Saturday, October 20, 2018

റിയാദ്: സ്വപ് നോദ്യാനം

‘‘കെയ്റോ തലവേദനയും ബാഗ്ദാദ് ജലദോഷവും
കാസാ ബ്ളാങ്ക ചുമയുമാണെങ്കില്‍ റിയാദ് രോഗ ശാന്തിയാണ്’’
മണ്‍മറഞ്ഞ ഈജിപ്ഷ്യന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനും തത്വചിന്തകനുമായ അനീസ് മുഹമ്മദ് മന്‍സൂര്‍ കുറിച്ചുവെച്ചത് ഇങ്ങനെ.

‘ഖുല്‍ ലീ യാ ഉസ്താദ്’ (ഗുരുനാഥാ എന്നോട് പറയൂ) എന്ന അദ്ദേഹത്തിന്‍െറ ഗ്രന്ഥത്തിലെ ഈ പരാമര്‍ശം ലോകത്തിലെ ഏറ്റവും സമ്പന്ന നഗരങ്ങളിലൊന്നായ റിയാദിനെ കുറിച്ച് വായിക്കാനിടയായതില്‍ ഏറ്റവും ഇണക്കമുള്ള വിശേഷമാണെന്ന് തോന്നി. 

അനീസ് മന്‍സൂര്‍ നിസാരക്കാരനല്ല. അറബി കൂടാതെ മൊഴിമാറ്റപ്പെട്ട് ഇംഗ്ളീഷും റഷ്യനുമടക്കം നിരവധി യൂറോപ്യന്‍ ഭാഷകളില്‍ കൂടി വായിക്കപ്പെട്ട എഴുത്തുകാരനാണ്. സഞ്ചാരപ്രിയനും. ഇരുന്നൂറ് ദിവസം വരെ തുടര്‍ച്ചയായി ലോക സഞ്ചാരം നടത്തുകയും ഒട്ടുമിക്ക ലോക നഗരങ്ങളേയും ദീര്‍ഘനാളത്തെ സഹവാസം കൊണ്ട് അടുത്തറിയുകയും ചെയ്ത സഞ്ചാരി.

അങ്ങനെയൊരാള്‍ ഇങ്ങനെ എഴുതിവെച്ചത് വെറുതെയാവില്ല. പ്രഥമ ദര്‍ശനത്തില്‍ അനുരാഗം ജനിപ്പിക്കാന്‍ പോന്ന പ്രത്യേകതകളൊന്നുമില്ലാഞ്ഞിട്ടും എഴുത്തുകാരന്‍െറ ഹൃദയം കീഴടക്കാന്‍ ഈ നഗരത്തിന് കഴിഞ്ഞതെങ്ങനെ? 

ജീവിതത്തില്‍ അല്‍പം ശാന്തി ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ലല്ളോ. തന്നിലേക്കത്തെുന്നവരെ റിയാദ് അണച്ചുപിടിക്കുന്നത് അത്രമേല്‍ ശാന്തതയോടെയാണ്. അതുതന്നെയാവും ലോകം ചുറ്റിസഞ്ചരിച്ച അനീസ് മന്‍സൂറിനേയും ആകര്‍ഷിച്ചിരിക്കുക. അതിനപ്പുറം എന്ത് സവിശേഷതയാണ് ഈ വരണ്ട കോസ്മോപൊളിറ്റന്‍ സിറ്റിക്കെന്ന് ചോദിച്ചാല്‍ ഒരുത്തരം പെട്ടെന്ന് പറയാനാവില്ല. അത് ഇവിടെ ജീവിച്ച് അനുഭവിച്ച് തന്നെ അറിയേണ്ടതാണ്. 

മണല്‍ക്കുന്നിലെ പാനീസുകള്‍

മരുഭൂമിയില്‍ വിരിച്ചിട്ട് നിറം കെട്ടുപോയ ഒരു തുണി പോലെയാണ് പകല്‍ ഈ നഗരം. രാത്രിയില്‍ മരുഭൂനടുവില്‍ ഉലയൂതി തിളക്കിയ ആഴിയായി ജ്വലിക്കും. ചുട്ടുപ്പഴുത്ത ഹീറ്റര്‍ കോയില്‍ ചുരുള്‍ നിവര്‍ന്ന് കിടക്കുന്നപോലെ പല കൈവഴികള്‍ വിരിച്ച് വെട്ടിത്തിളങ്ങും. മണല്‍ക്കുന്നുകളില്‍ പരസഹസ്രം പാനീസുകള്‍ ഒരുമിച്ച് കത്തിയ പ്രതീതിയില്‍ മിന്നുന്ന ഉടലഴകാണ് രാത്രിയിലെ നഗരത്തിന്.

