോ ഉണ്ടാകുന്ന, പുറമെ നിന്നുള്ള ഏതൊന്നിനും ദുഷ്പ്രാപ്യമായ കന്യാമേഖലകളാണ് കണ്ടത്തെിയവയില്‍ ഏറിയവയും. വരയാടിന്‍െറ നിലവിലെ സ്ഥിതിയും വംശവര്‍ദ്ധനവും സംബന്ധിച്ച് കൃത്യമായ വിവരങ്ങളാണ് ഈ പഠനം ബാക്കിവെച്ചത്. ഇന്ത്യയിലെ കുളമ്പുള്ള ഗിരിവര്‍ഗ ജീവികളില്‍ വരയാടുകളാണ് ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് സഹ്യന്‍െറ കേരള, തമിഴ്നാട് ഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയതെന്നും സര്‍വേ റിപ്പോര്‍ട്ട് അടിവരയിട്ടു.

വനസംരക്ഷണത്തിലെ പിഴവുകളാണ് ഇവയുടെ നിലനില്‍പിന് ഭീഷണിയാകുന്നതെന്ന കണ്ടത്തെലുകളും ഈ റിപ്പോര്‍ട്ടിലുണ്ട്. സാമ്പ്രദായിക വനപരിപാലന രീതിയില്‍ കാലികവും കാലാവസ്ഥ വ്യതിയാനത്തിന് അനുസൃതവുമായ പരിഷ്കരണം അത്യാവശ്യമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സംരക്ഷണ നടപടികളിന്മേല്‍ നിരന്തര നിരീക്ഷണം വേണം.
കാട്ടു തീ മൂലമുണ്ടാകുന്ന തീറ്റപ്പുല്ലിന്‍െറ നാശം, മൃഗങ്ങള്‍ക്കിടയില്‍ പടരുന്ന രോഗങ്ങള്‍, പള്‍പ്പ് വുഡുകളുടെ അസന്തുലിതമായ പ്ളാന്‍േറഷന്‍, വേട്ടയാടല്‍, വനാന്തരങ്ങളിലെ പുണ്യസ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടനവും മറ്റും മൂലമുണ്ടാകുന്ന മനുഷ്യന്‍െറ കടന്നുകയറ്റം തുടങ്ങിയവയാണ് വരയാടിന്‍െറയും നിലനില്‍പിന് ഭീഷണിയാകുന്നത്. ഈ സമഗ്ര പഠന റിപ്പോര്‍ട്ട് വരയാടുകളുടെ തല്‍സ്ഥിതിയെ കുറിച്ചുള്ള ഒരു ഉള്‍ക്കാഴ്ച മാത്രമല്ല, ആ സവിശേഷ ജീവി വര്‍ഗത്തിന്‍െറ ഭാവി ഭദ്രമാക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളും കര്‍മ പദ്ധതിയും മുന്നോട്ടുവെക്കുകയാണെന്ന് wwf - Indiaയുടെ സെക്രട്ടറി ജനറല്‍ രവി സിങ് അഭിപ്രായപ്പെട്ടു. റെഡ് ലിസ്റ്റിലുള്ള ഒരു ജീവി വര്‍ഗത്തെ തദ്ദേശ വനം വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ തന്നെ രക്ഷപ്പെടുത്താനാവുമെന്ന ആത്മവിശ്വാസമാണ് ഡബ്ള്യു.ഡബ്ള്യു.എഫ് പ്രകടിപ്പിക്കുന്നത്.



വരയാടുകളുടെ പറുദീസയില്‍
വരയാടുകളെന്ന് കേട്ടാല്‍ ആരുടേയും മനസില്‍ ആദ്യം തെളിയുക മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനമാണ്. അവിടെ പോയിട്ടുള്ളവര്‍ വരയാടുകളോടൊപ്പം ഒരു സെല്‍ഫിയെങ്കിലുമെടുക്കാതെ മടങ്ങാറില്ല. മനുഷ്യരുടെ മണമടിക്കുമ്പോള്‍ ഓടിമറയുന്ന വരയാടുകളെ അതുകൊണ്ട് തന്നെ വിനോദസഞ്ചാരികള്‍ക്ക് അപരിചിതവുമായിരിക്കും. മനുഷ്യനോട് ഇണങ്ങിയ വരയാടുകള്‍ ഇരവികുളത്തിന്‍െറ മാത്രം പ്രത്യേകതയാണ്്. വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ ജനങ്ങളുടെ നിത്യ സാന്നിദ്ധ്യമുണ്ടായതാണ് വന്യത ചോര്‍ത്തിയത്.

എന്നാല്‍ വന്യപ്രകൃതിയില്‍ തന്നെ വരയാടുകളെ കാണാന്‍ ‘വരയാടുമൊട്ട’ പോലുള്ള മറ്റ് ആവാസ കേന്ദ്രങ്ങളിലേക്ക് മല കയറണം. പശ്ചിമഘട്ടത്തിന്‍െറ തെക്കേ ഖണ്ഡത്തില്‍ തിരുവനന്തപുരം ജില്ലയുടെ തെക്ക് കിഴക്ക് അഗസ്ത്യ വനം ജൈവമണ്ഡലത്തിലെ പേപ്പാറ വന്യ ജീവി സങ്കേതത്തില്‍ പൊന്മുടി കുന്നുകളോട് ചേര്‍ന്നാണ് വരയാടുകളുടെ ഈ പറുദീസ. ഇരവികുളത്തെ രാജമല, പന്തുമല, ചിന്നപ്പന്തുമല എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആടുകളുള്ള പ്രദേശമാണ് ‘വരയാടുമൊട്ട’. എന്നാല്‍ വന്യതയിലും ആടുകളുടെ ആരോഗ്യ സമൃദ്ധയിലും ഒന്നാം സ്ഥാനത്താണ് ഈ കേന്ദ്രം. മലയോര പട്ടണമായ പെരിങ്ങമ്മലയിലെ പ്രാന്തത്തിലുള്ള ഞാറനീലി ഗ്രാമത്തിലൂടെയും മങ്കയം ഇക്കോടൂറിസം വഴിയും വിതുരയില്‍ നിന്ന് പൊന്മുടി റൂട്ടില്‍ മുടിപ്പിന്‍ വളവുകള്‍ കയറി മൊട്ടമൂട് ആദിവാസി കോളനിയുടെ ഓരം ചേര്‍ന്നും വരയാടുമൊട്ടയില്‍ എത്താം. ഏതുവഴി പോയാലും അത് ഹൃദ്യവും സാഹസികവുമായ യാത്രാനുഭവമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ആകാശത്തെ തൊട്ട് മേഘളോടുരുമി നില്‍ക്കുന്ന ശിലാഗ്രത്തോട് കൂടിയ ഒരു ശക്തിദുര്‍ഗമാണ് വരയാടുമൊട്ട. പച്ച പുതച്ച അതിന്‍െറ മേനികളില്‍ മേഞ്ഞുകളിക്കുന്ന വരയാടുകള്‍ പ്രകൃതിയുടെ ജീവനനക്കങ്ങളാണ്. സഹ്യന്‍െറ മടക്കുകളിലെ ഏറ്റവും മികച്ച ട്രക്കിങ്ങ് അനുഭവങ്ങളിലൊന്ന് അതീവ സാഹസികമായി പകര്‍ന്നുതരും വരയാടുമൊട്ടയിലേക്കുള്ള യാത്ര. അറുന്നൂറിലേറെ ഒൗഷധികളാല്‍ സമ്പന്നമായ പശ്ചിമഘട്ടത്തിന് അരപ്പട്ട കെട്ടിയ ചോലക്കാടുകളുടെ നിബിഡത നൂഴ്ന്നാണ് കാല്‍നട യാത്ര തുടങ്ങേണ്ടത്. നിധിമോഹികള്‍ വൈഡൂര്യ ഖനനത്തിന് വേണ്ടി മലയുടെ അകിടുകളില്‍ തുരന്ന ഗര്‍ത്തങ്ങളിലേക്ക് കാലുതെന്നാതെ കരുതലോടെ പച്ചപ്പിന്‍െറ ഇരുളന്‍ തണല്‍ പറ്റി കയറ്റങ്ങള്‍ താണ്ടിയാല്‍ വരയാടുമൊട്ടയുടെ പാദത്തിലത്തൊം.
ഇരട്ട കുന്നുകളില്‍ ആദ്യം കാണുന്ന പൊക്കം കുറഞ്ഞത് സര്‍ക്കാര്‍ മൊട്ടയാണ്. ‘സര്‍ക്കാര്‍’ എന്നത് താഴ്വരയിലെ പ്രദേശവാസികള്‍ നല്‍കിയ പേരാണ്. പേരിന്‍െറ കാരണം നാട്ടുകാര്‍ക്കും കൃത്യമായി അറിയില്ല. ആകാശം തൊട്ട് നില്‍ക്കുന്ന രണ്ടാമത്തെ വലിയ ശക്തി ദുര്‍ഗമാണ് യഥാര്‍ഥ വരയാടുമൊട്ട. നോക്കത്തൊ ദൂരത്തോളം പ്രകൃതിയൊരുക്കിയ മതില്‍ പോലെ ആകാശത്തെ തൊട്ടുരുമി നിവര്‍ന്നുകിടക്കുന്ന അതിന് സമുദ്ര നിരപ്പില്‍ നിന്ന് 1500 മീറ്ററിലേറെ ഉയരമുണ്ട്. മേഖലയിലെ ഏറ്റവും ഉയരമുള്ള മുടിയായ അഗസ്ത്യാര്‍കൂടത്തിന്‍േറത് 1800 മീറ്ററാണ്.



അഗസ്ത്യന്‍െറ തോളൊപ്പം പൊക്കത്തില്‍ നില്‍ക്കുന്ന വരയാടു മൊട്ടയുടെ മുകളിലത്തെുക വടികുത്തിയും വിയര്‍പ്പൊഴുക്കിയും നടത്തേണ്ട അതി സാഹസികമായൊരു മലകയറ്റം തന്നെയാണ്. പച്ചപ്പ് പൊതിഞ്ഞ ആനപ്പുറം പോലത്തെ മലനിരയുടെ മുകളിലത്തെിയാല്‍ ഒന്ന് അണച്ചുനിവരുമ്പോഴേക്കും കുളരിന്‍െറ കൈകള്‍ നീട്ടി കാറ്റ് ആലിംഗനം ചെയ്യും. അതോടെ അണപ്പും വിയര്‍പ്പുമൊക്കെ താനേ അലിഞ്ഞില്ലാതാകും. വിയര്‍പ്പ് രന്ധ്രങ്ങളില്‍ കുളിര് കയറും. സൂര്യന്‍ കത്തിജ്വലിക്കുന്ന നട്ടുച്ചക്കും കാറ്റിന് ഇവിടെ കുളിരാണ്. ചുറ്റുമൊന്ന് കണ്ണോടിച്ചാലോ കണ്ണഞ്ചിക്കുന്ന കാഴ്ചയാണ്. നേരെ താഴേക്ക് നോക്കിയാല്‍ കണ്ണുതള്ളും. കാലില്‍ വിറ കയറും. തിരിച്ചിറങ്ങുന്നതിനെ കുറിച്ചോര്‍ത്ത് നെഞ്ച് കിടുങ്ങും.

വരയാടുമൊട്ടയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ അറബിക്കടലും തിരുവനന്തപുരം നഗരത്തിന്‍െറ ഒരു ഭാഗവും അരുവിക്കര, പേപ്പാറ അണക്കെട്ടുകളും കാണാം. മലനിരയുടെ പച്ചപ്പ് പൊതിഞ്ഞ നിന്മനോന്നതങ്ങളിലൂടെ ചിലപ്പോഴെങ്കിലും മിന്നായം പോലെ വരയാടുകള്‍ പായുന്നതും കാണാം. കാട്ടുപോത്തും മറ്റ് ജീവികളുമുണ്ടെങ്കിലും കണ്ണില്‍ പെടുക വരയാടുകളാണ്. മലഞ്ചെരിവിന്‍െറ പള്ളയിലാണ് പശ്ചിമഘട്ടത്തില്‍ തന്നെ ഇതുവരെ കണ്ടത്തൊന്‍ കഴിഞ്ഞ വരയാടുകളുടെ പ്രകൃതിയൊരുക്കിയ ഒരേയൊരു ഈറ്റില്ലമുള്ളത്. പാറക്കെട്ടിനുള്ളില്‍ താനെയുണ്ടായ വലിയൊരു ഗുഹയാണത്. ലേബര്‍ റൂമടക്കമുള്ള പ്രസവ ശശ്രൂഷ ഗേഹം. ഒരേ സമയം നൂറിലേറെ ആടുകള്‍ക്ക് കിടക്കാന്‍ തക്ക വിസ്തൃതിയുള്ളത്. പ്രകൃതി മണല്‍ വിരിച്ചൊരുക്കിയ മത്തെയാണ് ഗുഹയുടെ നിലം. മനുഷ്യ നിര്‍മിതിയോ എന്ന് സംശയിച്ചുപോകത്തക്ക കൃത്യത!

