Tuesday, December 20, 2011

‘ജീവകാരുണ്യ’െന്‍റ നോവും ഗുണഭോക്താവിെന്‍റ ചിരിയും

കാര്‍ട്ടൂണ്‍: നൗഷാദ് അകമ്പാടം

പ്രവാസ ലോകത്തെ സൌഹൃദവലയത്തിലുള്ള ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ഹൃദയനോവ്‌ വെളിപ്പെടുത്താതെ തമാശഭാവത്തില്‍ അവതരിപ്പിച്ച ഒരു യാഥാര്‍ഥ്യം പ്രവാസ ജീവിതത്തിെന്‍റ ഭാഗമായി മാറിക്കഴിഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തനത്തെ കുറിച്ച്‌ ചില വീണ്ടു വിചാരങ്ങളുണര്‍ത്തുന്നു.
ഹൃദയസ്തംഭനം മൂലം മരിച്ച ഒരു മലയാളിയുടെ മരണാനന്തര നടപടിക്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്‌ നടേപറഞ്ഞ നേരിെന്‍റ പൊള്ളുന്ന അനുഭവമുണ്ടായത്‌. മൃതദേഹം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാണ്‌ കുടുംബാംഗങ്ങളില്‍ ചിലര്‍ മരണം സംഭവിച്ച തൊട്ടടുത്ത ദിവസങ്ങളില്‍ നാട്ടില്‍ നിന്ന്‌ വിളിച്ച്‌ അഭ്യര്‍ഥിച്ചുകൊണ്ടിരുന്നത്‌.
നടപടിക്രമങ്ങള്‍ എന്തായി എന്ന്‌ ദിവസവും വിളിച്ച്‌ അന്വേഷിച്ചിരുന്ന അവരുടെ സ്വരത്തിലെ നനവ്‌ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. പല പല നിയമ തടസങ്ങളാല്‍ രേഖകള്‍ ശരിയായി വരാന്‍ ദിവസങ്ങളെടുത്തു. നാട്ടില്‍ നിന്നുള്ള വിളികള്‍ ക്രമേണ ‘മിസ്ഡ്‌’ കാളുകളായി മാറി. അങ്ങോട്ട്‌ വിളിക്കുമ്പോള്‍ മറു ഭാഗത്തെ സ്വരത്തിന്‌ നനവ്‌ വറ്റിത്തുടങ്ങിയത്‌ പോലെ. എന്നിരുന്നാലും ഇരട്ട ഹൃദയമുള്ള ജീവകാരുണ്യ പ്രവര്‍ത്തകന്‍ ദയാവായ്പോടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌ കൊണ്ടുപോയി. ദോഷം പറയരുതല്ലൊ, മിസ്ഡ്‌ കോളുകള്‍ കൃത്യമായി വന്നുകൊണ്ടിരുന്നു. ഒടുവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി മൃതദേഹം നാട്ടിലയക്കാന്‍ തയ്യാറെടുപ്പ്‌ നടത്തിക്കൊണ്ടിരിക്കെ ദേ വീണ്ടും വരുന്നു, മിസ്ഡ്‌ കാള്‍. പ്രവര്‍ത്തനങ്ങള്‍ ഫലവത്തായ സന്തോഷാതിരേകത്താലായിരുന്ന ‘ജീവകാരുണ്യന്‍’ വേഗം ആ മൊബൈല്‍ നമ്പറിലേക്ക്‌ തിരിച്ചുവിളിച്ചു. രണ്ട്‌ ദിവസത്തിനകം അയക്കാന്‍ കഴിയുമെന്ന’സന്തോഷ’ വാര്‍ത്ത അറിയിച്ചു. മറുഭാഗത്തെ സ്വരത്തിനും സന്തോഷത്തിെന്‍റ നനവ്‌.
കുശലാന്വേഷണമെന്ന നിലയില്‍ സ്വാഭാവികമായും ‘ജീവകാരുണ്യന്‍’ ചോദിച്ചു, ‘ഇപ്പോള്‍ എവിടെയാണ്‌, വീട്ടിലാണോ?’ ‘അല്ല, എല്ലാവരും കൂടി ഒന്ന്‌ വീഗാലാന്‍റില്‍ വന്നതാണ്‌, അപ്പോള്‍ ഒന്ന്‌ വിളിച്ചുനോക്കിയതാണ്‌’
ജീവകാരുണ്യത്തിെന്‍റ ഒരു ഹൃദയം അതോടെ ഫീസായെന്ന്‌ അദ്ദേഹം പറയുന്നു.സ്വന്തം കുടുംബത്തെ പോറ്റാനുള്ള ഏകമാര്‍ഗമെന്ന നിലയില്‍ സ്വന്തമായി നടത്തുന്ന ചെറിയ ബിസിനസ്‌ മാറ്റിവെച്ച്‌ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌ സമയം കണ്ടെത്തുന്ന തെന്‍റ വിഡ്ഢിത്തമോര്‍ത്ത്‌ അദ്ദേഹം തലക്കടിച്ചുപോയത്രെ.
മരണം എന്ന യാഥാര്‍ഥ്യത്തെ കുറിച്ചോര്‍ത്ത്‌ ബാക്കി കിടക്കുന്ന ജീവിതത്തിെന്‍റ കരയിലിരുന്നു വിലപിച്ചിട്ട്‌ കാര്യമില്ലെന്നത്‌ നേര്‌. പോകുന്നവര്‍ പോകും. വിലപിച്ചിരുന്നാല്‍ പോയവര്‍ തിരിച്ചുവരില്ലല്ലൊ. അതുകൊണ്ട്‌ തന്നെ കുടുംബനാഥന്‍ മരിച്ച ദുഃഖമകറ്റാന്‍ വീഗാലാന്‍റിെന്‍റ നേരംപോക്കിലേക്ക്‌ കുടുംബാംഗങ്ങള്‍ ഇറങ്ങിയിരുന്നതിനെ കുറ്റം പറയാന്‍ വയ്യ. പക്ഷെ നേരംപോക്കുകള്‍ക്കിടയില്‍ ഒരു നേരംപോക്കായി തങ്ങളുടെ പ്രിയപ്പെട്ടവെന്‍റ മൃതദേഹം എന്നെത്തിച്ചുതരുമെന്ന്‌ ചോദിക്കാന്‍ അതിനുവേണ്ടി നിഷ്കാമ കര്‍മ്മിയായി പണിയെടുക്കുന്നവന്‌ മിസ്ഡ്‌ കോളടിക്കുകയും തങ്ങളിപ്പോള്‍ വീഗാലാന്‍റിലാണെന്ന്‌ പറയുകയും ചെയ്യുന്ന ഉളുപ്പില്ലായ്മയെ എന്തുവിളിക്കും?

