Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Wednesday, May 8, 2013

ഈരടികള്‍ മുറിഞ്ഞ് ഈണം മാത്രമായി...

തിരയടിച്ചുയരാന്‍ വെമ്പുന്ന കടലായി ഉള്ളുനിറയെ സംഗീതം. തുള്ളിത്തുളുമ്പി നാവോളമെത്തുമ്പോള്‍ പക്ഷാഘാതത്തിന്‍െറ അടിതെറ്റലില്‍ ഈരടികള്‍ മുറിഞ്ഞ് ഈണം മാത്രം പുറത്തേക്ക്. രോഗം തളര്‍ത്തിയ നാവിന് പിടികൊടുക്കാതെ വാക്കുകള്‍ അകന്നുപോകുമ്പോള്‍ ഒരു അവശതക്കും തടുക്കാന്‍ കഴിയാത്ത തന്‍െറ സ്വരമാധുരിയില്‍ അദ്ദേഹം നൊമ്പരമൊളിപ്പിക്കുന്നു. മലയാളിയെ ഒരുകാലത്ത് പാടിയുണര്‍ത്തിയ എം.എസ്. നസീം എന്ന ഭാവഗായകന് പാടാന്‍ കഴിയാതായിട്ട് ഏഴുവര്‍ഷം.

 മൂവായിരത്തിലേറെ ഗാനസദസുകളിലുടേയും ദൂരദര്‍ശനും ആകാശവാണിയുമുള്‍പ്പടെ വിവിധ മാധ്യമങ്ങളിലൂടെയും മലയാളിയുടെ പാട്ടുശീലങ്ങളില്‍ ഇടമുറപ്പിക്കാന്‍ കഴിഞ്ഞ ഗതകാല പ്രതാപത്തിന്‍െറ ഓര്‍മകളിലുണര്‍ന്ന്, റിയാദിന്‍െറ നഗരകേന്ദ്രമായ ബത്ഹയില്‍, മകള്‍ നാദിയ ജാസിറിന്‍െറ വീട്ടിലിരുന്നു അദ്ദേഹം പാടി, ‘നിറയും താരങ്ങളെ...’ 1990ല്‍ ഇറങ്ങിയ ‘അനന്തവൃത്താന്തം’ എന്ന സിനിമയില്‍ ചിത്രയോടൊപ്പം പാടിയ യുഗ്മഗാനത്തിന്‍െറ ഈണം മാത്രമേ കേള്‍പ്പിക്കാനായുള്ളൂവെങ്കിലും ആ നാദമാധുരിയില്‍ ലയിച്ചിരിക്കുമ്പോള്‍ വാക്കുകള്‍ അനാവശ്യമാണെന്ന് തോന്നി.

ഗായകന്‍, മ്യൂസിക് കണ്ടക്ടര്‍, മലയാള സംഗീതത്തിന്‍െറ ചരിത്ര സൂക്ഷിപ്പുകാരന്‍, സ്റ്റേജ്-ടെലിവിഷന്‍ പരിപാടികളുടെ സംഘാടകന്‍, ഡോകൂമെന്‍ററി സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ നസീമിനെ മലയാള സംഗീതത്തിന്‍െറ വര്‍ത്തമാന ലോകത്തുനിന്ന് തട്ടിയകറ്റിയത് ഹൈപ്പര്‍ടെന്‍ഷന്‍ എന്ന രോഗമാണ്. ഇന്ത്യന്‍ സംഗീതരംഗത്തെ ഇതിഹാസമായ മുഹമ്മദ് റഫിയേയും മലയാളി സംഗീതജ്ഞന്‍ എ.ടി. ഉമ്മറിനേയും കുറിച്ച് തയാറാക്കിയ ഡോക്യുമെന്‍ററികളുടെ സീഡികളുമായി കഴക്കൂട്ടം, വെട്ടുറോഡിലെ ‘അസ്മ മേടയില്‍’ വീട്ടില്‍നിന്ന് പ്രമുഖ ടെലിവിഷന്‍ ചാനലിന്‍െറ തിരുവനന്തപുരത്തെ ഓഫീസിലേക്കുള്ള യാത്രക്കിടയിലാണ് ബസില്‍വെച്ച് രോഗത്തിന്‍െറ ആക്രമണം.

2005 ജൂലൈ 20നായിരുന്നു അത്. വലതുവശം തളര്‍ന്ന് ആശുപത്രിയില്‍ കഴിയവേ ഒരിക്കല്‍കൂടി രോഗത്തിന്‍െറ ആക്രമണം. സംസാരശേഷിയും നഷ്ടമായി. അക്ഷരങ്ങള്‍ കൂടിക്കുഴഞ്ഞ് അവ്യക്തമാകുന്ന വാക്കുകള്‍.
വളരെ ചെറുപ്പത്തിലെ സംഗീതലോകത്ത് എത്തിയ അദ്ദേഹത്തിന് ചലച്ചിത്രസംഗീതത്തില്‍ അര്‍ഹപ്പെട്ട അവസരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും പിന്നണിരംഗത്തെ ഗാനഗന്ധര്‍വന്‍ യേശുദാസ് മുതല്‍ വിധുപ്രതാപ് വരെ പലതലമുറകള്‍ നീളുന്ന ശക്തമായ സംഗീത സൗഹൃദത്തിനുടമയായി. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ജൂനിയര്‍ എ.എം രാജയെന്നും കോളജിലെത്തിയപ്പോള്‍ ജൂനിയര്‍ റഫിയെന്നും വിളിപ്പേര് വീണുകിട്ടുംവിധം ശ്രോതാക്കളെ വിസ്മയിപ്പിച്ച സംഗീതസിദ്ധിയാണ് ചലച്ചിത്രരംഗത്ത് അവസരം കിട്ടിയില്ലെങ്കില്‍ പോലും സംഗീതാസ്വാദകരുടെ മനസില്‍ പ്രമുഖസ്ഥാനത്ത് പ്രതിഷ്ഠ നേടിക്കൊടുത്തത്.

മുവായിരത്തിലേറെ ഗാനമേളകളാണ് ഇന്ത്യയിലും പുറത്തുമായി അദ്ദേഹം നയിച്ചത്. സൗദി അറേബ്യയൊഴികെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലുമായി 18ലേറെ വേദികളില്‍ പാടി അദ്ദേഹം പ്രവാസികളുടെ പ്രിയപ്പെട്ട ഗായകനായി. സൗദിയില്‍ കാലൂന്നാന്‍ അവസരമൊത്തപ്പോള്‍ പാടാന്‍ കഴിയാതെയുമായി. കഴിവുകള്‍ തന്ന സര്‍വശക്തനായ ദൈവത്തോട് ഹൃദയമുരുകി പാടാന്‍ ആത്മീയതേട്ടങ്ങളുടെ ഭാഗമായുളള ഒരു തീര്‍ഥയാത്രയാണിത്. മക്കയും മദീനയും സന്ദര്‍ശന ലക്ഷ്യമാണ്.
കേവലം ഒരു ഗായകനില്‍ ഒതുങ്ങിനില്‍ക്കാന്‍ തയാറാകാതിരുന്ന അദ്ദേഹത്തിലെ സംഗീതപ്രേമി അരനൂറ്റാണ്ടിലധികമായ മലയാളിയുടെ സിനിമ, നാടക, ലളിത, ഗസല്‍ സംഗീതചരിത്രത്തിന്‍െറ ഒരു വിജ്ഞാനകോശമായി മാറാനും തന്‍െറ ബഹുമുഖ കഴിവുകളിലൂടെ കഠിനപരിശ്രമം നടത്തി. അദ്ദേഹത്തിന്‍െറ മേടയില്‍ വീട് ഒരു സംഗീത മ്യൂസിയമായി. മലയാള ഗാനചരിത്രം രേഖപ്പെടുത്താന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ ആദ്യ സാക്ഷാത്കാരമായിരുന്നു ദൂരദര്‍ശന്‍ ഏറെക്കാലം തുടര്‍ച്ചയായി സംപ്രേഷണം ചെയ്ത ‘ആയിരം ഗാനങ്ങള്‍തന്‍ ആനന്ദലഹരി’. മലയാള ഗാനചരിത്രത്തിന്‍െറ സമഗ്രത ഉള്‍ക്കൊള്ളുന്ന ആ ഡോകുമെന്‍ററി അദ്ദേഹം സ്വന്തം സമ്പാദ്യം മുടക്കിയാണ് സംവിധാനം ചെയ്തത്.

നിരവധി ഡോകുമെന്‍ററികള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന്‍െറ ‘മിഴാവ്’ എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. 1997ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം, സംസ്ഥാന സര്‍ക്കാരിന്‍െറ ടി.വി അവാര്‍ഡ് നാലുതവണ, 2001ല്‍ കുവൈത്തിലെ സ്മൃതി എ.എം രാജ പുരസ്കാരം, 2001ല്‍ സോളാര്‍ ഫിലിം സൊസൈറ്റി പുരസ്കാരം തുടങ്ങി നിരവധി സമ്മാനങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പുതിയ കേരള നിയമസഭാമന്ദിരത്തിന്‍െറ ഒന്നാംവാര്‍ഷിക വേളയില്‍ നിയമസഭക്കുള്ളില്‍ ഗാനമേള നടത്താനും എം.കെ. മുനീര്‍, പി.ജെ. ജോസഫ്, എം. വിജയകുമാര്‍, എസ്. ശര്‍മ തുടങ്ങിയ നേതാക്കളോടൊപ്പം ഗാനാലാപനം നടത്താനും കഴിഞ്ഞത് ഓര്‍മയിലെ ഏറ്റവും തിളക്കമുള്ള അനുഭവം.
എം.എ, ബി.എഡ് കാരനായ അദ്ദേഹം 27 വര്‍ഷം സര്‍ക്കാര്‍ സര്‍വീസിലായിരുന്നു. കെ.എസ്.ഇ.ബിയില്‍ സുപ്രണ്ടായിരിക്കെ 2003ല്‍ സ്വയം വിരമിച്ച് മുഴുസമയ സംഗീത പ്രവര്‍ത്തകനായി. വിഖ്യാത സംഗീതസംവിധായകന്‍ നൗഷാദിനെ മുംബെയില്‍ പോയി കണ്ട് തയാറാക്കിയ ഡോകുമെന്‍ററി പൂര്‍ത്തിയാക്കാനായില്ല.
ഭാര്യ ഷാഹിദയോടൊപ്പമാണ് റിയാദില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ മരുമകന്‍ ജാസിറിന്‍േറയും മകള്‍ നാദിയ ജാസിറിന്‍േറയും അരികിലെത്തിയത്. ഇളയ മകള്‍ നസ്മി ഗീത് നാട്ടില്‍ ബി.ഡി.എസ് വിദ്യാര്‍ഥിനിയാണ്.
പ്രശസ്ത സംഗീത സംവിധായകന്‍ ബാബുരാജിന്‍െറ മക്കളായ സാബിറ ഇബ്രാഹിം ജിദ്ദയില്‍നിന്നും ഷംന സുള്‍ഫിക്കര്‍ യാമ്പുവില്‍നിന്നും അദ്ദേഹത്തെ കാണാന്‍ റിയാദിലെത്തിയിരുന്നു. വീട്ടില്‍ അവരെ കണ്ട് അത്ഭുതം കൂറുമ്പോള്‍ തെക്കന്‍ കേരളത്തിലെ ഭാവഗായകനുമായി കോഴിക്കോടിന്‍െറ പ്രിയ പാട്ടുകാരന്‍ ബാബുരാജിന്‍െറ കുടുംബത്തിനുള്ള ബന്ധം അവര്‍ വെളിപ്പെടുത്തി, നസീമിന്‍െറ ഇളയ അനുജന്‍ സുള്‍ഫിക്കറാണ് ഷംനയെ വിവാഹം കഴിച്ചത്.

https://www.youtube.com/watch?v=phZyP0zIT30

https://www.youtube.com/watch?v=Jn8uYvX6fQU

Wednesday, May 11, 2011

മാര്‍ത്ത ഗ്രഹാം ഗൂഗിള്‍ ഡൂഡിലില്‍ നൃത്തമാടുമ്പോള്‍

ഇന്നത്തെ ഗൂഗിള്‍ ഹോം പേജില്‍ ഒരല്‍പനേരം ചെലവിടുന്നവര്‍ വിസ്മയഭരിതരാവും. സാധാരണ ഗൂഗിള്‍ എന്ന ശീര്‍ഷകം കാണുന്നിടം ആദ്യം തീര്‍ത്തും ശൂന്യം. പെട്ടെന്ന് വലത്തേ മൂലയില്‍ പ്രത്യേക നൃത്തച്ചുവടുമായി ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെടുന്നു. ഭരതനാട്യ ശൈലിയില്‍ വിടര്‍ത്തിയ നിതംബത്തിലിരുന്ന് പെട്ടേന്ന് വലത്തേക്ക് ഉടലൊടിച്ച് പിന്നെ ഇടത്തേക്ക് ചാഞ്ഞുവീണ് ഇംഗ്ലീഷില്‍ 'ഇ' എന്ന അക്ഷരം വരയുന്നു. പൊടുന്നനെ ആ രൂപത്തില്‍നിന്നെഴുന്നേറ്റ് മറ്റൊരു ചുവടിലേക്കുള്ള പകര്‍ന്നാട്ടത്തിലൂടെ 'എല്‍' എന്ന അക്ഷരം.


പിന്നെ ഭൂമിയിലേക്ക് പറന്നിറങ്ങി 'ജി'യിലേക്കുള്ള രൂപാന്തരം. വിണ്ണിലേക്ക് പറന്നുയര്‍ന്ന് 'ഒ' എന്ന അക്ഷരങ്ങളെ അന്തരീക്ഷത്തില്‍ വരഞ്ഞുകൊണ്ട് വേഗത്തിന്റെ ശരീര വഴക്കം വെളിപ്പെടുത്തുന്ന അനായസ നടനവൈഭവത്തിന്റെ ചാരുത. ഒടുവില്‍ വലിയൊരു ജി വരഞ്ഞ് നര്‍ത്തകി നിലം തൊടുമ്പോള്‍ ഇതുവരെ കണ്ടിട്ടുള്ള ഗൂഗിള്‍ ഡൂഡില്‍സുകളില്‍ ഏറ്റവും മനോഹരം, വിസ്മയം ഇതെന്ന് നാം പറഞ്ഞുപോകും. 

ഗൂഗിള്‍ ബ്രൌസറിന്റെ മുഖപ്പേജില്‍ അനുദിനം തെളിയുന്ന ഓരോ ഡൂഡിലിനും സവിശേഷമായ ഒരു പശ്ചാത്തലമുണ്ട്. ലോകപ്രശസ്ത നര്‍ത്തകിയായിരുന്ന മാര്‍ത്ത ഗ്രഹാമാണ് ഗൂഗില്‍ ഡൂഡിലില്‍ ഇങ്ങിനെ നൃത്തമാടുന്നത്. ലോകത്തെമ്പാടും ഗൂഗിളിന്റെ ബ്രൌസിങ് വാതിലില്‍ മാര്‍ത്ത ഗ്രഹാം ഇന്ന് ഇതുപോലെ നൃത്തമാടിക്കൊണ്ടേയിരിക്കും. നൃത്തകലയില്‍ ഒരു പുതുയുഗ പിറവിക്ക് സാക്ഷ്യം വഹിച്ച ഈ അമേരിക്കന്‍ നര്‍ത്തകി പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗില്‍ 1894 മെയ് 11നാണ് ജനിച്ചത്. 1991 ഏപ്രില്‍ ഒന്നിന് മരിക്കുകയും ചെയ്തു. മാര്‍ത്ത ഗ്രഹാമിന്റെ ജന്മദിനത്തിന് ഗൂഗിള്‍ ആദരം അര്‍പ്പിക്കുകയാണ് ഡൂഡിലിലൂടെ. അമേരിക്കയിലെ ടെന്നിസിയില്‍ ജനിച്ച കൊറിയക്കാരനായ പ്രശസ്ത ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റ് ഡെന്നിസ് ഹ്വാങ്ങാണ് ഈ ഡൂഡിലൊരുക്കിയത്.

Friday, February 11, 2011

വൈകല്യത്തിനെതിരായ പോരാട്ടവഴിയില്‍

റിയാദ്: സാഹിത്യവഴിയില്‍ പ്രകാശം പരത്തുമ്പോഴും അസ്ഥിനുറുങ്ങുന്ന വേദനയോടെ റഫീന ചോദിക്കുന്നത് ഒരിറ്റ് കാരുണ്യമാണ്. ജീവിതം ദുസഹമാക്കിയ ശാരീരിക വൈകല്യത്തില്‍നിന്നൊരു മോചനത്തിന് മാര്‍ഗം തെളിഞ്ഞുനില്‍ക്കെ ചെലവിനാവശ്യമായ പണമില്ലാതെ പ്രയാസപ്പെട്ടുകഴിയുന്ന ഈ യുവ എഴുത്തുകാരിക്ക് തുണയേകാന്‍ റിയാദിലെ ചെരാത് സാഹിത്യവേദി മുന്നിട്ടിറങ്ങുന്നു.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കരിമ്പ ഗ്രാമത്തിന്റെ അഭിമാനവും ഒപ്പം വേദനയുമായ പി.പി. റഫീന പിറന്നുവീണതുമുതല്‍ വേദനയുടെ ലോകത്താണ്. ജന്മനാ ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോ. അക്ബര്‍ ശരീഫ് വര്‍ഷങ്ങള്‍ നീണ്ട ചികില്‍സയിലൂടെയാണ് വേര്‍പ്പെടുത്തിയത്. കൈകളെക്കാള്‍ ഗുരുതരമായ വൈകല്യമാണ് കാലുകളുടേത്. ഇരുകാലുകളും വളഞ്ഞ് ശരീരത്തിന്റെ ഉയരം കുറുകിയ അവസ്ഥയിലാണ്. വലത്തെ കാല്‍മുട്ടിനാവട്ടെ ഇരട്ട ചിരട്ടകളാണുള്ളത്. വലത്തെ കാല്‍മുട്ടിന് വേദന കഠിനമായി തുടങ്ങിയതോടെ ഡോക്ടര്‍ അക്ബര്‍ ശരീഫും കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റലിലെ ഡോ. ഗോപിയും റഫീനയെ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയും പാലക്കാട്ടെ ആര്‍.വി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇന്‍ ഇലിസറോവ് ടെക്നോളജിയിലെ ഡോ. വാസുദേവന്റെ സഹായം തേടുകയും ചെയ്തു. ഡോ. വാസുദേവന്റെ പരിശോധനയില്‍ ഇരുകാലുകളിലും 'പാര്‍ഷ്യല്‍ കന്‍ജെനിറ്റല്‍ ഹെമിമീലിയ വിത്ത് മിറര്‍ഫൂട്ട് ഡിഫോര്‍മിറ്റി' എന്ന സങ്കീര്‍ണമായ അംഗവൈകല്യരോഗമാണെന്ന് കണ്ടെത്തി. എത്രയും വേഗം ശസ്ത്രക്രിയക്ക് വിധേയമാക്കുക എന്നതായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ഇത് വൈകിച്ചാല്‍ റഫീന കിടപ്പിലാവാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ ഓര്‍മിപ്പിച്ചു.

ഇരുകാലുകളിലും 'ഇല്ലിസറോവ് ടെക്നോളജി' എന്ന നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃത്യമായ ഇടവേളകളില്‍ അനേകം ശസ്ത്രക്രിയകള്‍ നടത്തി വൈകല്യപ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നും ഡോക്ടര്‍ കണ്ടെത്തി. ഇത്തരമൊരു ചികില്‍സക്ക് നാലു ലക്ഷം രൂപ ചെലവു വരുമത്രെ. ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ കൈവിരലുകള്‍ക്കിടയില്‍ പേന തിരുകി നന്നെ ചെറുപ്പത്തില്‍ തന്നെ റഫീന കഥയും കവിതയും എഴുതാന്‍ തുടങ്ങി. എട്ടാമത്തെ വയസിലാണ് ആദ്യകവിത പ്രകാശിതമായത്. റഫീനയുടെ ഉപ്പുപ്പയാണ് ഈ സര്‍ഗശേഷിയെ ആദ്യം തിരിച്ചറിഞ്ഞത്. 'ഇനിയും വരാത്ത കവിത' എന്ന പേരില്‍ 2007ല്‍ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. രണ്ട് പതിപ്പുകളിറങ്ങിയ ഈ പുസ്തകത്തിന് ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ശിശുക്ഷേമ സമിതി പുരസ്കാരം ലഭിച്ചു. ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ വേര്‍പെടുത്തുമ്പോള്‍ ഡോ.അക്ബര്‍ ശരീഫ് പ്രവചിച്ചിരുന്നു, റഫീന സ്വന്തം വിരലുകള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുമെന്ന്. എഴുത്തിന് പുറമെ ഗ്ലാസ് പെയിന്റിങിലും ചിത്രരചനയിലും സാരി ഡിസൈനിംഗിലുമൊക്കെയായി തന്റെ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തി.

പത്തൊമ്പതുകാരിയായ റഫീന ഇപ്പോള്‍ കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. അനാട്ടമി ഓഫ് ഫ്രോഗ് (കഥകള്‍), പുല്‍ച്ചാടിയുടെ സ്വപ്നം (കവിതകള്‍) എന്നീ പുസ്തകങ്ങള്‍ കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലാമത്തെ പുസ്തകമായ 'നിറയെ നിറയെ നിറയെ കവിത' (ബാലസാഹിത്യം) ഫെബ്രുവരി 17ന് പുറത്തിറങ്ങും. ഹൃദ്രോഗിയായ ഉപ്പുപ്പയും രോഗിയായ ഉമ്മുമ്മയും ഉമ്മയുമടങ്ങുന്ന നിര്‍ദ്ദന കുടുംബം ഇത്രയും വലിയൊരു തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. ചെരാത് സാഹിത്യവേദിയുടെ റഫീന ചികില്‍സാ സഹായകമ്മിറ്റിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ റഫീഖ് പന്നിയങ്കരയുമായി (00 966 553 363 454) ബന്ധപ്പെടാം. അക്കൌണ്ട് നമ്പര്‍: 67113192685, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, തളിപ്പറമ്പ്:670141.

Thursday, September 30, 2010

പ്രവാസി അനുഭവത്തിന്റെ ചൂരുമായി 'ഗദ്ദാമ'

'ഖാദിമ' എന്ന അറബി പദത്തിന് പരിചാരകയെന്നാണ് അര്‍ഥം. മലയാളികളുടെ അന്തമില്ലായ്ക മൂലം പ്രയോഗം 'ഗദ്ദാമ'യെന്നായി. ഗള്‍ഫിലെത്തുന്ന വീട്ടുവേലക്കാരികളുടെ ജീവിതവും ഇതുപോലെ ചില അന്തമില്ലായ്കകളാണ്. പ്രവാസത്തിന്റെ ചൂടും ചൂരും അറിയുന്ന ഒരു പത്രപ്രവര്‍ത്തകന്‍ സിനിമക്ക് കഥയെഴുതുമ്പോള്‍ അത് ഈ പാവം 'ഗദ്ദാമ'കളില്‍നിന്നല്ലാതെ എങ്ങിനെ തുടങ്ങാന്‍? പ്രവാസി പത്രപ്രവര്‍ത്തകന്‍ കെ.യു ഇഖ്ബാലിന്റെ 'ഗദ്ദാമ'യെന്ന അനുഭവകുറിപ്പാണ് പ്രശസ്ത സംവിധായകന്‍ കമല്‍ സിനിമയാക്കുന്നത്. കെ. ഗിരീഷ് കുമാര്‍ തിരക്കഥയൊരുക്കുന്നു. ശ്രീനിവാസനും കാവ്യ മാധവനും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ പൂജ കഴിഞ്ഞു. വൈകാതെ ദുബായില്‍ ഷൂട്ടിങ് തുടങ്ങും.

Monday, June 14, 2010

പ്രവാസി പത്രപ്രവര്‍ത്തകന്റെ കൃതി കമല്‍ സിനിമയാക്കുന്നു

റിയാദ്: സൌദിയിലെ പ്രമുഖ മലയാളി പത്രപ്രവര്‍ത്തകന്‍ കെ.യു. ഇഖ്ബാലിന്റെ രചന പ്രശസ്ത സംവിധായകന്‍ കമല്‍ സിനിമയാക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഭാഷാപോഷിണി വാര്‍ഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ച 'ഗദ്ദാമ' എന്ന ലേഖനത്തെ ആസ്പദമാക്കിയാണ് സിനിമ രൂപപ്പെടുന്നത്. തിരക്കഥ രചനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. സൌദി അറേബ്യയിലെ അല്‍ ഖസീം പ്രവിശ്യയില്‍ വീട്ടുജോലിക്കെത്തിയ മലയാളി യുവതിയുടെ ജീവിതത്തിന്റെ അനുഭവ സാക്ഷ്യമാണ് ലേഖനം. സാധാരണ വീട്ടുജോലിക്കാരികളുടേതില്‍നിന്ന് വ്യത്യസ്തമായി ജോലി ചെയ്യുന്ന സ്ഥലത്തോ പരിസരങ്ങളിലൊ ഒരു തരത്തിലുള്ള പീഡനത്തിനും ഇരയാകാത്ത 'സുബൈദ' എന്ന വീട്ടുജോലിക്കാരി ബന്ധുക്കളുടെ നിരാസത്തെ തുടര്‍ന്ന് അനുഭവിക്കുന്ന കടുത്ത മാനസിക പീഡനമാണ് ലേഖനത്തിലെ വിഷയം.