ഇവിടുത്തെ വരയാടുകളെ സംരക്ഷിക്കാന്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ താല്‍പര്യപ്രകാരം ചില ശ്രമങ്ങളൊക്കെയുണ്ടായിട്ടുണ്ടെങ്കിലും മൂന്നാറിലേത് പോലെ ഗൗരവമായ കരുതല്‍ പദ്ധതികളൊന്നുമുണ്ടായിട്ടില്ല.
wwfന്‍െറ പഠന സംഘവും ഈ മല കയറിയിട്ടുണ്ടോ എന്ന സംശയം പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന് കീഴിലെ ബയോഡൈവേഴ്സിറ്റി മാനേജ്മെന്‍റ് കമ്മിറ്റി ഭാരവാഹി കൂടിയായ പെരിങ്ങമ്മല ഇഖ്ബാല്‍ കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. ഖമറുദ്ദീന്‍ പങ്കുവെക്കുന്നു. പെരിങ്ങമ്മല പഞ്ചയത്തിലുള്‍പ്പെടുന്ന സഹ്യ മേഖല മുഴുവന്‍ ജൈവവൈവിധ്യത്തിന്‍െറ സമൃദ്ധയിലാണെങ്കിലും ഏറ്റവും ഹോട്ടായ പോയിന്‍റാണെങ്കിലും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പോലും ചിറ്റമ്മനയമാണ് പുലര്‍ത്തുന്നതെന്ന് പ്രദേശവാസികളായ പരിസ്ഥിതി സ്നേഹികള്‍ അഭിപ്രായപ്പെടുന്നു.

ഇവിടെയുള്ള വരയാടുകളെയും പുല്‍മേടുകളെയും സംരക്ഷിക്കാന്‍ വേണ്ടത്ര ശ്രമങ്ങളൊന്നും ഇനിയുമുണ്ടായിട്ടില്ല. ഒൗദ്യോഗിക കണക്കെടുപ്പൊന്നും ഉണ്ടായിട്ടില്ളെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരുടെ അനൗദ്യോഗിക സര്‍വേയിലൂടെ മനസിലാക്കാനായത് അറുന്നൂറിലേറെ ആടുകള്‍ ഇവിടെയുണ്ടെന്നാണ്. അതുകൊണ്ട് തന്നെ വരയാടുകളെ കുറിച്ച് പഠിക്കുമ്പോള്‍ വരയാടുമൊട്ടയേയും അറിയണം.

നജിം കൊച്ചുകലുങ്ക്

ഫോട്ടോകള്‍: സാലി പാലോട്

Saturday, April 2, 2016

വാഴ്വാന്തോല്‍: കാഴ്ചയുടെ ആനന്ദം



പുഴയുടെ സ്വഛന്ദ ജീവിതത്തിന് ഇളകിമറിയുന്ന ഒരു ‘പെണ്‍കുട്ടി കാല’മുണ്ടെന്ന് അറിയണമെങ്കില്‍ കാട് കയറണം. കാട്ടുപച്ചയുടെ ഇരുളന്‍മേനിയോടൊട്ടി ഇരമ്പി വീഴുന്ന ജലപാതങ്ങള്‍ കാണണം. തൃഷ്ണയുടെ കരിമ്പാറക്കൂട്ടങ്ങളില്‍ തലതല്ലി ആര്‍ത്തലച്ച് താഴേക്ക് ചിന്നിച്ചിതറുന്നതിനിടയിലെവിടെയോ വെച്ചാണ് പുഴ രജസ്വലയാകുന്നത്. ഋതുമതിയുടെ അംഗലാവണ്യത്തോടെ പുഴ അതിന്‍െറ മുഴുവന്‍ സൗന്ദര്യവും പുറത്തെടുത്ത് മിന്നിത്തിളങ്ങുന്നു. പ്രകൃതിയെന്ന മഹാചിത്രകാരന്‍ കടും വര്‍ണക്കൂട്ടുകളാല്‍ വരഞ്ഞിട്ട കാടിനുള്ളിലെ ജലപാതങ്ങള്‍ എന്നും കാഴ്ചയിലെ കൗതുകമാണ്.

പശ്ചിമ ഘട്ടത്തിന്‍െറ കേരളീയ ആകാര വടിവിനുള്ളില്‍ ഇത്തരത്തില്‍ പതിനായിരത്തിലേറെ വെള്ളച്ചാട്ടങ്ങളാണുള്ളത്. വര്‍ഷത്തില്‍ 365 ദിവസവും നീരൊഴുക്കുള്ളതും മഴക്കാലത്തുമാത്രം സജീവമാകുന്നതുമായി രണ്ട് വിഭാഗങ്ങളുണ്ട് ഇവയില്‍. സഹ്യാദ്രി മലനിരകളിലെ പാറയിടുക്കുകളില്‍നിന്ന് ഉത്ഭവിക്കുന്ന നദികള്‍ കുത്തനെ താഴേക്ക് പതിക്കുന്ന ജലപാതങ്ങളിലാണ് 365 ദിവസവും ഒരേപോലെ നീരൊഴുക്കുണ്ടാവുക. ഈ വിഭാഗത്തില്‍ ഏറ്റവും ഭംഗിയുള്ള വെള്ളച്ചാട്ടങ്ങളിലൊന്നാണ് വാഴ്വാന്തോല്‍. തിരുവനന്തപുരം ജില്ലയുടെ തെക്ക് കിഴക്ക്, വിതുരയെന്ന ഉള്‍നാടന്‍ പട്ടണത്തിന് സമീപം പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളിലാണ് ഈ പേരില്‍ രണ്ട് ജലപാതങ്ങള്‍.



തലസ്ഥാന നഗരിയില്‍നിന്ന് 40 കിലോമീറ്റര്‍ സഞ്ചരിക്കണം വിതുരയിലത്തൊന്‍. അവിടെനിന്ന് ബോണക്കാട്ടേക്കുള്ള ‘മുടിപ്പിന്‍’ വളവുകള്‍ കയറുമ്പോള്‍ എട്ടാം കിലോമീറ്ററില്‍ പെട്ടെന്ന് വലതുവശത്തേക്ക് തിരിഞ്ഞ് താഴേക്ക് ഒടിഞ്ഞിറങ്ങിയാല്‍ വാഴ്വാന്തോലിലേക്ക് പോകാം. പേപ്പാറ വന്യജീവി സങ്കേതത്തിന്‍െറ പാലോട് റിസര്‍വില്‍ തോടയാര്‍ ഡിവിഷന്‍െറ ചെക്ക്പോസ്റ്റില്‍നിന്നാണ് വിതുര-ബോണക്കാട് റൂട്ടില്‍ വാഴ്വാന്തോലിലേക്കുള്ള വഴി പിരിയുന്നത്. പേപ്പാറയിലെ 13 ആദിവാസി സെറ്റില്‍മെന്‍റുകളിലൊന്നായ ചാത്തന്‍കോട്ടേക്കുള്ള മെറ്റലിളകി അലങ്കോലപ്പെട്ട വഴിയെ രണ്ട് കിലോമീറ്റര്‍ വാഹനത്തില്‍ സഞ്ചരിച്ചാല്‍ തോടയാറത്തെി. ആറിന്‍െറ തീരത്ത് വാഹനം ഒതുക്കിയിട്ട് പിന്നീട് കാട്ടുവഴിയെ നടത്തമാണ് ശരണം. മുള്‍പ്പടര്‍പ്പുകള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കും ഇടയിലൂടെ കല്ലും മുള്ളും മരവേരുകളും ചവിട്ടി 2.200 കിലോമീറ്റര്‍ നടക്കണം. ആനയും കാട്ടുപോത്തും ഇടക്കെപ്പോഴെങ്കിലും നടത്താറുള്ള കവാത്തും പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ കുത്തനെയുള്ള കയറ്റിറക്കങ്ങളും ഈ വഴിയെയുള്ള നടത്തം അല്‍പം സാഹസം നിറഞ്ഞതാക്കുന്നു. പഥികന്‍െറ മനസിലാകട്ടെ കാടിന്‍െറ ഇരുട്ടും അകലെ നിന്നേ കാതുകളില്‍ അലച്ചുവീഴുന്ന ജലപാതത്തിന്‍െറ ഹുങ്കാര ശബ്ദവും നേരിയൊരു ഉള്‍ക്കിടിലത്തിന്‍െറ ചെണ്ട പെരുപ്പിക്കുന്നുണ്ടാവും.

കല്ലുകളില്‍ ചവിട്ടിക്കയറിയും ഉയര്‍ന്നിരിക്കുന്ന മരവേരുകളില്‍ പിടിച്ചിറങ്ങിയും വഴിക്ക് കുറുകെ വീണുകിടക്കുന്ന വലിയ വൃക്ഷങ്ങള്‍ക്കടിയിലൂടെ പുനര്‍ജനി നൂഴ്ന്നും ദുര്‍ഘടങ്ങള്‍ താണ്ടിയുള്ള നടത്തയുടെ ക്ഷീണം കണ്ണുകളില്‍ നിറയുന്ന വെള്ളച്ചാട്ടത്തിന്‍െറ ഉടലഴകും അന്തരീക്ഷത്തില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന ജലകണികകളുടെ സുഖകരമായ സ്പര്‍ശവും ഞൊടിയിട കൊണ്ട് മാറ്റും. പ്രകൃതിയെന്ന ശില്‍പി പല അടുക്കുകളാക്കി ഒടിച്ചുമടക്കി ചത്തെിമിനുക്കി നിര്‍ത്തിയ കരിമ്പാറ ശില്‍പങ്ങളില്‍ തട്ടി ചിന്നിച്ചിതറുന്ന ജലധാരയുടെ ദൃശ്യവിസ്മയം എത്ര നോക്കിനിന്നാലും മതിവരില്ല. പച്ചിലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യന്‍ കുലക്കുന്ന മാരിവില്ല് ഒടിച്ചുവേണം പാറയടുക്കുകള്‍ ചവിട്ടിക്കയറി ജലപാതത്തിനടുത്തത്തൊന്‍. ഹുങ്കാരത്തിനുള്ളിലെ ജലമര്‍മ്മരത്തിന്‍െറ ശാന്തിമന്ത്രം കേട്ടും ഉള്ളം കുളിര്‍ക്കുന്ന ജലസ്പര്‍ശമറിഞ്ഞും പാറക്കെട്ടുകളിലിരുന്നാല്‍ ഉദയാസ്തമയങ്ങള്‍ അറിഞ്ഞെന്നുവരില്ല. നിലാവുദിച്ചാല്‍ പകലിനെക്കാള്‍ പലമടങ്ങ് വെട്ടിത്തിളങ്ങും ജലപാതം. പാറക്കൂട്ടത്തിന്‍െറ മേലടുക്കിലും താഴെയുമായി രണ്ട് ജലപാതങ്ങള്‍. ഉയരം കൂടുതല്‍ മുകളിലുള്ളതിനാണ്. എന്നാല്‍ കാണാന്‍ ചന്തമേറെ താഴത്തേതിനും.



ആദിവാസി വാമൊഴി ഭാഷയിലാണ് ‘വാഴ്വാന്തോല്‍’ എന്ന പേര്. വായുഭഗവാന്‍െറ പേരാണത്രെ ഇത്. ആദിവാസി വാമൊഴി വഴക്കത്തില്‍ വായു ഭഗവാന്‍ വാഴ്വനും തോലനും (തമാശക്കാരനും) ആയപ്പോള്‍ ‘വാഴ്വാന്തോല്‍’ എന്ന പേരുണ്ടായി. അങ്ങിനെ വായു ദേവന്‍െറ പേരിലും ഭൂമിയില്‍ ഒരു വെള്ളച്ചാട്ടം.