മറ്റൊരു സാമൂഹ്യ പ്രവര്‍ത്തകന്‍ വിവരിച്ച അനുഭവം ഇതിലും തീക്ഷ്ണവും പ്രകോപനപരവുമാണ്‌. റിയാദില്‍ അപകടത്തില്‍ മരിച്ച ഒരു തമിഴെന്‍റ മൃതദേഹം തങ്ങള്‍ക്ക്‌ വേണ്ടെന്ന്‌ ഭാര്യയും അയാളോളം പോന്ന മക്കളും. ഇതര മതവിശ്വാസിയായതുകൊണ്ട്‌ റിയാദില്‍ മറമാടാന്‍ നിയമപരമായ സാങ്കേതിക തടസങ്ങളും. മൃതദേഹം മോര്‍ച്ചറിയിലെത്തിച്ച പോലീസുകാര്‍ക്കും വിഷയത്തിലിടപെട്ട സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും മുന്നില്‍ മാസങ്ങ ളോളം പ്രഹേളികയായി മാറി ഈ മൃതദേഹം.
ചെന്നൈയിലെത്തിച്ചുകൊടുക്കാമെന്ന്‌ പറഞ്ഞിട്ടും അത്രടം വരെ ചെന്നതൊന്നു ഏറ്റുവാങ്ങാന്‍ കുടുംബം തയ്യാറല്ല. സാമൂഹ്യപ്രവര്‍ത്തകരുടെ നിരന്തരമായ നിര്‍ബന്ധത്തിനൊടുവില്‍ തങ്ങളുടെ നാടായ തഞ്ചാവൂരില്‍ നിന്ന്‌ ചെന്നൈയിലെത്തി മൃതദേഹം ഏറ്റുവാങ്ങി തിരിച്ചുപോരാന്‍ 15000 രൂപ ചെലവാകുമെന്നും അത്രയും തന്നാല്‍ ആലോചിക്കാമെന്നും ഒരു വാദമുയര്‍ത്തി കുടുംബം. കുടുംബത്തിെന്‍റ നിര്‍ദ്ധനാവസ്ഥയെ പ്രതിയാക്കി കുടുംബത്തെ മാപ്പുസാക്ഷിയാക്കാം. പക്ഷെ ആ മുതിര്‍ന്ന മക്കള്‍ കുറഞ്ഞ വേതനത്തിനെങ്കിലും ജോലി ചെയ്യുന്നവരാണെന്നത്‌ കുടുംബത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോഴും ദഹിക്കാത്ത വസ്തുതയായി പുളിച്ചു തികട്ടുന്നു.
സ്വന്തം കുടുംബത്തെ പോറ്റാനുള്ള പണം ടെലിഫോണിനും മറ്റും ചെലവഴിച്ച്‌ കുടുംബത്തെ വിളിച്ച്‌ മൃതദേഹമൊന്ന്‌ ഏറ്റുവാങ്ങൂ എന്ന്‌ കെഞ്ചുന്ന സാമൂഹ്യപ്രവര്‍ത്തകന്‌ ആ മക്കള്‍ക്കില്ലാത്ത ബാദ്ധ്യത എന്താണ്‌ അധികമായി ആ മൃതദേഹത്തോട്‌? തങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായതിനാല്‍ മൃത ദേഹം ഏറ്റുവാങ്ങാന്‍ നിവൃത്തിയില്ല എന്ന ഒരുത്തരം കൊണ്ട്‌ ആ കുടുംബത്തിെന്‍റ കടമ കഴിഞ്ഞു. പക്ഷെ വിഷയത്തിലിടപെട്ട സാമൂഹ്യ പ്രവര്‍ത്തകനൊ, മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയധികൃതരുടെയും പോലീസ്‌ അതോറിറ്റിയുടെയും സ്വന്തം മനസാക്ഷിയുടെയും ചോദ്യങ്ങള്‍ക്ക്‌ മുമ്പില്‍ കൃത്യമായ ഒരുത്തരം കണ്ടെത്താനാകാതെ കുഴയുന്നു.
എന്തു ചെയ്യണമെന്ന്‌ ചോദിക്കുന്ന അധികൃതര്‍ക്ക്‌ മുമ്പില്‍ മറ്റൊരു പോംവഴി അവതരിപ്പിച്ച്‌ പരിഹാരം കാണാന്‍ ശ്രമിച്ചില്ലെങ്കില്‍ മറ്റൊരു വിഷയവുമായി ഇനി സമീപിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും എന്ന ഭീതി. ഏറ്റെടുത്ത കര്‍മ്മം പൂര്‍ണമാക്കാന്‍ കഴിയാത്തതിെന്‍റ മനോവിഷമം വേറെയും. ഒടുവില്‍ സ്വന്തം കീശയില്‍ നിന്നെടുത്ത്‌ അല്ലെങ്കില്‍ സംഘടനയുടെ ഫണ്ടില്‍ നിന്നെടുത്ത്‌ ആ കുടുംബത്തെ ചെന്നൈയില്‍ കൊണ്ടുവന്ന്‌ മൃതദേഹം ഏല്‍പിച്ചുവിടേണ്ട ഗതികേട്‌.
വേലിയില്‍ കിടന്ന പാമ്പിനെ തോളത്ത്‌ എടുത്തുവച്ച അവസ്ഥയെന്ന്‌ ഒരിക്കലെങ്കിലും ചിന്തിച്ചുപോകാത്ത ജീവകാരുണ്യപ്രവര്‍ത്തകന്‍ ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലുണ്ടാവാന്‍ തരമില്ല. ജീവകാരുണ്യപ്രവര്‍ത്തനത്തിെന്‍റ ഗുണഭോക്താക്കളായ വ്യക്തികളും കുടുംബങ്ങളും സമൂഹം മുഴുവനും തന്നെയും പലപ്പോഴും ഇത്തരം നെറികേടുകള്‍ ഈ ജീവകാരുണ്യപ്രവര്‍ത്തകരോട്‌ കാട്ടാറുണ്ട്‌.
