Showing posts with label നൊമ്പരം. Show all posts
Showing posts with label നൊമ്പരം. Show all posts

Tuesday, September 25, 2012

ഓര്‍ക്കാന്‍ എനിക്കുമുണ്ട് ഒരു കാരണം

പലനാള്‍ ഉടക്കിട്ടതിന് ശേഷം മരണവുമായി തിലകന്‍ ഒത്തുതീര്‍പ്പിലത്തെിയിരിക്കുന്നു. അങ്ങിനെയൊന്നിനും പെട്ടെന്ന് വഴങ്ങികൊടുക്കാത്ത അദ്ദേഹം മരണത്തേയും കുറെക്കാലം കളിപ്പിച്ചുനിറുത്തി. മരണം വാപൊളിച്ചുനിന്നിടത്തുനിന്നെല്ലാം ‘അമ്മ’യോട് വഴക്കിട്ട കുട്ടിയെ പോലെ അദ്ദേഹം കുതറിമാറി. അല്ളെങ്കില്‍ മരണം അദ്ദേഹത്തെ തൊടാന്‍ മടിച്ചുനിന്നു. ആരൊക്കെ വിലക്കിയാലും ഞാന്‍ അഭിനയിക്കും എന്ന് ദൃഢനിശ്ചയം ചെയ്തതുപോലെ മരണമേ, നിനക്ക് തരാന്‍ എന്‍െറ കൈയ്യിലിപ്പോള്‍ കാള്‍ ഷീറ്റില്ളെന്ന് തുറന്നുപറഞ്ഞിരിക്കണം നേരത്തെ ക്ഷണമത്തെിയിരുന്നപ്പോഴെല്ലാം. ഏതായാലും അത് സംഭവിച്ചു. ഇനിയില്ല.

ഒടുവില്‍ മരണവുമായി ഒരു സന്ധിയാവാമെന്ന ആലോചനയില്‍ ആശുപത്രി കിടക്കയില്‍ ശരീരം അവശതപ്പെടുമ്പോഴും അഭിനയത്തെ കുറിച്ച് ആരോ ഒന്നുറക്കെ പറഞ്ഞത് ആ അര്‍ധ ബോധത്തിലുമുണര്‍ത്തിയ വലിയ തിരയിളക്കത്തെ കുറിച്ച് കേട്ടതോര്‍ക്കുന്നു. അഭിനയത്തോടുണ്ടായിരുന്നത് അടങ്ങാത്ത ആര്‍ത്തി. അത് നിഷേധിക്കപ്പെടുമ്പോഴാണ് അദ്ദേഹം കലാപകാരിയായി മാറിയിരുന്നത്. നിലപാടുകള്‍. വിവാദങ്ങള്‍. അതുയര്‍ത്തിയ കൊടുങ്കാറ്റുകള്‍. അഭിനയത്തിലെ അതേ സൂക്ഷ്മത നിലപാടുകളിലും അഭിപ്രായ പ്രകടനങ്ങളിലും പാലിച്ചിരുന്നു. അതുകൊണ്ടാണ് ഒരു തിരുത്തലോ നയമാറ്റമോ അദ്ദേഹത്തില്‍നിന്ന് സംഭവിക്കാതിരുന്നത്.

ഏറെ സൂക്ഷ്മതയോടെ, മുന്നൊരുക്കത്തോടെയാണ് കഥാപാത്രങ്ങളിലേക്കുള്ള വേഷപ്പകര്‍ച്ചയെന്ന പോലെ അഭിപ്രായ പ്രകടനങ്ങളും അദ്ദേഹം നടത്തുന്നതെന്ന് നേരിട്ട് ബോധ്യപ്പെടാനൊരു അവസരമുണ്ടായത് ഇപ്പോള്‍ ഓര്‍മയിലത്തെുന്നു. അഭ്രപാളിക്ക് പുറത്ത് ആദ്യം കണ്ടതും ആദ്യവും അവസാനവുമായി അദ്ദേഹത്തിന്‍െറ ഒരു വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്തതും 2012 ഫെബ്രുവരിയില്‍ റിയാദ് നാടക വേദി ആന്‍റ ചില്‍ഡ്രന്‍സ് തിയേറ്ററിന്‍െറ രണ്ടാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ റിയാദിലത്തെിയപ്പോഴാണ്.