ഇതൊരു വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ പ്രദേശത്തെ ആദിവാസികളുടെ സഹകരണത്തോടെ ഇക്കോ ഡവലപ്മെന്‍റ് സൊസൈറ്റിയുണ്ടാക്കി വനംവകുപ്പ് എന്തൊക്കയൊ ചെയ്യുന്നുണ്ട്. എന്നാല്‍ ആതിരപ്പള്ളി കഴിഞ്ഞാല്‍ ഒരുപക്ഷെ കേരളത്തിലെ ഏറ്റവും ഭംഗിയുള്ള ഈ വെള്ളച്ചാട്ടത്തെ കുറിച്ച് ജനങ്ങള്‍ വേണ്ടത്ര കേട്ടിട്ടില്ല. ആഴ്ചവട്ട അവധിക്ക് മദ്യവും തീറ്റയുമായത്തെി വെള്ളച്ചാട്ടത്തെക്കാള്‍ വെള്ളം അകത്താക്കി ആമോദിച്ച് ആര്‍ത്തട്ടഹസിച്ച് മടങ്ങുന്ന ആവേശ ചെറുപ്പങ്ങളല്ലാതെ വിനോദ സഞ്ചാരികള്‍ അധികം പേര്‍ ഈ വഴിക്കുണ്ടാവാറില്ല. കണ്ണും കാതുമില്ലാത്ത അമിതാഘോഷക്കാര്‍ വലിച്ചെറിയുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ അങ്ങിങ്ങ് കൂടിക്കിടന്ന് പരിസ്ഥിതിയെ വെല്ലുവിളിക്കാനും തുടങ്ങിയിട്ടുണ്ട്.

Monday, May 6, 2013

കേരളം ഇത്രമേല്‍ മരുഭൂമിയായതെങ്ങിനെ?


മരുഭൂമിയില്‍ തണുപ്പുകാലത്തിന്‍െറ വരവറിയിച്ച് മഞ്ഞും മഴയും പെയ്യാന്‍ തുടങ്ങിയ ഡിസംബറിലാണ് വാര്‍ഷിക അവധിക്ക് കേരളത്തിലേക്ക് തിരിച്ചത്. ചെന്നിറങ്ങിയത് മറ്റൊരു മരുഭൂമിയിലാണോ എന്നുതന്നെ തോന്നിപ്പോയി. വിമാനമിറങ്ങിയ പുലരി മഞ്ഞുപൊഴിയേണ്ട ഡിസംബറിലേതായിട്ടും അവിക്കുന്ന ചൂട്. വേനലാരംഭിച്ചിട്ടില്ല, അതിനുമുമ്പേ കടുത്ത ചൂടും വറുതിയും.


മൂന്നു മാസത്തിനുശേഷം അവിടെനിന്ന് വിമാനം കയറുമ്പോള്‍ വറുതി അതിന്‍െറ മൂര്‍ദ്ധന്യത പ്രാഖ്യാപിച്ചുകഴിഞ്ഞിരുന്നു. കുടിവെള്ളം പോലും വറ്റിപ്പോയി. സൗദിയില്‍ വിമാനമിറങ്ങുമ്പോള്‍ മരുഭൂമിയില്‍ സുഖദസുന്ദരമായ കാലാവസ്ഥ. നേരിയ സുഖമുള്ള തണുപ്പ്. ചെറിയ കാറ്റ്. വല്ലപ്പോഴൊ ഓരോ മഴ. ഡിസംബറിലും ജനുവരിയിലുമൊക്കെ അനുഭവവേദ്യമാകേണ്ട കേരളത്തിന്‍െറ സ്വന്തം ശിശിരകാലമാണ് സൗദിയിലെന്ന് തോന്നി!


ഈ സുഖാന്തരീക്ഷത്തിലേക്ക് അപൂര്‍വം ചില അവസരങ്ങളില്‍ അപ്രതീക്ഷിതമായി പാഞ്ഞത്തെുന്ന പൊടിക്കാറ്റിന്‍െറ അസ്ക്യത ഒഴിച്ചുനിറുത്തിയാല്‍ സൗദി അറേബ്യയും കേരളവും തമ്മില്‍ മാറിപ്പോകുംവിധം കാലാവസ്ഥക്ക് വേഷപ്പകര്‍ച്ച സംഭവിച്ചിരിക്കുന്നു. സൗദിഅറേബ്യ കേരളത്തോളമായില്ളെങ്കിലും കേരളം സൗദിമരുഭൂമിയുടെ എല്ലാ തീക്ഷ്ണതയും അനുഭവിപ്പിച്ചു കൊണ്ടിരിക്കുന്നു.


മരുഭൂമിയില്‍ ആറുമാസം വേനലും ആറുമാസം ശൈത്യവുമെന്നത് പ്രകൃതി പണ്ടേ നിശ്ചയിച്ചുവെച്ച ക്രമമാണ്. സൗദിയിലെ ആ കാലക്രമത്തിനാണ് ചെറിയ വ്യതിയാനവും ശിശിരത്തിന്‍െറ സാന്നിദ്ധ്യവും അനുഭവപ്പെടുന്നത്. (റിയാദ് ഉള്‍പ്പടെയുള്ള മരണല്‍നാടുകളെ വൃക്ഷങ്ങള്‍ നട്ടും പൂന്തോട്ടങ്ങളും കൃഷിത്തോട്ടങ്ങളും കൃത്രിമ ജലാശയങ്ങളും നിര്‍മിച്ചും പച്ചപ്പണിയിക്കാനുള്ള സര്‍ക്കാറിന്‍െറയും ജനങ്ങളുടേയും പ്രയത്നഫലം അന്തരീക്ഷത്തെ സ്വാധീനിക്കുന്നതാവണം. റിയാദ് നഗരത്തെ ചുറ്റി വാദി ഹനീഫ (ഹനീഫ താഴ്വര)യില്‍ പണിതീര്‍ത്ത നീരൊഴുക്കിന്‍െറ അരഞ്ഞാണം വിസ്മയമാണ്).


എന്നാല്‍ കലാവസ്ഥയുടെ എല്ലാ പകര്‍ന്നാട്ടങ്ങളും കൃത്യമായ നിഷ്ഠയോടെ അരങ്ങുവാണിരുന്ന കേരളത്തില്‍ അതെല്ലാം അട്ടിമറിയുകയും വേനല്‍ മറ്റുവേഷങ്ങളെ അണിയറയിലേക്ക് തള്ളിയകറ്റി സ്വന്തം കത്തിവേഷം  തീക്ഷ്ണതയോടെ ആടിത്തിമിര്‍ക്കുകയുമാണ്.
ശിശിരകാലത്തിന്‍െറ തുടക്കത്തില്‍ തന്നെ വേനല്‍പ്പക്ഷിയുടെ ചിറകടിയൊച്ച കേള്‍ക്കേണ്ടിവന്ന ദുര്‍ഗതിയായിരുന്നു മലയാളികള്‍ക്ക്. മഞ്ഞുകാലമെന്ന് നാം വിളിക്കാറുണ്ടായിരുന്ന സീസണിലാണ് കേരളം വറുതിയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയതും കേന്ദ്രം സംസ്ഥാനത്തെ സമ്പൂര്‍ണ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചതും.

‘വെള്ളം വെള്ളം സര്‍വത്ര
തുള്ളി കുടിക്കാനില്ലത്രെ’ 
എന്ന പഴഞ്ചൊല്ലില്‍ പതിരില്ളെന്ന് തെളിയിച്ച്, 44 നദിയും അതിലേറെ ജലാശയങ്ങളുമുള്ള കേരളത്തില്‍ കുടിക്കാനും കുളിക്കാനും വെള്ളം കിട്ടാക്കനിയായ നിര്‍ഭാഗ്യതയിലാണ്ടുകഴിഞ്ഞു മലയാളി.
മണലാരുണ്യത്തില്‍ ചോര വിയര്‍പ്പാക്കിയ പണം കൊണ്ട് പൊന്നിന്‍വിലക്ക് വാങ്ങിച്ച ഭൂമികളില്‍ ആയുഷ്ക്കാല സമ്പാദ്യങ്ങള്‍ കുഴിച്ചിട്ട് മണിമാളികകള്‍ പണിത പ്രവാസികള്‍ പോലും നാട്ടിലത്തെുമ്പോള്‍ പിശകിപ്പോയ ധാരണകളില്‍ ഉള്ളും പുറവും പൊള്ളി വെള്ളമുള്ള മണ്ണുണ്ടോ എന്ന് അന്വേഷിച്ചുതുടങ്ങിയതാണ് കേരളത്തിലെ ‘റിയല്‍ എസ്റ്റേറ്റ് റിയാലിറ്റി’യുടെ പുതിയ വര്‍ത്തമാനം.


ജലസമൃദ്ധിയില്‍നിന്ന് വറുതിയിലേക്ക് വേരോടെ പറിച്ചുനട്ട മരം പോലെ നിന്നുണങ്ങുന്ന കേരളത്തിന്‍െറ വിങ്ങലുകളാണ് നാട്ടിലേക്ക് വിളിച്ചാല്‍ ഫോണിന്‍െറ മറുതലക്കല്‍നിന്നു കേള്‍ക്കുക. പ്രിയപ്പെട്ടവര്‍ ചോദിക്കുന്നു, ചുട്ടുപൊള്ളുന്ന ചൂട് സഹിച്ചു ജീവിക്കാമെന്നുവെക്കാം, വെള്ളമില്ലാതെ പ്രാണന്‍ കിടക്കുന്നതെങ്ങിനെ?


കേരളത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ശുദ്ധജലതടാകമായ ശാസ്താംകോട്ട ജലാശയം വറ്റിത്തുടങ്ങിയത് അവധിക്കാലത്ത് നേരിട്ടുതന്നെ കാണാനിടയായി. കരിമ്പനകളില്‍ കാറ്റുപിടിക്കുന്ന ഗൃഹാതുരതയുമായി മനസില്‍നിറഞ്ഞു കിടക്കുന്ന പാലക്കാടിനെ മരുഭൂമി വിഴുങ്ങിത്തുടങ്ങിയെന്നുള്ള ദൃശ്യപ്രസ്താവനകളോടെ വന്നത്തെിയ ടി.വി വാര്‍ത്ത ശരിക്കും ഞെട്ടിച്ചുകളഞ്ഞു.

ഉഷ്ണമേഖലകള്‍ അന്വേഷിക്കുന്ന ദേശാടന പക്ഷികള്‍ കേരളത്തില്‍ പുതിയ താവളങ്ങള്‍ കണ്ടത്തെുന്നത് ജനുവരിയുടെ വേപഥുവായാണ് പ്രകൃതിസ്നേഹികള്‍ പങ്കുവെച്ചത്. കാണാതാകുന്ന കേരളത്തിന്‍െറ സ്വന്തം പക്ഷികളെ കുറിച്ചുള്ള ആകുലത അവര്‍ ഫെബ്രുവരിയില്‍ പങ്കുവെച്ചു. ദേശാടനത്തിന്‍െറ ഈ കാലയളവില്‍ കേരളത്തിലേക്ക് വന്നത് ഉഷ്ണമേഖല തേടുന്ന പക്ഷികളാണ് ഏറെയും.

വിരഹത്തിന്‍െറ മാര്‍ച്ചില്‍ വേനലാണ് ചുട്ടുപൊള്ളിച്ചത്. ഇനി ഏപ്രിലും മേയും കൂടിയാവുമ്പോള്‍ തീ തന്നെ തീറ്റിക്കുമോ  എന്ന ഭയപ്പാടിലാണ് മനുഷ്യര്‍.
എങ്ങിനെയാണ് നാട് ഇങ്ങിനെയായത്? ജലരാശികള്‍ എങ്ങോട്ടാണ് പോയത്, ആരാണ് ആട്ടിപ്പായിച്ചത്? ചിന്ത പലവഴി പാഞ്ഞപ്പോള്‍ കണ്‍മുന്നില്‍ കണ്ട യാഥാര്‍ഥ്യങ്ങളുടെ ചൂണ്ടുവിരല്‍ മരുഭൂമിയില്‍ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് നീര്‍ത്തടങ്ങള്‍ വെട്ടിമൂടി കോണ്‍ക്രീറ്റ് കാടുകള്‍ പണിയാന്‍ മുന്നില്‍നിന്ന പ്രവാസിയുടെ നേര്‍ക്കും നീളുന്നത് കാണുന്നു.