സാമൂഹ്യ പ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവുമൊക്കെ ചിലരുടെ മാത്രം ബാദ്ധ്യതയാണെന്ന്‌ വല്ലാതെ ഉറച്ചുപോയ ധാരണ സമൂഹത്തിലെ അവനവന്‍ചേരിക്കാരായ ഓരോരുത്തര്‍ക്കുമുണ്ട്‌. മനുഷ്യെന്‍റ ഒരു ക്ളേശാവസ്ഥ കാണുമ്പോള്‍ ഹൃദയാലുത്വമുള്ള ആള്‍ ഇടപെടും. സ്വാഭാവികം. ജന്‍മസഹജമായ ചില ഗുണങ്ങള്‍ അതിന്‌ അന്തര്‍പ്രേരണയാകു മെന്നതും നേര്‌. അങ്ങനെയൊരാളെ ഒത്തു കിട്ടിയാല്‍ അയാളുടെ ചുമലില്‍ മുഴുവന്‍ ഉത്തരവാദിത്തവും ഇരുമുടികെട്ടന്നപോലെ കെട്ടി യേല്‍പിച്ച്‌ മലകയറ്റിവിടുന്ന ലാഘവത്വം സമൂഹത്തിെന്‍റ പൊതുസ്വഭാവമായി മാറിയിരിക്കുകയാണ്‌. മലകയറ്റത്തിെന്‍റ ഭാരവും തിരിച്ചിറങ്ങുന്നതിെന്‍റ ബദ്ധപ്പാടും അളന്നു മാര്‍ക്കിട്ട്‌ പുരസ്കാരം നല്‍കി തങ്ങളുടെ കടമ നിറവേറ്റുകയാണ്‌ പിന്നീട്‌ സമൂഹം.
ഗള്‍ഫ്‌ പ്രവാസി സമൂഹത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ വര്‍ത്തമാനകാലാവസ്ഥ ഇത്രയും കൊണ്ട്‌ പൂര്‍ണമാകുന്നില്ല. സമൂഹം ചിലരെ ജീവകാരുണ്യപ്രവര്‍ത്തകരാക്കി (വി.കെ.എന്‍. ഭാഷാ ശൈലിയില്‍ ‘ജീവകാരുണ്യന്‍മാരായി’) ആദരിച്ച്‌ നിലനിര്‍ത്തു ന്നത്‌ സാമൂഹ്യ ബാദ്ധ്യതകള്‍ അവരുടെ ശിരസിലേല്‍പിച്ചുകൊടുത്ത്‌ ബുദ്ധിമുട്ടുകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാനുള്ള ഭൂരിപക്ഷ ത്തിെന്‍റ തന്ത്രമാണ്‌.
നല്ല മനസുണ്ടായിപ്പോയതുകൊണ്ട്‌ ജീവകാരുണ്യരെന്ന ന്യൂനപക്ഷം എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചുകൊള്ളണമെന്നാണ്‌ സമൂഹത്തിെന്‍റ മനസിലിരുപ്പ്‌.
ഇടക്കിടയ്ക്ക്‌ പുരസ്കാരമെന്ന പട്ടു വളയും പൊന്നാടയും കാട്ടി പ്രലോഭനങ്ങള്‍ തുടരുന്നതില്‍ മാത്രം സമൂഹം ജാഗ്രത പാലി ക്കും. ജീവകാരുണ്യ പ്രവര്‍ത്തനവുമായി രാവും പകലും ഓടിനടക്കുന്നതിനിടയില്‍ സ്വന്തം ജീവിതത്തെ ബാധിച്ച ക്ഷീണം കാരണം ഒന്നി രുന്നുപോകുമ്പോള്‍ ദേ വരുന്നു സാമൂഹ്യ വിമര്‍ശനം, കളിയാക്കലുകളും, ‘അതുശെരി, അവാര്‍ഡൊക്കെ കിട്ടിയപ്പോള്‍ നിര്‍ത്തിയല്ലെ പണി’.
ഇതേ അവസ്ഥ തന്നെയാണ്‌ സംഘടനകള്‍ക്കുമുള്ളത്‌. ഒരുപാട്‌ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘടനയും ഇടക്കൊന്ന്‌ വിശ്രമത്തിലായാല്‍ പിന്നെ വിമര്‍ശനത്തിെന്‍റ ക്രൂരമ്പുകളാണ്‌ ഏല്‍ക്കേണ്ടിവരിക.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മൂലം സ്വന്തം ജീവിതത്തില്‍ തളര്‍ന്നുപോയ ഒരു ജീവകാരുണ്യ പ്രവര്‍ത്തകനെ സഹായിക്കേണ്ട ബാദ്ധ്യതയെ കുറിച്ചോര്‍മ്മപ്പെടുത്തിയപ്പോള്‍ ചില ഗുണഭോക്താക്കളുടെയും സാമൂഹ്യ ജീവികളുടെയും കമന്‍റുകളുടെ സാമ്പിള്‍ വെടിക്കെട്ടിതാ, ‘അവന്‌ അങ്ങനെത്തന്നെ വേണം, ആവശ്യമില്ലാത്ത പണിക്ക്‌ നടന്ന്‌ വെറുതെ ജീവിതം പാഴാക്കരുതെന്ന്‌ ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാ’, ‘എന്തര്‍്‌, സ്വന്തം കുടുമ്മങ്ങള്‌ നോക്കാതെ സമൂഹത്തെ നന്നാക്കാന്‍ നടക്കണോന്‍ അനുഫവിക്കട്ടെന്ന്‌’, ‘ഓനെന്തിെന്‍റ കേടാ, സ്വയം വരുത്തിവെച്ചതല്ലെ, അനുബവിക്കുമ്പോള്‍ പടിച്ചോളും. ‘