റിയാദ് എന്ന പേരിലെ കൗതുകം ചെറുതല്ല. ചുറ്റും മരുഭൂമി. ചുട്ടെടുക്കുന്ന ചൂടാണ് കൊല്ലത്തില്‍ പാതിക്കെങ്കില്‍ മറുപാതിക്ക് തണുപ്പിന്‍െറ മൂര്‍ച്ച. തണുപ്പായാലും ചൂടായാലും കാലാവസ്ഥ വരണ്ടത്. എന്നിട്ടും പേര് പൂന്തോപ്പെന്നായി. ഉദ്യാനം എന്നര്‍ഥമുള്ള ‘റൗദ’ എന്ന അറബി പദത്തില്‍ നിന്നാണ് അതുണ്ടായത്. അറേബ്യന്‍ നാഗരിക ജീവിതത്തെ ആധുനികവത്കരിച്ചതാകാം തദ്ദേശീയരുടെ മനസുകളില്‍ റിയാദ് പൂത്തുമലരാന്‍ കാരണം.

എന്നാല്‍ ലോകത്തിന്‍െറ നാനാദിക്കുകളില്‍ നിന്ന് ജീവിതം തെരഞ്ഞുവന്ന തൊഴില്‍ അഭയാര്‍ഥികള്‍ക്ക് തങ്ങളുടെ സ്വപ്നങ്ങള്‍ ആയിരം നിറങ്ങളില്‍ വിരിഞ്ഞുകണ്ട ഉദ്യാനമാണ് റിയാദ്. ലോകത്തിലെ ഏറ്റവും വലിയ ആശ്രിതവത്സല രാജ്യങ്ങളിലൊന്നായപ്പോള്‍ സൗദിയുടെ തലസ്ഥാനം തൊഴില്‍ അഭയാര്‍ഥിത്വത്തിന്‍െറ പറുദീസയായി.


വൈരുധ്യങ്ങളുടെ പ്രകൃതി

മലനിരകളുടെയും താഴ്വരകളുടെയുടെയും ഇടയില്‍ എക്കല്‍ സമതലവും വരണ്ട മരുഭൂമിയും ചേര്‍ന്ന ഈ വിശാല ഭൂതലം കടല്‍നിരപ്പില്‍ നിന്ന് 600 മീറ്റര്‍ ഉയരത്തിലാണ് കിടക്കുന്നത്. നഗര വിസ്തൃതി 1798 ചതുരശ്ര കിലോമീറ്റര്‍. വെറും എട്ട് ചതുരശ്ര കിലോമീറ്ററിലൊതുങ്ങിയ ചെറിയൊരു ജനവാസ കേന്ദ്രത്തിന്‍െറ ഇത്തിരിവട്ടത്തില്‍ നിന്നാണ് ഒരു നൂറ്റാണ്ടില്‍ താഴെ പ്രായം കൊണ്ട് ഇത്രയും തെഴുത്തത്.

അമേരിക്കയിലെ ഡിലെവര്‍ സിറ്റിയോളമോ സിംഗപ്പൂരിനെക്കാള്‍ മൂന്നിരട്ടിയോ വലിപ്പമാണിത്. എന്നാല്‍ കൃത്യവും ആധുനികോത്തരവുമായ ഒരു നഗരാസൂത്രണത്തിന്‍െറ അസ്ഥിവാരത്തില്‍ പടുക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ വികസന ക്ഷമത ഈ ഭൂവട്ടത്തിലുമൊതുങ്ങാന്‍ പോകുന്നില്ല.