എന്‍െറ പ്രവാസം ആരംഭിക്കുന്നതിന് മുമ്പ്, അതായത് ഒരു വ്യാഴംവട്ടം മുമ്പുവരെ പോലും ഞങ്ങളുടെ ഗ്രാമത്തില്‍ ത്തക്കത്തൊദൂരത്തോളം നീളുന്ന വലിയ പാടശേഖരങ്ങളുണ്ടായിരുന്നു. അവയുടെ ചുറ്റും തെളിനീരുമായി തോടുകള്‍ ഒഴുകി. ചെറിയ കുളങ്ങളില്‍ വെള്ളം തുളുമ്പിനിന്നു. ആ സ്ഫടിക മേനിയില്‍ ആകാശം മുഖംനോക്കി. മാനത്തുകണ്ണി മുതല്‍ പലവിധ ജലജീവികളും വയല്‍ച്ചെടികളും ആമോദത്തോടെ കഴിഞ്ഞു. കൊതുകുകള്‍ മുട്ടയിട്ട് പെരുകാന്‍ പേടിച്ചു. മഴക്കാലത്ത് പൊന്തന്‍ തവളകളുടെ ‘ക്രോ’ വിളികളാല്‍ ഗ്രാമനിശീഥിനികള്‍ മുഖരിതമായി. വയല്‍വരമ്പുകളിലൂടെ പ്രണയം കൊലുസിട്ട് നടന്നു. ഓരോ അവധിക്ക് പോകുമ്പോഴും സ്ളേറ്റില്‍ വരച്ചിട്ട കല്ലുപെന്‍സില്‍ ചിത്രംപോലെ അവ പതിയെ മാഞ്ഞുതുടങ്ങുന്നത് കാണാതിരുന്നില്ല. എല്ലാം മാഞ്ഞ് സ്ളേറ്റിന്‍െറ കറുപ്പുനിറം കണ്ണിലിരുട്ട് നിറച്ചപ്പോള്‍ മാത്രമാണ് വേവലാതി കനത്തത്.


മുമ്പ് വയലുകള്‍ മണ്ണിട്ട് നികത്തിയാല്‍ നാണ്യവിളകളുടെ കൂട്ടത്തില്‍ കാല്‍ക്കാശ് നേട്ടമില്ലാത്ത തെങ്ങിന്‍ തോട്ടമുണ്ടാക്കാമെന്നല്ലാതെ മറ്റ് സാധ്യതകളൊന്നും മലയാളി കണ്ടത്തെിയിരുന്നില്ല. അതുകൊണ്ടുതന്നെ അത്ര വേഗമുണ്ടായിരുന്നില്ല വെട്ടിമൂടലുകള്‍ക്ക്. റബ്ബറിന് വില കയറിയപ്പോള്‍ റബ്ബര്‍ തോട്ടങ്ങളിലായി ആളുകളുടെ ശ്രദ്ധ. അതോടെ കുളങ്ങളുടേയും വയലുകളുടേയും നീര്‍ത്തടങ്ങളുടേയും നാശം വേഗത്തിലായി. പക്ഷെ, ഏറ്റവും ലാഭമുള്ള കൃഷി റിയല്‍ എസ്റ്റേറ്റാണെന്ന് വന്നതോടെ കഥ മാറി. നോക്കിനില്‍ക്കേ വയലും കുന്നുമെല്ലാം ഒരേ നിരപ്പിലുള്ള ‘പ്ളോട്ട് ഫോര്‍ സെയിലു’കളായി. വെട്ടിമൂടിയ മണ്ണടരുകള്‍ക്കടിയില്‍നിന്ന് നീരുറവകള്‍ എങ്ങോട്ടോ വലിഞ്ഞുപോയി. ഒഴുക്കുമുട്ടിയ തോടുകളിലും കുളങ്ങളിലും വെള്ളം കെട്ടിക്കിടന്ന് ജീര്‍ണിച്ചു. വെള്ളമില്ളെന്ന് ഇപ്പോള്‍ പഴിപറഞ്ഞ് നടക്കുന്ന ഗ്രാമീണന്‍െറ നെറ്റിയിലെ വിയര്‍പ്പുമണികള്‍ വിളിച്ചുപറയും സ്വന്തം ചെയ്തികള്‍ വരുത്തിവെച്ച അനര്‍ത്ഥങ്ങളുടെ ചൂട്ടുപൊള്ളിക്കുന്ന നേരുകള്‍.
പ്രകൃതിയേയും ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെയും കുറിച്ച് ഒരുപാടെഴുതിയ ബേപ്പൂര്‍ സുല്‍ത്താന്‍െറ ജന്മനാടായ തലയോലപ്പറമ്പില്‍, മുവാറ്റുപുഴയാറിന്‍െറ തീരത്ത് വെള്ളം നിറഞ്ഞു കിടന്ന് നാറുന്ന വലിയ കുളങ്ങള്‍ കണ്ടു വിസ്മയിച്ചത് ഇക്കഴിഞ്ഞ അവധിക്കാലത്താണ്. അത്രയും വലിയൊരു ജലസമൃദ്ധിയാല്‍ ചുറ്റപ്പെട്ടിട്ടും കുടിക്കാനും പാചകം ചെയ്യാനും സ്വന്തം കിണറ്റിലെ വെള്ളം പോലും ഉപയോഗിക്കാനാവാത്ത സങ്കടം ബന്ധു വെളിപ്പെടുത്തിയപ്പോഴാണ് തുളുമ്പാന്‍ മുട്ടികിടക്കുന്ന ആ ജലാശയങ്ങളുടെ യാഥാര്‍ഥ്യം ചികഞ്ഞത്. ‘മട്ടിമണലെ’ന്ന് അറിയപ്പെടുന്ന കരമണല്‍ ഖനനം ചെയ്തപ്പോഴുണ്ടായ ആഴമേറിയ കുഴികളാണവ. ഭൂമിയുടെ വ്രണങ്ങള്‍!.

കഷ്ടി 200 മീറ്റര്‍ മാത്രം അകലെയുള്ള പുഴയുടെ അതേ ജലനിരപ്പില്‍ നിറഞ്ഞുകിടക്കുന്ന വെള്ളം ഉപയോഗശൂന്യമാണെന്ന് മാത്രമല്ല സമീപത്തെ കിണറുകളില്‍ ഓര് നിറയാന്‍ കാരണവുമായിരിക്കുന്നു. ശുദ്ധജലം ഇല്ലാതാക്കിയതില്‍ തീര്‍ന്നില്ല, ആ മണല്‍ക്കുഴികളുടെ പ്രത്യാഘാതങ്ങള്‍. മഴക്കാലത്ത് പുഴയില്‍ വെള്ളപൊക്കമുണ്ടാവുമ്പോള്‍ ഈ കുളങ്ങളിലും ജലനിരപ്പുയരും. പ്രളയമുണ്ടാകും. കരയും പുഴയും ഒന്നാകും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍നിന്ന് മീഥൈന്‍ പോലുള്ള വിഷവാതകങ്ങളുണ്ടായി അന്തരീക്ഷ മലിനീകരണം വേറെയും.

പുഴയിലെ മണല്‍വാരല്‍ പോലെ തന്നെ പ്രകൃതി വിരുദ്ധമാണ് കരയിലെ മണല്‍ ഖനനവും. രണ്ടായാലും ഫലം മണ്ണിനടിയിലെ വാട്ടര്‍ ബെല്‍റ്റിന്‍െറ തകര്‍ച്ച. സാധാരണഗതിയില്‍ 10 മീറ്റര്‍ വീതിയുള്ള പുഴയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള കിണറുകളിലേയും കുളങ്ങളിലേയും ഉറവകള്‍ പുഴ മൂലം റീച്ചാര്‍ജ്ജ് ചെയ്യപ്പെടുമെന്നാണ് ശാസ്ത്രം പറയുന്നത്. മണല്‍ഖനനം മൂലം പുഴയിലും കരയിലും അപ്രതീക്ഷിത കയങ്ങളും ഗര്‍ത്തങ്ങളും രൂപപ്പെടുകയും കര ഇടിയുകയും ചെയ്യുമ്പോള്‍ അട്ടിമറിക്കപ്പെടുന്നത് പ്രകൃതിയുടെ ഈ സ്വാഭാവിക പ്രക്രിയകള്‍.


മണല്‍ ഖനനം വാട്ടര്‍ ബെല്‍റ്റിന് ഗുരുതര ക്ഷതമേല്‍പ്പിക്കുന്നു. ജലരാശികള്‍ ഛിന്നഭിന്നമാകുന്നു. ഉറവകളുമായുള്ള ബന്ധം മുറിയുന്നു. അതോടെ പ്രകൃതിയുടെ റീച്ചാര്‍ജ്ജിങ് പ്രോസസ് നിലക്കുന്നു. സ്വാഭാവിക ഉറവകള്‍ വരണ്ടുപോകുന്നു. പകരം വെള്ളക്കെട്ടില്‍നിന്ന് ഊറിയത്തെുന്ന ഓരും മറ്റ് ജീര്‍ണതകളും കലങ്ങിയ വെള്ളം കിണറുകളില്‍ നിറയുന്നു.
 ജലത്തിന്‍െറ വലിയ പ്രകൃതിദത്ത സംഭരണികളായ പാറക്കെട്ടുകള്‍ ധൂളികളാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചകളും നാട്ടിലെമ്പാടും കണ്ടു. പൊടിനിറഞ്ഞ അന്തരീക്ഷം ശ്വാസകോശത്തിന് വരുത്തമേറ്റി. പാറ പൊടിച്ച് ബദല്‍ മണല്‍ ഉദ്പാദിപ്പിക്കാനുള്ള വന്‍ നിക്ഷേപ പദ്ധതികള്‍ക്കായി പാറക്കെട്ടുകള്‍ വില്‍പ്പനക്ക് വെക്കുമ്പോള്‍ കയ്യൊഴിക്കുന്നത് ഇപ്പോള്‍ ജീവിക്കുന്നവരുടേത് മാത്രമല്ല, വരാനിരിക്കുന്ന അനേകം തലമുറകളുടെ കൂടി ജീവജലത്തിന്‍െറ വലിയ നിക്ഷേപങ്ങളെ. കുന്നുകള്‍ ഇടിച്ചുനിരത്തുമ്പോള്‍ പൊടിഞ്ഞുപോകുന്നത് അനേകം തലമുറകളുടെ അതിജീവനത്തിനുള്ള പ്രകൃതിയുടെ സ്രോതസുകള്‍.
\

വെള്ളമെന്ന വലിയ കടം
വെള്ളം എന്ന രണ്ടക്ഷരത്തിന് ഒരുപാട് അര്‍ത്ഥ വ്യാപ്തിയുണ്ട്. ഗര്‍ഭാവസ്ഥ മുതല്‍ മരണകിടക്കവരെ അതിജീവന പ്രക്രിയയില്‍ മനുഷ്യനടക്കമുള്ള ജീവികള്‍ കടപ്പെട്ടിരിക്കുന്നത് അതിനോടാണ്. അതുകൊണ്ടാണ് മരണാസന്നന്‍െറ തൊണ്ടയിലേക്ക് രണ്ട് തുള്ളി വെള്ളമിറ്റിക്കാനായാല്‍ അതൊരു വലിയ കാര്യമായി ജീവിച്ചിരിക്കുന്നവര്‍ക്ക് തോന്നുന്നത്. രണ്ട് തുള്ളി വെള്ളമാണ് നമ്മുടെ ജീവിതങ്ങളിലെ ഏറ്റവും വലിയ കടം. അത് വീട്ടാനെങ്കിലും തുള്ളി വെള്ളം നാം ഭൂമിയില്‍ ബാക്കിവെക്കണം.
ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ് വഴിയരുകില്‍ കിടന്ന ചെറുപ്പക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിലേര്‍പ്പെടുന്ന വിശ്വന്‍ ആ ചെറുപ്പക്കാരന്‍െറ ചുണ്ടുകളിലേക്ക് മരണസമയത്ത് ഇറ്റിച്ചുകൊടുക്കുന്ന രണ്ട് തുള്ളി വെള്ളമായിരുന്നു തന്‍െറ യഥാര്‍ഥ കടമെന്ന് തിരിച്ചറിയുന്നു.
‘രണ്ടുതുള്ളി വെള്ളമായിരുന്നു എന്‍െറ കടം. അത് ഞാന്‍ കുറച്ചു മുമ്പേ വീട്ടിക്കഴിഞ്ഞു.’ 
വീടിനുമുന്നില്‍ താനെഴുതി വച്ച ആത്മഹത്യാഭീഷണി, അതൊരു വലിയ അസംബന്ധമാണെന്ന് അയാള്‍ക്ക് അപ്പോള്‍ തോന്നി (സന്തോഷ് ഏച്ചിക്കാനത്തിന്‍െറ പ്രസിദ്ധ ചെറുകഥ ‘കൊമാല’യില്‍നിന്ന്)

Wednesday, February 20, 2013

കാട്ടില്‍ കാമറയെന്ത് പിഴച്ചു?