കാരിരുമ്പിന്‍െറ കരുത്തുറ്റ കഥാപാത്രങ്ങളായി മനസിലെ ആകാശം മുട്ടിനിന്ന ആ മഹാനടന്‍െറ യഥാര്‍ഥ ആകാരം മുന്നില്‍ മുഖത്തെ നരച്ചരോമങ്ങളുടെ ധവളപ്രകാശത്തോടൊപ്പം മന്ദഹസിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ വിസ്മയിച്ചുപോയി. ആരോഗ്യനിലയിലെ അവശത ആ ചെറിയ ശരീരത്തെ ഒന്നുകൂടി ദുര്‍ബലപ്പെടുത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തിനായി ഒരുക്കിയ മേശക്കരുകിലേക്ക് നടക്കുമ്പോള്‍ ശോഷിച്ച കാലുകളില്‍ ആ ശരീരം ഒന്നുവേച്ചിരുന്നോ!



സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ പക്ഷെ, തിരയില്‍ കണ്ട് പരിചയിച്ച ആ തിലകന്‍ തന്നെയായിരുന്നു ആ അതിഗാംഭീര്യത്തോടെ മുന്നിലിരുന്നത്. വാര്‍ത്താസമ്മേളനമെന്ന കാര്യം പോലും മറന്ന് എല്ലാവരും ആ വലിയ പ്രഭാഷകന്‍െറ മുന്നിലെ അച്ചടക്കം പാലിച്ച ശ്രോതാക്കളായി. സമയം പോയതറിഞ്ഞില്ല. മധുരമിഠായി അലിഞ്ഞുതീരും വേഗത്തിലാണ് ആ ഒന്നര മണിക്കൂര്‍ തീര്‍ന്നത്. അപ്പോള്‍ മാത്രമാണ് വന്ന ദൗത്യത്തെ കുറിച്ചോര്‍മ വന്നത്. പ്രഭാഷണത്തിന്‍െറ മഴവെള്ളപ്പാച്ചിലിനിടയില്‍ തുണ്ടുപേപ്പറുകളില്‍ കോരിയെടുക്കാനായതിന്‍േറയും മൊബൈല്‍ ഫോണില്‍ ശേഖരിക്കാനായ വോയ്സിന്‍േറയും ധൈര്യത്തില്‍ മടങ്ങാനൊരുങ്ങുമ്പോള്‍ സഹപ്രവര്‍ത്തകരിലൊരാള്‍ ഓര്‍മപ്പെടുത്തി. അതിലുള്ളത് പലതവണ കേട്ടും വായിച്ചും ഉറപ്പുവരുത്തിയിട്ട് മതി കേട്ടോ...


മേശക്കപ്പുറം വന്നിരുന്ന അദ്ദേഹം വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് തൊട്ട് മുമ്പ് ഒരു ചെറിയ കാമറ കൊണ്ട് മുന്നിലിരുന്ന മുഴുവന്‍ മാധ്യമപ്രതിനിധികളുടേയും ഫോട്ടോയെടുത്തിരുന്നു. അതെന്തിനാവുമെന്ന സംശയത്തോടെയും കൗതുകത്തോടെയും നോക്കിയിരിക്കുമ്പോള്‍ അടുത്തിരുന്നയാള്‍ ചെവിയില്‍ പറഞ്ഞു, ഫോട്ടോ മാത്രമല്ല, ശബ്ദം റെക്കോര്‍ഡ് ചെയ്യാറുണ്ടെന്നും കേട്ടിട്ടുണ്ട്. പറയാത്ത കാര്യങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തുവരാതിരിക്കാനുള്ള മുന്‍ കരുതലാണത്... ഒരാളുടെ അഭിപ്രായവും നിലപാടും അത്രമേല്‍ സൂക്ഷ്മതയോടെ പരിപാലിക്കേണ്ടതാണെന്ന ആ നേരറിവ് അദ്ദേഹത്തോടുള്ള ആദരവിനെ വളര്‍ത്തി. തെറ്റിക്കാന്‍ ഒരു ചെറിയ ശ്രമം പോലും ചുറ്റുപാടില്‍നിന്നുണ്ടാവരുതെന്ന ആ ജാഗ്രത മാതൃകയാണെന്നും തോന്നി.

