Wednesday, May 11, 2011

മാര്‍ത്ത ഗ്രഹാം ഗൂഗിള്‍ ഡൂഡിലില്‍ നൃത്തമാടുമ്പോള്‍

ഇന്നത്തെ ഗൂഗിള്‍ ഹോം പേജില്‍ ഒരല്‍പനേരം ചെലവിടുന്നവര്‍ വിസ്മയഭരിതരാവും. സാധാരണ ഗൂഗിള്‍ എന്ന ശീര്‍ഷകം കാണുന്നിടം ആദ്യം തീര്‍ത്തും ശൂന്യം. പെട്ടെന്ന് വലത്തേ മൂലയില്‍ പ്രത്യേക നൃത്തച്ചുവടുമായി ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെടുന്നു. ഭരതനാട്യ ശൈലിയില്‍ വിടര്‍ത്തിയ നിതംബത്തിലിരുന്ന് പെട്ടേന്ന് വലത്തേക്ക് ഉടലൊടിച്ച് പിന്നെ ഇടത്തേക്ക് ചാഞ്ഞുവീണ് ഇംഗ്ലീഷില്‍ 'ഇ' എന്ന അക്ഷരം വരയുന്നു. പൊടുന്നനെ ആ രൂപത്തില്‍നിന്നെഴുന്നേറ്റ് മറ്റൊരു ചുവടിലേക്കുള്ള പകര്‍ന്നാട്ടത്തിലൂടെ 'എല്‍' എന്ന അക്ഷരം.


പിന്നെ ഭൂമിയിലേക്ക് പറന്നിറങ്ങി 'ജി'യിലേക്കുള്ള രൂപാന്തരം. വിണ്ണിലേക്ക് പറന്നുയര്‍ന്ന് 'ഒ' എന്ന അക്ഷരങ്ങളെ അന്തരീക്ഷത്തില്‍ വരഞ്ഞുകൊണ്ട് വേഗത്തിന്റെ ശരീര വഴക്കം വെളിപ്പെടുത്തുന്ന അനായസ നടനവൈഭവത്തിന്റെ ചാരുത. ഒടുവില്‍ വലിയൊരു ജി വരഞ്ഞ് നര്‍ത്തകി നിലം തൊടുമ്പോള്‍ ഇതുവരെ കണ്ടിട്ടുള്ള ഗൂഗിള്‍ ഡൂഡില്‍സുകളില്‍ ഏറ്റവും മനോഹരം, വിസ്മയം ഇതെന്ന് നാം പറഞ്ഞുപോകും. 

ഗൂഗിള്‍ ബ്രൌസറിന്റെ മുഖപ്പേജില്‍ അനുദിനം തെളിയുന്ന ഓരോ ഡൂഡിലിനും സവിശേഷമായ ഒരു പശ്ചാത്തലമുണ്ട്. ലോകപ്രശസ്ത നര്‍ത്തകിയായിരുന്ന മാര്‍ത്ത ഗ്രഹാമാണ് ഗൂഗില്‍ ഡൂഡിലില്‍ ഇങ്ങിനെ നൃത്തമാടുന്നത്. ലോകത്തെമ്പാടും ഗൂഗിളിന്റെ ബ്രൌസിങ് വാതിലില്‍ മാര്‍ത്ത ഗ്രഹാം ഇന്ന് ഇതുപോലെ നൃത്തമാടിക്കൊണ്ടേയിരിക്കും. നൃത്തകലയില്‍ ഒരു പുതുയുഗ പിറവിക്ക് സാക്ഷ്യം വഹിച്ച ഈ അമേരിക്കന്‍ നര്‍ത്തകി പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗില്‍ 1894 മെയ് 11നാണ് ജനിച്ചത്. 1991 ഏപ്രില്‍ ഒന്നിന് മരിക്കുകയും ചെയ്തു. മാര്‍ത്ത ഗ്രഹാമിന്റെ ജന്മദിനത്തിന് ഗൂഗിള്‍ ആദരം അര്‍പ്പിക്കുകയാണ് ഡൂഡിലിലൂടെ. അമേരിക്കയിലെ ടെന്നിസിയില്‍ ജനിച്ച കൊറിയക്കാരനായ പ്രശസ്ത ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റ് ഡെന്നിസ് ഹ്വാങ്ങാണ് ഈ ഡൂഡിലൊരുക്കിയത്.