കേരളത്തിലെ വനമേഖലയില്‍ ഫോട്ടോഗ്രാഫി നിരോധന ഉത്തരവുണ്ടായതിനുശേഷമുള്ള ദിവസങ്ങളിലൊന്നില്‍ തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളില്‍ ബോണക്കാട്ടെ ജനവാസ കേന്ദ്രത്തിലേക്കും അഗസ്ത്യമലയിലേക്കുമുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ വശങ്ങളില്‍ പച്ച മരമുട്ടികളുടെ അട്ടികള്‍ കണ്ടു. 
സസ്യത്തൈ പോലും നുള്ളാന്‍ പാടില്ലാത്ത വന്യജീവി സങ്കേതത്തിനുള്ളില്‍ മരങ്ങള്‍ വെട്ടി അട്ടിയിട്ടിരിക്കുന്നു. ഒപ്പമുണ്ടായിരുന്ന പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ സാലി പാലോട് മൊബൈല്‍ ഫോണിലെ കാമറ ഓണ്‍ ചെയ്ത് അത് പകര്‍ത്തി. വിലക്കുള്ളതുകൊണ്ട് മികച്ച സാങ്കേതികത്വവും ലെന്‍സുമുള്ള തന്‍െറ കാമറ അദ്ദേഹം എടുത്തിരുന്നില്ല. ആ ഒരു രോഷം അദ്ദേഹത്തിന്‍െറ ആത്മഗതത്തില്‍ പ്രതിഫലിച്ചു, ‘വനത്തില്‍ കോടാലിയാകാം, കാമറ പാടില്ല! കാമറ ഇതൊന്നും കാണരുതെന്നാവും!’

അത്യപൂര്‍വ ജൈവ വര്‍ഗങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട കേരളത്തിലെ വനങ്ങള്‍ ഇപ്പോള്‍ ഇതുപോലൊരു വൈരുധ്യത്തിന് സാക്ഷി പറയേണ്ട അവസ്ഥയിലാണ്. ഒളിഞ്ഞും തെളിഞ്ഞും കോടാലിക്ക് കാടുകയറാമെന്നിരിക്കെ ഗുണകാംക്ഷിയായ ‘കാമറയുടെ കാടുകയറ്റ’ത്തെ വിലക്കുകയാണ് സംസ്ഥാന വനംവകുപ്പ്. വര്‍ഷാവര്‍ഷം സാഘോഷം വനം, വന്യ ജീവി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കാറുള്ള അതേ വനംവകുപ്പ് തന്നെ കാട്ടിലേക്കുള്ള ‘കാമറ നോട്ട’ങ്ങളെ നിരോധിക്കുമ്പോള്‍ സ്വന്തം നയങ്ങളിലെ വൈരുധ്യം പല്ലിളിക്കുന്നു.  
വന്യജീവി ഫോട്ടോഗ്രാഫര്‍മാരെ കാട്ടില്‍ പ്രവേശിപ്പിക്കരുതെന്ന വകുപ്പ് മന്ത്രിയുടെ വാമൊഴി ഉത്തരവ് രണ്ടാഴ്ച മുമ്പാണ് പുറത്തുവന്നത്. ലോകത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത കാമറയുടെ കാനന പ്രവേശ നിരോധം ആദ്യമായി നടപ്പാക്കിയ നാടെന്ന ഖ്യാതി ഏതായാലും കേരളത്തിന് വനംവകുപ്പ് വഴി സ്വായത്തമാകുകയാണ്. ഏത് തരം ‘കാമറ’യെന്ന വിശദീകരണം ഇനിയുമുണ്ടായിട്ടില്ളെങ്കിലും മന്ത്രിയുടെ ഉത്തരവ് സംബന്ധിച്ച് വന്ന വാര്‍ത്തകളിലെ സൂചന വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരാണ്.
വനംവകുപ്പിന്‍െറ പ്രസിദ്ധീകരണമായ ‘ആരണ്യ’ത്തിലേക്ക് ഫോട്ടോ ചോദിച്ചിട്ട് ചില ഫോട്ടോഗ്രാഫര്‍മാര്‍ കൊടുക്കാന്‍ വിസമ്മതിച്ചതിലുള്ള കെറുവോ പ്രതിഷേധമോ ആണ് ഈ ക്ഷിപ്ര തീരുമാനത്തിന് പിന്നിലെന്നും കേട്ടു.
വനമേഖലയിലാകെ ‘ഇക്കോ ടൂറിസം’ ഒരുതരം പരാന്ന സസ്യങ്ങളെ പോലെ പടര്‍ന്നുപന്തലിച്ചിരിക്കുന്നതിനാല്‍ ദിനേനെ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് കാട്ടിലത്തെുന്നത്്. അവര്‍ക്കൊന്നും കാമറ നിരോധം ബാധകമായിട്ടില്ല. മാത്രമല്ല, പല ഇക്കോ ടൂറിസം പോയിന്‍റുകളിലും ഫീസ് ഈടാക്കി കാമറയെ നിയമാനുസൃതം കയറ്റിവിടുന്നത് തുടരുന്നുമുണ്ട്. ഇതിന് പുറമെ സാധാരണ കാമറകളെക്കാള്‍ മികച്ച സാങ്കേതിക സൗകര്യങ്ങളുള്ള മൊബൈല്‍ ഫോണ്‍, ടാബ് ഉപകരണങ്ങള്‍ സന്ദര്‍ശകരുടെ സ്വകാര്യതയായി കാട്ടില്‍ സൈ്വര വിഹാരം നടത്തുകയും ചെയ്യുന്നു. 
അപ്പോള്‍ കാര്യം വ്യക്തമാണ്, വന്യജീവി, പരിസ്ഥിതി ഫോട്ടോഗ്രാഫര്‍മാരോട് മാത്രമേ മന്ത്രിക്കും വകുപ്പിനും വിരോധമുള്ളൂ. കാട്ടില്‍ പ്രവേശിക്കാന്‍ പാടില്ലാത്ത ഭീകര ജീവികളോ വലിയ നാശകാരികളോ ആണ് പ്രകൃതി സ്നേഹികളായ ഈ ഛായാഗ്രാഹകരെന്ന് പറയുകയാണോ വനംവകുപ്പ്? അവരുടെ കൈകളിലുള്ള കാമറ മഴുവിനെക്കാള്‍ വലിയ മാരകായുധവും?
വനം, വന്യജീവി പരിസ്ഥിതി ഫോട്ടോഗ്രാഫര്‍മാരെ കാട്ടുകള്ളന്മാരെ പോലെയാണോ വനംവകുപ്പ് കാണുന്നതെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. അങ്ങിനെയാണെങ്കില്‍ അത് തികഞ്ഞ അനീതിയും നന്ദികേടുമാണ്. കേരളത്തിലെ വനമേഖലയുള്‍പ്പടെ പ്രകൃതിയുടെ സംരക്ഷണത്തിന് അവര്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് വനംവകുപ്പിനാണ് ഏറ്റവും നല്ല ബോധ്യമെന്നത് തീര്‍ച്ച. 
വനം വകുപ്പിനാല്‍ തന്നെ പ്രശംസിക്കപ്പെട്ടവരും അംഗീകരിക്കപ്പെട്ടവരുമാണ് ഇന്ന് ഈ മേഖലയില്‍ സജീവമായി നിലകൊള്ളുന്ന അധികം പേരും. അതിന്‍െറ ചിത്രസാക്ഷ്യങ്ങള്‍ സംസ്ഥാന വനംവകുപ്പിന്‍െറ കേന്ദ്ര ഓഫീസ് മുതല്‍ സംസ്ഥാനമാകെ ചിതറിക്കിടക്കുന്ന കീഴ് ഓഫീസുകളില്‍ വരെ ചെന്നാല്‍ കാണാം. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറന്മരെടുത്ത ചിത്രം ഭിത്തിയില്‍ തൂങ്ങാത്ത വൈല്‍ഡ് ലൈഫ് സാങ്ചറി ഓഫീസുകളുണ്ടാവില്ല കേരളത്തില്‍. വനംവകുപ്പിന്‍െറ പ്രസിദ്ധീകരണങ്ങളുടെ കാര്യവും അതെ.
പരിസ്ഥിതി പ്രേമവും ഛായാഗ്രഹണ താല്‍പര്യവും കൊണ്ടു കാമറയെടുത്തവര്‍ മാത്രമല്ല കാടുകയറുന്നത്, പക്ഷിനിരീക്ഷകരും സസ്യ, ജന്തുശാസ്ത്ര ഗവേഷകരുമെല്ലാം തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാമറ കൈയിലേന്തുന്നവരാണ്. ഫലത്തില്‍ വനംവകുപ്പിന്‍െറ തീരുമാനം അവര്‍ക്കെല്ലാം എതിരാണ്. 
കേരളത്തിലെ നേച്ചര്‍ ഫോട്ടോഗ്രാഫി മേഖലയില്‍ സജീവമായി നില്‍ക്കുന്നവരാരും കേവലം ഫോട്ടോഗ്രാഫര്‍ എന്ന ഒറ്റക്കള്ളിയില്‍ ഒതുക്കാന്‍ കഴിയുന്നവരല്ല. ഫോട്ടോഗ്രാഫി ഒരു തൊഴിലായി സ്വീകരിച്ചവരാരെങ്കിലും അക്കൂട്ടത്തിലുണ്ടെങ്കില്‍ തന്നെയും കാമറയുമെടുത്ത് കാടുകയറുന്നത് വാണിജ്യ ലാഭം പ്രതീക്ഷിച്ചല്ളെന്ന് തീര്‍ച്ച. കാരണം അവിടെ മുതല്‍ മുടക്കേയുള്ളൂ, മനം മയക്കുന്ന മനോഹര ചിത്രങ്ങള്‍ക്കപ്പുറം ഒരു വാണിജ്യ മൂല്യവും തിരിച്ചുകിട്ടില്ളെന്ന് ഈ രംഗത്ത് പ്രാഥമിക പരിചയമുള്ളവര്‍ക്കുപോലും അറിയാം. കാമറയ്ക്കും ലെന്‍സിനും അനുബന്ധ ഉപകരണങ്ങള്‍ക്കും വലിയ മുതല്‍ മുടക്കും പ്രയാസം നിറഞ്ഞ കാടുകയറ്റത്തിന് ശാരീരികാധ്വാനവും പ്രകൃതിയോട് ലയംകൊള്ളാനുള്ള മനസും വേണം. അതത്ര എളുപ്പമല്ല. വാണിജ്യ സാധ്യതകളൊന്നുമില്ലാത്ത ഒരു മേഖലയില്‍ ഇങ്ങിനെ മനസും ശരീരവും പണവും മുടക്കാന്‍ ആളുകള്‍ തയാറാവുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ജൈവീകമായ താല്‍പര്യം കൊണ്ടുള്ള ആത്മാര്‍പ്പണമാകാതെ തരമില്ല. പ്രകൃതിയെ തന്‍െറ പ്രാണന്‍െറ ഭാഗമായി കാണുന്നവന് ഒരിക്കലും അതിനോട് ഭയമോ നിര്‍മമതയോ ഉണ്ടാകില്ല. ആവാസ വ്യവസ്ഥ ഭീഷണി നേരിടുന്നുണ്ടെങ്കില്‍ അതിനെതിരെ പടപൊരുതാനും പ്രചരണം നടത്താനും മുന്നിലുണ്ടാകുകയും ചെയ്യും. അതാണ് ചരിത്രവും. പരിണതപ്രജ്ഞരായ കേരളത്തിലെ നേച്ചര്‍ ഫോട്ടോഗ്രാഫറന്മാരെ അടുത്തറിയുന്നവര്‍ ഈ ഗുണങ്ങളൊക്കെയും അവരില്‍ കണ്ടത്തെുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
കേരള വനമേഖലയിലെ ജൈവ വൈവിധ്യ സമ്പന്നതക്ക് പുതിയ കണ്ടത്തെലുകളിലൂടെ മുതല്‍ക്കൂട്ടൊരുക്കുന്നതിലും വലിയ സംഭാവനകളാണ് ഫോട്ടോഗ്രാഫര്‍മാരില്‍നിന്നുണ്ടായിട്ടുള്ളത്. ലോകത്ത് തന്നെ അപൂര്‍വമായിട്ടുള്ള പല സസ്യ, ജീവി വര്‍ഗങ്ങളേയും കണ്ടത്തെി സചിത്ര സാക്ഷ്യത്തോടെ അവതരിപ്പിച്ചവരും ഗവേഷണത്തിനു തുല്യമായ പ്രവര്‍ത്തനങ്ങള്‍ കാമറ കണ്ണുകളിലൂടെ തുടരുന്നവരുമാണ് ഇവര്‍. 
വംശനാശ ഭീഷണി നേരിടുന്ന വര്‍ഗങ്ങളെ കുറിച്ചും പരിസ്ഥിതി നാശത്തിനെതിരെയും മുന്നറിയിപ്പ് നല്‍കുന്നതിലും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിലുമെല്ലാം കാമറയുമായി കാടുകയറുന്നവര്‍ വഹിക്കുന്ന പങ്ക് നിസാരവത്കരിക്കാനാവില്ല. ഇതൊന്നും അറിയാത്തവരല്ല വനപാലക വൃന്ദവും. എന്നാല്‍ പിന്നെ കാമറയെ കാടുകയറ്റില്ളെന്ന നിര്‍ബന്ധബുദ്ധിയെന്തിന്?

