Labels
ഫീച്ചര്‍
(17)
ലേഖനം
(14)
പരിസ്ഥിതി
(8)
ബ്ലോഗ് വാര്‍ത്ത
(7)
ലോകം എന്താണിങ്ങനെ?
(7)
കഥ
(6)
വാര്‍ത്ത
(6)
ഇതൊന്നു കൂടി വായിക്കൂ....
(5)
കവിത
(5)
അനുഭവം
(4)
നൊമ്പരം
(4)
കുറുങ്കഥ
(3)
നൊസ്റ്റാള്‍ജിയ
(3)
മാധ്യമങ്ങളില്‍
(3)
യാത്ര
(3)
അഭിമുഖം
(1)
ആഹള്ാദം
(1)
എന്റെ ആണ്‍കുട്ടിക്കാലം
(1)
കൗതുകം
(1)
പരദൂഷണം
(1)
പഴയകാല രചനകള്‍
(1)
പ്രാ.ലേ മുതല്‍ പ്ര.ലേ വരെ
(1)
മാധ്യമ ധര്‍മം
(1)
വിവര്‍ത്തനം
(1)
സിനിമ
(1)
Wednesday, August 6, 2014
Sunday, July 20, 2014
മഴയിലലിഞ്ഞ് വര്‍ണക്കൂട്ടുകള്‍
കേരളത്തിലെ മണ്‍സൂണ്‍, കൃഷിക്കെന്നപോലെ സര്‍ഗാത്മകതക്കും മണ്ണൊരുക്കുന്ന പ്രകൃതിയുടെ വിസ്മയ പ്രതിഭാസമാണ്. മാനം പെയ്തിറങ്ങുമ്പോള്‍ മനം കുളിര്‍ക്കും. കുതിര്‍ന്ന മണ്ണില്‍ ഒരു വിത്ത് പുതച്ചുവെച്ചാല്‍ മുളച്ചുപൊന്തും പോലെ, തരളിതമാകുന്ന ഹൃദയം ഭാവനയുടെ മാനങ്ങളിലേക്ക് ചിറകടിച്ചുയരും.
റജീനയുടെ മനസിലെ കാന്‍വാസില്‍ മഴയുടെ ചാരനിറത്തിനുമീതെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കൂട്ടുകള്‍ ഒഴുകിപ്പരക്കും. പെണ്‍കുട്ടികള്‍ വര്‍ണക്കുടകള്‍ ചൂടി മഴയിലങ്ങിനെ അലിഞ്ഞുചേരുന്നത് വരഞ്ഞുകഴിഞ്ഞപ്പോള്‍ ബ്രഷിനെ താന്‍ ചുംബിച്ചുപോയെന്ന് ഈ ചിത്രകാരി പറയുന്നു. പ്രവാസത്തിന്‍െറ മരുഭൂ മുഷിപ്പില്‍ ആശ്വാസം ഓര്‍മകളില്‍ പെയ്യുന്ന മണ്‍സൂണ്‍ കാലങ്ങളാണ്.
മരുഭൂമിയിലും മഴ പെയ്യാറുണ്ടെങ്കിലും കോണ്‍ക്രീറ്റ് കാട്ടില്‍ വീണുടഞ്ഞ് ചാരുത തകര്‍ന്ന് ഭൂമിക്കുവേണ്ടാതെ കെട്ടിക്കിടന്ന് ജീര്‍ണിക്കും. അല്ളെങ്കില്‍ ആകാശം സൂര്യന്‍െറ കൈകള്‍ താഴ്ത്തി വലിച്ചെടുക്കും. പ്രകൃതി തിരസ്കരിക്കുന്ന മഴയും ദാഹത്തോടെ കാത്തിരിക്കുന്ന മഴയും തമ്മില്‍ വ്യത്യാസമുണ്ട്. റജീന പ്രണിയക്കുന്ന മഴ പ്രകൃതി സുരത ദാഹത്തോടെ കാത്തിരിക്കുന്ന മഴയാണ്. കേരളത്തിലെ തുലാര്‍ഷവും കാലവര്‍ഷവുമൊക്കെയാണത്.
അതുകൊണ്ടാണ് കാന്‍വാസുകളില്‍ മഴ ആഘോഷമായി നിറയുന്നത്.
പെയ്യാന്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ആകാശത്തിന് നേരെ വര്‍ണക്കുട ഉയര്‍ത്തിപ്പിടിച്ച് പെണ്‍കുട്ടി ഉല്ലാസ നൃത്തം ചവിട്ടുന്നത്. മഴ മാത്രമല്ല, പെണ്ണും പ്രകൃതിയും മറ്റ് ചരാചരങ്ങളും നിറങ്ങളുമെല്ലാം റജീനയുടെ കാന്‍വാസില്‍ ആഘോഷത്തിമിര്‍പ്പിലാണ്. എങ്ങുമില്ല ശോകം. നിറഞ്ഞ പ്രസരിപ്പ്. പ്രത്യാശയുടെ തിളക്കം. വരഞ്ഞുകഴിഞ്ഞ നാല്‍പത് പെയിന്‍റിങ്ങുകളില്‍ മരുഭൂമി ഒരെണ്ണത്തില്‍ മാത്രം. അതിലും വര്‍ണക്കൂട്ടുകളുടെ മേളപ്പെരുക്കമാണ്. പ്രകാശമാനമായ വിദൂരലക്ഷ്യങ്ങളിലേക്ക് ഉന്മേഷപൂര്‍വം നടന്നുനീങ്ങുന്ന ഒട്ടകങ്ങളുടെ നിര.