Photos by Shakeeb Kolakkadan

Thursday, March 3, 2011

കെ.ആര്‍. ഹരിലാല്‍

കെ.ആര്‍. ഹരിലാല്‍ എന്ന എന്റെ പ്രിയ സുഹൃത്തിന്റെ മരണവാര്‍ത്തയാണ് രാവിലെ കേട്ടത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആ ജീവന്‍ പടിയിറങ്ങുമ്പോള്‍ പ്രായം 40 മാത്രം. ഒരു ബസ് യാത്രക്കിടെ അടുത്തിരുന്നയാള്‍ ഒരു ചെറിയ പരിചയപ്പെടലിലൂടെ വലിയ സുഹൃത്ത് ബന്ധത്തിലേക്ക് കയറിവന്നതാണ്. സൌഹൃദത്തിന്റെ ഊഷ്മളതയിലുപരി ഒരു വിജ്ഞാന കോശമായി വിസ്മയിപ്പിച്ച ഹരിയേട്ടന്‍ ഗുരുപരമ്പരയിലെ പ്രധാനികളിലൊരാളായി മാറുകയായിരുന്നു. തപസ്യയുടെ കീഴിലുള്ള ബാലഗോകുലത്തിന്റെ ജില്ലാ ഭാരവാഹിയായി സംഘ ബന്ധത്തിന്റെ ഒരു പൂര്‍വകാലം. പിന്നീട് തിരുവനന്തപുരത്ത് കോട്ടക്കകത്ത് പുണ്യ ടൂഷന്‍ സെന്റര്‍ എന്ന പേരില്‍ പഴയ ഗുരുകല സമ്പ്രദായത്തില്‍ ഒരു പാഠശാലയുടെ നടത്തിപ്പ്. ഇടക്കെപ്പോഴൊ വെറുതെ ഒരു പി.എസ്.സി പരീക്ഷക്കിരുന്നതുകൊണ്ട് ആദായ നികുതി വകുപ്പില്‍ ജോലി. വിവാഹിതനായി ഒരു കുട്ടിയുടെ പിതാവ്. ഹരിയേട്ടന്‍ ഇപ്പോള്‍ ഈ ഭൂമിയിലില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസം... വല്ലാതെ വേദന തോന്നുന്നു.

Monday, October 5, 2009

ഹൃദയാഞ്ജലി

മരണം ഒരു കവിതയാണ്
മനോഹരമായ ഒരു ഭാവഗീതം
അതാണ് ജീവിതത്തിന് അര്‍ഥവും ഭംഗിയും നല്‍കുന്നത്
മരണമില്ലെങ്കില്‍ ജീവിതത്തിന് ഒരു സുഖവുമില്ല
ഹൃദയത്തില്‍ നൊമ്പരത്തിന്റെ
കൂര്‍ത്ത നാരായ മുന കൊണ്ടെഴുതുന്ന
കവിതയാണ് മരണം
ഒരിക്കലും അഴിയാത്ത അനശ്വര കാവ്യം

കവിതകള്‍ കുറിച്ച് അതിലേക്ക് തന്നെ നടന്നുപോയ നവീന്‍
അതുപോലൊരു നൊമ്പരമാകുന്നു ബൂലോഗ
ഹൃദയത്തില്‍...