കേളി ത്രൈമാസിക, ഒക്ടോബര്‍ 31, 2007

Saturday, December 3, 2011

അപൂര്‍വതകളുടെ അരിപ്പ

അപൂര്‍വങ്ങളില്‍ അപൂര്‍വമായ പക്ഷി വര്‍ഗങ്ങളുടെ സങ്കേതമാണ് തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അതിരില്‍ കുളത്തുപ്പുഴ റേഞ്ചിലുള്ള അരിപ്പ വനം പ്രദേശം.
നാലു പതിറ്റാണ്ടോളമായി പ്രധാന പക്ഷി നിരീക്ഷകരുടെയെല്ലാം പറുദീസയാണ് അരിപ്പ. കേരളത്തിലെ ഏറ്റവും പ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതത്തോളമോ അതിലുപരിയോ പ്രാധാന്യം അര്‍ഹിക്കുന്ന സങ്കേതമാണ് അരിപ്പയെന്നാണ് പ്രധാന പക്ഷിനിരീക്ഷകരുടെയെല്ലാം വിലയിരുത്തല്‍.
എപ്പോഴും അപൂര്‍വമായതെന്തെങ്കിലും സന്ദര്‍ശകര്‍ക്കായി കരുതിവെക്കുന്ന അത്യപൂര്‍വമായൊരു ജൈവ കേന്ദ്രമാണ് അരിപ്പയിലെ പച്ചിലക്കാടുകളെന്ന് പ്രശസ്ത പക്ഷി നിരീക്ഷകനും കേരള നേച്ചറല്‍ ഹിസ്റ്ററി സൊസൈറ്റി സ്ഥാപകനുമായിരുന്ന ഇന്ദുചൂഡന്‍ പറഞ്ഞുകേള്‍ക്കാറുണ്ടായിരുന്നെന്ന് യുവനിരയിലെ പ്രമുഖ പക്ഷി നിരീക്ഷകന്‍ സി. സുശാന്ത് ഓര്‍ക്കുന്നു.
കഴിഞ്ഞ മുപ്പത് വര്‍ഷമായി മാസത്തില്‍ രണ്ടു തവണ ഒരു തീര്‍ഥാടനം പോലെ അരിപ്പ വനമേഖല സന്ദര്‍ശിക്കാറുള്ള സുശാന്തിന് അരിപ്പയിലേക്ക് വഴികാട്ടിയായതും ഗുരുവായ ഇന്ദുചൂഡനാണ്. സുശാന്ത് മാത്രമല്ല കേരളത്തില്‍ ഇന്നറിയപ്പെടുന്ന പക്ഷി നിരീക്ഷകരെല്ലാം തട്ടേക്കാട് പോലെ പ്രാധാന്യത്തോടെ കാണുകയും പതിവായി സന്ദര്‍ശനം നടത്തുകയും ചെയ്യുന്ന മേഖലയാണ് 'അരിപ്പ അമ്മയമ്പലം പച്ച' എന്ന പേരില്‍ അറിയപ്പെടുന്ന ഈ സങ്കേതം.
സാധാരണ പ്രകൃതിയില്‍നിന്ന് അപൂര്‍വതയെ അരിച്ചുമാറ്റുന്ന കാടിന്റെ ശേഷിപ്പാണ് അരിപ്പ മേഖല. അതുകൊണ്ടുതന്നെ നിത്യഹരിത വനങ്ങളാല്‍ രമണീയമായ ഇവിടം സ്വന്തം പേരിനെ അന്വര്‍ഥമാക്കുന്നു. സുശാന്തിന്റെ അഭിപ്രായത്തില്‍ തട്ടേക്കാടിനെക്കാള്‍ പ്രകൃതിയുടെ അനുഗ്രഹം സിദ്ധിച്ചിട്ടുള്ള സങ്കേതമാണ് അരിപ്പ.

സമതല നിത്യഹരിത വനമാണ് (Low Land Evergreen Forset) ഇവിടെയുള്ളത്. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാല്‍ പക്ഷിനിരീക്ഷകര്‍ക്ക് ഏറ്റവും സൌകര്യപ്രദമാണ് ഇവിടം. കേരളത്തിലെ തന്നെ മറ്റ് കേന്ദ്രങ്ങള്‍ക്കില്ലാത്ത ഒരു സവിശേഷത കൂടിയാണിത്.
തട്ടേക്കാടിന്റെ ഏറ്റവും വലിയ സവിശേഷതയായി പറയാറുള്ള മാക്കാച്ചി കാടയെന്ന അപൂര്‍വ പക്ഷിവര്‍ഗമായ ശ്രീലങ്കന്‍ ഫ്രോഗ്മൌത്തിനെ ആദ്യമായി കണ്ട് കേരളത്തിലെ ഈ പക്ഷിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത് അരിപ്പയിലാണ്. ഇതിന് ശേഷമാണ് തട്ടേക്കാട് ഈ പക്ഷിയെ കണ്ടെത്തുന്നത്. എന്നാല്‍ അരിപ്പയില്‍ ഇതിനെ കണ്ട വിവരം വനംവകുപ്പിന്റെ ഔദ്യോഗിക രേഖകളില്ല. സുശാന്തിന്റെ നേതൃത്വത്തില്‍ ഒരു പറ്റം പക്ഷി നിരീക്ഷകര്‍ അരിപ്പയില്‍ കണ്ടെത്തിയിട്ടും ക്രഡിറ്റ് തട്ടേക്കാടിനാണ് പോയത്. രാത്രിഞ്ചരനായ മാക്കാച്ചി കാടയെ അരിപ്പയിലെ ഈറ്റക്കാടുകളിലാണ് കൂടുതലായി കാണുന്നത്. കരിയില വര്‍ണത്തിലുള്ള ഇവയെ വളരെ അപൂര്‍വമായി മാത്രമേ കാണാന്‍ കഴിയൂ.
അരിപ്പയില്‍ 270ലേറെ പക്ഷിവര്‍ഗങ്ങളുണ്ട്. കേരളത്തില്‍ കാണുന്ന ഏറ്റവും വലിയ മരങ്കൊത്തിയായ ബ്ലാക്ക് വുഡ് പെക്കര്‍ എന്ന കാക്ക മരങ്കൊത്തി അരിപ്പയില്‍ 90കളില്‍ ഇഷ്ടം പോലെ കണ്ടിരുന്നതായും ഇപ്പോള്‍ കാണറേയില്ലെന്നും ശുശാന്ത് പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ഇനമാണ് ഇത്. പക്ഷികളിലെ ഗാനഗന്ധര്‍വനായ ഷാമക്കിളി എന്ന ഇന്ത്യന്‍ ഷാമയേയും അരിപ്പ വനത്തില്‍ ധാരാളമായി കണ്ടിരുന്നു. മറ്റ് പല പക്ഷിവര്‍ഗങ്ങള്‍ക്കും സംഭവിച്ചപോലൊരു എണ്ണക്കുറവ് ഈ കിളിയുടെ കാര്യത്തിലുമുണ്ടെന്ന് മൂന്ന് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തോടെ സുശാന്ത് പറയുന്നു.

അരിപ്പ പക്ഷിസങ്കേതമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടാതിരിക്കുകയും ആ വകയില്‍ കിട്ടേണ്ടതായ സംരക്ഷണം കിട്ടാതിരിക്കുകയും ചെയ്യുന്നതിനാല്‍ അപൂര്‍വയിനം ദേശാടന കിളികളുടേതുള്‍പ്പെടെ ഈ പറുദീസ നാള്‍ക്കുനാള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ ഇടപെടലാണ് പ്രധാന കാരണം. കാട്ടുവഴികളിലൂടെ വാഹനങ്ങളില്‍ കടന്നെത്തുന്നവര്‍ ഈ പച്ചിലക്കാടുകള്‍ മദ്യപിച്ച് കൂത്താടാനുള്ള വേദിയാക്കി മാറ്റിയിരിക്കുകയാണ്. വനംവകുപ്പിന്റെ ദുര്‍ബലമായ പ്രതിരോധങ്ങളെ പോലും ഭേദിച്ച് ബാഹ്യ കൈകടത്തലുകളും മറ്റുമായി അപൂര്‍വ പ്രകൃതിയുടെ 'അരിപ്പ'യെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വന മേഖലയിലെവിടെയും പ്ലാസ്റ്റിക് മാലന്യങ്ങള്‍ നിറഞ്ഞിട്ടുണ്ട്.
വനവികസന കോര്‍പ്പറേഷന്‍ തനത് പ്രകൃതിക്കിണങ്ങാത്ത പള്‍പ്പ് വുഡ് വൃക്ഷങ്ങള്‍ പ്ലാന്റ് ചെയ്തും പിന്നെ വെട്ടിയൊഴിച്ചും ഇപ്പോള്‍ ഇക്കോ ടൂറിസം എന്ന പേരില്‍ കാട്ടിക്കൂട്ടലുകള്‍ നടത്തിയും വനനശീകരണത്തില്‍ തങ്ങളുടെ പങ്ക് കൂടി വഹിക്കുകയാണ്.
കേരളത്തിലെ രണ്ടാമത്തെ ഫോറസ്റ്റ് ട്രൈനിങ് കോളജ് സ്ഥിതി ചെയ്യുന്നത് ഈ പച്ചിലക്കാടിനോട് ചേര്‍ന്നാണ്. ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും ഫോസ്റ്റ് അക്കാദമിക്ക് തറക്കല്ലിട്ടിരിക്കുന്നതും ഇവിടെയാണ്. ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന കേന്ദ്രമായിട്ടും മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇവിടെയില്ല. ബാഹ്യ ഇടപെടലുകള്‍ അത്ര ബഹുലമാണ്. ഈ പച്ചപ്പ് നിലനിര്‍ത്താന്‍ അടിയന്തര ശ്രദ്ധ ആവശ്യമാണ്.
കൊല്ലം തിരുവനന്തപുരം ജില്ലകളുടെ കിഴക്കേ അതിരിനോടു ചേര്‍ന്നുള്ള പ്രസിദ്ധ വിനോദ സഞ്ചാരമേഖലയില്‍ അരിപ്പയും ഉള്‍പ്പെടുന്നുണ്ട്. ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം, തെന്മല ഇക്കോ ടൂറിസം, കുളത്തുപ്പൂഴ ലൈവ് സ്റ്റോക്ക്, പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പൊന്മുടി ഹില്‍ റിസോര്‍ട്ട് തുടങ്ങി പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അമ്പത് കിലോമീറ്റര്‍ ചുറ്റളവിലുള്ളതിനാല്‍ അരിപ്പ പക്ഷി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടാല്‍ വിനോദ സഞ്ചാരത്തിന്റെ നേട്ടം കൂടി കൊയ്യാം. എന്നാല്‍ ആ നിലയില്‍ കിട്ടേണ്ട സംരക്ഷണവും പ്രാധാന്യവും കൂടി കിട്ടുന്നില്ല.

ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, കേഴമാന്‍, പുലി, മലയണ്ണാന്‍, മരപ്പട്ടി, ചെന്നായ, കാട്ടുപൂച്ച, കൂരമാന്‍, മുയല്‍ തുടങ്ങി നിരവധി വന്യമൃഗങ്ങളും ഈ വനമേഖലയിലുണ്ട്. കമ്പക വൃക്ഷങ്ങള്‍ പ്രത്യേകം പ്ലാന്റ് ചെയ്ത വലിയൊരു തോട്ടവും ഈ മേഖലയിലുണ്ട്. ഉയരം കൂടിയ വിവിധയിനം വൃക്ഷങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. വലിയ മരങ്ങളുടെ ഉയരമുള്ള ചില്ലകളിലാണ് അധികം പക്ഷികളും കൂടുകൂട്ടാറ്.
താടിക്കാരന്‍ വേലിതത്ത (Blue Beared Be eater), കാട്ടുമൂങ്ങ (Forest Eagle Owl), ചാരത്തലയന്‍ ബുള്‍ബുള്‍ (Greyheaded Bul bul), ചാരത്തലയന്‍ മീന്‍ പരുന്ത് (Grey Headed Fishing Eagle), മേനിപൊന്മാന്‍ (Threetoed King fisher), കാട്ടുപൊടി പൊന്മാന്‍ (Blue eared King fisher), കിന്നരിപ്പരുന്ത് (Black baza), മീന്‍ കൂമന്‍ (Brown Fish owl), മേനിപ്രാവ് (Green Imperial Pigeon), കോഴി വേഴാമ്പല്‍ (Malabar Grey Hornbill), ഉപ്പന്‍കുയില്‍ (Red wriged Crested Cuckoo), കാട്ടുതത്ത (Malabar Parakeet) തുടങ്ങിയ 270ലേറെ പക്ഷി വര്‍ഗങ്ങളാണ് അരിപ്പയുടെ സവിശേഷത.
ചെവി പോലെ നീണ്ട തൂവലുകള്‍ ഉള്ള കാട്ടുമൂങ്ങ, സഹ്യാദ്രിയിലെ തനത് പക്ഷിയായ അപൂര്‍വയിനം ചാരത്തലയന്‍ ബുള്‍ബുള്‍ എന്നിവ വംശനാശ ഭീഷണി നേരിടുന്ന വര്‍ഗങ്ങളാണ്. കാട്ടുപൊടി പൊന്മാന്‍, മേനി പൊന്മാന്‍, മീന്‍ കൂമന്‍ എന്നിവയെ അരിപ്പയിലെ കാട്ടരുവികളോട് ചേര്‍ന്നുള്ള വനഭാഗത്താണ് കാണുന്നത്. ദേശാടന പക്ഷികളായ കിന്നരിപ്പരുന്ത്, ഉപ്പന്‍ കുയില്‍ എന്നിവയേയും അരിപ്പയില്‍ കാണാറുണ്ട്. സഹ്യാദ്രിയിലെ തനതു പക്ഷികളായ കാട്ടുതത്ത, കോഴി വേഴാമ്പല്‍ എന്നിവയെ അരിപ്പയില്‍ സംഘമായാണ് കാണാറുള്ളത്.
അരിപ്പ പക്ഷിസങ്കേതത്തില്‍ ഏറ്റവും കൂടുതല്‍ പക്ഷികളെ കാണാറുള്ളത് മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയാണെന്ന് സുശാന്ത് പറയുന്നു. എന്നാല്‍ പക്ഷികളുടെ എണ്ണം ചില സമയങ്ങളില്‍ വളരെ കുറയാറുണ്ടത്രെ. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പക്ഷികളുടെ എണ്ണം ക്രമാതീതമായാണ് കുറവു വന്നിരിക്കുന്നത്. അധികൃതരുടെ സത്വരശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ ഈ അപൂര്‍വ ജൈവ സങ്കേതം വൈകാതെ നാശമടയുമെന്നും അദ്ദേഹം പറയുന്നു. വനംവകുപ്പിന്റെ കാര്യമായ ശ്രദ്ധ ഈ ജൈവ മേഖല ആവശ്യപ്പെടുന്നുണ്ട്.

നജിം കൊച്ചുകലുങ്ക്

പ്രശസ്ത വനം വന്യജീവി ഫോട്ടോഗ്രാഫര്‍ സാലി പാലോട് അരിപ്പയില്‍നിന്ന് പകര്‍ത്തിയ വിവിധ പക്ഷികളുടേയും അരിപ്പ പച്ചിലക്കാടിന്റേയും ദൃശ്യങ്ങള്‍.

(വാരാദ്യ മാധ്യമം-നവംബര്‍ 27, 2011 & ചെപ്പ്-ഗള്‍ഫ് മാധ്യമം-02-11-2011)

Friday, November 18, 2011

വാഴ്വാന്തോല്‍: കാഴ്ചയുടെ ആനന്ദം

പുഴയുടെ സ്വഛന്ദ ജീവിതത്തിന് ഇളകിമറിയുന്ന ഒരു 'പെണ്‍കുട്ടി കാല'മുണ്ടെന്ന് അറിയണമെങ്കില്‍ കാട് കയറണം. കാട്ടുപച്ചയുടെ ഇരുളന്‍മേനിയോടൊട്ടി ഇരമ്പി വീഴുന്ന ജലപാതങ്ങള്‍ കാണണം. തൃഷ്ണയുടെ കരിമ്പാറക്കൂട്ടങ്ങളില്‍ തലതല്ലി ആര്‍ത്തലച്ച് താഴേക്ക് ചിന്നിച്ചിതറുന്നതിനിടയിലെവിടെയോ വെച്ചാണ് പുഴ രജസ്വലയാകുന്നത്. ഋതുമതിയുടെ അംഗലാവണ്യത്തോടെ പുഴ അതിന്റെ മുഴുവന്‍ സൌന്ദര്യവും പുറത്തെടുത്ത് മിന്നിത്തിളങ്ങുന്നു. പ്രകൃതിയെന്ന മഹാചിത്രകാരന്‍ കടും വര്‍ണക്കൂട്ടുകളാല്‍ വരഞ്ഞിട്ട കാടിനുള്ളിലെ ജലപാതങ്ങള്‍ എന്നും കാഴ്ചയിലെ കൌതുകമാണ്.

പശ്ചിമ ഘട്ടത്തിന്റെ കേരളീയ ആകാര വടിവിനുള്ളില്‍ ഇത്തരത്തില്‍ പതിനായിരത്തിലേറെ വെള്ളച്ചാട്ടങ്ങളാണുള്ളത്. വര്‍ഷത്തില്‍ 365 ദിവസവും നീരൊഴുക്കുള്ളതും മഴക്കാലത്തുമാത്രം സജീവമാകുന്നതുമായി രണ്ട് വിഭാഗങ്ങളുണ്ട് ഇവയില്‍. സഹ്യാദ്രി മലനിരകളിലെ പാറയിടുക്കുകളില്‍നിന്ന് ഉത്ഭവിക്കുന്ന നദികള്‍ കുത്തനെ താഴേക്ക് പതിക്കുന്ന ജലപാതങ്ങളിലാണ് 365 ദിവസവും ഒരേപോലെ നീരൊഴുക്കുണ്ടാവുക. ഈ വിഭാഗത്തില്‍ ഏറ്റവും ഭംഗിയുള്ള വെള്ളച്ചാട്ടങ്ങളിലൊന്നാണ് വാഴ്വാന്തോല്‍. തിരുവനന്തപുരം ജില്ലയുടെ തെക്ക് കിഴക്ക്, വിതുരയെന്ന ഉള്‍നാടന്‍ പട്ടണത്തിന് സമീപം പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളിലാണ് ഈ പേരില്‍ രണ്ട് ജലപാതങ്ങള്‍.

തലസ്ഥാന നഗരിയില്‍നിന്ന് 40 കിലോമീറ്റര്‍ സഞ്ചരിക്കണം വിതുരയിലെത്താന്‍. അവിടെനിന്ന് ബോണക്കാട്ടേക്കുള്ള 'മുടിപ്പിന്‍' വളവുകള്‍ കയറുമ്പോള്‍ എട്ടാം കിലോമീറ്ററില്‍ പെട്ടെന്ന് വലതുവശത്തേക്ക് തിരിഞ്ഞ് താഴേക്ക് ഒടിഞ്ഞിറങ്ങിയാല്‍ വാഴ്വാന്തോലിലേക്ക് പോകാം. പേപ്പാറ വന്യജീവി സങ്കേതത്തിന്റെ പാലോട് റിസര്‍വില്‍ തോടയാര്‍ ഡിവിഷന്റെ ചെക്ക്പോസ്റ്റില്‍നിന്നാണ് വിതുര^ബോണക്കാട് റൂട്ടില്‍ വാഴ്വാന്തോലിലേക്കുള്ള വഴി പിരിയുന്നത്. പേപ്പാറയിലെ 13 ആദിവാസി സെറ്റില്‍മെന്റുകളിലൊന്നായ ചാത്തന്‍കോട്ടേക്കുള്ള മെറ്റലിളകി അലങ്കോലപ്പെട്ട വഴിയെ രണ്ട് കിലോമീറ്റര്‍ വാഹനത്തില്‍ സഞ്ചരിച്ചാല്‍ തോടയാറെത്തി. ആറിന്റെ തീരത്ത് വാഹനം ഒതുക്കിയിട്ട് പിന്നീട് കാട്ടുവഴിയെ നടത്തമാണ് ശരണം. മുള്‍പ്പടര്‍പ്പുകള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കും ഇടയിലൂടെ കല്ലും മുള്ളും മരവേരുകളും ചവിട്ടി 2.200 കിലോമീറ്റര്‍ നടക്കണം. ആനയും കാട്ടുപോത്തും ഇടക്കെപ്പോഴെങ്കിലും നടത്താറുള്ള കവാത്തും പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ കുത്തനെയുള്ള കയറ്റിറക്കങ്ങളും ഈ വഴിയെയുള്ള നടത്തം അല്‍പം സാഹസം നിറഞ്ഞതാക്കുന്നു. പഥികന്റെ മനസിലാകട്ടെ കാടിന്റെ ഇരുട്ടും അകലെ നിന്നേ കാതുകളില്‍ അലച്ചുവീഴുന്ന ജലപാതത്തിന്റെ ഹുങ്കാര ശബ്ദവും നേരിയൊരു ഉള്‍ക്കിടിലത്തിന്റെ ചെണ്ട പെരുപ്പിക്കുന്നുണ്ടാവും.

കല്ലുകളില്‍ ചവിട്ടിക്കയറിയും ഉയര്‍ന്നിരിക്കുന്ന മരവേരുകളില്‍ പിടിച്ചിറങ്ങിയും വഴിക്ക് കുറുകെ വീണുകിടക്കുന്ന വലിയ വൃക്ഷങ്ങള്‍ക്കടിയിലൂടെ പുനര്‍ജനി നൂഴ്ന്നും ദുര്‍ഘടങ്ങള്‍ താണ്ടിയുള്ള നടത്തയുടെ ക്ഷീണം കണ്ണുകളില്‍ നിറയുന്ന വെള്ളച്ചാട്ടത്തിന്റെ ഉടലഴകും അന്തരീക്ഷത്തില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന ജലകണികകളുടെ സുഖകരമായ സ്പര്‍ശവും ഞൊടിയിട കൊണ്ട് മാറ്റും. പ്രകൃതിയെന്ന ശില്‍പി പല അടുക്കുകളാക്കി ഒടിച്ചുമടക്കി ചെത്തിമിനുക്കി നിര്‍ത്തിയ കരിമ്പാറ ശില്‍പങ്ങളില്‍ തട്ടി ചിന്നിച്ചിതറുന്ന ജലധാരയുടെ ദൃശ്യവിസ്മയം എത്ര നോക്കിനിന്നാലും മതിവരില്ല. പച്ചിലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യന്‍ കുലക്കുന്ന മാരിവില്ല് ഒടിച്ചുവേണം പാറയടുക്കുകള്‍ ചവിട്ടിക്കയറി ജലപാതത്തിനടുത്തെത്താന്‍. ഹുങ്കാരത്തിനുള്ളിലെ ജലമര്‍മ്മരത്തിന്റെ ശാന്തിമന്ത്രം കേട്ടും ഉള്ളം കുളിര്‍ക്കുന്ന ജലസ്പര്‍ശമറിഞ്ഞും പാറക്കെട്ടുകളിലിരുന്നാല്‍ ഉദയാസ്തമയങ്ങള്‍ അറിഞ്ഞെന്നുവരില്ല. നിലാവുദിച്ചാല്‍ പകലിനെക്കാള്‍ പലമടങ്ങ് വെട്ടിത്തിളങ്ങും ജലപാതം. പാറക്കൂട്ടത്തിന്റെ മേലടുക്കിലും താഴെയുമായി രണ്ട് ജലപാതങ്ങള്‍. ഉയരം കൂടുതല്‍ മുകളിലുള്ളതിനാണ്. എന്നാല്‍ കാണാന്‍ ചന്തമേറെ താഴത്തേതിനും.

ആദിവാസി വാമൊഴി ഭാഷയിലാണ് 'വാഴ്വാന്തോല്‍' എന്ന പേര്. വായുഭഗവാന്റെ പേരാണത്രെ ഇത്. ആദിവാസി വാമൊഴി വഴക്കത്തില്‍ വായു ഭഗവാന്‍ വാഴ്വനും തോലനും (തമാശക്കാരനും) ആയപ്പോള്‍ 'വാഴ്വാന്തോല്‍' എന്ന പേരുണ്ടായി. അങ്ങിനെ വായു ദേവന്റെ പേരിലും ഭൂമിയില്‍ ഒരു വെള്ളച്ചാട്ടം.  

ഇതൊരു വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ പ്രദേശത്തെ ആദിവാസികളുടെ സഹകരണത്തോടെ ഇക്കോ ഡവലപ്മെന്റ് സൊസൈറ്റിയുണ്ടാക്കി വനംവകുപ്പ് എന്തൊക്കയൊ ചെയ്യുന്നുണ്ട്. എന്നാല്‍ ആതിരപ്പള്ളി കഴിഞ്ഞാല്‍ ഒരുപക്ഷെ കേരളത്തിലെ ഏറ്റവും ഭംഗിയുള്ള ഈ വെള്ളച്ചാട്ടത്തെ കുറിച്ച് ജനങ്ങള്‍ വേണ്ടത്ര കേട്ടിട്ടില്ല. ആഴ്ചവട്ട അവധിക്ക് മദ്യവും തീറ്റയുമായെത്തി വെള്ളച്ചാട്ടത്തെക്കാള്‍ വെള്ളം അകത്താക്കി ആമോദിച്ച് ആര്‍ത്തട്ടഹസിച്ച് മടങ്ങുന്ന ആവേശ ചെറുപ്പങ്ങളല്ലാതെ വിനോദ സഞ്ചാരികള്‍ അധികം പേര്‍ ഈ വഴിക്കുണ്ടാവാറില്ല. കണ്ണും കാതുമില്ലാത്ത അമിതാഘോഷക്കാര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അങ്ങിങ്ങ് കൂടിക്കിടന്ന് പരിസ്ഥിതിയെ വെല്ലുവിളിക്കാനും തുടങ്ങിയിട്ടുണ്ട്.  

നജിം കൊച്ചുകലുങ്ക്

ഫോട്ടോകള്‍: സാലി പാലോട്