Saturday, May 7, 2011

ചോര കൊണ്ടെഴുതിയത് (എന്റെ പ്രണയ പുലമ്പലുകള്‍)

പ്രണയത്തിന്റെ ഭാരം

ഹൃദയത്തിന്റെ ഭാരത്തെ ചൊല്ലിയാണ്
ഞങ്ങള്‍ തര്‍ക്കിച്ചത്
ഒഴിഞ്ഞ കാമ്പസിലെ വാകമരച്ചോട്ടില്‍
അപ്പോള്‍ കൊഴിഞ്ഞ പൂക്കളെ പോലെ
അവളും ഞാനും
അവള്‍ ചോദിച്ചു
'എന്നെ നഷ്ടപ്പെട്ടാല്‍ എന്ത് ഭാരം തോന്നും
നിന്റെ ഹൃദയത്തിന്?'
ഞാന്‍ പറഞ്ഞു
'ഈ ഭൂമിയോളം'
'അത്രേയുള്ളൂ?'
അവളുടെ കണ്ണുകള്‍ കുന്തമുനകളായി
'അല്ല, ഈ പ്രപഞ്ചത്തോളം'
ഞാന്‍ തിരുത്തി
'ങ്ഹും, എന്നിട്ടും അത്രേയുള്ളൂ?'
അവള്‍ ശുണ്ഠിയെടുത്തു
എന്റെ ഹൃദയം വല്ലാതെ ഭാരിക്കാന്‍ തുടങ്ങി
അവളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍
കൃത്യമായൊരുത്തരം പറയാനാകാതെ
ഞാന്‍ തളര്‍ന്നു
മരച്ചുവട്ടിലേക്ക് ഞാന്‍ ചായുമ്പോള്‍
അവളെഴുന്നേറ്റു
അവള്‍ പറഞ്ഞു
'എനിക്കറിയാം, എന്റെ ഭാരം താങ്ങാന്‍ നിനക്കാവില്ല'
അവള്‍ നടന്നുപോയി
നെഞ്ചില്‍ കൈചേര്‍ത്ത്
ഞാന്‍ ഞരങ്ങി

(മലയാളം ന്യൂസ് 2003)
 


പ്രണയം ബാക്കി വെയ്ക്കുന്നത്

എന്റെ പ്രണയം
സ്വകാര്യമായിരുന്നപ്പോള്‍
ജാലകക്കാഴ്ച്ചകളില്‍
നടന്നുപോയിരുന്ന
പെണ്‍കുട്ടി
മധുരമായൊരു സ്വപ്നമായിരുന്നു.
മുഖത്തോട് മുഖം
നോക്കിയിരുന്നപ്പോഴാണ്
പ്രണയത്തിന് വയസാകുന്നത്
ഞങ്ങളറിഞ്ഞത്.
പരസ്പരമേറെ
ഇഷ്ടമായിരുന്നെങ്കിലും
വീട്ടുകാര്‍ക്ക് സമ്മതമായപ്പോഴാണ്
ഞങ്ങളൊന്നായത്
അതിന് ശേഷമാണ്
അവള്‍ അവളെ കുറിച്ചും
ഞാനെന്നെ കുറിച്ചും
ചിന്തിച്ചു തുടങ്ങിയത്

(മാധ്യമം വാരാദ്യപതിപ്പ് 2003)


കടലാഴം

അവളുടെ
കണ്ണുകളിലാണ്
ഞാന്‍ കടലിന്റെ
ആഴമളന്നത്
പിന്നെ ഞാനെന്റെ
പ്രാണന്‍ കൊണ്ട്
കടലിന്റെ
ആഴമറിയുമ്പോള്‍
അവള്‍
തിരമാലകളായി
എന്നെ പൊതിഞ്ഞു
മൂന്നാം ദിവസം
കടല്‍ക്കാക്കകള്‍ക്ക്
എറിഞ്ഞു കൊടുക്കും വരെ
അവള്‍ എന്നെ
സ്നേഹിച്ചുകൊണ്ടിരുന്നു.
               