ഫ്ളാറ്റിന്‍െറ നാലുചുവരുകള്‍ക്കുള്ളില്‍ ഇരവുപകലുകള്‍ക്കുപോലും നിറവ്യത്യാസമില്ലാതാകുമ്പോഴും ഒരു പ്രവാസി കുടുംബിനിയുടെ കാഴ്ചകള്‍ ഇത്രമേല്‍ വര്‍ണാഭമാകുന്നതെങ്ങിനെ? ജീവിതത്തെ അത്രമേല്‍ ആഘോഷഭരിതമാക്കി നിറുത്താന്‍ കഴിയുന്നതെങ്ങിനെ?
പിറന്നനാട് വിട്ടുപോന്നിട്ടില്ലാത്ത ഒരു മനസുള്ളതുകൊണ്ടാണെന്ന് കൃത്യമായ ഒരുത്തരം കണ്ടെടുക്കാന്‍ ‘ജീന’ എന്ന റജീന നിയാസിന് പ്രയാസമില്ല. തൃശൂര്‍ ചേലക്കര പുതുവീട്ടില്‍ പരേതനായ അബ്ദുറസാഖിന്‍െറ മൂന്നുമക്കളിലൊരാളായ റജീന റിയാദ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി ചെയര്‍മാന്‍ നിയാസ് ഉമറിന്‍െറ ജീവിത പങ്കാളിയാണ്. ആലപ്പുഴ സ്വദേശിയായ നിയാസിനോടൊപ്പം ഒമ്പത് വര്‍ഷം മുമ്പാണ് റിയാദിലത്തെിയത്. സൗദി സ്നാക് ഫുഡ് കമ്പനിക്ക് കീഴില്‍ ലെയ്സിന്‍െറ ബ്രാന്‍ഡ് മാനേജരായ ഭര്‍ത്താവിനോടൊപ്പം സാധാരണ വീട്ടമ്മയായി കഴിഞ്ഞിരുന്ന റജീന അടുത്തകാലത്താണ് ചിത്രകലയിലേക്ക് ഗൗരവമായി തിരിഞ്ഞത്.
ജന്മസിദ്ധമായ കഴിവിനെ വളരെ വൈകി തേച്ചുമിനുക്കിയെടുത്ത അവര്‍ പ്രവാസ ജീവിതം തന്നെയാണ് തന്നെ ചിത്രകാരിയാക്കിയതെന്ന് പറയും. വെറും 18 മാസത്തിനുള്ളിലാണ് അത് ഗൗരവമായ ഒരു സപര്യയായി മാറിയത്. ജീവിക്കുന്നു എന്നതിന്‍െറ ചിത്രത്തെളിവുകളാണിവയെന്ന് റിയാദ് മലസിലെ തന്‍െറ ഫ്ളാറ്റിലെ മുറികളായ മുറികളിലെല്ലാം നിറഞ്ഞിരിക്കുന്ന പെയിന്‍റിങ്ങുകളിലേക്ക് അവര്‍ വിരല്‍ ചൂണ്ടി. സംതൃപ്തവും പ്രത്യാശാഭരിതവുമായ ഒരു ജീവിതം പ്രിയ ഭര്‍ത്താവിനും മൂന്ന് അരുമ മക്കള്‍ക്കുമൊപ്പം ആഘോഷപൂര്‍വം ആസ്വദിക്കുമ്പോള്‍ അതിന്‍െറ പ്രതിഫലനം തന്‍െറ കരവരുതില്‍ പ്രകടമാകാതിരിക്കില്ളെന്ന് സൗഹൃദ വലയത്തിലുള്ള ഒരു സൗദി പെണ്‍കുട്ടിയെ മോഡലാക്കി വരച്ച ‘ധന്യാത്മക നിമിഷങ്ങള്‍’ എന്ന മനോഹരമായ പെയിന്‍റിങ് ചൂണ്ടിക്കാട്ടി പറയുന്നു അവര്‍. ചക്രവാളങ്ങളിലേക്ക് ഒഴുകിപ്പരക്കുന്ന അതിസുന്ദര ഉടയാടകളില്‍ പൊതിഞ്ഞു സ്വപ്നാടനം നടത്തുന്ന സുന്ദരി.
ചിത്രകാരിയുടെ വെബ്സൈറ്റില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നതില്‍ ഒന്ന് ഈ ചിത്രമാണ്. പിന്നെ വര്‍ണമത്സ്യം. നീല ജലാശയത്തിനുള്ളില്‍ തിളക്കമുള്ള കണ്ണും അഴകോലും ഉടല്‍വര്‍ണങ്ങളുമായി കിടക്കുന്ന മത്സ്യത്തിനുപോലും എന്തൊരു ചാരുത. കടലിലേക്ക് അതിജീവനത്തിന്‍െറ വലയെറിയുന്ന മീന്‍പിടിത്തക്കാരനാണ് മറ്റൊരു ചിത്രം.
ജീവിതത്തിന്‍െറ തീക്ഷ്ണമായ വേനലും കടുത്ത വെല്ലുവിളികളും ചിത്രീകരിക്കുന്ന രണ്ട് ചിത്രങ്ങളേയുള്ളൂ. ഒന്ന് ഒരു ചെറിയ വഞ്ചിയില്‍ പ്രളയത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു തൊപ്പിക്കാരന്‍െറ ചിത്രം. പ്രളയം ജീവനെ ചുറ്റിവളഞ്ഞ ചരടുകളായകുന്ന ആ ചിത്രത്തിന്‍െറ പശ്ചാത്തലം കാഴ്ചക്കാരെ അസ്വസ്ഥപ്പെടുത്താന്‍ പോന്നതാണ്. എന്നാല്‍ നിര്‍ഭയമായി അതിനെതിരെ തുഴയെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വള്ളക്കാരന്‍െറ ആത്മവിശ്വാസം സ്ഫുരിക്കുന്ന ഭാവം കാഴ്ചക്കാരനും ധൈര്യവും ഊര്‍ജ്ജവും പകരും. കാടും മരങ്ങളും കടപുഴക്കുന്ന പ്രളയത്തെ പോലും റജീനയുടെ നിറക്കൂട്ടുകള്‍ എത്ര ഹൃദയഹാരിയാക്കിയാണ് അവതരിപ്പിക്കുന്നത്.
വേനലിന്‍െറ തീക്ഷ്ണത വരഞ്ഞ പെയിന്‍റിങിലും നിറക്കൂട്ടുകളുടെ മിഴിവുള്ള സമ്മേളനമാണ്. ശുദ്ധ സ്നേഹത്തിന്‍െറ മാതൃഭാവങ്ങള്‍ തൂവലണക്കുന്ന അമ്മയും കുഞ്ഞുമെന്ന ചിത്രം ഹൃദയസ്പര്‍ശിയാണ്. സാത്വികഭാവമുള്ള അമ്മ മാറോട് അണച്ചുപിടിച്ചിരിക്കുന്ന കുഞ്ഞിന് മുലകൊടുക്കുന്ന ചിത്രം മാതൃശിശു ബന്ധത്തിന്‍െറ ഊഷ്മളതയും പവിത്രതയും വെളിപ്പെടുത്തുന്നതാണ്. അതിന്‍െറ പശ്ചാത്തലമായ പനമ്പ് മറയുടെ ചിത്രീകരണം ചിത്രകാരിയുടെ കരവിരുതിന്‍െറ മികവ് തൊട്ടറിയാന്‍ സഹായിക്കുന്നതാണ്.
ചിത്രകലയില്‍ തന്നെ പൂര്‍ണമായും സമര്‍പ്പിക്കുന്നതിന് മുമ്പ് കുറെക്കാലം റിയാദിലെ എരിത്രിയന്‍ എംബസി വക സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്തുണ്ടായ അടുപ്പത്തിനപ്പുറം ആഫ്രിക്കന്‍ ചിത്രകലാശൈലിയുടെ പ്രത്യേകത ഏറെ ആകര്‍ഷിച്ചതാണ് ആഫ്രിക്കന്‍ സാമൂഹിക ജീവിതവും നാടോടി കലാപാരമ്പര്യവും വിഷയമാക്കി പൂര്‍ണമായും ആഫ്രിക്കന്‍ ചിത്രകലയുടെ ശൈലിയില്‍ തന്നെ രണ്ട് മൂന്ന് പെയിന്‍റിങ്ങുകള്‍ ചെയ്യാന്‍ ഇടയാക്കിയത്.
ഓയില്‍പെയിന്‍റിങിന് പുറമെ അക്രിലിക്, മെറ്റാലിക് മീഡിയങ്ങളും ഉപയോഗിച്ച് പെയിന്‍റിങ് നടത്തുന്നുണ്ട്. കരകൗശല കലയില്‍ ലഭിച്ച ചെറിയൊരു പരിശീലനത്തിനപ്പുറം ചിത്രകലയില്‍ ഒരു പഠനവുമുണ്ടായിട്ടില്ല. കുട്ടിക്കാലം മുതലേ ചിത്രം വരക്കാനുള്ള താല്‍പര്യമുണ്ടായിരുന്നു. സ്വയം അഭ്യസിച്ചതാണ്. അതുകൊണ്ട് തന്നെ പറയാന്‍ പ്രത്യേകിച്ച് ഗുരുക്കന്മാരാരുമില്ല. ഇന്‍റര്‍നെറ്റ് സ്വയം പഠനത്തിന് സൗകര്യമൊരുക്കി എന്നുവേണമെങ്കില്‍ പറയാം.
പെയിന്‍റിങിന് പുറമെ രേഖാചിത്ര രചനയിലും സ്വന്തമായി വൈദഗ്ധ്യം നേടിയിട്ടുണ്ട്. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിനെ വരച്ച പെന്‍സില്‍ സ്കെച്ചിനെ കുറിച്ച് അറബ് ന്യൂസില്‍ വന്ന വാര്‍ത്ത വലിയ പ്രചോദനമായി.
വാസ്തവത്തില്‍ ഫേസ്ബുക്കാണ് തന്നിലെ ചിത്രകാരിയെ ഉണര്‍ത്തിയതെന്ന് റജീന പറയുന്നു. വരച്ച ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടപ്പോള്‍ കിട്ടിയ അനുമോദനങ്ങളും പിന്തുണയുമാണ് ചിത്രകലയെ ഗൗരവത്തിലെടുക്കാന്‍ പ്രേരിപ്പിച്ചത്. താന്‍ വരക്കുന്ന ചിത്രങ്ങള്‍ വിലകൊടുത്തുവാങ്ങാന്‍ പോലും ആളുകള്‍ തയാറാണെന്ന് മനസിലാക്കിയപ്പോള്‍ ഒരു വെബ്സൈറ്റ് തുടങ്ങി ആഗോള ചിത്രകലാ വിപണിയുടെ ഭാഗവുമായി. ഒമ്പത് പെയിന്‍റിങുകള്‍ വലിയ വിലകള്‍ക്ക് തന്നെ വിറ്റുപോയി. അതുപോലെ പെന്‍സില്‍ പോര്‍ട്രെയിറ്റ് സ്കെച്ചുകളും.
www.jeenaarts.com എന്ന സ്വന്തം വെബ്സൈറ്റിലൂടെ ചിത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവുമൊരുക്കി. ഓയില്‍ പെയിന്‍റിങിനും പെന്‍സില്‍ ഡ്രായിങിനും ഓര്‍ഡര്‍ ചെയ്താല്‍ വരച്ച് ലോകത്തെവിടേയും ഷിപ്മെന്‍റ് ചെയ്യാന്‍ കഴിയുന്ന സംവിധാനവും ഏര്‍പ്പെടുത്തി. എല്ലാം കുറഞ്ഞ കാലത്തിനുള്ളിലാണ് എന്നത് ഓര്‍ക്കുമ്പോള്‍ റജീന സ്വയം വിസ്മയിക്കുന്നു.
പ്രദര്‍ശനത്തില്‍ അണിനിരത്താന്‍ യോഗ്യമായ നാല്‍പത് പെയിന്‍റിങുകള്‍ തയാറാണ്. ഒരു പ്രദര്‍ശനം നടത്തുകയെന്നതാണ് ഏറ്റവും വലിയ ആഗ്രഹം.
ഗണിതത്തില്‍ ബിരുദവും ബി.എഡുമുള്ള റജീന വളരെ കുറച്ചുകാലം മാത്രമേ അധ്യാപനജോലി ചെയ്തുള്ളൂ. പിന്നീട് മൂന്നുമക്കളുടെ ഉമ്മയായി, പ്രിയതമന്‍െറ പ്രിയപ്പെട്ട കുടുംബിനിയായി വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടി. അപ്പോഴാണ് അതുവരെ മനസില്‍ അടങ്ങിക്കിടന്ന ചിത്രകാരി പുറത്ത് ചാടിയത്. അത് ഇന്ന് ജീവിതത്തിന്‍െറ ഏറ്റവും വലിയ ആഹ്ളാദവും അര്‍ഥവും പ്രതീക്ഷയുമായി.
മൂത്ത മകന്‍ അജ്മല്‍ തൃശൂര്‍ ചിറ്റിലപ്പള്ളിയിലെ ഐ.ഇ.എസ് സ്കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ്. റിയാദ് ഇന്ത്യന്‍ സ്കൂളില്‍ നാലാം ക്ളാസ് വിദ്യാര്‍ഥി അന്‍ഹറും എല്‍.കെ.ജി വിദ്യാര്‍ഥിനി ആയിഷയുമാണ് മറ്റ് മക്കള്‍.
ഫാത്തിമ ഉമ്മയും ഹാരിഷ്, സബീന എന്നിവര്‍ സഹോദരങ്ങളും.
(ചെപ്പ് വാരപ്പതിപ്പ്, ഗള്‍ഫ് മാധ്യമം)
Friday, July 11, 2014
നിഴല്‍ ചിത്രങ്ങള്‍
മൊട്ടക്കുന്നിന് താഴെ പാറക്കൂട്ടത്തിനടുത്ത് വണ്ടി നിറുത്തിയപ്പോള്‍ മാത്രമേ അരുണ്‍ദാസ് രാമേട്ടന്‍െറ കൈപിടിച്ചുള്ളൂ. കുന്നിന്‍ മുകളിലേക്ക് തെളിഞ്ഞുകിടന്ന വഴിയിലേക്കത്തെുമ്പോഴേക്കും ആ താങ്ങ് വേണ്ടാതായി.
കാഴ്ചയുള്ളയാളെ പോലെ അനായാസമാണ് നടന്നത്. കഴുത്തില്‍ തൂക്കിയിട്ട കാമറ നെഞ്ചത്തേക്ക് ചേര്‍ത്തുപിടിച്ചു. ഒപ്പം നടന്നത്തൊന്‍ പ്രയാസപ്പെട്ട അരുന്ധതി ഒട്ടൊരു വിസ്മയത്തോടെ അയാളെ നോക്കി.
കിതപ്പടക്കാന്‍ പാടുപെടുന്ന തന്നേയും രാമേട്ടനേയും തിരിഞ്ഞുനോക്കി അദ്ദേഹം കളിയാക്കുന്നു: ‘ഒരു കണ്ണുപൊട്ടനോട് ജയിക്കാനാവില്ളേ നിങ്ങള്‍ക്ക്’
അരുണ്‍ദാസെന്ന പേര് ആദ്യം കേട്ട സെന്‍ട്രല്‍ ഹാളിലെ ചിത്ര-ഫോട്ടോ പ്രദര്‍ശനത്തില്‍നിന്നേ തുടങ്ങിയ വിസ്മയം. പ്രമുഖ പത്രത്തിന്‍െറ നഗരത്തിലെ യൂണിറ്റിലേക്ക് സ്ഥലമാറ്റമായി വന്ന ശേഷം എല്ലാം ഒന്ന് പരിചയമായി വരുന്നതേയുണ്ടായിരുന്നുള്ളൂ. മെട്രോ പേജ് അലങ്കരിക്കാന്‍ ലളിതവിഭവങ്ങള്‍ തേടിയിറങ്ങിയ ഒരു പകലില്‍ ആകസ്മികമായാണ് സെന്‍ട്രല്‍ ഹാളിലെ ഏകദിന പ്രദര്‍ശനത്തില്‍ എത്തിച്ചേര്‍ന്നത്.
ചിത്രകാരനും ഫോട്ടോഗ്രാഫറുമായ ഒരു അന്ധന്‍െറ പ്രദര്‍ശനമാണ് അതെന്നറിഞ്ഞപ്പോള്‍ താല്‍പര്യം കൂടി. എന്തോ കാര്യത്തിന് അപ്പോഴേക്കും അവിടം വിട്ടുപോയ അരുണ്‍ദാസിനെ തേടിപിടിച്ചാല്‍ ഒത്തുവരുന്ന ഉഗ്രന്‍ കോളോര്‍ത്ത് അയാളുടെ മൊബൈല്‍ നമ്പരും സംഘടിപ്പിച്ചാണ് മടങ്ങിയത്.
ചീഫ് സബ് എഡിറ്റര്‍ ജീവന്‍ ജോബാണ് അരുണ്‍ദാസിനെ കുറിച്ച് വിശദമായി പറഞ്ഞുതന്നത്. അദ്ദേഹം വിവരിക്കുമ്പോള്‍ ഒരു വിദ്യാര്‍ഥി പ്രക്ഷോഭത്തിന്‍െറ ആരവം അവള്‍ക്ക് ചുറ്റും നിറഞ്ഞു. പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനയുടെ പ്രക്ഷോഭകരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്യുമ്പോള്‍ മികച്ച ഫോട്ടോ തന്നെ കിട്ടാന്‍ അരുണ്‍ദാസ് ഒരു മതിലിന് മുകളിലേക്ക് വലിഞ്ഞുകയറുന്നത് അവള്‍ കണ്‍മുന്നില്‍ കണ്ടു. വിദ്യാര്‍ഥികളിലൊരാളുടെ ജീവന്‍ നടുറോഡില്‍ പിടഞ്ഞുവീണ് നിശ്ചലമാകുന്നിടത്തോളം മൂര്‍ഛിച്ച കലാപം. ചോരയില്‍ കുളിച്ചു പലരും ചിന്നിച്ചിതറുന്നു.
പെട്ടെന്ന് എവിടെ നിന്നോ പാഞ്ഞത്തെിയ ഒരു കല്‍ച്ചീള് അരുണ്‍ദാസിന്‍െറ നിലതെറ്റിച്ചു. കേട്ടിരിക്കുമ്പോള്‍ അവളുടെ തൊണ്ടയില്‍ ഒരു നിലവിളി കുരുങ്ങി. കാല്‍വഴുതി വീണ അരുണ്‍ദാസ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലത്തെിയപ്പോള്‍ അതും ആ സമരത്തിന്‍െറ കണക്കിലുള്‍പ്പെട്ടു. പൊലീസിന്‍െറ ലാത്തിയടിയേറ്റ് തലപിളര്‍ന്ന് വിദ്യാര്‍ഥി മരിച്ച വാര്‍ത്തകള്‍ രാഷ്ട്രീയ കേരളത്തെ പ്രക്ഷുബ്ധമാക്കുമ്പോള്‍ ആശുപത്രിയില്‍ ഇരുട്ടും വേദനയും നിറഞ്ഞ നിമിഷങ്ങളുടെ നിലയില്ലാക്കയത്തില്‍ അയാള്‍ ജീവിതം തുഴയുകയായിരുന്നു.
‘മൂന്നാംദിവസം എല്ലാവരേയും ഞെട്ടിച്ച് അരുണ്‍ദാസിന്‍െറ പത്രം ആ സ്കൂപ്പടിച്ചു. വിദ്യാര്‍ഥിയുടെ തല തല്ലിപ്പൊളിച്ചത് പൊലീസല്ളെന്നും വിദ്യാര്‍ഥികളുടെ പ്രക്ഷോഭനിരയില്‍ തന്നെയുണ്ടായിരുന്ന ഒരാളാണ് പ്രതിയെന്നും. ബഹളത്തിനിടയില്‍ അരുണ്‍ ദാസിന്‍െറ കാണാതായ കാമറയില്‍ ഒളിഞ്ഞിരുന്നത്. അത് രാഷ്ട്രീയ കേരളത്തിന്‍െറ ചരിത്രം തന്നെ മാറ്റിയെഴുതിയപ്പോ വിള കൊയ്തത് പത്രം.
അതൊന്നും അരുണിന്‍െറ നഷ്ടമായ കണ്ണുകള്‍ക്ക് പകരമായില്ല. പ്രക്ഷോഭകാരികളിലാരോ വലിച്ചെറിഞ്ഞ കരിങ്കല്‍ ചീള് കാഴ്ചയുടെ ഞരമ്പിനെയാണ് മുറിച്ചുകളഞ്ഞത്. വിവാദവും പ്രശസ്തിയുമുണ്ടാക്കിയ ആ ഫോട്ടോകള്‍ കാണാനായപ്പോഴേക്കും അരുണ്‍ദാസിന്‍െറ കാഴ്ച പൂര്‍ണമായും നഷ്ടമായിരുന്നു. നിരവധി പുരസ്കാരങ്ങളാണ് ആ ഫോട്ടോകളെ തേടിയത്തെിയത്.
ചുറ്റും ഇരുട്ടുമൂടിയപ്പോള്‍ അരുണ്‍ തന്നിലെ പ്രകാശത്തിലേക്ക് ഒതുങ്ങി....’ ജീവന്‍ ജോബ് ഓര്‍മകളിലേക്ക് ചാരി. അരുന്ധതിയുടെ മനസ് വിങ്ങി.
‘...ഈ നഗരത്തില്‍ തന്നെയുണ്ടായിട്ടും പിന്നീട് ഞങ്ങളാരും അധികം അവനെ കണ്ടിട്ടില്ല. അച്ഛനായിരുന്നു കൂട്ട്. അമ്മ നേരത്തെ മരിച്ചിരുന്നു, ഒരു സഹോദരിയുണ്ടായിരുന്നതും കുട്ടിക്കാലത്തു തന്നെ മരിച്ചു. ചിത്രം വരയിലും ഫോട്ടോഗ്രാഫിയിലും അവന്‍ ആശ്വാസം കണ്ടത്തെുകയായിരുന്നു. കാഴ്ച പോയിട്ടും കാമറ താഴെ വെച്ചിരുന്നില്ളെന്ന് ഞങ്ങളറിയുന്നത് അവന്‍ പകര്‍ത്തിയ സുന്ദരന്‍ പ്രകൃതി ദൃശ്യങ്ങളുടെ ഒരു ആല്‍ബം പിന്നീട് കാണാനിടയായപ്പോഴാണ്. അത്ഭുതപ്പെടുത്തുന്നവയായിരുന്നു അവ. അധികം കഴിയുന്നതിന് മുമ്പ് അച്ഛന്‍ മരിച്ചു. അതോടെ തീര്‍ത്തും ഒറ്റക്കായി എന്നു പറയാനാവില്ല, നേരത്തെ തന്നെ ആ വീട്ടിലുണ്ടായിരുന്ന സഹായി രാമേട്ടന്‍ പിന്നെ അവന്‍െറ അഛനും സുഹൃത്തും സന്തത സഹചാരിയുമെല്ലാമായി മാറുകയായിരുന്നു.’
അരുന്ധതി പറഞ്ഞു:
‘ആ ഫോട്ടോകള്‍ ഞാന്‍ കണ്ടിരുന്നു. പ്രദര്‍ശനത്തിലല്ല, നമ്മുടെ ലൈബ്രറിയില്‍.’
‘ഞാനും സൂക്ഷിച്ചിട്ടുണ്ട്.’ തിരിഞ്ഞ് കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് കണ്ണുപായിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘ഇത്രയും ഷോക്കബിള്‍ ഫോട്ടോഗ്രാഫുകള്‍ ഇതിന് മുമ്പ് ഞാന്‍ കണ്ടിട്ടില്ല.
വിസ്മയമാണ് അരുണ്‍ദാസ്. മികച്ചതാവാന്‍ വേണ്ടി എത്ര വലിയ സാഹസത്തിനും അവന്‍ തയ്യാറായിരുന്നു. ഇപ്പോഴും അതേ, കാഴ്ച പോക്കിയിട്ടും അവനെ തളര്‍ത്താനായില്ല, ക്രൂരമായ ദുര്‍വിധിക്ക് പോലും. പലരും ഇതിനോടകം അവനെ കുറിച്ച് എഴുതി കഴിഞ്ഞു. പുതിയ പ്രദര്‍ശനത്തിന്‍െറ പശ്ചാത്തലത്തില്‍ അരുന്ധതിക്കും ഒന്ന് ശ്രമിക്കാവുന്നതാണ്. വിഷ് യു ആള്‍ ദി ബെസ്റ്റ്...
ആ ആശീര്‍വാദത്തിന്‍െറ ബലത്തിലാണ് അവളുടെ വിരലുകള്‍ മൊബൈല്‍ ഫോണിന്‍െറ സ്ക്രീനില്‍ സ്പര്‍ശിച്ചത്. ഫോണിലൂടെ വളരെ കുറച്ചുമാത്രമേ സംസാരിച്ചുള്ളൂ. ഉദ്ദേശം അറിയിച്ചപ്പോള്‍ നേരിട്ടു വരാനുള്ള ക്ഷണം കിട്ടി.
അതിരാവിലെ തന്നെ ചെല്ലുമ്പോള്‍ അവളുടെ ആക്ടിവക്ക് കടക്കാന്‍ മാത്രം പാകത്തില്‍ വലിയ ഗേറ്റിന്‍െറ പാളികളിലൊന്ന് തുറന്നുവെച്ചിരുന്നു. വണ്ടി കാര്‍പ്പോര്‍ച്ചിലേക്ക് ഓടിച്ചുകയറ്റി അതവിടെ സ്റ്റാന്‍റില്‍വെക്കുമ്പോള്‍ സിറ്റൗട്ടിന്‍െറ കല്‍ത്തൂണില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം. പടികള്‍ കയറുമ്പോള്‍ വലതുകരം നീട്ടി. ഒട്ടൊരു വിസ്മയത്തോടെ അവള്‍ ആ കരം പുണര്‍ന്നു. ആ പിടിവിടാതെ തന്നെ അകത്തേക്ക് നടന്നു. വൃത്തിയിലും ചിട്ടയിലും സംവിധാനിച്ച ആ വലിയ ഹാളിന്‍െറ തുടക്കത്തിലിട്ട ടീപ്പോയില്‍ ഇംഗ്ളീഷുള്‍പ്പെടെ അന്നത്തെ അരഡസന്‍ പത്രങ്ങള്‍ ഏതും എളുപ്പത്തില്‍ എടുക്കാനാവും വിധം നിരത്തിവെച്ചിരുന്നു. ടീവിയില്‍ ഒരു വാര്‍ത്താ ചാനല്‍ താഴ്ന്ന ശബ്ദത്തില്‍ സംഭവങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.
ആ കറുത്ത കണ്ണടയില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന് കാഴ്ചയില്ളെന്ന് വിശ്വസിക്കാന്‍ അവള്‍ക്ക് പ്രയാസമാകുമായിരുന്നു. കറുത്ത ഗ്ളാസിനുള്ളില്‍ കൃഷ്ണമണികള്‍ ഇളകുന്നത് കണ്ടു. അതൊരു പക്ഷെ വെറുതെ ചലിക്കുന്നതാവും. സെറ്റിയിലെ കുഷനിലേക്ക് ചാരി അദ്ദേഹം അവളെ നോക്കി:
‘അരുന്ധതി, നമ്മള്‍ ആദ്യം കാണുകയാണെന്ന് തോന്നുന്നു’
‘കാണുകയോ?’ അറിയാതെ ചോദിച്ചുപോയി.
അദ്ദേഹം ഉറക്കെ ചിരിച്ചു
‘ഹ...ഹ...ഹ, ശരിയാണ്, എനിക്ക് കാണാന്‍ പറ്റില്ലല്ളോ?’
അവള്‍ വല്ലാതായി
‘ഹേയ്, ഞാന്‍...’
അയാള്‍ അവളെ തടഞ്ഞു
‘നോ പ്രോബ്ളം, കാണുകയെന്നത് കണ്ണുകളുടെ മാത്രം ജോലിയല്ലല്ളോ? എനിക്ക് അരുന്ധതിയെ കാണാം. അരുന്ധതി ധരിച്ച വസ്ത്രത്തിന്‍െറ നിറമെന്തെന്ന് ഞാന്‍ പറയട്ടെ... അല്ളെങ്കില്‍ വേണ്ട, ഞാനെന്‍െറ കാമറയെ കൊണ്ട് പറയിക്കാം....’
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആ വീട്ടിലെ രണ്ടേ രണ്ട് മനുഷ്യജീവികളായ അരുണ്‍ദാസും രാമേട്ടനുമായി ഹൃദ്യമായ അടുപ്പമുണ്ടാക്കി അവള്‍. മെട്രോ പേജിനപ്പുറം ഞായറാഴ്ച പതിപ്പില്‍ ഒരു ഫീച്ചര്‍ പ്ളാന്‍ ചെയ്തു അവള്‍.
വീട്ടിന് തൊട്ടടുത്തുള്ള ഒരു മൊട്ടക്കുന്ന് അവള്‍ വരുന്ന വഴിയില്‍ കണ്ടിരുന്നു. പേജ് അലങ്കരിക്കാന്‍ കുറച്ച് ഫോട്ടോ അവിടെ നിന്നാകാമെന്ന് അവള്‍ പറഞ്ഞപ്പോള്‍ അരുണ്‍ ദാസിന് അത് വലിയ സന്തോഷമായി.
കുന്നിന്‍െറ നെറുകയിലത്തെിയതോടെ അദ്ദേഹം കൂടുതല്‍ ഉല്‍സാഹവാനായി. കാഴ്ച തിരിച്ചുകിട്ടിയതുപോലെ നിരന്തരം കാമറ ക്ളിക്ക് ചെയ്തുകൊണ്ടിരുന്നു. കാലടികളെണ്ണിയും കാറ്റിന്‍െറ ആരവത്തില്‍ ചെവി വട്ടം പിടിച്ചും സബ്ജക്ടും കാമറയും തമ്മിലുള്ള അകലമറിയുന്നതും കൃത്യത തെറ്റാതെ പടങ്ങളെടുക്കുന്നതും കാണുമ്പോള്‍ അവളുടെ വിസ്മയം ഇരട്ടിച്ചു.
‘എന്‍െറ കണ്ണുകളില്‍ പൂര്‍ണമായും ഇരുട്ടില്ല...’
തിരികെ, കുന്നിറങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു.
‘നിത്യസ്പര്‍ശത്തിലൂടെ കാമറയുടെ ഓരോ ഭാഗവും എനിക്കറിയാന്‍ പറ്റും. വ്യൂ ഫൈണ്ടറിലൂടെ നോക്കുമ്പോള്‍ നിഴലുകളിളകുന്നത് കാണാം. നിഴലുകള്‍ക്കിടയിലെ വെളിച്ചത്തിന്‍െറ പാതി തിളക്കങ്ങളെ തിരിച്ചറിയാം പറ്റും. അതുകൊണ്ടാവാമെന്ന് തോന്നുന്നു എനിക്കിങ്ങനെ ചിത്രങ്ങളെടുക്കാന്‍ കഴിയുന്നത്. പക്ഷെ, എനിക്കറിയാം, എന്‍െറ കണ്ണുകള്‍ക്ക് പകരമാവാന്‍ ഈ കാമറക്ക് ഒരിക്കലും കഴിയില്ല....
ആ ശബ്ദത്തില്‍ പെട്ടെന്നുണ്ടായ നനവ് അവള്‍ ശ്രദ്ധിച്ചു.
‘അരുന്ധതിയെ കാമറയിലൂടെ കാണുന്നുണ്ടെന്നും ധരിച്ച വസ്ത്രത്തിന്‍െറ നിറം പോലും പറയാന്‍ കഴിയുമെന്നുമൊക്കെ ഞാന്‍ പറഞ്ഞത് വെറുതെയാണ്. കാഴ്ച പോകുന്നതിന് മുമ്പ് മനസില്‍ പതിഞ്ഞുകിടക്കുന്നവയെ ചിലപ്പോള്‍ ഈ നിഴലട യാളങ്ങള്‍ കൊണ്ടു തിരിച്ചറിയാന്‍ കഴിയുന്നുണ്ടാവും. അതല്ലാതെ പുതിയതൊന്നിന്നേയും എനിക്ക് കാണാന്‍ കഴിയുന്നില്ല’.
അതുവരെയുണ്ടായിരുന്ന എല്ലാ ഉന്മേഷവും അദ്ദേഹത്തിന് നഷ്ടപ്പെട്ടതുപോലെ അവള്‍ക്ക് തോന്നി. വാഹനത്തിന് അടുത്തത്തെുമ്പോള്‍ അവള്‍ കൈപിടിച്ചു. കാറോടി തുടങ്ങിയപ്പോള്‍ ആരും ഒന്നുമിണ്ടിയില്ല.
നീണ്ട ഒരു മൗനത്തിന് ശേഷം അദ്ദേഹം പറഞ്ഞു
‘അരുന്ധതിയല്ളേ പറഞ്ഞത്, ഫീച്ചറിന് ഒരു നാടകീയത വേണമെന്ന്. വായനക്കാര്‍ ത്രില്ലടിക്കണമെന്ന്...’
ഒരിട ഒന്നു നിറുത്തിയശേഷം അദ്ദേഹം തുടര്‍ന്നു...
‘അത് അരുന്ധതിയോട് പറയണമോ എന്ന് ഒന്നുരണ്ടുവട്ടം ഞാനാലോചിച്ചതാണ്. വേണ്ടെന്ന് മനസ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തോന്നുന്നു, അത് പറയണമെന്ന്’
ഒരു നിമിഷം മുകളിലേക്ക് കണ്ണുകളയര്‍ത്തി നിശബ്ദനായ അദ്ദേഹത്തിന്‍െറ മുഖത്തേക്ക് അവള്‍ ആകാംക്ഷയോടെ നോക്കി.
‘കാഴ്ച തിരിച്ചുകിട്ടിയെങ്കിലെന്ന് ഞാന്‍ തീവ്രമായി ആഗ്രഹിച്ചുപോയ ഒരു അനുഭവം മൂന്നുദിവസം മുമ്പ് എനിക്കുണ്ടായി. ഫോട്ടോ പ്രദര്‍ശനത്തെ കുറിച്ചുള്ള സമീപദിവസങ്ങളിലെ വാര്‍ത്തകള്‍ വായിച്ച് എങ്ങിനേയൊ എന്‍െറ വിലാസം തേടിപ്പിടിച്ചാണ് അവന്‍ വന്നത്!
രാമേട്ടനേയും എന്നേയും ഞെട്ടിച്ചുകൊണ്ട് അവന്‍ മുറ്റത്തുവന്നുനിന്നു ചോദിച്ചു:
‘എന്നെ അറിയില്ളേ?’
‘ആര്?’
‘സമീര്‍ മൂസ. അതെ അങ്ങിനെയാണ് അവന്‍െറ പേര്. അന്ന് ഞാനെടുത്ത ഫോട്ടോയില്‍ ഇരുമ്പു ദണ്ഡ് പിടിച്ച് പ്രതിസ്ഥാനത്തു നിന്ന വിദ്യാര്‍ഥി നേതാവ്. നീണ്ട ജയില്‍വാസത്തിനൊടുവില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അവന്‍ പുറത്തുവന്നത്’
അരുന്ധതി ഞെട്ടിപ്പോയി. അവള്‍ തുറിച്ചുനോക്കി
അരുണ്‍ദാസിന്‍െറ മുഖം പ്രസന്നമായി.
‘അവന്‍ വന്നയുടനെ എന്നോട് ചോദിച്ചത് എന്താണെന്ന് അറിയുമോ?’
‘....?’
‘അവനെ ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ എന്ന്? ഞാനെങ്ങിനെ അവന്‍െറ രൂപം ഓര്‍ക്കാനാണ്? ഞാനവനെ കണ്ടിട്ടില്ലല്ളോ. നിരന്തരമുള്ള ക്ളിക്കുകളില്‍ സമയത്തിന്‍െറ ഏതോ ഒരു നുറുങ്ങില്‍ കാമറ ഒരു മിന്നല്‍പ്പിണര്‍ പോലെ കണ്ട് പതിച്ചിട്ട മുഖങ്ങളിലൊന്ന് മാത്രം. കൊന്നവന്‍േറയും കൊല്ലപ്പെട്ടവന്‍േറയും മുഖങ്ങള്‍ എന്‍െറ കാമറക്ക് ഓര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കിലും എനിക്കതിന് കഴിയില്ലല്ളോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ ഒന്നുറക്കെ ചിരിച്ചെന്ന് എനിക്ക് തോന്നി.’
അപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു,
‘എന്നെ കൊല്ലാന്‍ തോന്നുന്നുണ്ടോ നിനക്ക്?’
അവന്‍ എന്‍െറ കൈയ്യില്‍ കടന്നുപിടിച്ചു. പിന്നെ എന്നെ കെട്ടിപ്പിടിച്ചു. എന്‍െറ തോള് നനഞ്ഞു. ഏങ്ങലടിയുയര്‍ന്നു. ഏക്കം മുറിക്കുന്ന വാക്കുകള്‍ ഞാന്‍ കേട്ടു.
‘എന്‍െറ പ്രിയ സുഹൃത്തു കൂടിയായിരുന്നു സഞ്ജയ്. അവനെയാണ് ഞാന്‍...’
എന്തിനായിരുന്നു അതെന്ന എന്‍െറ ചോദ്യത്തിന് അവന്‍ മറുപടി പറഞ്ഞില്ല.
ഏങ്ങലടി മുറിഞ്ഞു. അവന്‍ വേര്‍പെട്ടു.
നനവ് വറ്റിയ ഒരു ശബ്ദമാണ് പിന്നീട് കേട്ടത്.
‘എനിക്കറിയില്ല. മുദ്രാവാക്യങ്ങള്‍ ഏറ്റു ചൊല്ലിയിരുന്നതുപോലെ അനുസരണയുടേതായിരുന്നു ആ കാലം. കൊല്ലാന്‍ പറഞ്ഞു, കൊന്നു. അതിനപ്പുറം എനിക്കൊന്നുമറിയില്ല.’
പോകാനിറങ്ങിയ അവന്‍ എന്‍െറ കൈ പിടിച്ചപ്പോള്‍ എനിക്കൊരു ആഗ്രഹം തോന്നി. അവനെ ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍...
...അരുന്ധതി, സത്യമാണ് ഞാന്‍ പറയുന്നത്. എനിക്കവനെ കാണണമെന്ന തോന്നല്‍ അത്രയേറെ തീവ്രമാണിപ്പോള്‍. അതിനു വേണ്ടി ഒരു നിമിഷാര്‍ധത്തിലെങ്കിലും കാഴ്ച മടക്കിക്കിട്ടിയിരുന്നെങ്കില്‍ !’
ഓടുന്ന വാഹനത്തില്‍ ആലസ്യത്തോടെ ചാഞ്ഞിരുന്ന അരുന്ധതി ത്രസിപ്പിക്കുന്ന ഉണര്‍വിലേക്കൊന്നിളകിയിരുന്നു. ഫീച്ചറിനുവേണ്ടി മനസില്‍ അതുവരെ എഴുതിയതൊക്കേയും അവള്‍ മാറ്റിയെഴുതാന്‍ തുടങ്ങി.
(പുരോഗമന കലാസാഹിത്യ സംഘം, കൂട്ടം, ജിദ്ദ സര്‍ഗസമീക്ഷ, കെ.എന്‍.എം സ്റ്റേറ്റ് കോണ്‍ഫറന്‍സ് എന്നിവയുടെ സമ്മാനങ്ങള്‍ക്ക് അര്‍ഹമായ കഥ)
Subscribe to:
Posts (Atom)