Saturday, July 25, 2009

'അഞ്ചുവര്‍ഷത്തിനകം സൌദിയില്‍ കോടിയിലേറെ തൊഴിലവസരങ്ങള്‍'

റിയാദ്: സൌദിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വന്‍തോതില്‍ തൊഴിലവസരങ്ങളുണ്ടാവുമെന്ന് റിയാദ് ചേംബര്‍ ഓഫ് കൊമേഴ്സ് നടത്തിയ പഠനത്തില്‍ പറയുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ കോടിയിലേറെ തസ്തികകളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വന്‍ എകണോമിക് സിറ്റിയുള്‍പ്പെടെയുള്ള വാണിജ്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് 2014ഓടെയാണ് ഇത്രയേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. പുതിയ പദ്ധതികളിലൂടെ 10.8 ദശലക്ഷം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 5.45 ദശലക്ഷം സ്വദേശികള്‍ക്കും 5.4 ദശലക്ഷം വിദേശികള്‍ക്കും ലഭിക്കും. സമീപകാലത്ത് സ്വദേശികള്‍ക്കിടയില്‍ കൂടിവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ ഇത്കൊണ്ട് സാധിക്കും. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 10.5 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിലൂടെ 2014 ആകുമ്പോഴേക്കും അത് 7.14 ശതമാനമായി കുറക്കാന്‍ കഴിയും. എന്നാല്‍ അഭൂതപൂര്‍വമായ തോതില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമ്പോഴും തൊഴിലില്ലായ്മ നിരക്ക് ഇത്രകണ്ട് കുറഞ്ഞാല്‍ പോരാ എന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. തൊഴില്‍രഹിതരായ സ്വദേശി യുവാക്കള്‍ക്ക് വിദേശ തൊഴിലാളികള്‍ ചെയ്യുന്ന പല ജോലികളിലും വേണ്ടത്ര വൈദഗ്ധ്യമില്ലാത്തതാണ് ഇതിന് കാരണമത്രെ. ഭാവിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടാലും സ്വദേശികളുടെ അനുപാതം സ്വകാര്യ മേഖലയില്‍ കുറയാനാണ് സാധ്യത. കഴിഞ്ഞ ഏഴുവര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ വാണിജ്യ, ഉദ്പാദന രംഗത്തും സേവന മേഖലയിലും സ്വദേശികള്‍ വേണ്ടത്ര തൊഴില്‍ സന്നദ്ധത കാണിക്കുന്നില്ലെന്നാണ് പഠനത്തില്‍ തെളിയുന്നത്. തൊഴിലില്ലായ്മ നിലനില്‍ക്കുമ്പോള്‍ തന്നെ തൊഴിലിനോടുള്ള താല്‍പര്യക്കുറവ് തുടരുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്തും സാങ്കേതിക പരിശീലനങ്ങളിലും ഇതേ വിമുഖത പ്രകടമാണ്. തൊഴില്‍ രംഗത്ത് കാര്യക്ഷമതയും കഴിവും പോഷിപ്പിക്കാനുതകുന്ന പരിശീലന പദ്ധതികളും കേന്ദ്രങ്ങളും സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത പഠനം ഊന്നിപ്പറയുന്നുണ്ട്. വൈദ്യരംഗത്തും എഞ്ചിനീയറിംഗ് മേഖലയിലും രാജ്യത്തിന് മൊത്തം ആവശ്യമായതിന്റെ 12.5 ശതമാനമാണ് സ്വദേശി പങ്കാളിത്തം. 2007ലെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം തൊഴില്‍മേഖലയില്‍ 54.4 ശതമാനം വിദേശ തൊഴിലാളികളെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. യോഗ്യതയുടെ അഭാവവും നിയമപരമായ പരിമിതികളും തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ അനുപാതം കുറയാന്‍ കാരണമാവുന്നു. സ്വദേശി ഉദ്യോഗസ്ഥരില്‍ 8.1ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. സ്ത്രീകള്‍ക്ക് അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടും പല സ്വകാര്യ സ്ഥാപനങ്ങളും അവരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഇപ്പോഴും വിമുഖത കാട്ടുകയാണെന്ന് പഠനത്തില്‍ പറയുന്നു.
നജിം കൊച്ചുകലുങ്ക്