പ്രസിദ്ധ മലയാളി ബ്ലോഗര്‍ കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു

കുവൈത്ത്: ജ്യോനവന്‍ എന്ന പേരില്‍ പ്രവാസികള്‍ക്കിടയില്‍ പ്രസിദ്ധനായ മലയാളി ബ്ലോഗര്‍ കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. കാസര്‍കോട് ജില്ലയിലെ ഭീമനടിക്കടുത്ത വരക്കാട് മാങ്ങോട് ജോര്‍ജിന്റെ മകന്‍ നവീന്‍ ജോര്‍ജ് (29) ആണ് വാഹനാപകടത്തില്‍ മരിച്ചത്. കഴിഞ്ഞ മാസം 20ന് കുവൈത്ത് അതിര്‍ത്തി പ്രദേശമായ വഫ്റയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഫഹാഹീല്‍ എക്പ്രസ് ഹൈവേക്കരികില്‍ നവീന്‍ സഞ്ചരിച്ച ടാക്സിയില്‍ വണ്‍വേ തെറ്റിച്ചെത്തിയ ഫോര്‍ഡ് കാര്‍ ഇടിക്കുകയായിരുന്നു.

വണ്ടിയിലുണ്ടായിരുന്ന രണ്ട് ഈജിപ്ത് സ്വദേശികള്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മരിച്ചു. ബംഗ്ലാദേശ് സ്വദേശിയായ ടാക്സി ഡ്രൈവര്‍ കാലിന് പരിക്കേറ്റ് ചികില്‍സയിലാണ്. ഗുരുതരമായി പരിക്കേറ്റ നവീനെ അദാന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിക മരണം സംഭവിക്കുകയായിരുന്നു.

ഏഴുവഷമായി കുവൈത്ത് ഹവല്ലിയിലെ ബിമാര്‍ കണ്‍സള്‍ട്ടന്‍സിയില്‍ സ്ട്രക്ചര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനായ നവീന്‍ ജോര്‍ജ് സ്വന്തമായി രൂപകല്‍പന ചെയ്ത് നിര്‍മാണം പൂര്‍ത്തിയാകുന്ന വീടിന്റെ ചില ആവശ്യങ്ങള്‍ക്ക് സുഹൃത്തിനെ കാണാനാണ് വഫ്റയിലക്ക് പോയത്. ഫര്‍വാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രേഖകള്‍ ശരിയായാലുടന്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അപകടവിവരമറിഞ്ഞ് കുവൈത്തിലെത്തിയ സഹോദരന്‍ നെല്‍സണ്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. മാതാവ്: വല്‍സമ്മ. മറ്റ് സഹോദരങ്ങള്‍: നിധിന്‍, റോഷിന.

Wednesday, July 1, 2009

ഹൃദയാഞ്ജലി


മികച്ച കഥകളുടെ തനിയാവര്‍ത്തനങ്ങളിലൂടെ മലയാളി പ്രേക്ഷകമനസുകളില്‍ കിരീടവും ചെങ്കോലും വെച്ച് ഹിസ് ഹൈനസായ ലോഹിതദാസ് ഒടുവില്‍ ജീവിതം തന്നെ നിവേദ്യമായി അര്‍പ്പിച്ച് അരങ്ങിന്റെ അമരത്ത് നിന്നിറങ്ങിപ്പോയി, വാല്‍സല്യവും കാരുണ്യവും നിറഞ്ഞ മനസും സര്‍ഗ മുദ്രകളും ഓര്‍മ്മച്ചെപ്പില്‍ ബാക്കിവെച്ച്!! മനുഷ്യഗാഥയുടെ മഹായാനങ്ങള്‍ക്ക് ആധാരമായ ആ പ്രതിഭാവിലാസത്തിന് മുമ്പില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു