Sunday, October 5, 2014

അക്കേഷ്യ താഴ്വരയിലെ ഇടയന്‍


‘എഡ്ജ് ഓഫ് ദി വേള്‍ഡി’ലെ പ്രകൃതി വിസ്മയങ്ങള്‍ കണ്ടു മടങ്ങുമ്പോള്‍ അക്കേഷ്യ താഴ്വരയിലാണ് അയാളെ കണ്ടത്. വേനല്‍ സൂര്യനുനേരെ ദുര്‍ബല പ്രതിരോധം തീര്‍ക്കുന്ന അക്കേഷ്യ മരത്തിലേക്ക് ചാരി അതിന്‍െറ ഇത്തിരി തണലില്‍ നില്‍ക്കുകയായിരുന്നു ആ ഇടയന്‍. ആറേഴ് മണിക്കൂറിനിടയില്‍ മരുഭൂമിയില്‍ ഞങ്ങള്‍ക്ക് കാണാനായ മറ്റൊരു മനുഷ്യ ജീവി. എരിത്രിയക്കാരനായ യുവാവ്. ധരിച്ചിരിക്കുന്ന ളോഹയുടെ തവിട്ട് നിറം അഴുക്കും മെഴുക്കും പിടിച്ച് കറുത്തുപോയിരുന്നു. ദേഹത്തിന്‍െറ കരിവീട്ടി നിറത്തോട് ചേരുന്നതായി അത്.

പതിവുപോലെ ഒട്ടക കൂട്ടത്തെ താഴ്വരയില്‍ മേയാന്‍ വിടാന്‍ എത്തിയതാണ് അയാള്‍. ചുറ്റുവട്ടത്തുതന്നെ അക്കേഷ്യ മരങ്ങള്‍ക്ക് ഇടയിലും കുറ്റിച്ചെടികളുടെ പൊന്തകളിലും ഇഷ്ട ഭക്ഷണം തേടി സൈ്വരവിഹാരത്തിലാണ് ഒട്ടകങ്ങള്‍. നട്ടുച്ച കഴിഞ്ഞ് സൂര്യന്‍ പടിഞ്ഞാറേക്ക് നീങ്ങിത്തുടങ്ങിയ നേരത്താണ് കുന്നിനപ്പുറമുള്ള തമ്പില്‍നിന്ന് അയാള്‍ ഒട്ടകങ്ങളുമായി വന്നത്. ഇനി സന്ധ്യമയങ്ങുന്നതുവരെ അവയുടെ മേല്‍ കണ്ണുറപ്പിച്ചുകാത്തുനില്‍ക്കണം. താഴ്വരയുടെ നിശബ്ദതയില്‍ നേരിയ ഒരു ഇളക്കമുണ്ടാക്കാന്‍ കാറ്റുപോലും വരാറില്ല. ഏകാന്തതക്കുപോലും മുഷിവനുഭവപ്പെട്ടുതുടങ്ങുമ്പോള്‍ അയാള്‍ മനോരാജ്യത്തില്‍ മുഴുകും.
അങ്ങിനെ ഒരു പകല്‍സ്വപ്നത്തില്‍ എല്ലാം മറന്നുനില്‍ക്കുകയായിരുന്നിരിക്കണം.

പൊടി പറത്തി ഇരച്ചുതുമിച്ച് വാഹനങ്ങള്‍ മുന്നില്‍ വന്നുനിന്നപ്പോള്‍ ഒന്ന് നടുങ്ങി ഉണര്‍ന്ന പോലെയായി അയാള്‍. വാഹനങ്ങളില്‍നിന്ന് ഇറങ്ങിയ ഞങ്ങളുടെ കൈകളില്‍ കുപ്പിവെള്ളം കണ്ടപ്പോള്‍ ആ കണ്ണുകള്‍ തിളങ്ങി. നീട്ടിയ വെള്ളം ആര്‍ത്തിയോടെ വാങ്ങി കുടിക്കുമ്പോള്‍ കൊണ്ടുവന്ന വെള്ളം തീര്‍ന്നുപോയിരുന്നെന്ന് അയാള്‍ പറഞ്ഞു. ആഫ്രിക്കന്‍ വന്‍കരയില്‍നിന്നുവന്ന ആ യുവാവിനും കിഴക്കനേഷ്യക്കാരായ ആഗതര്‍ക്കുമിടയില്‍ അറബി പൊതുഭാഷയാകുന്നുവെന്ന് കണ്ടപ്പോള്‍ അപരിചിതത്വം അകന്നു. റിയാദ് നഗരത്തില്‍നിന്ന് രാവിലെ ‘ലോകത്തിന്‍െറ മുനമ്പ്’ കാണാന്‍ പുറപ്പെട്ട ഞങ്ങള്‍ 185 കിലോമീറ്റര്‍ താണ്ടിയ ആറേഴ് മണിക്കൂറിന് ഇടയില്‍ മരുഭൂമിയില്‍ മറ്റൊരു മനുഷ്യ ജീവിയേയും കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അങ്ങോട്ടുപോയ വഴിയിലൂടെ തിരിച്ചുപോരുമ്പോള്‍ മുന്നില്‍പെട്ട എരിത്രിയന്‍ യുവാവ് കൗകതുകവും ആഹ്ളാദവുമായി തീര്‍ന്നത്.
സൗദി അറേബ്യയുടെ തലസ്ഥാന നഗരം ഉള്‍പ്പെടുന്ന മധ്യപ്രവിശ്യയിലെ തുവൈഖ് മലനിരകളുടെ ഭാഗമാണ് അക്കേഷ്യ താഴ്വരയും അത് ഒടുങ്ങുന്നിടത്തെ ‘എഡ്ജ് ഓഫ് ദി വേള്‍ഡ്’ എന്ന പ്രകൃതിയുടെ പ്രതിഭാസവും. ദശലക്ഷം വര്‍ഷം മുമ്പ് കടലായി കിടന്ന പ്രദേശം കരയായി രൂപാന്തരം പ്രാപിച്ചതിന്‍െറ അത്ഭുത ബാക്കിപത്രങ്ങള്‍ സാഹസികരായ സഞ്ചാരികളെ കാത്ത് അവിടെയുണ്ട്. മുന്നില്‍ ഭൂമി ഇല്ലാതാകുന്നത് ഗിരിശൃംഖങ്ങളുടെ വിസ്മയതുമ്പത്ത് കയറിനിന്ന് കണ്ട് അത്ഭുതപ്പെട്ട് തിരിച്ചുമടങ്ങുമ്പോഴാണ് അതിലും വലിയ വിസ്മയമായി അബ്ദുസമദ് എന്ന ഒട്ടകപാലകന്‍ മുന്നില്‍നിന്നത്.

അയാളുടെ കഥ തീര്‍ച്ചയായും ത്രസിപ്പിക്കുന്നതായിരുന്നു. അഞ്ചുവര്‍ഷം മുമ്പാണ് ഈ താഴ്വരയില്‍ അയാള്‍ എത്തിയത്. അനധികൃതമായി സൗദിറേബ്യയിലേക്ക് കടന്നതാണ്. അതുകൊണ്ടുതന്നെ രാജ്യാന്തര യാത്രക്ക് ആവശ്യമായ പാസ്പോര്‍ട്ടും വിസയും സൗദിയില്‍ താമസിച്ച് ജോലി ചെയ്യുന്നതിനുള്ള അനുമതിരേഖയായ ‘ഇഖാമ’യും ഇല്ല. അതിനി ഉണ്ടാകാനും പോകുന്നില്ല.

അഫ്രിക്കന്‍ വന്‍കരയുടെ ചെങ്കടല്‍ തീരത്തെ എരിത്രിയയില്‍നിന്ന് മറുകരയിലെ സൗദിയില്‍ എത്തിയത് എങ്ങിനെ എന്ന് അറിയാനുള്ള ഞങ്ങളുടെ ആകാംക്ഷയില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച് തന്‍െറ അതിസാഹസികമായ യാത്രയെ കുറിച്ച് വിശദീകരിക്കാന്‍ തുടങ്ങി.
ചെങ്കടലിന്‍െറ ഇരുകരകളും തമ്മില്‍ അകലം കുറയുന്ന ഭാഗം എരിത്രിയയുടെ അസാബ തുറമുഖത്തിനും യമന്‍െറ തലസ്ഥാനമായ സനാഅക്ക് സമീപമുള്ള തുറമുഖത്തിനും ഇടയിലാണ്. ഇവിടെ കടലിലെ കള്ളവഴികളിലൂടെ മറുകരയുടെ സമൃദ്ധിയിലേക്ക് ജീവിതം അന്വേഷിച്ച് നുഴഞ്ഞുകടക്കുന്ന സംഘത്തില്‍ ഒരാളാവുകയായിരുന്നു അബ്ദുസമദും. അധികൃതരുടെ കണ്ണുവെട്ടിച്ച് യമന്‍െറ തീരപ്രദേശങ്ങളിലൂടെയും മലഞ്ചെരിവുകളിലൂടെയും നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടിയും സൗദി-യമന്‍ അതിര്‍ത്തി ദുര്‍ഗങ്ങളെ അതിലും വലിയ സാഹസികതയിലൂടെ മറികടന്നും റിയാദില്‍ എത്തിയ കഥ അയാള്‍ പറഞ്ഞപ്പോള്‍ ജീവന്‍ നിലച്ചുപോകുന്നതുപോലെ തോന്നി ശ്രോതാക്കള്‍ക്ക്.


നിയമ മാര്‍ഗത്തിലൂടെ റിയാദില്‍ വന്ന് ജോലി ചെയ്യുന്ന സഹോദരന്മാരുടെയും ബന്ധുക്കളുടെയും അടുത്താണ് എത്തിയത്. അവരാണ് അനധികൃതരുടെ പറുദീസയായ മരുഭൂമിയിലെ ഇടയ ജീവിതം തരപ്പെടുത്തികൊടുത്തത്.
1800 റിയാലാണ് ശമ്പളം. അത് കൃത്യമായി ലഭിക്കും. കഴിയുന്നത്ര ഇങ്ങിനെ ജോലി ചെയ്ത് ഒരു സമ്പാദ്യം തരപ്പെടുത്തണം. എന്നിട്ട് മടങ്ങണം. വിവാഹം കഴിക്കണം. സുഖമായി ജീവിക്കണം. ഇതൊക്കെയാണ് ഇരുപത്തഞ്ച് വയസിലത്തെിയ ആ ചെറുപ്പക്കാരന്‍െറ സ്വപ്നങ്ങള്‍.
മരുഭൂമിയിലെ തമ്പിലാണ് ജീവിതം. ചൂടും തണുപ്പും എല്ലാം ഒരുപോലെ. രാവിലെ ഉണര്‍ന്ന് ഒട്ടകത്തിന് തീറ്റയും വെള്ളവും കൊടുക്കണം. അവയ്ക്ക് കാവലിരിക്കണം. ഉച്ചകഴിയുമ്പോള്‍ മരുഭൂമിയില്‍ മേയാന്‍ കൊണ്ടുപോകണം. സന്ധ്യമയങ്ങുമ്പോള്‍ എല്ലാറ്റിനേയും ആട്ടിതെളിച്ച് കൂട്ടിലേക്ക് തിരികെ കൊണ്ടുവരണം. ഒരുദിവസം പോലും അവധിയില്ലാത്ത, മാറ്റമില്ലാത്ത ദിനചര്യ. അപ്പോള്‍ പിന്നെ പെരുന്നാള്‍ പോലുള്ള ആഘോഷ അവസരങ്ങളൊ? എന്ന ഞങ്ങളുടെ ചോദ്യത്തിന് കറപിടിച്ച പല്ലുകളില്‍ വിടര്‍ന്ന ചിരിയായിരുന്നു മറുപടി. ദുഖമൊ പരിഹാസമൊ എന്താണ് അതിന്‍െറ ഭാവമെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

വലപ്പോഴും സഹോദരന്മാരും മറ്റു ബന്ധുക്കളും മരുഭൂമിയിലേക്ക് വരും. തന്നെ കാണാന്‍. ശമ്പളം കിട്ടി കൈയില്‍ കരുതിയിരിക്കുന്ന പണം അവരെ ഏല്‍പിക്കും. നാട്ടിലേക്ക് അയക്കുന്നത് അവര്‍ വഴിയാണ്. നഗരത്തില്‍നിന്ന് ഭക്ഷണമൊക്കെയായാണ് അവരുടെ വരവ്. അതുതന്നെയാണ് തന്‍െറ പെരുന്നാളുകളെന്നും അത് ഇടക്കിടെ സംഭവിക്കാറുണ്ടെന്നും പറയുമ്പോള്‍ ആ മുഖത്തെ പ്രസന്നതയില്‍ ഒരു നൊമ്പരത്തിന്‍െറ ഛായ കണ്ടു.
മരുഭൂമിയില്‍ വല്ലപ്പോഴും കണ്ടുമുട്ടുന്ന മനുഷ്യരായി ഞങ്ങള്‍ മുന്നില്‍നിന്നപ്പോള്‍ അബ്ദുസമദും ആഹ്ളാദത്തിലായിരുന്നു എന്ന് തോന്നി. അതുകൊണ്ടാണ് കൂട്ടത്തില്‍ അഴകൊത്തതും അനുസരണ ശീലമുള്ളതും തുണികൊണ്ടുള്ള ഇരിപ്പിടം സ്ഥാപിച്ചതുമായ ഒട്ടക പുറത്ത് കയറി ചുറ്റിയടിക്കാന്‍ ഞങ്ങളില്‍ ഭയമില്ലാത്തവര്‍ക്ക് അവസരം നല്‍കിയത്.
രേഖയില്ലാത്ത ജീവിതവുമായി നാട്ടിലേക്ക് മടങ്ങേണ്ടിവരുമ്പോള്‍ അത് എങ്ങിനെയാവും എന്ന് കൂടി അറിയാന്‍ ആഗ്രഹം തോന്നി. ‘‘വന്ന വഴികളിലൂടെ തന്നെ’’, അബ്ദുസമദിന്‍െറ മറുപടി എളുപ്പത്തിലായിരുന്നു!

Wednesday, September 24, 2014

വിസ്മയ മുനമ്പ്

കടല്‍ ഇറങ്ങിപ്പോയ ശൂന്യതയില്‍ ആ ഭൂമി മൂകമായി വരണ്ടുകിടന്നു. മലയെടുപ്പുകളില്‍ പ്രകൃതി തുറന്നിട്ട ജാലകങ്ങളിലൂടെ ആകാശ നീലിമയില്‍ അലിഞ്ഞില്ലാതാകുന്ന ലോകത്തിന്‍െറ അതിര് നോക്കി നില്‍ക്കുമ്പോള്‍ ഈ പ്രദേശത്തെ ‘ലോകത്തിന്‍െറ മുനമ്പ്’ എന്നു വിളിച്ച മരുഭൂ പര്യവേക്ഷകരെ നന്ദിയോടെ ഓര്‍ത്തു. പ്രകൃതിയുടെ വിസ്മയങ്ങളില്‍ ഒന്നിനെ ഓര്‍മയില്‍ അടയാളപ്പെടുത്തിവെക്കാന്‍ ഒരു പേരുണ്ടായല്ളോ!

സൗദി തലസ്ഥാനമായ റിയാദ് നഗരത്തില്‍ നിന്ന് 180 കിലോമീറ്റര്‍ താണ്ടിയാണ് തുവൈഖ് മലനിരകളുടെ ചരിവുകളിലേയും താഴ്വാരങ്ങളിലേയും ത്രസിപ്പിക്കുന്ന കാഴ്ചകളിലേക്ക് എത്തിച്ചേര്‍ന്നത്. 135 കിലോമീറ്ററുകളോളം ടാര്‍ റോഡിലൂടെയും പിന്നെയൊരു 40 കിലോമീറ്റര്‍ മരുഭൂമിയിലെ ചക്രപ്പാട് തെളിഞ്ഞ വഴിയിലുടെയും അത്രതന്നെ ദൂരം വഴിതെളിയാത്ത മരുഭൂമിയിലൂടെയും ചാടിയും തെറിച്ചും കിതച്ചും കുതിച്ചും ഓടുമ്പോള്‍ വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന കുടിവെള്ളത്തില്‍ ഏറെയും പുറത്തെ കത്തിജ്വലിക്കുന്ന സൂര്യന്‍ കുടിപ്പിച്ചുതീര്‍ത്തു.

വടക്കുപടിഞ്ഞാറന്‍ റിയാദിലെ അല്‍അമ്മാരിയ ഡിസ്ട്രിക്റ്റ് കടന്ന്, ഇസ്ലാമിക ചരിത്രത്തില്‍ റിയാദ് പ്രവിശ്യയെ ബന്ധപ്പെടുത്തുന്ന ഏക സംഭവമായ അല്‍യമാമ യുദ്ധം നടന്ന ഉനൈന പട്ടണത്തിലൂടെ മുന്നോട്ടുപോകുമ്പോള്‍ തീര്‍ത്തും വിജനമായ പ്രദേശങ്ങളാണ് യാത്രികരുടെ മുന്നിലേക്ക് വന്നടുക്കുക. വഴിപരിചയമില്ലാത്തവര്‍ക്ക് ലോകത്തിന്‍െറ മുനമ്പില്‍ ചെന്നത്തെുക പ്രയാസം.

റിയാദ് ഡവലപ്മെന്‍റ് അതോറിറ്റിയുടെ വെബ്സൈറ്റില്‍ നല്‍കുന്ന സ്ഥല സൂചനകള്‍ അനുസരിച്ച് നഗരത്തില്‍നിന്ന് ഈ ടാര്‍ റോഡ്വരെ എത്താന്‍ എളുപ്പമുണ്ട്. കുറെ ദൂരം ഈ റോഡിലൂടെ ഓടിയാലാണ് എഡ്ജ് ഓഫ് ദി വേള്‍ഡിലേക്കുള്ള വഴി കിട്ടുക. ഒരു മുന്നറിയിപ്പുമില്ലാതെയാണ് അങ്ങനെയൊരു വഴിതിരിയല്‍ എന്ന് പറയുന്നതാണ് ശരി. എന്നാല്‍ ആ പോയന്‍റ് കണ്ടത്തെലാണ് ദുഷ്കരം. തവിട്ടുനിറത്തിലുള്ള സുചക ഫലകം ശ്രദ്ധയില്‍പ്പെടുക അത്രയെളുപ്പമല്ല. മുന്‍ പരിചയമുള്ള ആരെങ്കിലും കൂടെ ഇല്ളെങ്കില്‍ ആ അടയാളം കാണുക പ്രയാസം. പാതയെന്ന് പറയാന്‍ പറ്റാത്ത, എന്നാല്‍ വാഹനങ്ങളുടെ ചക്രപ്പാട് പതിഞ്ഞ മരുഭൂ വഴിയിലൂടെ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ക്ക് മാത്രമേ സഞ്ചാരയോഗമുള്ളൂ. വിജനതയും ശൂന്യതയും കലര്‍ന്ന് മൂകമായ മരുഭൂമി വഴിതെറ്റിപ്പിക്കുമോ എന്ന് യാത്രികരെ പേടിപ്പിക്കും. കുറെ ഓടിക്കഴിയുമ്പോള്‍ പൊടുന്നനെ അക്കേഷ്യ വാലിയുടെ സമൃദ്ധിയിലേക്ക് പ്രവേശിക്കുകയായി.

വെള്ളമുള്ള ഭൗമാന്തരങ്ങളിലേക്ക് വേരുകള്‍ നീട്ടിയും പടര്‍ത്തിയും തങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമുള്ള ഈര്‍പ്പം വലിച്ചെടുത്ത് തഴച്ചുനില്‍ക്കുന്ന പ്രത്യേകതരം അക്കേഷ്യ മരങ്ങള്‍ ആരോ നട്ടുപ്പിടിപ്പിച്ചതുപോലെ, ഒരു തോട്ടത്തിലെന്നപോലെ അനുസരണയുടെ വരിയൊപ്പിച്ചാണ് നില്‍പ്. മരപച്ചപ്പ് മണല്‍ക്കാറ്റിന്‍െറ തലോടലേറ്റ് നരച്ചിരിക്കുന്നു. അതിനിടയിലെ കുറ്റിച്ചെടികളുടെ ചെറിയ പൊന്തകളിലും നരച്ച പച്ചപ്പിന്‍െറ പകര്‍ച്ച. പച്ച അതിന്‍െറ സമൃദ്ധിയെ തൊടുന്ന കാലങ്ങള്‍ താഴ്വരയില്‍ സംഭവിക്കാറുണ്ടെന്ന് ആ സൂചനകള്‍ പറഞ്ഞുതരുന്നു.

മഴക്കാലങ്ങളില്‍ അവിടെ വെള്ളം നിറയുമെന്നും കുറ്റിച്ചെടികളില്‍ പൂക്കള്‍ വിരിയുമെന്നും ചിത്രശലഭങ്ങളും വിവിധ തരം പക്ഷികളും അവിടെ പാറിനടക്കുമെന്നും റിയാദ് ഡവലപ്മെന്‍റ് അതോറിറ്റിയുടെ സ്ഥല വിവരണത്തില്‍ പറഞ്ഞത് ശരിവെക്കുന്ന പല അടയാളങ്ങളും അവിടെ കണ്ടു. ഓന്തും തുമ്പികളും ഉള്‍പ്പെടെ പലതരം ജീവികളുടെ പറുദീസ. ഒട്ടകങ്ങള്‍ ഒറ്റക്കും കൂട്ടമായും മേഞ്ഞുനടക്കുന്നു. ഇഷ്ട ഭക്ഷണമായ മുള്ള് മരങ്ങളുടെ പട്ട കടിച്ചു കാര്‍ന്ന് തിന്നും കുറ്റിച്ചെടികള്‍ക്കിടയിലൂടെ ഉലാത്തിയും മരത്തണലില്‍ വിശ്രമിച്ചും പൊന്തകള്‍പോലെ വെളുത്തും കറുത്തും ഒട്ടകങ്ങള്‍ അക്കേഷ്യ വാലിയില്‍ നിറയെ.

അറേബ്യന്‍ ഉപഭൂഖണ്ഡത്തിനുള്ളിലെ കിഴക്കു-പടിഞ്ഞാറ് പുരാതന പാത ഈ അക്കേഷ്യ വാലിയിലൂടെയാണ് കടന്നുപോയിരുന്നത്. പഴയ റിയാദായ നജ്ദില്‍നിന്ന് ഇപ്പോഴത്തെ മദീന പ്രദേശമായ പഴയ ഹിജാസിലേക്ക് നീളുന്ന നൂറ്റാണ്ടുകളുടെ ചവിട്ടടികളും ഒട്ടക കുളമ്പടികളും പതിഞ്ഞ വഴി. തുവൈഖ് പര്‍വത നിര ഇറങ്ങി വാദി ഹനീഫയിലൂടെ പടിഞ്ഞാറേക്ക് നീളുന്ന പാത. തുവൈഖിന്‍െറ താഴ്വരകള്‍ കൃഷിക്ക് അനുയോജ്യമായിരുന്നു. സമൃദ്ധമായ പലതരം കൃഷികള്‍ ഇവിടെ നടന്നിരുന്നു. ഇപ്പോഴും ഈ താഴ്വരകളിലെ പല ജനവാസ കേന്ദ്രങ്ങളോടും ചേര്‍ന്ന് പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും പാടങ്ങളുണ്ട്.  

മുന്നോട്ടുപോകുന്തോറും അക്കേഷ്യവാലിയുടെ നിരപ്പ് പതിയെ കുന്നുകയറാന്‍ തുടങ്ങും. പിന്നെയുള്ള വഴി നിര്‍ഭയനായ ഡ്രൈവര്‍ക്ക് മാത്രമുള്ളതാണ്. അത്രമേല്‍ സാഹസമാണ് യാത്ര. മുന്നില്‍ പെട്ടെന്നാണ് ആഴമുള്ള കുഴിയിലേക്ക് വഴി ഒടിഞ്ഞിറങ്ങുകയും അതേ വേഗത്തില്‍ കുത്തനെ കയറുകയും ചെയ്യുന്നത്. ചക്രങ്ങള്‍ പറത്തുന്ന പൊടി വാഹനത്തിന്‍െറ ജാലക ചില്ലുകളെ പൊതിയും. മുന്നില്‍ വാഹനമുണ്ടെങ്കില്‍ പറയുകയേ വേണ്ട.

ഈ സഹിക്കുന്ന പ്രയാസങ്ങളെല്ലാം എഡ്ജ് ഓഫ് ദി വേള്‍ഡിന്‍െറ ആദ്യ പോയന്‍റില്‍ എത്തുമ്പോള്‍ തന്നെ വിസ്മയത്തിനും അതുവഴി എന്തെന്നില്ലാത്ത ഒരു ഉത്സാഹത്തിനും വഴിമാറും. മുന്നില്‍ ഭൂമി പെട്ടെന്ന് അവസാനിച്ചതുപോലെ തോന്നും. അല്‍പം കൂടി മുന്നോട്ട് ചെന്നാല്‍ അഗാധഗര്‍ത്തത്തിലേക്ക് ഇടിഞ്ഞിറങ്ങിയതാണെന്ന് വ്യക്തമാകും. വലിയ ഗര്‍ത്തങ്ങളാണ്. കിഴുക്കാം തൂക്കായ പാറകള്‍ പരസ്പരം അടര്‍ന്നുമാറി ഇപ്പോള്‍ പിളര്‍ന്നുവീഴും എന്നപോലെ.

അടുത്ത വ്യൂ പോയന്‍റുകളിലേക്കുള്ള യാത്ര തരണം ചെയ്തതിലും സാഹസികമാണ്. ഒടുങ്ങാത്ത വിസ്മയം കാഴ്ചക്കാരനെ മുന്നോട്ടു നയിക്കും. കിഴുക്കാംതൂക്കായ പാറകള്‍ കൂടുതല്‍ കൂടുതല്‍ ഉയരത്തില്‍ ആകാശം തൊടാന്‍ വെമ്പുന്നു. മരുഭൂനിരപ്പില്‍നിന്ന് 300 അടിയെങ്കിലും ഉയരമാണ് ഏറ്റവും വലിയ ശിലാഗ്രത്തിന്. അത് രണ്ടായി പിളര്‍ന്നുനില്‍ക്കുന്ന സ്തൂപാകൃതിയുള്ള കിഴുക്കാം തൂക്കായ പാറയാണ്. ഇരട്ട പാറകള്‍. റിയാദ് നഗരത്തിലെ ഏറ്റവും ഉയരം കൂടിയ ലാന്‍ഡ് മാര്‍ക്കായ ഉലയ കിങ്ഡം ടവറിന് പോലും 180 അടി മാത്രമാണ് ഉയരമെന്ന് അറിയുമ്പോഴാണ് വിസ്മയം ആകാശം തൊടുക. അടര്‍ന്നുവീഴും എന്ന പോലെ നില്‍ക്കുന്ന പാറക്കൂട്ടങ്ങളിലേക്ക് നടന്നുകയറല്‍ ശരിക്കും ട്രക്കിങ്ങിന്‍െറ വലിയ സാഹസികാനുഭവങ്ങളാണ ശരീരത്തിനും മനസിനും നല്‍കുക. അണച്ച് അവിടെ വീണുപോകും എന്ന് തോന്നിപ്പോകും. നടന്നുകയറി ശിലാഗ്രത്തില്‍ എത്തി അവിടെ നില്‍ക്കുമ്പോഴാണ് മുന്നില്‍ ഭൂമിയില്ല എന്ന തോന്നല്‍ കാഴ്ചക്കാരനെ ഭ്രമിപ്പിക്കുന്നത്. ലോകത്തിന്‍െറ മുനമ്പെന്ന് പ്രദേശത്തിന് പേരുചൊല്ലി വിളിച്ചത് ഇവിടെ വെച്ചായിരിക്കാം.

കടലൊഴിഞ്ഞുപോയ ഭൂമി
ദശലക്ഷം വര്‍ഷം മുമ്പ് കടല്‍ കയറികിടന്ന, അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്‍െറ ഭാഗമാണ് തുവൈഖ് മലഞ്ചെരിവുകള്‍ എന്നാണ് കരുതുന്നത്. ‘ഹിദ്രോസ്’ എന്ന് അന്ന് അറിയപ്പെട്ട കടലിന്‍െറ ഭാഗമായിരുന്നു ഇതെന്നും കാലക്രമേണ കടല്‍ പിന്‍വാങ്ങി കരയായി രൂപാന്തരപ്പെടുകയായിരുന്നെന്നും മരുഭൂമിയെ കുറിച്ച് പഠിക്കുന്ന പലരും ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. സമുദ്രാന്തര്‍ ഭാഗങ്ങളില്‍ കാണപ്പെടുന്ന സസ്യങ്ങളുടെയും പവിഴപുറ്റുകളുടെയും ജീവജാലങ്ങളുടെയും ഫോസിലുകള്‍ എന്ന് തോന്നിപ്പിക്കുന്നവ ഇവിടെനിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ടത്രെ. ഇപ്പോഴും അത്തരത്തില്‍ പല അടയാളങ്ങളും ഇവിടെ കാണാം. അവശിഷ്ടങ്ങള്‍ പലതും അവിടെ കണ്ടു. ഒപ്പം പര്‍വത ശരീരങ്ങളില്‍ അടങ്ങിയിരിക്കുന്ന പലതരം ധാതുലവണങ്ങളുടെ സാമ്പിളുകളും. ഒരു പാറക്കഷണം എടുത്തു നിലത്തിട്ടുനോക്കിയപ്പോള്‍ ഇരുമ്പ് കഷണം ഇട്ടതുപോലെ ശബ്ദം. ഇരുമ്പയിരാണ് അത് നിറയെ. കാലങ്ങളായി വെള്ളത്തില്‍ മുങ്ങിക്കിടന്നതെന്ന് തോന്നിപ്പിക്കുന്ന അടയാളങ്ങളുടെ വരവീണ പാറക്കൂട്ടങ്ങള്‍. ശരിക്കും ശൈലസേതുക്കള്‍. ജലാര്‍ദ്രതയില്‍നിന്ന് പൊടുന്നനെ പൂര്‍ണ വിരാമം പ്രാപിച്ച പോലെ മണ്ണിന്‍െറ വരണ്ട അവസ്ഥ.

ഇസ്ലാമിക ചരിത്രവുമായുള്ള ബന്ധം
നജ്ദ് എന്ന് അറിയപ്പെട്ടിരുന്ന റിയാദ് പ്രദേശത്തിന് ഇസ്ലാമിക ചരിത്രവുമായി ആകെയുള്ള ബന്ധം ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖിന്‍െറ കാലഘട്ടത്തില്‍ നടന്ന യമാമ യുദ്ധമാണ്. ആ യുദ്ധത്തിനുവേണ്ടി മദീനയില്‍നിന്ന് ഖാലിദ് ഇബ്നു വലീദിന്‍െറ നേതൃത്വത്തില്‍ എത്തിയ ഇസ്ലാമിക സൈന്യം തമ്പടിച്ചത് തുവൈഖ് പര്‍വതനിരകളുടെ ഈ താഴ്വരയിലായിരുന്നു. യുദ്ധം നടന്ന ഉനൈന ഇവിടെ അടുത്താണ്. ജനവാസ കേന്ദ്രമാണ് ഉനൈന. പുരാതനമായ ഈ ഗ്രാമം അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ഇസ്ലാമിക നവോത്ഥാന നായകന്‍ മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിന്‍െറ ജന്മദേശവും കൂടിയാണ്.

സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ എഡ്ജ് ഓഫ് ദ വേള്‍ഡ് സന്ദര്‍ശിക്കാന്‍ പറ്റിയ കാലം വേനല്‍ തണുപ്പുകാലത്തിന് വഴിമാറുന്ന ആദ്യ സമയങ്ങളാണ്. ആ സമയത്ത് ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ടെന്നും രാത്രികളില്‍ തമ്പടിച്ച് തങ്ങാറുണ്ടെന്നും അത്തരത്തില്‍ പല സംഘങ്ങളോടൊപ്പവും വന്ന് പ്രദേശം നല്ല പരിചയമാവുകയും ടൂറിസ്റ്റ് ഗൈഡിനെ പോലെ സഹായിക്കുകയും ചെയ്യുന്ന ഞങ്ങളോടൊപ്പം വന്ന എരുമേലി സ്വദേശി നിസാം പറഞ്ഞു. ഭക്ഷണം പാചകം ചെയ്ത് കഴിച്ചും തണുപ്പകറ്റാന്‍ തീ കൂട്ടിയും ഇവിടെ കഴിച്ചുകൂട്ടുന്ന രാത്രികള്‍ മറ്റൊരിടത്തും ഇതേ അനുഭൂതിയോടെ ലഭിക്കില്ളെന്ന് നിസാം. ലോകം പുലരുന്നതും ഇവിടെനിന്ന് കാണുന്നത് വ്യത്യസ്തമായ കാഴ്ചാനുഭവമാണ്. കടലിലെ സൂര്യോദയം മരുക്കടലില്‍.

ലോകത്തിന്‍െറ മുനമ്പിലെ വിസ്മയ കാഴ്ചകള്‍ കാണാനും ആ സാഹസികത അനുഭവിക്കാനും ഒരിക്കലെങ്കിലും ഈ വഴി വരണം, അല്ളെങ്കില്‍ അതൊരു നഷ്ടമായിരിക്കും.

നജിം കൊച്ചുകലുങ്ക്

ഫോട്ടോകള്‍: നൗഫല്‍ പാലക്കാടന്‍, ദില്ലു ഷക്കീബ് & Google Image

Tuesday, September 9, 2014

നാടുവിട്ടവന്റെ ഓണം

'നമുക്കെവിടെ ഓണം സര്‍, നാടുവിട്ടോടിയപ്പോള്‍ പലതും അവിടെ ചോര്‍ന്നുവീണില്ലേ? അക്കൂട്ടത്തില്‍ ഓണവും വിഷുവും തിരുവാതിരയും ഞാറ്റുവേലയുമൊക്കെയും പോയി...'
പരിതപിക്കുന്നതില്‍ മലയാളി ആരോടും തോല്‍ക്കാറില്ലല്ലോ? നാടുവിട്ടവനോട് നാടിനെ കുറിച്ചു ചോദിച്ചാല്‍ അപ്പോള്‍ തുടങ്ങും പരിഭവങ്ങളുടെ വര്‍ഷകാലം.
'...ഓണവും ഓണത്തപ്പനും പൂവിളിയും പുലികളിയും എല്ലാം കൈമോശം വന്നില്ലേ? അല്ല, ഒരു ഓണം കൂടിയിട്ട് തന്നെ എത്ര നാളായി? ഒന്നോര്‍ക്കാന്‍ പറ്റുന്നുണ്ടോ, ഓണകോടിയുടുത്തിട്ട്, തൂശനില വിരിച്ച് തുമ്പപ്പൂ പോലത്തെ ചോറിട്ട് ഓണമുണ്ടിട്ട് ആണ്ടെത്ര കഴിഞ്ഞു...! ഇപ്പോള്‍ കേരളത്തില്‍ തന്നെ ഓണമില്ല സര്‍..., ചാനലിലെ ചാറ്റിങ്ങും ഷോപ്പിങ്ങിലെ ചീറ്റിങ്ങുമാണ് സര്‍ അവിടേയും ഓണാഘോഷ പൊടിപൂരം...
...മുക്കൂറ്റി പൂവിറുത്ത് അത്തം പിറക്കാന്‍ കാത്തിരുന്നൊരു കാലം. അത്തം പത്തിന് അത്തപ്പൂക്കള നടുവില്‍ കുത്തിനുറുത്തിയ പാലടയെ അമ്പെയ്ത് വീഴ്ത്തിയ പഴയ വള്ളിനിക്കര്‍കാല വീരസ്യം. ആശ്വസിക്കാന്‍ ആ ഓര്‍മകളെങ്കിലുമുണ്ട് മനസില്‍ ബാക്കിയായി.
കവലയില്‍ ഒരു ഗ്രാമം മുഴുവനെത്തി കാഴ്ചക്കാരാവുമ്പോള്‍ തലപ്പന്ത് കളിയില്‍ സ്മാഷുകള്‍ തീര്‍ത്ത് ഗ്രാമീണ പെണ്‍കൊടികളുടെ അഴകോലും ആദരവ് പിടിച്ചെടുത്തിരുന്ന കാലം. പട്ടുപാവാടകളുലയും പിച്ചിപ്പുവിന്‍ ചിരിയില്‍ ഉള്‍ക്കുളിരണിഞ്ഞു ഗ്രാമം നിറഞ്ഞാടുമ്പോള്‍ ഞെട്ടില്‍നിന്നടര്‍ന്നു കാറ്റില്‍ പറന്നെത്തിയ ഒരു നുണക്കുഴി ചിരിയാണിന്നും എന്റെ ഓര്‍മയിലെ ഓണം....

...നാടുവിട്ടവന്റെ ഓണത്തെ കുറിച്ച് ചോദിച്ചറിയാനിറങ്ങുമ്പോള്‍ ഇത്രമേല്‍ പ്രതീക്ഷിച്ചില്ല. പരിദേവനത്തില്‍ തുടങ്ങി കവിതയായി വിടരുന്ന ഓണക്കാലോര്‍മകളാണ് ഓരോ പ്രവാസിയും മനസില്‍ പേറി നടക്കുന്നത്. അല്ലെങ്കിലും മലയാളിക്ക് അങ്ങിനെയാവാനേ കഴിയൂ... വീട്ടിലേക്കും നാട്ടിലേക്കും തനിയെ സംഭവിക്കുന്ന ഉള്‍വലിയലിന്റെ പിരിമുറുക്കം മനസുലയും നോവായി ഒപ്പം കൊണ്ടുനടക്കുന്ന ഒരു വികാര ജീവിയാണ് ലോകത്തെവിടെയായിരുന്നാലും മലയാളി.

എവിടെ സര്‍ ഇന്ന് ഓണമെന്നൊക്കെ അറുത്തുമുറിച്ചു ചോദിച്ചുകളയുന്ന മല്ലൂസ് പൊന്നോണമെത്തിയാല്‍ ഓര്‍മയുടെ ആഴങ്ങളില്‍ തപ്പി, ഇതളടര്‍ന്ന് കിടക്കുന്നവ പെറുക്കിയെടുത്തു ചേര്‍ത്തുവെച്ച് മനസിന്റെ മുറ്റത്ത് തന്നെ അത്തപ്പൂക്കളമൊരുക്കിക്കളയും. തിരുവോണം പിറന്നാല്‍ പൊന്നിന്‍ വില കൊടുക്കേണ്ടിവന്നാലും മരുഭൂമിയില്‍ പോലും അവന്‍ സദ്യവട്ടം കൂട്ടും. മണലില്‍ തൂശനില വിരിച്ച് അവന്‍ നാടിന്റെ തനത് രുചി വിളമ്പും. അടുക്കളയില്‍ പെരുമാറാന്‍ വളയിട്ട കൈകളില്ലാത്തതിന്റെ കുറവറിയിക്കാതെ ഒറ്റാന്തടി ജീവിതത്തിലും ആളെ കൂട്ടി നാളപാചക നൈപുണ്യം രുചിയോടെ വിളമ്പും. അതാണ് മലയാളിയും ഓണവും തമ്മിലുള്ള രക്തബന്ധം. ഓണത്തെ കുറിച്ച് പറയാന്‍ നാടുവിട്ടവന് പരിഭവത്തിന്റെ മേമ്പൊടിയുണ്ടെങ്കിലും നൂറു നാവാണ്. ജീവിതത്തിന്റെ സന്തോഷ അവസരങ്ങളെ കുറിക്കാനുള്ള ഒറ്റ വാക്കായി ഓണം മാറിയതിന് മലയാളിയുടെ ജീവിതത്തോളം പഴക്കമുണ്ട്. പ്രവാസി ജീവിതത്തിലും ഓണമെന്നത് ആമോദത്തിന്റെ സൂചകം തന്നെയാണ്.

ഒരു പേര് വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ നമുക്ക് അയാളെ രാജന്‍ പിള്ളയെന്ന് വിളിക്കാം. പത്തനംതിട്ടയിലെ ആറന്മുളയില്‍നിന്നാണ് പുറപ്പെട്ടത്. ലോകത്തിന്റെ നാനാദിക്കുകളില്‍നിന്ന് അന്ന് ജനസഞ്ചയത്തിന്റെ പുറപ്പാട് തുടങ്ങിയിട്ടേയുള്ളൂ. അങ്ങിനെ സൌദിയിലേക്കൊഴുകിയെത്തിയ ആദ്യകാല മലയാളികളിലൊരാള്‍. അന്ന് നൂറോ, നൂറ്റമ്പതോ മലയാളികളാണ് റിയാദിലുണ്ടായിരുന്നതെന്ന് രാജന്‍ പിള്ള ഓര്‍ക്കുന്നു. ഒരു മുപ്പത്തേഴ് വര്‍ഷം മുമ്പത്തെ കഥയാണ്. ബത്ഹയിലെ ഇന്നത്തെ പ്രധാന റോഡ് അന്ന് നല്ല ആഴവും വലുപ്പവുമുള്ളൊരു തോടാണ്. തോടിന്റെ ഇരുകരകളിലേയും നിരത്തുകളില്‍നിന്നാണ് അന്ന് മലയാളികള്‍ നാടിനെയും നാടിന്റെ വിശേഷങ്ങളേയും ഓര്‍ത്തെടുത്തിരുന്നത്. തിരുവോണ ദിനത്തില്‍ പറ്റുന്നത്ര പേര്‍ ഒരുമിച്ചുകൂടി ഓണസദ്യയുണ്ടാക്കി നാടിന്റെ തനത് മധുരാനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. പിന്നെ ബത്ഹയിലെ ഈ തെരുവുകളിലേക്ക് വന്ന് ഓര്‍മകള്‍ കൊണ്ട് മനസില്‍ ഓണത്തപ്പനെ ഉണ്ടാക്കിയും ഓണക്കളികള്‍ കളിച്ചും ദിവസമൊന്ന് ചെലവഴിച്ചിരുന്നു.

ലേബര്‍ ക്യാമ്പിലെ മെസ് ഹാളിലൊതുങ്ങുന്ന ഒരോണ സദ്യക്കപ്പുറം വിപുലമായ ഓണാഘോഷത്തിന് പ്രവാസ നാട്ടില്‍ അവസരമില്ലല്ലൊ എന്ന് രാജന്‍ പിള്ള ചോദിക്കും. എന്നാല്‍ ബഹുരാഷ്ട്ര കമ്പനികളുടെ ലേബര്‍ ക്യാമ്പുകളില്‍, നാട്ടിന്‍പുറത്തെ വായനശാലകളിലും ക്ലബുകളിലും അരങ്ങേറിയിരുന്ന പോലെ തന്നെ ഓണാഘോഷം സംഘടിപ്പിച്ചവരുമുണ്ട് ഒരു കാല്‍നൂറ്റാണ്ടിനപ്പുറം റിയാദില്‍. ലേബര്‍ ക്യാമ്പിന്റെ മതില്‍ കെട്ടിനുള്ളിലാണെങ്കിലും സ്റ്റേജുകെട്ടി നാടകം കളിച്ചവര്‍, അത്തപ്പൂക്കളമൊരുക്കിയിരുന്നവര്‍, പുലികളിയും തലപ്പന്ത് കളിയും നടത്തിയിരുന്നവര്‍. നാട്ടില്‍ പോലും പുതിയ ഉപഭോഗ സംസ്കാരത്തിന്റെ പ്രയോജകരായ കച്ചവടക്കാര്‍ ഓണാഘോഷങ്ങളെ ഹൈജാക്ക് ചെയ്തപ്പോള്‍ നഷ്ടമായ തനത് സൌന്ദര്യം വീണ്ടെടുത്തു ഇന്നും നിലനിര്‍ത്തിപ്പോരുന്നത് പ്രവാസികളാണെന്ന് സമ്മതിക്കാതെ വയ്യ.

സെപ്തംബര്‍ ഒന്നിന് റിയാദിലെ നവോദയ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ അല്‍ ഹൈറിലെ ഒവൈദ കൃഷിത്തോട്ടത്തില്‍ അതുപോലൊരു ഓണം-ഈദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിരുന്നു. ഓണത്തിന്റെ എല്ലാ തനത് വിഭവങ്ങളും ഒരുക്കി. പുലികളിച്ചും അത്തപ്പൂക്കളമുണ്ടാക്കിയും പൂവിളിച്ചും ആമോദത്തോടെ അവര്‍ ആഘോഷിച്ചപ്പോള്‍ അതില്‍ പങ്കുചേരാന്‍ യൂറോപ്യരുള്‍പ്പെടെയുള്ളവരെത്തി.


എന്നാല്‍ തങ്ങളുടെ യഥാര്‍ഥ ഓണം അന്ന് എല്ലാ വെള്ളിയാഴ്ചകളിലുമായിരുന്നെന്ന് രാജന്‍ പിള്ള പറയുന്നു. വെള്ളിയാഴ്ച അവധിയായതിനാല്‍ ഉച്ചകഴിഞ്ഞ് സുലൈമാനിയയിലെ വിമാനത്താവളത്തിന് മുന്നില്‍ പോയി നില്‍ക്കും. ഇന്നത്തെ അന്താരാഷ്ട്ര ശ്രദ്ധനേടിയ കിങ് ഖാലിദ് വിമാനത്താവളത്തിന് പകരം അന്ന് സുലൈമാനിയയിലെ ചെറിയ വിമാനത്താവളം മാത്രം. റിയാദിലെ ഒട്ടുമിക്ക മലയാളികളും അവിടെ വരും. രാത്രി വരെ അവിടെ നില്‍ക്കും. മുംബൈയില്‍നിന്നും ദല്‍ഹിയില്‍നിന്നുമുള്ള വിമാനങ്ങളാണ് ലക്ഷ്യം. ഒരു വിമാനത്തില്‍ ഒരു മലയാളിയെങ്കിലുമുണ്ടാവും എന്നാണ് പ്രതീക്ഷ. മാവേലിയെ പോലെ അങ്ങിനെ ഒരു മലയാളികൂടി പുതുതായി വന്നെത്തിയാല്‍ അതായിരുന്നു തങ്ങളുടെ ഓണം. അയാളെ വരവേല്‍ക്കാന്‍ മല്‍സരിച്ചിരുന്നു. അയാളെ സ്വീകരിക്കലും ഒപ്പം ഭക്ഷണവട്ടം കൂടലുമായിരുന്നു തങ്ങളുടെ ഏറ്റവും വലിയ ആഘോഷങ്ങള്‍. ആ കാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍ രാജന്‍ പിള്ളയുടെ മുഖത്ത് ഒരു അത്തപ്പൂക്കളത്തിന്റെ സൌന്ദര്യം.

(Varthamanam ഓണപ്പതിപ്പ്-2014)