നജിം കൊച്ചുകലുങ്ക്

Saturday, December 3, 2011

അപൂര്‍വതകളുടെ അരിപ്പ

അപൂര്‍വങ്ങളില്‍ അപൂര്‍വമായ പക്ഷി വര്‍ഗങ്ങളുടെ സങ്കേതമാണ് തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അതിരില്‍ കുളത്തുപ്പുഴ റേഞ്ചിലുള്ള അരിപ്പ വനം പ്രദേശം.
നാലു പതിറ്റാണ്ടോളമായി പ്രധാന പക്ഷി നിരീക്ഷകരുടെയെല്ലാം പറുദീസയാണ് അരിപ്പ. കേരളത്തിലെ ഏറ്റവും പ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതത്തോളമോ അതിലുപരിയോ പ്രാധാന്യം അര്‍ഹിക്കുന്ന സങ്കേതമാണ് അരിപ്പയെന്നാണ് പ്രധാന പക്ഷിനിരീക്ഷകരുടെയെല്ലാം വിലയിരുത്തല്‍.
എപ്പോഴും അപൂര്‍വമായതെന്തെങ്കിലും സന്ദര്‍ശകര്‍ക്കായി കരുതിവെക്കുന്ന അത്യപൂര്‍വമായൊരു ജൈവ കേന്ദ്രമാണ് അരിപ്പയിലെ പച്ചിലക്കാടുകളെന്ന് പ്രശസ്ത പക്ഷി നിരീക്ഷകനും കേരള നേച്ചറല്‍ ഹിസ്റ്ററി സൊസൈറ്റി സ്ഥാപകനുമായിരുന്ന ഇന്ദുചൂഡന്‍ പറഞ്ഞുകേള്‍ക്കാറുണ്ടായിരുന്നെന്ന് യുവനിരയിലെ പ്രമുഖ പക്ഷി നിരീക്ഷകന്‍ സി. സുശാന്ത് ഓര്‍ക്കുന്നു.
കഴിഞ്ഞ മുപ്പത് വര്‍ഷമായി മാസത്തില്‍ രണ്ടു തവണ ഒരു തീര്‍ഥാടനം പോലെ അരിപ്പ വനമേഖല സന്ദര്‍ശിക്കാറുള്ള സുശാന്തിന് അരിപ്പയിലേക്ക് വഴികാട്ടിയായതും ഗുരുവായ ഇന്ദുചൂഡനാണ്. സുശാന്ത് മാത്രമല്ല കേരളത്തില്‍ ഇന്നറിയപ്പെടുന്ന പക്ഷി നിരീക്ഷകരെല്ലാം തട്ടേക്കാട് പോലെ പ്രാധാന്യത്തോടെ കാണുകയും പതിവായി സന്ദര്‍ശനം നടത്തുകയും ചെയ്യുന്ന മേഖലയാണ് 'അരിപ്പ അമ്മയമ്പലം പച്ച' എന്ന പേരില്‍ അറിയപ്പെടുന്ന ഈ സങ്കേതം.
സാധാരണ പ്രകൃതിയില്‍നിന്ന് അപൂര്‍വതയെ അരിച്ചുമാറ്റുന്ന കാടിന്റെ ശേഷിപ്പാണ് അരിപ്പ മേഖല. അതുകൊണ്ടുതന്നെ നിത്യഹരിത വനങ്ങളാല്‍ രമണീയമായ ഇവിടം സ്വന്തം പേരിനെ അന്വര്‍ഥമാക്കുന്നു. സുശാന്തിന്റെ അഭിപ്രായത്തില്‍ തട്ടേക്കാടിനെക്കാള്‍ പ്രകൃതിയുടെ അനുഗ്രഹം സിദ്ധിച്ചിട്ടുള്ള സങ്കേതമാണ് അരിപ്പ.

സമതല നിത്യഹരിത വനമാണ് (Low Land Evergreen Forset) ഇവിടെയുള്ളത്. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാല്‍ പക്ഷിനിരീക്ഷകര്‍ക്ക് ഏറ്റവും സൌകര്യപ്രദമാണ് ഇവിടം. കേരളത്തിലെ തന്നെ മറ്റ് കേന്ദ്രങ്ങള്‍ക്കില്ലാത്ത ഒരു സവിശേഷത കൂടിയാണിത്.
തട്ടേക്കാടിന്റെ ഏറ്റവും വലിയ സവിശേഷതയായി പറയാറുള്ള മാക്കാച്ചി കാടയെന്ന അപൂര്‍വ പക്ഷിവര്‍ഗമായ ശ്രീലങ്കന്‍ ഫ്രോഗ്മൌത്തിനെ ആദ്യമായി കണ്ട് കേരളത്തിലെ ഈ പക്ഷിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത് അരിപ്പയിലാണ്. ഇതിന് ശേഷമാണ് തട്ടേക്കാട് ഈ പക്ഷിയെ കണ്ടെത്തുന്നത്. എന്നാല്‍ അരിപ്പയില്‍ ഇതിനെ കണ്ട വിവരം വനംവകുപ്പിന്റെ ഔദ്യോഗിക രേഖകളില്ല. സുശാന്തിന്റെ നേതൃത്വത്തില്‍ ഒരു പറ്റം പക്ഷി നിരീക്ഷകര്‍ അരിപ്പയില്‍ കണ്ടെത്തിയിട്ടും ക്രഡിറ്റ് തട്ടേക്കാടിനാണ് പോയത്. രാത്രിഞ്ചരനായ മാക്കാച്ചി കാടയെ അരിപ്പയിലെ ഈറ്റക്കാടുകളിലാണ് കൂടുതലായി കാണുന്നത്. കരിയില വര്‍ണത്തിലുള്ള ഇവയെ വളരെ അപൂര്‍വമായി മാത്രമേ കാണാന്‍ കഴിയൂ.
അരിപ്പയില്‍ 270ലേറെ പക്ഷിവര്‍ഗങ്ങളുണ്ട്. കേരളത്തില്‍ കാണുന്ന ഏറ്റവും വലിയ മരങ്കൊത്തിയായ ബ്ലാക്ക് വുഡ് പെക്കര്‍ എന്ന കാക്ക മരങ്കൊത്തി അരിപ്പയില്‍ 90കളില്‍ ഇഷ്ടം പോലെ കണ്ടിരുന്നതായും ഇപ്പോള്‍ കാണറേയില്ലെന്നും ശുശാന്ത് പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ഇനമാണ് ഇത്. പക്ഷികളിലെ ഗാനഗന്ധര്‍വനായ ഷാമക്കിളി എന്ന ഇന്ത്യന്‍ ഷാമയേയും അരിപ്പ വനത്തില്‍ ധാരാളമായി കണ്ടിരുന്നു. മറ്റ് പല പക്ഷിവര്‍ഗങ്ങള്‍ക്കും സംഭവിച്ചപോലൊരു എണ്ണക്കുറവ് ഈ കിളിയുടെ കാര്യത്തിലുമുണ്ടെന്ന് മൂന്ന് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തോടെ സുശാന്ത് പറയുന്നു.

അരിപ്പ പക്ഷിസങ്കേതമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടാതിരിക്കുകയും ആ വകയില്‍ കിട്ടേണ്ടതായ സംരക്ഷണം കിട്ടാതിരിക്കുകയും ചെയ്യുന്നതിനാല്‍ അപൂര്‍വയിനം ദേശാടന കിളികളുടേതുള്‍പ്പെടെ ഈ പറുദീസ നാള്‍ക്കുനാള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ ഇടപെടലാണ് പ്രധാന കാരണം. കാട്ടുവഴികളിലൂടെ വാഹനങ്ങളില്‍ കടന്നെത്തുന്നവര്‍ ഈ പച്ചിലക്കാടുകള്‍ മദ്യപിച്ച് കൂത്താടാനുള്ള വേദിയാക്കി മാറ്റിയിരിക്കുകയാണ്. വനംവകുപ്പിന്റെ ദുര്‍ബലമായ പ്രതിരോധങ്ങളെ പോലും ഭേദിച്ച് ബാഹ്യ കൈകടത്തലുകളും മറ്റുമായി അപൂര്‍വ പ്രകൃതിയുടെ 'അരിപ്പ'യെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വന മേഖലയിലെവിടെയും പ്ലാസ്റ്റിക് മാലന്യങ്ങള്‍ നിറഞ്ഞിട്ടുണ്ട്.
വനവികസന കോര്‍പ്പറേഷന്‍ തനത് പ്രകൃതിക്കിണങ്ങാത്ത പള്‍പ്പ് വുഡ് വൃക്ഷങ്ങള്‍ പ്ലാന്റ് ചെയ്തും പിന്നെ വെട്ടിയൊഴിച്ചും ഇപ്പോള്‍ ഇക്കോ ടൂറിസം എന്ന പേരില്‍ കാട്ടിക്കൂട്ടലുകള്‍ നടത്തിയും വനനശീകരണത്തില്‍ തങ്ങളുടെ പങ്ക് കൂടി വഹിക്കുകയാണ്.
കേരളത്തിലെ രണ്ടാമത്തെ ഫോറസ്റ്റ് ട്രൈനിങ് കോളജ് സ്ഥിതി ചെയ്യുന്നത് ഈ പച്ചിലക്കാടിനോട് ചേര്‍ന്നാണ്. ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും ഫോസ്റ്റ് അക്കാദമിക്ക് തറക്കല്ലിട്ടിരിക്കുന്നതും ഇവിടെയാണ്. ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന കേന്ദ്രമായിട്ടും മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇവിടെയില്ല. ബാഹ്യ ഇടപെടലുകള്‍ അത്ര ബഹുലമാണ്. ഈ പച്ചപ്പ് നിലനിര്‍ത്താന്‍ അടിയന്തര ശ്രദ്ധ ആവശ്യമാണ്.
കൊല്ലം തിരുവനന്തപുരം ജില്ലകളുടെ കിഴക്കേ അതിരിനോടു ചേര്‍ന്നുള്ള പ്രസിദ്ധ വിനോദ സഞ്ചാരമേഖലയില്‍ അരിപ്പയും ഉള്‍പ്പെടുന്നുണ്ട്. ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം, തെന്മല ഇക്കോ ടൂറിസം, കുളത്തുപ്പൂഴ ലൈവ് സ്റ്റോക്ക്, പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പൊന്മുടി ഹില്‍ റിസോര്‍ട്ട് തുടങ്ങി പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അമ്പത് കിലോമീറ്റര്‍ ചുറ്റളവിലുള്ളതിനാല്‍ അരിപ്പ പക്ഷി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടാല്‍ വിനോദ സഞ്ചാരത്തിന്റെ നേട്ടം കൂടി കൊയ്യാം. എന്നാല്‍ ആ നിലയില്‍ കിട്ടേണ്ട സംരക്ഷണവും പ്രാധാന്യവും കൂടി കിട്ടുന്നില്ല.

ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, കേഴമാന്‍, പുലി, മലയണ്ണാന്‍, മരപ്പട്ടി, ചെന്നായ, കാട്ടുപൂച്ച, കൂരമാന്‍, മുയല്‍ തുടങ്ങി നിരവധി വന്യമൃഗങ്ങളും ഈ വനമേഖലയിലുണ്ട്. കമ്പക വൃക്ഷങ്ങള്‍ പ്രത്യേകം പ്ലാന്റ് ചെയ്ത വലിയൊരു തോട്ടവും ഈ മേഖലയിലുണ്ട്. ഉയരം കൂടിയ വിവിധയിനം വൃക്ഷങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. വലിയ മരങ്ങളുടെ ഉയരമുള്ള ചില്ലകളിലാണ് അധികം പക്ഷികളും കൂടുകൂട്ടാറ്.
താടിക്കാരന്‍ വേലിതത്ത (Blue Beared Be eater), കാട്ടുമൂങ്ങ (Forest Eagle Owl), ചാരത്തലയന്‍ ബുള്‍ബുള്‍ (Greyheaded Bul bul), ചാരത്തലയന്‍ മീന്‍ പരുന്ത് (Grey Headed Fishing Eagle), മേനിപൊന്മാന്‍ (Threetoed King fisher), കാട്ടുപൊടി പൊന്മാന്‍ (Blue eared King fisher), കിന്നരിപ്പരുന്ത് (Black baza), മീന്‍ കൂമന്‍ (Brown Fish owl), മേനിപ്രാവ് (Green Imperial Pigeon), കോഴി വേഴാമ്പല്‍ (Malabar Grey Hornbill), ഉപ്പന്‍കുയില്‍ (Red wriged Crested Cuckoo), കാട്ടുതത്ത (Malabar Parakeet) തുടങ്ങിയ 270ലേറെ പക്ഷി വര്‍ഗങ്ങളാണ് അരിപ്പയുടെ സവിശേഷത.
ചെവി പോലെ നീണ്ട തൂവലുകള്‍ ഉള്ള കാട്ടുമൂങ്ങ, സഹ്യാദ്രിയിലെ തനത് പക്ഷിയായ അപൂര്‍വയിനം ചാരത്തലയന്‍ ബുള്‍ബുള്‍ എന്നിവ വംശനാശ ഭീഷണി നേരിടുന്ന വര്‍ഗങ്ങളാണ്. കാട്ടുപൊടി പൊന്മാന്‍, മേനി പൊന്മാന്‍, മീന്‍ കൂമന്‍ എന്നിവയെ അരിപ്പയിലെ കാട്ടരുവികളോട് ചേര്‍ന്നുള്ള വനഭാഗത്താണ് കാണുന്നത്. ദേശാടന പക്ഷികളായ കിന്നരിപ്പരുന്ത്, ഉപ്പന്‍ കുയില്‍ എന്നിവയേയും അരിപ്പയില്‍ കാണാറുണ്ട്. സഹ്യാദ്രിയിലെ തനതു പക്ഷികളായ കാട്ടുതത്ത, കോഴി വേഴാമ്പല്‍ എന്നിവയെ അരിപ്പയില്‍ സംഘമായാണ് കാണാറുള്ളത്.
അരിപ്പ പക്ഷിസങ്കേതത്തില്‍ ഏറ്റവും കൂടുതല്‍ പക്ഷികളെ കാണാറുള്ളത് മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയാണെന്ന് സുശാന്ത് പറയുന്നു. എന്നാല്‍ പക്ഷികളുടെ എണ്ണം ചില സമയങ്ങളില്‍ വളരെ കുറയാറുണ്ടത്രെ. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പക്ഷികളുടെ എണ്ണം ക്രമാതീതമായാണ് കുറവു വന്നിരിക്കുന്നത്. അധികൃതരുടെ സത്വരശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ ഈ അപൂര്‍വ ജൈവ സങ്കേതം വൈകാതെ നാശമടയുമെന്നും അദ്ദേഹം പറയുന്നു. വനംവകുപ്പിന്റെ കാര്യമായ ശ്രദ്ധ ഈ ജൈവ മേഖല ആവശ്യപ്പെടുന്നുണ്ട്.

നജിം കൊച്ചുകലുങ്ക്

പ്രശസ്ത വനം വന്യജീവി ഫോട്ടോഗ്രാഫര്‍ സാലി പാലോട് അരിപ്പയില്‍നിന്ന് പകര്‍ത്തിയ വിവിധ പക്ഷികളുടേയും അരിപ്പ പച്ചിലക്കാടിന്റേയും ദൃശ്യങ്ങള്‍.

(വാരാദ്യ മാധ്യമം-നവംബര്‍ 27, 2011 & ചെപ്പ്-ഗള്‍ഫ് മാധ്യമം-02-11-2011)

Friday, November 18, 2011

വാഴ്വാന്തോല്‍: കാഴ്ചയുടെ ആനന്ദം

പുഴയുടെ സ്വഛന്ദ ജീവിതത്തിന് ഇളകിമറിയുന്ന ഒരു 'പെണ്‍കുട്ടി കാല'മുണ്ടെന്ന് അറിയണമെങ്കില്‍ കാട് കയറണം. കാട്ടുപച്ചയുടെ ഇരുളന്‍മേനിയോടൊട്ടി ഇരമ്പി വീഴുന്ന ജലപാതങ്ങള്‍ കാണണം. തൃഷ്ണയുടെ കരിമ്പാറക്കൂട്ടങ്ങളില്‍ തലതല്ലി ആര്‍ത്തലച്ച് താഴേക്ക് ചിന്നിച്ചിതറുന്നതിനിടയിലെവിടെയോ വെച്ചാണ് പുഴ രജസ്വലയാകുന്നത്. ഋതുമതിയുടെ അംഗലാവണ്യത്തോടെ പുഴ അതിന്റെ മുഴുവന്‍ സൌന്ദര്യവും പുറത്തെടുത്ത് മിന്നിത്തിളങ്ങുന്നു. പ്രകൃതിയെന്ന മഹാചിത്രകാരന്‍ കടും വര്‍ണക്കൂട്ടുകളാല്‍ വരഞ്ഞിട്ട കാടിനുള്ളിലെ ജലപാതങ്ങള്‍ എന്നും കാഴ്ചയിലെ കൌതുകമാണ്.

പശ്ചിമ ഘട്ടത്തിന്റെ കേരളീയ ആകാര വടിവിനുള്ളില്‍ ഇത്തരത്തില്‍ പതിനായിരത്തിലേറെ വെള്ളച്ചാട്ടങ്ങളാണുള്ളത്. വര്‍ഷത്തില്‍ 365 ദിവസവും നീരൊഴുക്കുള്ളതും മഴക്കാലത്തുമാത്രം സജീവമാകുന്നതുമായി രണ്ട് വിഭാഗങ്ങളുണ്ട് ഇവയില്‍. സഹ്യാദ്രി മലനിരകളിലെ പാറയിടുക്കുകളില്‍നിന്ന് ഉത്ഭവിക്കുന്ന നദികള്‍ കുത്തനെ താഴേക്ക് പതിക്കുന്ന ജലപാതങ്ങളിലാണ് 365 ദിവസവും ഒരേപോലെ നീരൊഴുക്കുണ്ടാവുക. ഈ വിഭാഗത്തില്‍ ഏറ്റവും ഭംഗിയുള്ള വെള്ളച്ചാട്ടങ്ങളിലൊന്നാണ് വാഴ്വാന്തോല്‍. തിരുവനന്തപുരം ജില്ലയുടെ തെക്ക് കിഴക്ക്, വിതുരയെന്ന ഉള്‍നാടന്‍ പട്ടണത്തിന് സമീപം പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളിലാണ് ഈ പേരില്‍ രണ്ട് ജലപാതങ്ങള്‍.

തലസ്ഥാന നഗരിയില്‍നിന്ന് 40 കിലോമീറ്റര്‍ സഞ്ചരിക്കണം വിതുരയിലെത്താന്‍. അവിടെനിന്ന് ബോണക്കാട്ടേക്കുള്ള 'മുടിപ്പിന്‍' വളവുകള്‍ കയറുമ്പോള്‍ എട്ടാം കിലോമീറ്ററില്‍ പെട്ടെന്ന് വലതുവശത്തേക്ക് തിരിഞ്ഞ് താഴേക്ക് ഒടിഞ്ഞിറങ്ങിയാല്‍ വാഴ്വാന്തോലിലേക്ക് പോകാം. പേപ്പാറ വന്യജീവി സങ്കേതത്തിന്റെ പാലോട് റിസര്‍വില്‍ തോടയാര്‍ ഡിവിഷന്റെ ചെക്ക്പോസ്റ്റില്‍നിന്നാണ് വിതുര^ബോണക്കാട് റൂട്ടില്‍ വാഴ്വാന്തോലിലേക്കുള്ള വഴി പിരിയുന്നത്. പേപ്പാറയിലെ 13 ആദിവാസി സെറ്റില്‍മെന്റുകളിലൊന്നായ ചാത്തന്‍കോട്ടേക്കുള്ള മെറ്റലിളകി അലങ്കോലപ്പെട്ട വഴിയെ രണ്ട് കിലോമീറ്റര്‍ വാഹനത്തില്‍ സഞ്ചരിച്ചാല്‍ തോടയാറെത്തി. ആറിന്റെ തീരത്ത് വാഹനം ഒതുക്കിയിട്ട് പിന്നീട് കാട്ടുവഴിയെ നടത്തമാണ് ശരണം. മുള്‍പ്പടര്‍പ്പുകള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കും ഇടയിലൂടെ കല്ലും മുള്ളും മരവേരുകളും ചവിട്ടി 2.200 കിലോമീറ്റര്‍ നടക്കണം. ആനയും കാട്ടുപോത്തും ഇടക്കെപ്പോഴെങ്കിലും നടത്താറുള്ള കവാത്തും പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ കുത്തനെയുള്ള കയറ്റിറക്കങ്ങളും ഈ വഴിയെയുള്ള നടത്തം അല്‍പം സാഹസം നിറഞ്ഞതാക്കുന്നു. പഥികന്റെ മനസിലാകട്ടെ കാടിന്റെ ഇരുട്ടും അകലെ നിന്നേ കാതുകളില്‍ അലച്ചുവീഴുന്ന ജലപാതത്തിന്റെ ഹുങ്കാര ശബ്ദവും നേരിയൊരു ഉള്‍ക്കിടിലത്തിന്റെ ചെണ്ട പെരുപ്പിക്കുന്നുണ്ടാവും.

കല്ലുകളില്‍ ചവിട്ടിക്കയറിയും ഉയര്‍ന്നിരിക്കുന്ന മരവേരുകളില്‍ പിടിച്ചിറങ്ങിയും വഴിക്ക് കുറുകെ വീണുകിടക്കുന്ന വലിയ വൃക്ഷങ്ങള്‍ക്കടിയിലൂടെ പുനര്‍ജനി നൂഴ്ന്നും ദുര്‍ഘടങ്ങള്‍ താണ്ടിയുള്ള നടത്തയുടെ ക്ഷീണം കണ്ണുകളില്‍ നിറയുന്ന വെള്ളച്ചാട്ടത്തിന്റെ ഉടലഴകും അന്തരീക്ഷത്തില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന ജലകണികകളുടെ സുഖകരമായ സ്പര്‍ശവും ഞൊടിയിട കൊണ്ട് മാറ്റും. പ്രകൃതിയെന്ന ശില്‍പി പല അടുക്കുകളാക്കി ഒടിച്ചുമടക്കി ചെത്തിമിനുക്കി നിര്‍ത്തിയ കരിമ്പാറ ശില്‍പങ്ങളില്‍ തട്ടി ചിന്നിച്ചിതറുന്ന ജലധാരയുടെ ദൃശ്യവിസ്മയം എത്ര നോക്കിനിന്നാലും മതിവരില്ല. പച്ചിലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യന്‍ കുലക്കുന്ന മാരിവില്ല് ഒടിച്ചുവേണം പാറയടുക്കുകള്‍ ചവിട്ടിക്കയറി ജലപാതത്തിനടുത്തെത്താന്‍. ഹുങ്കാരത്തിനുള്ളിലെ ജലമര്‍മ്മരത്തിന്റെ ശാന്തിമന്ത്രം കേട്ടും ഉള്ളം കുളിര്‍ക്കുന്ന ജലസ്പര്‍ശമറിഞ്ഞും പാറക്കെട്ടുകളിലിരുന്നാല്‍ ഉദയാസ്തമയങ്ങള്‍ അറിഞ്ഞെന്നുവരില്ല. നിലാവുദിച്ചാല്‍ പകലിനെക്കാള്‍ പലമടങ്ങ് വെട്ടിത്തിളങ്ങും ജലപാതം. പാറക്കൂട്ടത്തിന്റെ മേലടുക്കിലും താഴെയുമായി രണ്ട് ജലപാതങ്ങള്‍. ഉയരം കൂടുതല്‍ മുകളിലുള്ളതിനാണ്. എന്നാല്‍ കാണാന്‍ ചന്തമേറെ താഴത്തേതിനും.

