തിരയടിച്ചുയരാന്‍ വെമ്പുന്ന കടലായി ഉള്ളുനിറയെ സംഗീതം. തുള്ളിത്തുളുമ്പി നാവോളമെത്തുമ്പോള്‍ പക്ഷാഘാതത്തിന്‍െറ അടിതെറ്റലില്‍ ഈരടികള്‍ മുറിഞ്ഞ്
ഈണം മാത്രം പുറത്തേക്ക്. രോഗം തളര്‍ത്തിയ നാവിന് പിടികൊടുക്കാതെ
വാക്കുകള്‍ അകന്നുപോകുമ്പോള്‍ ഒരു അവശതക്കും തടുക്കാന്‍ കഴിയാത്ത തന്‍െറ
സ്വരമാധുരിയില്‍ അദ്ദേഹം നൊമ്പരമൊളിപ്പിക്കുന്നു. മലയാളിയെ ഒരുകാലത്ത്
പാടിയുണര്‍ത്തിയ എം.എസ്. നസീം എന്ന ഭാവഗായകന് പാടാന്‍ കഴിയാതായിട്ട്
ഏഴുവര്‍ഷം.
മൂവായിരത്തിലേറെ ഗാനസദസുകളിലുടേയും ദൂരദര്‍ശനും ആകാശവാണിയുമുള്‍പ്പടെ
വിവിധ മാധ്യമങ്ങളിലൂടെയും മലയാളിയുടെ പാട്ടുശീലങ്ങളില്‍ ഇടമുറപ്പിക്കാന്‍
കഴിഞ്ഞ ഗതകാല പ്രതാപത്തിന്‍െറ ഓര്‍മകളിലുണര്‍ന്ന്, റിയാദിന്‍െറ
നഗരകേന്ദ്രമായ ബത്ഹയില്‍, മകള്‍ നാദിയ ജാസിറിന്‍െറ വീട്ടിലിരുന്നു അദ്ദേഹം
പാടി, ‘നിറയും താരങ്ങളെ...’ 1990ല്‍ ഇറങ്ങിയ ‘അനന്തവൃത്താന്തം’ എന്ന
സിനിമയില്‍ ചിത്രയോടൊപ്പം പാടിയ യുഗ്മഗാനത്തിന്‍െറ ഈണം മാത്രമേ
കേള്‍പ്പിക്കാനായുള്ളൂവെങ്കിലും ആ നാദമാധുരിയില്‍ ലയിച്ചിരിക്കുമ്പോള്‍
വാക്കുകള്‍ അനാവശ്യമാണെന്ന് തോന്നി.
ഗായകന്‍, മ്യൂസിക് കണ്ടക്ടര്‍, മലയാള സംഗീതത്തിന്‍െറ ചരിത്ര സൂക്ഷിപ്പുകാരന്‍, സ്റ്റേജ്-ടെലിവിഷന്‍ പരിപാടികളുടെ സംഘാടകന്‍, ഡോകൂമെന്‍ററി സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ നസീമിനെ മലയാള സംഗീതത്തിന്‍െറ വര്‍ത്തമാന ലോകത്തുനിന്ന് തട്ടിയകറ്റിയത് ഹൈപ്പര്‍ടെന്‍ഷന്‍ എന്ന രോഗമാണ്. ഇന്ത്യന്‍ സംഗീതരംഗത്തെ ഇതിഹാസമായ മുഹമ്മദ് റഫിയേയും മലയാളി സംഗീതജ്ഞന്‍ എ.ടി. ഉമ്മറിനേയും കുറിച്ച് തയാറാക്കിയ ഡോക്യുമെന്‍ററികളുടെ സീഡികളുമായി കഴക്കൂട്ടം, വെട്ടുറോഡിലെ ‘അസ്മ മേടയില്‍’ വീട്ടില്‍നിന്ന് പ്രമുഖ ടെലിവിഷന്‍ ചാനലിന്‍െറ തിരുവനന്തപുരത്തെ ഓഫീസിലേക്കുള്ള യാത്രക്കിടയിലാണ് ബസില്‍വെച്ച് രോഗത്തിന്‍െറ ആക്രമണം.
2005 ജൂലൈ 20നായിരുന്നു അത്. വലതുവശം തളര്‍ന്ന് ആശുപത്രിയില്‍ കഴിയവേ ഒരിക്കല്‍കൂടി രോഗത്തിന്‍െറ ആക്രമണം. സംസാരശേഷിയും നഷ്ടമായി. അക്ഷരങ്ങള്‍ കൂടിക്കുഴഞ്ഞ് അവ്യക്തമാകുന്ന വാക്കുകള്‍.
വളരെ ചെറുപ്പത്തിലെ സംഗീതലോകത്ത് എത്തിയ അദ്ദേഹത്തിന് ചലച്ചിത്രസംഗീതത്തില്‍ അര്‍ഹപ്പെട്ട അവസരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും പിന്നണിരംഗത്തെ ഗാനഗന്ധര്‍വന്‍ യേശുദാസ് മുതല്‍ വിധുപ്രതാപ് വരെ പലതലമുറകള്‍ നീളുന്ന ശക്തമായ സംഗീത സൗഹൃദത്തിനുടമയായി. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ജൂനിയര്‍ എ.എം രാജയെന്നും കോളജിലെത്തിയപ്പോള്‍ ജൂനിയര്‍ റഫിയെന്നും വിളിപ്പേര് വീണുകിട്ടുംവിധം ശ്രോതാക്കളെ വിസ്മയിപ്പിച്ച സംഗീതസിദ്ധിയാണ് ചലച്ചിത്രരംഗത്ത് അവസരം കിട്ടിയില്ലെങ്കില്‍ പോലും സംഗീതാസ്വാദകരുടെ മനസില്‍ പ്രമുഖസ്ഥാനത്ത് പ്രതിഷ്ഠ നേടിക്കൊടുത്തത്.
മുവായിരത്തിലേറെ ഗാനമേളകളാണ് ഇന്ത്യയിലും പുറത്തുമായി അദ്ദേഹം നയിച്ചത്. സൗദി അറേബ്യയൊഴികെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലുമായി 18ലേറെ വേദികളില്‍ പാടി അദ്ദേഹം പ്രവാസികളുടെ പ്രിയപ്പെട്ട ഗായകനായി. സൗദിയില്‍ കാലൂന്നാന്‍ അവസരമൊത്തപ്പോള്‍ പാടാന്‍ കഴിയാതെയുമായി. കഴിവുകള്‍ തന്ന സര്‍വശക്തനായ ദൈവത്തോട് ഹൃദയമുരുകി പാടാന്‍ ആത്മീയതേട്ടങ്ങളുടെ ഭാഗമായുളള ഒരു തീര്‍ഥയാത്രയാണിത്. മക്കയും മദീനയും സന്ദര്‍ശന ലക്ഷ്യമാണ്.
കേവലം ഒരു ഗായകനില്‍ ഒതുങ്ങിനില്‍ക്കാന്‍ തയാറാകാതിരുന്ന അദ്ദേഹത്തിലെ
സംഗീതപ്രേമി അരനൂറ്റാണ്ടിലധികമായ മലയാളിയുടെ സിനിമ, നാടക, ലളിത, ഗസല്‍
സംഗീതചരിത്രത്തിന്‍െറ ഒരു വിജ്ഞാനകോശമായി മാറാനും തന്‍െറ ബഹുമുഖ
കഴിവുകളിലൂടെ കഠിനപരിശ്രമം നടത്തി. അദ്ദേഹത്തിന്‍െറ മേടയില്‍ വീട് ഒരു
സംഗീത മ്യൂസിയമായി. മലയാള ഗാനചരിത്രം രേഖപ്പെടുത്താന്‍ അദ്ദേഹം നടത്തിയ
ശ്രമങ്ങളുടെ ആദ്യ സാക്ഷാത്കാരമായിരുന്നു ദൂരദര്‍ശന്‍ ഏറെക്കാലം
തുടര്‍ച്ചയായി സംപ്രേഷണം ചെയ്ത ‘ആയിരം ഗാനങ്ങള്‍തന്‍ ആനന്ദലഹരി’. മലയാള
ഗാനചരിത്രത്തിന്‍െറ സമഗ്രത ഉള്‍ക്കൊള്ളുന്ന ആ ഡോകുമെന്‍ററി അദ്ദേഹം
സ്വന്തം സമ്പാദ്യം മുടക്കിയാണ് സംവിധാനം ചെയ്തത്.
നിരവധി ഡോകുമെന്‍ററികള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന്‍െറ ‘മിഴാവ്’ എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. 1997ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം, സംസ്ഥാന സര്‍ക്കാരിന്‍െറ ടി.വി അവാര്‍ഡ് നാലുതവണ, 2001ല്‍ കുവൈത്തിലെ സ്മൃതി എ.എം രാജ പുരസ്കാരം, 2001ല്‍ സോളാര്‍ ഫിലിം സൊസൈറ്റി പുരസ്കാരം തുടങ്ങി നിരവധി സമ്മാനങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

എം.എ, ബി.എഡ് കാരനായ അദ്ദേഹം 27 വര്‍ഷം സര്‍ക്കാര്‍ സര്‍വീസിലായിരുന്നു. കെ.എസ്.ഇ.ബിയില്‍ സുപ്രണ്ടായിരിക്കെ 2003ല്‍ സ്വയം വിരമിച്ച് മുഴുസമയ സംഗീത പ്രവര്‍ത്തകനായി. വിഖ്യാത സംഗീതസംവിധായകന്‍ നൗഷാദിനെ മുംബെയില്‍ പോയി കണ്ട് തയാറാക്കിയ ഡോകുമെന്‍ററി പൂര്‍ത്തിയാക്കാനായില്ല.
ഭാര്യ ഷാഹിദയോടൊപ്പമാണ് റിയാദില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ മരുമകന്‍ ജാസിറിന്‍േറയും മകള്‍ നാദിയ ജാസിറിന്‍േറയും അരികിലെത്തിയത്. ഇളയ മകള്‍ നസ്മി ഗീത് നാട്ടില്‍ ബി.ഡി.എസ് വിദ്യാര്‍ഥിനിയാണ്.
പ്രശസ്ത സംഗീത സംവിധായകന്‍ ബാബുരാജിന്‍െറ മക്കളായ സാബിറ ഇബ്രാഹിം
ജിദ്ദയില്‍നിന്നും ഷംന സുള്‍ഫിക്കര്‍ യാമ്പുവില്‍നിന്നും അദ്ദേഹത്തെ
കാണാന്‍ റിയാദിലെത്തിയിരുന്നു. വീട്ടില്‍ അവരെ കണ്ട് അത്ഭുതം കൂറുമ്പോള്‍
തെക്കന്‍ കേരളത്തിലെ ഭാവഗായകനുമായി കോഴിക്കോടിന്‍െറ പ്രിയ പാട്ടുകാരന്‍
ബാബുരാജിന്‍െറ കുടുംബത്തിനുള്ള ബന്ധം അവര്‍ വെളിപ്പെടുത്തി, നസീമിന്‍െറ ഇളയ
അനുജന്‍ സുള്‍ഫിക്കറാണ് ഷംനയെ വിവാഹം കഴിച്ചത്.
https://www.youtube.com/watch?v=phZyP0zIT30
https://www.youtube.com/watch?v=Jn8uYvX6fQU
ഈണം മാത്രം ആയാലും ഭാവഗായകന് ആശംസകള്‍
ReplyDeleteഒരു നല്ല ശബ്ദത്തിന്റെ ഉടമയോട് ദൈവമെന്തേ ഇങ്ങനെ ക്രൂരമായി പെരുമാറി ?
ReplyDeleteനല്ല ലേഖനം.വിജ്ഞാനപ്രദം.
ReplyDeleteSimply awesome !!!
ReplyDeleteNalla postukal .
Kooduthal pratheekshikkunnu.
Ezhuthuka !!!