റിയാദ് ഉള്‍പ്പെടുന്ന മധ്യപ്രവിശ്യ ഭൂവിസ്തൃതിയില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. നാല് ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റര്‍. ഏതാണ്ട് എല്ലാതരം മരുഭൂമികളുടെയും സംഗമ ഭൂമി. മരങ്ങളും ചെടികളും നിറഞ്ഞ താഴ്വരകളും ചതുപ്പ് നിലങ്ങളും വല്ലപ്പോഴോ പെയ്യുന്ന മഴ കെട്ടി നില്‍ക്കുന്ന ജലാശയങ്ങളും എല്ലാം ചേര്‍ന്ന ചെറിയ ചെറിയ മരുപ്പച്ചകളുടെ സംഘാതം. മരുഭൂമിയുടെ സ്വര്‍ണ ഞൊറികള്‍ക്കിടയിലെ പച്ചപ്പിന്‍െറ അരപ്പട്ടകളായി അഴകുചാര്‍ത്തുന്ന പലവിധ കൃഷിയിടങ്ങളും തോട്ടങ്ങളും. കാലാവസ്ഥ പൊതുവേ വരണ്ടതായിട്ടും ഭൂമിക്കടിയില്‍ നനവുണ്ട്. ഈ ജലസമൃദ്ധി മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നു. അത് പ്രവിശ്യയെ കാര്‍ഷികവത്കരിക്കുന്നു. പച്ച പുതച്ച അല്‍ഖര്‍ജിനെ മേഖലയിലെ കുട്ടനാടെന്ന് വിളിക്കാം.


പ്രകൃതിയിലെ സഞ്ചാര ലക്ഷ്യങ്ങള്‍

റിയാദിനെ അറിയാനത്തെുന്ന ഒരു സഞ്ചാരിയെ സംബന്ധിച്ച് ഒഴിവാക്കാനാകാത്തതാണ് പ്രകൃതിയുടെ പ്രത്യേകത. വരണ്ട മരുഭൂമിയും കാര്‍ഷിക സമൃദ്ധിയുടെ ശാദ്വല പ്രദേശങ്ങളും ഇടകലരുന്ന വൈരുധ്യമാണത്. ഏതെങ്കിലുമൊരു കുന്നിന്‍െറ മുകളില്‍ കയറി ഭൂമിയിലേക്ക് കാമറ തുറന്നാല്‍ കണ്ണിലും മനസിലും നിറയുന്ന കാഴ്ചയാണ് മണല്‍നിറവും കാര്‍ഷിക പച്ചപ്പും ലയിച്ചുചേരുന്ന വിസ്മയം.

നഗരത്തിന്‍െറ തെക്കുദിക്കില്‍ അല്‍ഖര്‍ജ് മുതല്‍ സഹന, ദിലം, ഹുത്ത ബനീ തമീം, ഹരീഖ്, അഫ്ലാജ്, വാദി ദവാസിര്‍ വരെ പച്ചപ്പിന്‍െറ ഹൃദയഹാരിയായ കാഴ്ച നീളുന്നു. റിയാദില്‍ നിന്ന് അല്‍ഖര്‍ജിലേക്കുള്ള വഴിമദ്ധ്യേയാണ് സുലൈ പര്‍വതനിരകള്‍ക്ക് ചുവട്ടില്‍ ഒളിഞ്ഞുകിടക്കുന്ന ഐന്‍ ഹീത്ത് പോലുള്ള ഗുഹാ ജലാശയങ്ങള്‍. പ്രകൃതിയുടെ മറ്റൊരു വിസ്മയം. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് കടല്‍ കയറിക്കിടന്ന പ്രദേശമാണ് അറേബ്യന്‍ മരുഭൂമി എന്നതിന്‍െറ അവശേഷിക്കുന്ന തെളിവുകളില്‍ ചിലത്.

ലൈലാ മജ്നൂനെന്ന പ്രാചീന അറേബ്യന്‍ പ്രണയകവ്യത്തിന്‍െറ ഇതിഹാസ ഭൂമി കൂടിയാണ് ലൈല അഫ്ലാജ്. പ്രണയ നായിക ലൈലയുടേതെന്ന് കരുതുന്ന ഗ്രാമവും കാമുകന്‍ ഖൈസും ലൈലയും സംഗമിച്ചിരുന്ന ഗുഹയും ഇവിടെയാണ്.

വടക്ക് ദിക്കില്‍ ഹുറൈംല, മജ്മഅ, ഹുത്ത സുദൈര്‍, മറാത്ത്, സുല്‍ഫി എന്നിവ പിന്നിട്ട് ബുറൈദയിലേക്ക് നീളുന്ന യാത്ര അറേബ്യന്‍ ഗ്രാമീണതയുടെ ശക്തി സൗന്ദര്യങ്ങളുടെ ഉള്‍ത്തുടിപ്പുകളിലൂടെയാണ്. കൃഷിത്തോട്ടങ്ങളുടെ സമൃദ്ധി ഈ ദിക്കിലുമുണ്ട് ധാരാളം. പടിഞ്ഞാട്ട് തിരിഞ്ഞാല്‍ മുസാഹ്മിയ മുതല്‍ ദുര്‍മ, അല്‍ഖുവയ്യ, ദവാദ്മി, ബിജാദിയ, അഫീഫും കടന്ന് നീളുന്ന യാത്രയും സമ്പന്നമായ കാഴ്ചകള്‍ക്കിടയിലൂടെയാണ്. മരുഭൂമിയും മരുപ്പച്ചകളും തന്നെയാണ് ഈ വഴിയിലും.

കിഴക്കാകട്ടെ മരുപ്പച്ചകളേയില്ലാത്ത മരുഭൂമിയുടെ അനന്തമായ കടലാണ്. തുമാമ, ജനാദ്രിയ തുടങ്ങിയ ഈ ഭാഗങ്ങള്‍ സാഹസികത കൂടി ചേരുന്ന വിനോദ സഞ്ചാരത്തിന് അനുയോജ്യമാണ്. മണല്‍ക്കുന്നുകളിലെ വാഹന കസര്‍ത്ത് ത്രസിപ്പിക്കുന്ന അനുഭവം. വിശ്രമ വേളകളെ തമ്പടിച്ച് കൂടാന്‍ പ്രേരിപ്പിക്കുന്ന മണല്‍പ്പരപ്പിന്‍െറ അപാരതയാണ് തുമാമയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. തണുപ്പുകാലമാണ് ഏറ്റവും ഇണങ്ങിയ സീസണ്‍.

ജനാദ്രിയ രാജ്യത്തെ ഏറ്റവും വലിയ പൈതൃകോത്സവ നഗരിയാണ്. പ്രതിദിനം രണ്ടര ലക്ഷത്തിലേറെ ആളുകള്‍ എത്തുന്ന ഉത്സവം രണ്ടാഴ്ച നീണ്ടുനില്‍ക്കും. എല്ലാവര്‍ഷവും ഫെബ്രുവരിയിലാണ് ഇത്.

വടക്ക് പടിഞ്ഞാറ് ഭാഗത്തെ തുവൈഖ് മലനിരകളുടെ ചരിവുകളിലേയും താഴ്വാരങ്ങളിലേയും ത്രസിപ്പിക്കുന്ന കാഴ്ചകള്‍ ലോകത്ത് മറ്റൊരിടത്തുമില്ലാത്തതാണ്. എന്തുകൊണ്ടെന്നാല്‍ ആ പര്‍വത കെട്ടുകള്‍ക്കപ്പുറം ലോകം അവസാനിക്കുകയാണ്. അല്ളെങ്കില്‍ ആ താഴ്വരകളുടെ അനന്തതയില്‍ ലോകം ഒരു ശൂന്യതയില്‍ അലിഞ്ഞില്ലാതാകുകയാണ്. ഇതൊരു പ്രതീതി യാഥാര്‍ത്ഥ്യമാകാം. പേര്, എഡ്ജ് ഓഫ് ദ വേള്‍ഡ്. 



അറേബ്യന്‍ ദേശീയതയുടെ ആസ്ഥാനം

രാജ്യത്തിന്‍െറ ഭരണ സിരാകേന്ദ്രമാണ് റിയാദ്. മുഴുവന്‍ ഭരണവകുപ്പുകളും ജിദ്ദയില്‍ നിന്ന് ഇവിടേക്ക് മാറിയിട്ട് കാലമേറെയായിട്ടില്ളെങ്കിലും അതിനെക്കാള്‍ കുറഞ്ഞ സമയം കൊണ്ട് ഒരു സമ്പന്ന രാജ്യത്തിന്‍െറ തലസ്ഥാനത്തിന് വേണ്ട ഗൗരവവും പാകതയും രൂപ ഭദ്രതയും ആര്‍ജ്ജിക്കാനായി. ശീതകാല ആവശ്യത്തിനായി ജിദ്ദയില്‍ ഇപ്പോഴും ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മുഴുവന്‍ മന്ത്രാലയങ്ങളും ഭരണ കാര്യാലയങ്ങളും സമ്പൂര്‍ണമായും ഇവിടേക്ക് മാറിക്കഴിഞ്ഞു. 

പുറമെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ലോക രാഷ്ട്രീയ ഭൂപടത്തില്‍ റിയാദിന് വലിയ പ്രാധാന്യം നല്‍കുന്നു. അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്‍െറ ഒത്ത നടുക്കാണ് എന്നതാണ് ഒരു ഘടകം. അറബ് രാഷ്ട്രീയ, സാമൂഹിക, വാണിജ്യ ഭൂപടത്തിലെ മര്‍മസ്ഥാനമാണിത്. അതുകൊണ്ട് കരഗതമായ തന്ത്രപ്രധാന പദവി. അറബ് രാഷ്ട്രീയത്തിന്‍െറ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നിടത്തോളം ശക്തികേന്ദ്രം. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി), മുസ്ലിം വേള്‍ഡ് യൂത്ത് മൂവ്മെന്‍റ് (വമി), 95ലേറെ രാജ്യങ്ങള്‍ അംഗമായ അന്താരാഷ്ട്ര ഊര്‍ജ ഫോറം എന്നിവയുടെയെല്ലാം ആസ്ഥാനമാണ് ഈ നഗരം. 

ജനസംഖ്യയുടെ കാര്യത്തിലും മറ്റേതൊരു ഗള്‍ഫ്, അറബ് നഗരങ്ങളെക്കാള്‍ മുന്നിലാണ് റിയാദ്. ഏറ്റവും പുതിയ സ്ഥിതിവിവര സൂചിക പ്രകാരം 70 ലക്ഷത്തിന് മുകളിലാണത്. മൂന്ന് കോടിയാണ് രാജ്യത്തെ മൊത്തം ജനസംഖ്യ. 

ഈ സവിശേഷതകളെല്ലാം ചേര്‍ന്ന് ഒരു ലോകോത്തര നഗര നിലവാരത്തിലേക്ക് റിയാദിനെ ഉയര്‍ത്തിയിട്ടുണ്ട്. ന്യുയോര്‍ക്കും ടോക്കിയോയും ദുബൈയും സിംഗപ്പൂരും പോലെ ആധുനികോത്തര ആഡംബര നാഗരിക പരിവേഷമണിയാനുള്ള റിയാദിന്‍െറ വെമ്പല്‍ ഉലയ സ്ട്രീറ്റിന്‍െറയും കിങ് ഫഹദ് റിങ് റോഡിന്‍െറ ഇരുവശങ്ങളിലും തലയുയര്‍ത്തി നില്‍ക്കുന്ന എടുപ്പുകളില്‍ പ്രതിഫലിക്കുന്നു. ആകാശം മുട്ടേ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിട സമുച്ചയങ്ങളും ഗോപുരങ്ങളും ഏറ്റവും പുതിയ ലോകോത്തര വാസ്തുശൈലിയിലുള്ളതാണ്.

ഫൈസലിയ, കിങ്ഡം ടവറുകള്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും. 99 നില ഉയരത്തില്‍ കിങ്ഡം ടവറിലെ ആകാശ ഇടനാഴിയാണ് കൂട്ടത്തില്‍ വലിയ വിസ്മയം. ഏറ്റവും മികവുറ്റ അംബരചുംബിക്കുള്ള വിശ്വോത്തര പുരസ്കാരം നേടിയ ഈ ചില്ല് ഗോപുരം സൗദി രാജകുടുംബാംഗം അമീര്‍ വലീദ് ബിന്‍ തലാലിന്‍േറതാണ്. നഗരത്തിലെ ആഡംബര തെരുവുകളില്‍പ്രധാനപ്പെട്ടതാണ് തഹ്ലിയ. സഞ്ചാരികളെ ഊഷ്മളമായി മാടിവിളിക്കുന്നു, കമനീയവും ഹൃദ്യവുമായ ആ തെരുവിലെ സന്ധ്യകള്‍. 

ടൂറിസത്തിന്‍െറ അപാരത

ഒരൊറ്റ ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഒരു കോട്ടക്കുള്ളിലെ ഒരു ചെറിയ പട്ടണമായിരുന്നു ആദ്യകാല റിയാദ്. കോട്ടക്ക് പുറത്തേക്ക് നഗരം പരന്നൊഴുകിയപ്പോള്‍ പുതിയ കോട്ടകളും കമാനങ്ങളും കവാടങ്ങളുമുണ്ടായി. എന്നാല്‍ കോട്ടക്കകത്തൊതുങ്ങാത്ത ദേശരാഷ്ട്രത്തിന്‍െറ തലസ്ഥാനവും മെട്രോയുമായി നഗരം തലയെടുത്തപ്പോള്‍ പൗരാണികതയുടെ ബാക്കിപത്രങ്ങളായി ഒറ്റപ്പെട്ടുപോയി ഇവ.

പൈതൃകമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് കരുതുന്ന ഒരു ജനതയും ഭരണാധികാരികളുമുള്ള രാജ്യം അവയേയും പൊന്നുപോലെ സംരക്ഷിക്കുന്നു. കിഴക്ക് തുമൈറ്, വടക്ക് അല്‍സുവൈലന്‍, തെക്ക് ദുഖ്ന, പടിഞ്ഞാറ് അല്‍മദ്ബഹ, തെക്ക് പടിഞ്ഞാറ് ശുമൈസി എന്നിങ്ങനെയാണ് ആ പുരാതന എടുപ്പുകളും നഗര കവാടങ്ങളും.

ചരിത്രത്തിന് മുകളിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന നാല് കൊട്ടാരങ്ങളാണ് നഗരത്തിന്‍െറ മറ്റൊരു വിശേഷത. മസ്മക്ക്, അല്‍മുറബ്ബ, അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍, ശംസിയ എന്നിവ. കിങ് അബ്ദുല്‍ അസീസ് ഹിസ്റ്റോറിക്കല്‍ സെന്‍റും നാഷനല്‍ മ്യൂസിയവും ലൈബ്രറിയും നഗര കേന്ദ്രത്തിന് സമീപം മുറബ്ബ ഡിസ്ട്രിക്റ്റിലാണ്. ലോകത്തിന്‍െറ ശ്രദ്ധ പതിഞ്ഞ ചരിത്ര പ്രദര്‍ശനശാലയാണത്.

ഇതിന് പുറമെ ദറാഇയ പൈതൃക നഗരം കൂടിചേരുമ്പോഴാണ് റിയാദ് എന്ന വിശാല വിനോദ സഞ്ചാര ഭൂപടത്തിന്മേല്‍ പൗരാണികതയുടെ ഛായമെഴുത്ത് പൂര്‍ണമാകുന്നത്. അതിലേക്ക് ആധുനിക വാസ്തുവിദ്യയുടെ അംബര ചുംബി വിസ്മയങ്ങളായി ഫൈസലിയ ടവറും കിങ്ഡം ടവറും മറ്റ് നിര്‍മിതികളും ഉള്‍ച്ചേരുമ്പോള്‍ പൗരാണികതയും ആധുനികതയും ലയം കൊണ്ട നഗരസംസ്കൃതിയായി റിയാദ് സഞ്ചാരിയുടെ മനസില്‍ നിറയുന്നു.

പുരാതന നിര്‍മിതികളെ പുതുക്കിപ്പണിയുമ്പോഴും നാമാവശേഷമായതിനെ വീണ്ടെടുക്കുമ്പോഴും പുതിയ എടുപ്പുകള്‍ പടുക്കുമ്പോഴും നിറം മുതല്‍ നിലം വരെ പാലിക്കണമെന്ന് ശഠിക്കുന്ന കണിശമായ നിബന്ധനകള്‍ നഗരത്തിന്‍െറ ആത്മാവ് സംരക്ഷിക്കുന്നു.  ഏച്ചുകെട്ടലിന്‍െറ മുഴപ്പുകളില്ലാതെ പഴമയും പുതുമയും ഇണങ്ങിച്ചേരുന്ന ചാരുത എന്നെന്നും ഒളിമിന്നുന്നു. ആഭ്യന്തര വിനോദ സഞ്ചാര ഭൂപടത്തില്‍ നഗരത്തിന് പ്രാധാന്യം കൈവന്നത് ഈ സവിശേഷതകള്‍ കൊണ്ട് തന്നെ. 

ആയിരത്താണ്ടുകളുടെ ചരിത്രം

റിയാദ് എന്ന പേര് പുതിയതാകാം. എന്നാല്‍ നഗരം പഴയതാണ്. നജ്ദ് എന്ന പഴയ പേരിന് ആയിരത്താണ്ടുകളുടെ പഴക്കമുണ്ട്. ഏറിയാല്‍ മുന്നൂറ് വര്‍ഷത്തെ ചരിത്രം മാത്രമാണ് റിയാദ് എന്ന സ്ഥലനാമത്തിനുള്ളത്.

1818ല്‍ രണ്ടാം സൗദി സ്റ്റേറ്റിന്‍െറ ആസ്ഥാനം ദറഇയയില്‍ നിന്ന് റിയാദിലേക്ക് മാറ്റപ്പെട്ട ശേഷമാണ് നഗരത്തിന്‍െറ യഥാര്‍ഥ ചരിത്രം ആരംഭിക്കുന്നത്. അനേകം നാട്ടുരാജ്യങ്ങളായി ഛിന്നഭിന്നമായിരുന്ന അറേബ്യയെ സൗദി അറേബ്യ എന്ന ഒറ്റ മാലയില്‍ കോര്‍ത്ത് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍സഊദ് 1932ല്‍ മൂന്നാം സൗദി സ്റ്റേറ്റ് സ്ഥാപിച്ചതോടെ റിയാദിന്‍െറ തലവര തെളിഞ്ഞു.

ഒന്നാം സൗദി സ്റ്റേറ്റിന്‍െറ ആസ്ഥാനം ഇപ്പോള്‍ വടക്കന്‍ റിയാദായ ദറഇയായിരുന്നു (Historical Daraiya). അഞ്ഞൂറ് വര്‍ഷത്തിന്‍െറ ചരിത്രമുണ്ട് ഈ പുരാതന നഗരത്തിന്. 1818ല്‍ ഒട്ടോമന്‍ തുര്‍ക്കികളുടെ ആക്രമണത്തില്‍ ദറഇയ ഭാഗികമായി തകര്‍ന്നതോടെയാണ് സഊദ് രാജവംശം പുതിയ തലസ്ഥാനം തേടിയത്.

‘91ല്‍ ഹാഇലില്‍ നിന്നുള്ള അല്‍റാഷിദ് ഗോത്ര രാജാവിന്‍െറ ആക്രമണത്തില്‍ രണ്ടാം സൗദി സ്റ്റേറ്റ് വീണതോടെ പിടിച്ച് നില്‍ക്കാനാവാതെ രാജാവ് അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ അല്‍സഊദ് തന്‍െറ പരിവാരങ്ങളെയും കുടുംബത്തെയും കൂട്ടി പാലായനം ചെയ്തു. കുവൈത്തിലാണ് അഭയം കണ്ടത്തെിയത്.

മകന്‍ അബ്ദുല്‍ അസീസ് വളര്‍ന്നപ്പോള്‍ തങ്ങളുടെ രാജ്യം പിടിച്ചടക്കുകയും പിതാവിനെയും കുടുംബത്തേയും ആട്ടിയോടിക്കുകയും ചെയ്ത അല്‍റാഷിദ് ഭരണാധികാരികളോടുള്ള പ്രതികാര വാഞ്ജയുമായി ഒരു ചെറു സൈന്യത്തെയും കൂട്ടി നജ്ദിലേക്ക് തിരിച്ചു.

1902ല്‍ അല്‍റാഷിദിനെ ആട്ടിയോടിച്ച് അയാളുടെ മസ്മക്ക് കോട്ട കീഴടക്കുകയും നജ്ദ് വീണ്ടെടുക്കുകയും ചെയ്തു. അനേകം നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന അറേബ്യയെ കൂട്ടിയോജിപ്പിക്കാനായിരുന്നു നജ്ദ് വിജയത്തിനുശേഷമുള്ള ശ്രമം.

നീണ്ട 21 വര്‍ഷം കൊണ്ട് ആ ലക്ഷ്യം പൂര്‍ത്തീകരിച്ചു. ചെങ്കടലിനും പേര്‍ഷ്യന്‍ ഉള്‍ക്കടലിനുമിടയിലെ വലിയ ഭൂപ്രദേശം ഒറ്റ സാമ്രാജ്യമായി മാറി. 1932ല്‍ മൂന്നാം സൗദി സ്റ്റേറ്റ് അഥവാ സൗദി അറേബ്യ എന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടു. അന്ന് മുതലാണ് റിയാദ് യഥാര്‍ഥ തലസ്ഥാനമായി സ്ഥിരപ്പെട്ടത്.