ആദിവാസി വാമൊഴി ഭാഷയിലാണ് 'വാഴ്വാന്തോല്‍' എന്ന പേര്. വായുഭഗവാന്റെ പേരാണത്രെ ഇത്. ആദിവാസി വാമൊഴി വഴക്കത്തില്‍ വായു ഭഗവാന്‍ വാഴ്വനും തോലനും (തമാശക്കാരനും) ആയപ്പോള്‍ 'വാഴ്വാന്തോല്‍' എന്ന പേരുണ്ടായി. അങ്ങിനെ വായു ദേവന്റെ പേരിലും ഭൂമിയില്‍ ഒരു വെള്ളച്ചാട്ടം.  

ഇതൊരു വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ പ്രദേശത്തെ ആദിവാസികളുടെ സഹകരണത്തോടെ ഇക്കോ ഡവലപ്മെന്റ് സൊസൈറ്റിയുണ്ടാക്കി വനംവകുപ്പ് എന്തൊക്കയൊ ചെയ്യുന്നുണ്ട്. എന്നാല്‍ ആതിരപ്പള്ളി കഴിഞ്ഞാല്‍ ഒരുപക്ഷെ കേരളത്തിലെ ഏറ്റവും ഭംഗിയുള്ള ഈ വെള്ളച്ചാട്ടത്തെ കുറിച്ച് ജനങ്ങള്‍ വേണ്ടത്ര കേട്ടിട്ടില്ല. ആഴ്ചവട്ട അവധിക്ക് മദ്യവും തീറ്റയുമായെത്തി വെള്ളച്ചാട്ടത്തെക്കാള്‍ വെള്ളം അകത്താക്കി ആമോദിച്ച് ആര്‍ത്തട്ടഹസിച്ച് മടങ്ങുന്ന ആവേശ ചെറുപ്പങ്ങളല്ലാതെ വിനോദ സഞ്ചാരികള്‍ അധികം പേര്‍ ഈ വഴിക്കുണ്ടാവാറില്ല. കണ്ണും കാതുമില്ലാത്ത അമിതാഘോഷക്കാര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അങ്ങിങ്ങ് കൂടിക്കിടന്ന് പരിസ്ഥിതിയെ വെല്ലുവിളിക്കാനും തുടങ്ങിയിട്ടുണ്ട്.  

നജിം കൊച്ചുകലുങ്ക്

ഫോട്ടോകള്‍: സാലി പാലോട്

Tuesday, July 14, 2009

എടയ്ക്കല്‍ ഗുഹയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍


ലോകപ്രശസ്തമായ വയനാട്ടിലെ എടക്കല്‍ ഗുഹയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. പൌരാണികമായ ശിലാലിഖിതങ്ങളാലും പാറപിളര്‍ത്തി പ്രകൃതിയൊരുക്കിയ ഗുഹയുടെ വിസ്മയകരമായ നിര്‍മ്മിതിയാലും ലോക ശ്രദ്ധയാകര്‍ഷിച്ച ഈ പൈതൃകത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ വൃത്തിഹീനമാക്കുന്നത് അവിടെ വിനോദ സഞ്ചാരം നടത്തി വരുമാനമുണ്ടാക്കുന്ന ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെ അശ്രദ്ധയും അലംഭാവവുമാണ്. സുല്‍ത്താന്‍ ബത്തേരിയ്ക്കും അമ്പലവയലിനുമിടയില്‍ അമ്പുകുത്തി മലയിലെ രണ്ട് ശിലാഗുഹകളുള്‍പ്പെടുന്ന ഈ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ചരിത്ര സ്മാരകം ദേശീയ പുരാവസ്തു വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതും ലോക പൈതൃക പട്ടികയിലിടം നേടിയതുമാണ്. വിദേശികളടക്കമുള്ള അനേകം ചരിത്ര കുതുകികളും പുരാവസ്തു വിദഗ്ധരും ദിനം പ്രതി ഇവിടെ വന്നുപോകുന്നുണ്ട്. സ്വാഭാവികമായും വിനോദ സഞ്ചാരികളെയും ഈ പ്രകൃതി വിസ്മയം ആകര്‍ഷിക്കുന്നുണ്ട്. ട്രക്കിംഗിനെത്തുന്നവരും അമ്പുകുത്തി മലയിലേക്കുള്ള വഴി മദ്ധ്യേ ഇവിടം സന്ദര്‍ശിക്കുന്നു. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നല്ല വരുമാനമുണ്ടാക്കുന്നുണ്ട് ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍. എന്നാല്‍ പ്ലാസ്റ്റിക് രഹിതമായിരിക്കേണ്ട വനമേഖലയിലുള്ള ഒരു കേന്ദ്രത്തില്‍ അതിന് വേണ്ട ജാഗ്രത പുലര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. ശിലാ ലിഖിതങ്ങളുള്ള പ്രധാന ഗുഹയുടെ ഒരു മൂലയില്‍ രണ്ട് പാറകള്‍ ചേരുന്നയിടത്തെ വിടവിലാണ് പ്ലാസ്റ്റിക് കുപ്പികളുടെ മാലിന്യങ്ങള്‍ നിറഞ്ഞ് കിടക്കുന്നത്. വിനോദ സഞ്ചാരികള്‍ വലിച്ചെറിയുന്ന കുടിവെള്ള ബോട്ടിലുകളാണിവ. 15 അടിയിലേറെ ആഴത്തില്‍ നേരിയ വ്യാസം മാത്രമുള്ള വിടവില്‍ കൂമ്പാരമായി നിറയുന്ന ഇവയെ അത്രയെളുപ്പത്തില്‍ നീക്കം ചെയ്യാന്‍ കഴിയില്ല എന്നതാണ് പ്രശ്നം ഗുരുതരമാക്കുന്നത്. സൂക്ഷിച്ചുനോക്കിയാല്‍ കൂട്ടത്തില്‍ മദ്യകുപ്പികള്‍ വരെയുണ്ടെന്ന് കാണാം. പാറക്കെട്ടുകള്‍ക്കും വൃക്ഷങ്ങളുടെ ഉയര്‍ന്നുനില്‍ക്കുന്ന വേരുകള്‍ക്കുമിടയിലൂടെ അപകട സാധ്യതയേറിയ കുത്തനെയുള്ള കയറ്റം കയറി വരുന്നവരുടെ കൈവശം മദ്യക്കുപ്പികളുണ്ടാവുന്നതും അത്ര ആശാസ്യകരമല്ലല്ലൊ. സ്ത്രീകളും കുട്ടികളും വിദേശികളുമായി നൂറുകണക്കിനാളുകള്‍ വന്നുപോകുന്നയിടത്ത് മദ്യപന്മാരെ കയറ്റിവിടുന്നതിന്റെ അപകടത്തെ കുറിച്ച് പ്രത്യേകിച്ചോര്‍മ്മപ്പെടുത്തേണ്ടതില്ല. ആദ്യ ഗുഹയുടെ കവാടത്തിനരുകില്‍ പ്രമോഷന്‍ കൌണ്‍സിലിന്റെ ടിക്കറ്റ് കൌണ്ടറുണ്ട്. പരിശോധകരുമുണ്ട് വഴി നീളെ. ഗുഹയിലാവട്ടെ ഗൈഡുകളും സെക്യൂരിറ്റി ഉദ്യോഗസ്ഥരും. പോക്കറ്റിലൊളിപ്പിച്ച മൊബൈല്‍ ഫോണ്‍ രൂപത്തിലുള്ള കാമറ വരെ കണ്ടെത്തി അതിന് ടിക്കറ്റെടുപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആളുകളുടെ കൈവശമുള്ള കുടിവെള്ള കുപ്പികളും മദ്യകുപ്പികളും എന്തുകൊണ്ടു കാണാന്‍ കഴിയുന്നില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. കുടിവെള്ളം പ്ലാസ്റ്റിക് കുപ്പിയിലാണെന്നു കരുതി വിലക്കാനാവില്ല എന്ന ന്യായീകരണം തള്ളിക്കളയാവതല്ല. കുത്തനെയുള്ള കയറ്റം വെള്ളം കുടിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ കുപ്പിവെള്ളം നിരോധിക്കാനാവില്ല. കുന്നുകയറി ഗുഹയിലെത്തുമ്പോഴേക്കും വെള്ളം കുടിച്ചു ഒഴിയുന്ന കുപ്പി വലിച്ചെറിയാനെ തരവുമുള്ളൂ. വെറുതെ താഴേയ്ക്ക് ചുമക്കേണ്ടതില്ലല്ലൊ. അങ്ങനെയാണ് സഞ്ചാരികള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഏറ്റവുമുചിതമായ സ്ഥലമായി കണ്ട് ഗുഹാ ഭിത്തിയിലെ വിടവിലേക്ക് വലിച്ചെറിയുന്നത്. ഇങ്ങിനെ നൂറുകണക്കിന് കുപ്പികള്‍ ഈ ഭാഗത്ത് ദിവസവും വീഴുകയാണ്. എന്നാല്‍ മാലിന്യ നിക്ഷേപത്തിന് ആളുകള്‍ കണ്ടെത്തിയ സ്ഥലമാകട്ടെ ഗുഹയിലെ ഏറ്റവും വിസ്മയകരവും മനോഹരവുമായ ഭാഗമാണെന്നതാണ് ദൌര്‍ഭാഗ്യകരം. പാറ പിളര്‍ത്തി ഗുഹയുണ്ടാക്കിയ പ്രകൃതിയുടെ ശില്‍പ ചാതുര്യം വിളിച്ചോതുന്നതാണ് പരസ്പരം തൊടാതെ കൃത്യമായ അളവില്‍ വെട്ടിയൊരുക്കിയ ഭിത്തികളായി മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന രണ്ട് ശിലാഗ്രങ്ങള്‍. ഗുഹയ്ക്കുള്ളിലേക്ക് കാറ്റും വെളിച്ചവും കടക്കുന്ന ജാലകം പോലുള്ള ഈ വിടവാണ് ഇന്ന് മാലിന്യ നിക്ഷേപത്തിനുള്ള സ്ഥലമായി മാറിയിരിക്കുന്നത്. ഇപ്പോഴെങ്കിലും ശ്രദ്ധ വെച്ചില്ലെങ്കില്‍ ഒരിക്കലും നശിപ്പിക്കാനാവാത്ത പ്ലാസ്റ്റിക് മാലിന്യത്താല്‍ ഈ ജാലക വിസ്മയം അടഞ്ഞുപോകും. കുടിവെള്ളം മുട്ടിക്കാതെ തന്നെ പ്ലാസ്റ്റിക് കുപ്പികളുടെ മാലിന്യ ബാധയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപായം കുറച്ചകലെ മാനന്തവാടിക്കടുത്തെ കുറുവ ദീപിലെ മാക്കം കുറുവ വന സംരക്ഷണ സമിതിക്കാര്‍ പറഞ്ഞു തരും. കബനീ നദിയിലെ ഈ മനോഹര ദീപ സമൂഹത്തിലേക്ക് ടൂറിസ്റ്റുകളെ കടത്തിവിടുന്നത് ഇവരുടെ നേതൃത്വത്തിലാണ്. ദീപ സമൂഹവും വനമേഖലയും പ്ലാസ്റ്റിക് രഹിത മേഖലയാക്കി നിലനിര്‍ത്താന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗം മാതൃകാപരമാണ്. പ്രവേശന^കാമറ ഫീസുകള്‍ക്കൊപ്പം സഞ്ചാരികളുടെ കൈവശമുള്ള കുടിവെള്ള ബോട്ടിലുകള്‍ക്കും ബോട്ടിലൊന്നിന് 10 രൂപ വീതം ഫീസീടാക്കും. വെള്ളമൊഴിഞ്ഞാലും കുപ്പി ദീപിലുപേക്ഷിക്കാതെ മടക്കിക്കൊണ്ട് വന്നാല്‍ ഈ ഫീസ് മടക്കി കൊടുക്കും. ഇത് നല്ല പ്രയോജനം ചെയ്യുന്നുണ്ടെന്ന് വന വികസന സമിതിക്കാര്‍ പറയുന്നു. ഈ ഉപായം എടയ്ക്കല്‍ ഗുഹയിലും പ്രയോഗിച്ചുനോക്കാം.
നജിം കൊച്ചുകലുങ്ക്
ഫോട്ടോ: അജയന്‍ കൊട്ടാരക്കര