(ഇല 2003)



അവള്‍

പ്രണയം
ഏഴു തിരിയിട്ട് കത്തിക്കുന്ന
വിളക്കാണെന്ന് വിശ്വസിച്ച
എന്റെ സുഹൃത്ത്
വിളക്കിനെ പ്രണയിച്ചു
പ്രണയത്തിന് വഴുവഴുപ്പുണ്ടെന്നും
അതെണ്ണയാണെന്നും മാറ്റിപ്പറഞ്ഞ
അവന്‍ പിന്നീട് പരിക്ഷീണനായി കാണപ്പെട്ടു.
ഒടുവില്‍
പ്രണയം ഇരുട്ടില്‍ കരിന്തിരിയുടെ
പുകമണം മാത്രമാണെന്ന്
തിരിച്ചറിഞ്ഞ
അവന്‍ ഇരുട്ടില്‍ നിന്ന് മടങ്ങി വന്നില്ല

(ദീപിക 2000)



പ്രണയം മധുരമാകുന്നത്

പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്
വിടര്‍ന്നാലത് വിഷപുഷ്പം
അറിയാതൊന്ന് ചുംബിച്ചാല്‍
ശ്വസനമരണമുറപ്പ്
സ്പര്‍ശിച്ചുപോയാല്‍
ദേഹം ചൊറിഞ്ഞ്
തിണര്‍ക്കും
വിടര്‍ന്നു കായായാല്‍
ജീവിതം കല്ലിച്ചതിനുള്ളില്‍
ചുരുങ്ങും
പ്രണയം മധുരമാകുന്നത്
അത് വിടരാതെ കൊഴിയുമ്പോഴാണ്

(മനോരമ 2003)



സ്നേഹം

അവളുടെ സ്നേഹത്തിന് പകരം
ഞാനെന്റെ ഹൃദയം
അടര്‍ത്തി നല്കാമെന്ന്
പറഞ്ഞു
അവള്‍ക്ക് സമ്മതമായില്ല
ഒടുവില്‍
ഞാനെന്റെ വൃക്കകള്‍
നല്കാമെന്ന് പറഞ്ഞപ്പോള്‍
അവളെന്നെ സ്നേഹം കൊണ്ട്
പൊതിഞ്ഞു

(മാധ്യമം വാരാദ്യപതിപ്പ് 2003)


കവിതയെന്ന നാട്യത്തിലുള്ള എന്റെ പുലമ്പലുകള്‍ കേട്ടുമടുത്ത
എന്റെ ജീവിത സഖി ജാസ്മിന്‍ എഴുതിയത്

എന്റെ സൂര്യന്‍

കാറ്റ് പോലെയായിരുന്നു
എന്റെ ഹൃദയത്തിന്മേല്‍
നിന്റെ ആദ്യ സ്പര്‍ശം

പിന്നെ കടലലകളായി
നീ വന്ന് പുല്കിയപ്പോള്‍
എന്റെ ഹൃദയം
ഇളകിമറിയുകയായിരുന്നു

ചോരയുടെ പ്രളയം
ആഴത്തില്‍ ആഴത്തില്‍
എന്റെ ഹൃദയത്തില്‍
ഒരു സ്നേഹക്കടലിനെ
രൂപപ്പെടുത്തിയപ്പോള്‍

ഹേയ്, സൂര്യന്‍
നിന്റെ ഉദയവും അസ്തമയവും
എന്നില്‍ തന്നെയെന്ന്
നീ അറിഞ്ഞിരുന്നുവോ?

(ഗള്‍ഫ് മാധ്യമം 2003)

Saturday, April 30, 2011

ഇളവുകള്‍ പുതിയ കെണിയാണ്!!!

ഭക്ഷണം നിയന്ത്രിക്കാനുള്ള പ്രതിവിധിയായി ഡോക്ടര്‍ പരിമിതമായ ഭക്ഷണ പട്ടിക നിര്‍ദേശിച്ചപ്പോള്‍ രോഗി അറിയാതെ ചോദിച്ചുപോയി. ഡോക്ടര്‍ സര്‍, ഇത് ഭക്ഷണത്തിന് മുമ്പോ, പിമ്പോ! ഒടുവില്‍ സ്റ്റോക്ക്ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികള്‍ ജനീവയില്‍ കൂടിയിരുന്നു എന്‍ഡോസള്‍ഫാനെ നിരോധിത ജൈവ രാസവസ്തുക്കളുടെ പട്ടികയായ അനുബന്ധം -എയില്‍ ചേര്‍ത്തപ്പോള്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ചോദിച്ചു: ഇത് പാലിക്കേണ്ടത് പതിവ് എന്‍ഡോസള്‍ഫാന്‍ തളിക്ക് മുമ്പോ ശേഷമോ?

ഇന്ത്യ ഒറ്റപ്പെട്ടതും ലോകവേദിയില്‍ നാറി നാണം കെട്ടതുമൊക്കെ അവിടെ നില്‍ക്കട്ടെ, ക്രിക്കറ്റില്‍ ജയിച്ചതും ആഗോള മാന്ദ്യകാലത്ത് 1.5ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയതും മേനി പറഞ്ഞ് നമുക്ക് ആ നാറ്റത്തെ മറികടക്കാം. എന്നാല്‍ ആഗോള എന്‍ഡോസള്‍ഫാന്‍ നിരോധത്തെ മറികടക്കാന്‍ മരണത്തിന്റെ കച്ചവടക്കാരോട് വഴങ്ങി ഇന്ത്യ സമ്പാദിച്ച ഇളവുകളോ? എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വേദനിക്കുന്ന കാഴ്ചകളെ സാക്ഷ്യയാക്കി പറയട്ടെ, ഇത് പുതിയ കെണിയാണ്!!!

എന്‍ഡോസള്‍ഫാന്‍ ഇരകളുടേതുള്‍പ്പെടെ നികുതിപ്പണം ചെലവഴിച്ച് ജനീവയിലേക്ക് അയച്ച ഇന്ത്യയുടെ സ്റ്റോക്ക്ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികള്‍ 'എക്സല്‍ കമ്പനിയുടെ' പ്രതിനിധി സംഘത്തിന്റെ ഓശാരം പറ്റി അവിടെ ചെവഴിച്ച നാലുദിവസത്തെ പ്രയത്നം കൊണ്ട് നേടിയെടുത്ത 22 വിളകള്‍ക്ക് വേണ്ടിയുള്ള ഇളവും 11 വര്‍ഷത്തെ സാവകാശവും കീടനാശിനി മാഫിയകളില്‍നിന്ന് വാങ്ങിയ കോടികള്‍ക്ക് തുല്യമായ പ്രത്യുപകാരമല്ലെങ്കില്‍ പിന്നെ മറ്റെന്തോന്ന്? അക്കാര്യത്തില്‍ കേരള പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞത് നൂറ് ശതമാനം ശരി: കേന്ദ്രനിലപാടിനാണ് വിജയമുണ്ടായത്. പക്ഷെ, ചത്തുജീവിക്കുന്ന ആയിരങ്ങളുടെ കെടുതി നല്ല നേതാക്കളിലൊരാളായ ഉമ്മന്‍ ചാണ്ടിയെ ഒട്ടും അസ്വസ്ഥപ്പെടുത്തുന്നില്ലെന്നോ? ചെങ്കല്‍ റെഡ്ഢി ചൊരിഞ്ഞ ശകാരംപോലെ കാസര്‍കോട്ടെ നശിച്ച മനുഷ്യര്‍ വെറും ഹീന ജാതികളായതുകൊണ്ട് ഒട്ടും വേദന തൊന്നുന്നില്ലെന്നാണോ? ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ച് കൂടിയിരുന്നു ആഗോള വ്യാപകമായി ഒരു മാരക വിപത്തിനെ നേരിടാന്‍ തീരുമാനമെടുക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, പൌരന്റെ ക്ഷേമം ഒന്നാമത്തെ ലക്ഷ്യമായി കരുതേണ്ട ഒരു രാജ്യം അത് ആദ്യ നിമിഷത്തില്‍ തന്നെ നടപ്പാക്കി മാതൃക കാട്ടുകയായിരുന്നില്ലെ വേണ്ടതെന്ന് ഒരു മനുഷ്യപ്പറ്റുള്ള കോണ്‍ഗ്രസ് നേതാവെന്ന് കരുതിപ്പോന്ന ഉമ്മന്‍ ചാണ്ടിയെങ്കിലും ചിന്തിക്കേണ്ടതായിരുന്നില്ലെ?

ഈ കുറിപ്പുകാരന്‍ ഒരു ആഴ്ചയില്‍ 'മാതൃഭൂമി' ആഴ്ചപ്പതിപ്പ് വാങ്ങിയില്ല. ജീവനാശിനി എന്ന വലിയ കറുത്ത അക്ഷരങ്ങള്‍ പഴത്തുവിങ്ങി നില്‍ക്കുന്ന മുഖപ്പേജില്‍ രേഖപ്പെടുത്തിയിരുന്ന പ്രത്യേക അറിയിപ്പില്‍നിന്ന് ഞാന്‍ ഇങ്ങിനെ മനസിലാക്കി; മനസുറപ്പില്ലാത്തവര്‍ ഈ ലക്കം വാങ്ങരുത്.  ആഴ്ചപ്പതിപ്പ് തൂങ്ങികിടക്കുന്ന സ്റ്റാളുകളിലേക്ക് വേദനയോടെ ഉറ്റുനോക്കി നിന്നുപോയി പലതവണ. ആഴ്ചയില്‍ മൂന്നു പ്രമുഖ വാരികകള്‍ പതിവാക്കിയ ഈ കുറിപ്പുകാരന് ആ ആഴ്ച മാതൃഭൂമി മറിച്ചുനോക്കാനുള്ള മനസുറപ്പുണ്ടായിരുന്നില്ല. മധുരാജിന്റെ കാമറക്കണ്ണുകള്‍ പകര്‍ത്തിയ, മനസിനെ കീറിമുറിക്കുംവിധം ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ അതിനുള്ളില്‍ നിറഞ്ഞുകിടപ്പുണ്ടെന്ന് എനിക്കറിയാമായിരുന്നു. കണ്ണേ മടങ്ങുക എന്ന് ഞാന്‍ സ്വയം പറഞ്ഞു.

ഇന്ത്യാവിഷനില്‍ മുന്നൂറോളം മണിക്കൂറുകള്‍ നീണ്ട കാമ്പയിനിടയില്‍ ചിലരംഗങ്ങള്‍ കാണാനാകാതെ മനസ് റിമോട്ട് കണ്‍ട്രോളറിലേക്ക് മാറ്റിനട്ടു. എം.എ. റഹ്മാന്റെ ചലനചിത്രങ്ങള്‍ ഉറക്കത്തില്‍പോലും വേട്ടയാടിക്കൊണ്ടിരുന്നു. മനസിനുറപ്പില്ലാത്തവരെ ഉറക്കത്തില്‍പോലും വേട്ടയാടുന്ന ഈ കാഴ്ചകള്‍ മരിച്ചൊടുങ്ങിയവരുടേതല്ല. വേദനിച്ച് ജീവിച്ചിരിക്കുന്നവരുടേതാണ്. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഈ കാഴ്ചകള്‍ക്ക് നേരെ കണ്ണുകൊടുക്കാത്തത് മനസുറപ്പില്ലാത്തതുകൊണ്ടാണോ മനസില്ലാത്തതുകൊണ്ടാണോ? കീടനാശിനി കമ്പനികളുടെ മച്ചുനന്മാര്‍ പുതിയ കെണികളുമായി പാര്‍ലമെന്റിലെത്തുമ്പോഴെങ്കിലും ഇവര്‍ മനുഷ്യപക്ഷത്തിനുവേണ്ടി ശബ്ദമുയര്‍ത്തുമോ? അതോ ഈ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുമോ?